ഡോ. ആശ കെ. തയ്യാറാക്കിയ ജീവചരിത്രം മാധവിക്കുട്ടി: കടലിന്റെ നിറങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നും ഒരു അധ്യായം വായിക്കാം.
അമ്മമ്മയുടെ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് തിരിച്ച് ബോംബെയിലെ ഫ്‌ളാറ്റിലെത്തി കമല. എഴുത്തിന്റെ ലോകത്തേക്കു പ്രവേശിക്കുകയും ചെയ്തു. മാധവിക്കുട്ടി തന്റെ മികച്ച കഥകള്‍ എഴുതിയത് 1955-നും 1971നും ഇടയിലുള്ള കാലത്താണെന്നു പറയാം. ഇംഗ്ലീഷ് കവിതാലോകത്ത് കമലാദാസിന്റെ പേരു ശ്രദ്ധിക്കപ്പെട്ടതും ഇക്കാലത്താണ്. 1955-ലാണ് ആദ്യ കഥാസമാഹാരം മതിലുകള്‍ പ്രസിദ്ധീകരിക്കുന്നത്. 1961-ല്‍ 'കുറച്ചു മണ്ണ്' എന്ന ചെറുകഥയും 'പക്ഷിയുടെ മണം' എന്ന ചെറുകഥയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. തന്റെ വിവാഹജീവിതമാണ് തന്നെ എഴുത്തുകാരിയാക്കിയതെന്നു മാധവിക്കുട്ടി പറയുന്നുണ്ട്. 'എന്റെ വിവാഹജീവിതം ദുഃഖിപ്പിച്ചില്ലെങ്കില്‍ ഞാന്‍ ലക്ഷണമൊത്ത ഒരൊറ്റ കവിത എഴുതുമായിരുന്നില്ല. ഒരൊറ്റ ചെറുകഥ രചിക്കുമായിരുന്നില്ല. എന്നെ വേദനിപ്പിച്ചവരെയും വേദനയെയും ഞാനിന്ന് നന്ദിയോടെ മാത്രം ഓര്‍ക്കുന്നു.'
മാധവദാസിന് സ്ഥലംമാറ്റം കിട്ടുന്നതനുസരിച്ച് മുംബൈയില്‍നിന്ന് കല്‍ക്കത്ത, ഡല്‍ഹി എന്നീ വന്‍നഗരങ്ങളിലേക്കും ജീവിതം പറിച്ചുനട്ടു കമല. ഈ നഗരങ്ങളിലെ താമസവും സര്‍ഗ്ഗധനരുമായുള്ള ഇടപെടലുകളും എഴുത്തുകാരിയുടെ സാഹിത്യാഭിരുചിയെ പരിപോഷിപ്പിക്കുകയും മനസ്സിന്റെ വാതിലുകള്‍ തുറന്നുവെച്ച് പുറംലോകത്തെ കാണാന്‍ പ്രാപ്തയാക്കുകയും ചെയ്തു. ആദ്യമൊക്കെ കമലയുടെ സാഹിത്യരചനയെ കുടുംബത്തിന്റെ മറ്റൊരു വരുമാനസ്രോതസ്സായിട്ടാണ് മാധവദാസ് കണ്ടത്. പിന്നീട് ഭാര്യയിലെ പ്രതിഭയെ തിരിച്ചറിഞ്ഞ മാധവദാസ് അവരെ എഴുത്തിന്റെ ലോകത്ത് നിര്‍ല്ലോഭം വിഹരിക്കാനനുവദിക്കുകയായിരുന്നു. മാത്രവുമല്ല, പില്‍ക്കാലത്ത് എഴുത്തുകാരി ജീവിതത്തില്‍ നേരിട്ട എല്ലാ പ്രതിസന്ധികളിലും കരുത്തായി ഒപ്പം നിന്നത് ഭര്‍ത്താവ് മാധവദാസാണ്. ഭാര്യയുടെ തുറന്നെഴുത്തുകള്‍ കാരണം സമൂഹത്തിന്റെ കല്ലേറ് നിരവധി ഏല്‍ക്കേണ്ടിവന്നിട്ടും അയാള്‍ തളര്‍ന്നില്ല. ഭാര്യയെ കുറ്റപ്പെടുത്തിയില്ല. പകരം ആ പ്രതിഭാശാലിനിയുടെ സര്‍ഗ്ഗസൃഷ്ടികളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ഭാര്യയ്ക്ക് കരുത്തായി ഒപ്പം നില്‍ക്കുന്നതെങ്ങനെയെന്ന് സമൂഹത്തിനു കാട്ടിക്കൊടുത്തു അയാള്‍.
1963 മുതല്‍ 1967 വരെയുള്ള കാലം ഡല്‍ഹിയിലായിരുന്നു കമലയും കുടുംബവും കഴിഞ്ഞിരുന്നത്. അതിനു മുമ്പ് 1958 മുതല്‍ 1962 വരെയുള്ള വര്‍ഷങ്ങള്‍ കല്‍ക്കത്തയിലും. കല്‍ക്കത്തയില്‍ താമസിക്കുന്ന കാലത്താണ് 'പക്ഷിയുടെ മണം,' 'ചതുരംഗം,' 'സ്വതന്ത്രജീവികള്‍,' 'തരിശുനിലം,' 'സൂര്യന്‍,' 'വെറുമൊരു ലഹരിപദാര്‍ത്ഥം' തുടങ്ങിയ കഥകളൊക്കെ മാധവിക്കുട്ടി എഴുതുന്നത്. സമ്മര്‍ ഇന്‍ കല്‍ക്കത്ത എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിലെ മിക്ക കവിതകളും കമല രചിക്കുന്നതും ഈ കാലയളവിലാണ്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ കരുത്ത് ഈ രചനകളിലെല്ലാം മുന്നിട്ടുനില്‍ക്കുന്നുണ്ട്. മാത്രവുമല്ല, കുറേക്കൂടി പക്വതയാര്‍ജ്ജിച്ച തലത്തിലേക്ക് ജീവിതത്തെ നോക്കിക്കാണാനും കമല എന്ന എഴുത്തുകാരി ശ്രമിക്കുന്നതു കാണാം. 1967ലാണ് തണുപ്പ് എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡു ലഭിക്കുന്നത്.
ഡല്‍ഹിയിലായിരുന്ന കാലത്ത് ഡിഫന്‍സ് കോളനിയിലും ലജ്പത് നഗറിലും സൗത്ത് എക്സ്റ്റന്‍ഷനിലും താമസിച്ചിരുന്നു എഴുത്തുകാരി. 'മഞ്ഞ്,' 'നാവികവേഷം ധരിച്ച കുട്ടി,' 'തണുപ്പ്,' 'വേലായുധന്റെ ഭാര്യ,' 'മുത്തശ്ശി,' 'അമ്മ,' 'രോമക്കുപ്പായം' എന്നീ കഥകളൊക്കെ രചിക്കുന്നത് ഡല്‍ഹിവാസക്കാലത്താണ്. 1965 ജൂലായ് 4നാണ് കമലയ്ക്ക് മൂന്നാമത്തെ മകന്‍ ജയസൂര്യ ജനിക്കുന്നത്. പ്രസവത്തിനായി ഡല്‍ഹിയില്‍നിന്ന് കോഴിക്കോട്ടെത്തി കമല. അച്ഛന്‍ വി.എം. നായരും അമ്മ ബാലാമണിയമ്മയും അക്കാലത്ത് കോഴിക്കോട്ടായിരുന്നു താമസിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഇളയ മകനെ കമല പ്രസവിക്കുന്നത്. കമലയ്ക്കപ്പോള്‍ മുപ്പത്തിമൂന്നു വയസ്സായിരുന്നു പ്രായം. മൂത്തമകന്‍ മോനു എന്നു വിളിക്കുന്ന എം.ഡി. നാലപ്പാടിന് പതിനഞ്ചും.
1968 ഓടെ ഡല്‍ഹിയില്‍നിന്ന് വീണ്ടും ബോംബെയിലേക്ക് താമസം മാറ്റി മാധവിക്കുട്ടി. പിന്നീട് ദീര്‍ഘകാലം ബോംബെയിലാണ് എഴുത്തുകാരി കഴിഞ്ഞത്. എഴുത്തുകാരിയെന്ന നിലയില്‍ തനിക്ക് വളരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്നത് ബോംബെ നഗരമാണെന്ന് കമല നന്ദിപൂര്‍വ്വം സ്മരിക്കുന്നുണ്ട്. ആ നഗരം തന്റെ ഹൃദയത്തിലെ മുറിവുകള്‍ ഉണക്കുകയും ജന്മനാടായ കേരളത്തില്‍ കിട്ടിയതിനെക്കാള്‍ സ്വീകാര്യത തനിക്കു നല്‍കുകയും ചെയ്‌തെന്ന് കമല പറയുന്നുണ്ട്.
'ബോംബെയിലാണ് എന്റെ ജീവിതത്തിന്റെ മുക്കാല്‍ഭാഗവും ഞാന്‍ ചെലവഴിച്ചിരിക്കുന്നത്. അതിന്റെ തെരുവുകളുടെ വക്കിലൂടെ നടക്കുമ്പോള്‍ മാത്രമേ ഒരവകാശിയുടെ ആത്മവിശ്വാസം എനിക്ക് അനുഭവപ്പെടുന്നുള്ളൂ. അതിന്റെ സ്വച്ഛനീലയായ കടലതിര്‍ത്തിയിലേക്ക് എന്റെ ക്ഷീണിച്ച കണ്ണുകള്‍ പറന്നെത്തുന്നു. അവിടെ മാത്രമേ അവയ്ക്ക് ശാന്തി ലഭിക്കുകയുള്ളൂ. മലയാളത്തില്‍ സംസാരിക്കുന്നവരല്ല സ്‌നേഹവചനങ്ങളോടെ എന്നെ സന്തുഷ്ടയാക്കുന്നത്, ഇംഗ്ലീഷിലും ഹിന്ദിയിലും മറാട്ടിയിലും സംസാരിക്കുന്നവരാണ്. ബോംബെയ്ക്ക് എന്നെ ആവശ്യമാണ്. ബോംബെയ്ക്ക് അതിന്റെ സര്‍വ്വസാഹിത്യകാരെയും ആവശ്യമാണ്. എനിക്ക് ജീവന്‍ തന്നത് കേരളമായിരിക്കാം. പക്ഷേ, വ്യക്തിത്വം നേടിത്തന്നത് ബോംബെയെന്ന മഹാനഗരിയാണ്. സത്യത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ധൈര്യം തന്നത് ബോംബെയാണ്.'
ബോംബെയിലെ ബാക്ക്‌ബേ റിക്ലമേഷനില്‍ സ്ഥിതിചെയ്തിരുന്ന ബാങ്ക് ഹൗസിലായിരുന്നു കമലയും കുടുംബവും ഏറെനാള്‍ താമസിച്ചിരുന്നത്. അവിടെവെച്ചാണ് 'ബഹുതന്ത്രിക' എന്ന ഒരു കൂട്ടായ്മ കമലയും സുഹൃത്തുക്കളും ചേര്‍ന്ന് ആരംഭിക്കുന്നത്. കമലയുടെ വീട്ടിലെ വിശാലമായ സ്വീകരണമുറിയില്‍ എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച എഴുത്തുകാരും കലാകാരന്മാരും പത്രപ്രവര്‍ത്തകരും പുസ്തകപ്രസാധകരുമൊക്കെ ഒത്തുകൂടിയിരുന്നു. എഴുത്തുകാര്‍ക്ക് തങ്ങളുടെ സൃഷ്ടികള്‍ പരിചയപ്പെടുത്താനും കലാകാരന്മാര്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കാനുമുള്ള അവസരം ബഹുതന്ത്രിക ഒരുക്കിയിരുന്നു. ശനിയാഴ്ച വൈകുന്നേരമായിരുന്നു ഈ കൂട്ടായ്മ. ആര്‍.കെ. കരഞ്ചിയ, മല്ലികാ സാരാഭായ്, പ്രീതിഷ് നന്ദി, നിസ്സിം എസിക്കീല്‍, എന്‍.കെ. സൊമാനി തുടങ്ങിയവരൊക്കെ ബഹുതന്ത്രികയുടെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. നാടകാവതരണവും കവിതാപാരായണവും നൃത്തവും സംഗീതവുമൊക്കെ ഈ കൂട്ടായ്മയില്‍ അരങ്ങേറാറുണ്ടായിരുന്നു. തുടക്കക്കാരായ എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ ധൈര്യപൂര്‍വ്വം അവതരിപ്പിക്കാനും പ്രകടിപ്പിക്കാനും സാഹിത്യസംവാദങ്ങള്‍ നടത്താനും ഈ കൂട്ടായ്മ സഹായിച്ചിരുന്നു.
ഇലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയില്‍ പോയട്രി എഡിറ്ററായി ജോലി നോക്കിയിരുന്ന കാലത്ത് 'ബഹുതന്ത്രിക'യിലൂടെ പല പുതിയ എഴുത്തുകാരെയും അവരുടെ സൃഷ്ടികളെയും പരിചയപ്പെടാനും അവരുടെ കവിതകളില്‍ ചിലത് വീക്കിലിയില്‍ പ്രസിദ്ധീകരിക്കാനും കമലയ്ക്കു കഴിഞ്ഞു. 'കലാകാരന്മാര്‍ ഏകാന്തതയനുഭവിക്കുന്ന വര്‍ഗ്ഗമാണെന്ന് എനിക്കറിയാം. മാസത്തിലൊരിക്കലെങ്കിലും അവര്‍ക്ക് തങ്ങളെപ്പോലെയുള്ളവരെ കാണാനും പരിചയപ്പെടാനും അവസരം ഈ ബഹുതന്ത്രിക ഉണ്ടാക്കുന്നു. സ്‌നേഹം വായുപോലെ സര്‍വ്വവ്യാപിയാണെന്ന് കാലക്രമേണ ഇത്തരം സമ്മേളനങ്ങള്‍ എന്നെ പഠിപ്പിച്ചു,' ബഹുതന്ത്രികയെക്കുറിച്ച് മാധവിക്കുട്ടി എഴുതി. 'ബ്രഹുതന്ത്രിക'യെന്ന കൂട്ടായ്മ ചിലരുടെ കണ്ണിലെ കരടായി മാറാന്‍ അധികനേരം വേണ്ടിവന്നില്ല. മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ ബഹുതന്ത്രികയുടെ പ്രവര്‍ത്തനത്തെ ശ്രദ്ധിക്കുകയും അവരില്‍നിന്ന് പലതരത്തിലുള്ള ഭീഷണികള്‍ എഴുത്തുകാരികള്‍ക്ക് നേരിടേണ്ടിവരികയും ചെയ്തിട്ടുണ്ട്. ബഹുതന്ത്രികയുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍വരെ ചിലര്‍ അക്കാലത്ത് ഏര്‍പ്പെടുത്തിയിരുന്നു.
ബോംബെയില്‍ താമസിക്കുന്ന കാലത്ത് ഗുരുതരമായ പല രോഗാവസ്ഥയിലൂടെയും എഴുത്തുകാരി കടന്നുപോയിരുന്നു. ഇരുപത്തിരണ്ടാം വയസ്സില്‍ ടൈഫോയിഡും അതിനുശേഷം ഹൃദ്രോഗവും മുപ്പത്തിയാറാം വയസ്സില്‍ ന്യൂമോണിയയും കമലയെ ബാധിച്ചിരുന്നു. മുപ്പത്തിയേഴുവയസ്സു പ്രായമുള്ളപ്പോഴാണ് ഗര്‍ഭപാത്രം എടുത്തുമാറ്റുന്ന ശസ്ത്രക്രിയയ്ക്ക് കമല വിധേയമാകുന്നത്. മരണത്തെ മുഖാമുഖം കണ്ട അവസരങ്ങളില്‍ ചിലതായിരുന്നു ഇത്. മാധവിക്കുട്ടിയുടെ പല കഥകളിലും മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന കഥാപാത്രങ്ങളെ കാണാം. സ്വന്തം ജീവിതാവസ്ഥയായിരിക്കാം ഇത്തരം സൃഷ്ടികള്‍ നടത്താന്‍ എഴുത്തുകാരിക്ക് പ്രചോദനമായിട്ടുണ്ടാവുക എന്ന കാര്യത്തില്‍ സംശയമില്ല. എന്റെ കഥ എന്ന ആത്മകഥാപരമായ രചനയിലും തന്റെ രോഗാവസ്ഥയെക്കുറിച്ച് എഴുത്തുകാരി പരാമര്‍ശിക്കുന്നുണ്ട്. 'പക്ഷിയുടെ മണം,' 'നരിച്ചീറുകള്‍ പറക്കുമ്പോള്‍,' 'മലഞ്ചെരിവുകളില്‍,' 'നീര്‍മാതളത്തിന്റെ പൂക്കള്‍' തുടങ്ങിയ കഥകളിലൊക്കെ മരണത്തെക്കുറിച്ചുള്ള പരാമര്‍ശം കാണാം. 'ഒരു കാല് ജീവിക്കുന്നവരുടെ ലോകത്തും മറ്റേ കാല് മരിച്ചവരുടെ ലോകത്തും ചവിട്ടുക എന്നതാണ് ഒരു മനുഷ്യന് ജീവിക്കാന്‍ കഴിയുന്ന ഏറ്റവും പൂര്‍ണ്ണമായ നില. അപ്പോള്‍ ആ വ്യക്തിക്ക് സമനില കിട്ടുന്നു,' എന്റെ കഥയില്‍ മാധവിക്കുട്ടി എഴുതി.
1973ല്‍ ബോംബെയില്‍വെച്ച് നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡില്‍ വളണ്ടിയറായി കമല പ്രവര്‍ത്തിക്കുന്ന കാലത്താണ് ഇംത്യാസ് ഗുലാം അഹമ്മദ്, ഇര്‍ഷാദ് ഗുലാം അഹമ്മദ് എന്നിങ്ങനെ പേരുള്ള സഹോദരങ്ങളായ രണ്ടു മുസ്ലിം കുട്ടികളെ കമല ദത്തെടുത്ത് വളര്‍ത്തുന്നത്. അന്ധരായ അവരുടെ ബുദ്ധിസാമര്‍ത്ഥ്യവും പഠനത്തിലുള്ള മിടുക്കും കണ്ടാണ് നിര്‍ദ്ധനരായ ഈ കുട്ടികളെ പഠിപ്പിക്കുവാന്‍ കമല തയ്യാറാകുന്നത്. ഇംത്യാസ് അഹമ്മദിന് പതിനെട്ടുവയസ്സ് പ്രായമുള്ളപ്പോഴാണ് കമലയുമായുള്ള ആദ്യ കണ്ടുമുട്ടല്‍. പശ്ചിമബംഗാള്‍ സ്വദേശികളായിരുന്നു ഈ സഹോദരങ്ങള്‍. ബോംബെയില്‍ കമല കുടുംബവുമൊത്ത് താമസിച്ചിരുന്ന ബാങ്ക് ഹൗസിനടുത്തായിരുന്നു ഈ കുട്ടികളുടെ ഹോസ്റ്റല്‍. ഹോസ്റ്റലില്‍നിന്ന് അവസരം കിട്ടുമ്പോഴൊക്കെ കുട്ടികള്‍ കമലയുടെ വീട്ടിലെത്തുകയും കമലയെ തങ്ങളുടെ അമ്മയായിക്കണ്ട് സ്‌നേഹിക്കുകയും ചെയ്തു.
കമലയും മക്കളുമൊക്കെ ഈ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വായിച്ചുകൊടുക്കുമായിരുന്നു. അവരുടെ പരീക്ഷാസമയത്ത് സ്‌ക്രൈബായി പോയിരുന്നത് കമലയുടെ മൂത്ത രണ്ടു മക്കളില്‍ ആരെങ്കിലുമായിരുന്നു. കമല കേരളത്തിലേക്കുള്ള പല യാത്രകളിലും ഇര്‍ഷാദിനെ ഒപ്പം കൂട്ടാറുണ്ടായിരുന്നു. അന്ധരായ ഈ സഹോദരങ്ങള്‍ക്കൊപ്പമുള്ള ജീവിതത്തിനിടയിലാണ് മുസ്ലിം മതത്തെയും മുസ്ലിം മതഗ്രന്ഥങ്ങളെയും പറ്റി കമല കൂടുതലായി മനസ്സിലാക്കുന്നത്. അത് എല്ലാ മതങ്ങളിലുമുള്ള സാരാംശം ഒന്നുതന്നെയാണെന്ന് തിരിച്ചറിയാനുള്ള അവസരം കമലയ്ക്ക് ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.
1973 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലാണ് ഈ സഹോദരങ്ങള്‍ കമലയ്ക്ക് ഒപ്പമുണ്ടായിരുന്നത്. മാധവദാസ് ജോലിയില്‍നിന്ന് വിരമിച്ചതോടെ 1980കളുടെ തുടക്കത്തിലാണ് കമലയും ഭര്‍ത്താവും തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കുന്നത്. 1980ല്‍ ഇംത്യാസ് ലണ്ടനില്‍ നിയമപഠനത്തിനായി പോവുകയും പിന്നീട് അവിടെ ബാരിസ്റ്ററായി ജോലി നോക്കുകയും ചെയ്തു. ഇര്‍ഷാദ് ഡാര്‍ജിലിങ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു. ഇര്‍ഷാദും ഭാര്യ ലളിതയും 1987-ല്‍ തിരുവനന്തപുരത്തെത്തി കമലയെയും ഭര്‍ത്താവിനെയും കാണുകയും അവര്‍ക്കൊപ്പം സമയം ചെലവിടുകയും ചെയ്തിരുന്നു. 2009-ല്‍ കമല മരിക്കുന്നതുവരെ ഏതാണ്ട് മുപ്പത്തിയാറു കൊല്ലത്തെ അടുപ്പം ഇംത്യാസിനും ഇര്‍ഷാദിനും കമലയുമായിട്ടുണ്ടായിരുന്നു. മരിക്കുന്നതിനു മുമ്പ് അമ്മ തങ്ങളോട് സഹോദരങ്ങളായ മോനു, ചിന്നന്‍, ജയസൂര്യ എന്നിവരുമായി എക്കാലവും ബന്ധം നിലനിര്‍ത്തണമെന്നു പറഞ്ഞിരുന്നതായി ഇര്‍ഷാദ് പറയുന്നുണ്ട്. മാധവിക്കുട്ടി മുസ്ലിം മതം സ്വീകരിച്ചശേഷമുണ്ടായ ഒറ്റപ്പെടലിലൊക്കെ താങ്ങായി ഈ വളര്‍ത്തുമക്കള്‍ ഉണ്ടായിരുന്നു. എഴുത്തുകാരിയുടെ മരണശേഷം മൃതദേഹം പുണെയില്‍നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുമ്പോള്‍ തങ്ങളുടെ അമ്മയെ അന്ത്യയാത്രയിലും അനുഗമിക്കാനും പാളയം പള്ളിയില്‍ സംസ്‌കാരക്രിയകള്‍ നടക്കുമ്പോള്‍ അതിനൊപ്പംനിന്ന് അമ്മയെ യാത്രയാക്കാനും ഇംത്യാസും ഇര്‍ഷാദും മുന്നിലുണ്ടായിരുന്നു.
ബോംബെയില്‍വെച്ച് ഒരിക്കല്‍ മാധവദാസിന് അസുഖം വന്നു കിടപ്പിലായപ്പോഴാണ് കമല സ്വന്തം അവസ്ഥയെക്കുറിച്ച് ബോധവതിയാകുന്നത്. സ്വന്തമായി വീടോ വിദ്യാഭ്യാസമോ ജോലിയോ ഇല്ലാത്ത താന്‍ ഭര്‍ത്താവിന് എന്തെങ്കിലും സംഭവിച്ചാല്‍ മക്കളുമൊത്ത് എങ്ങോട്ടു പോകുമെന്ന് കമല ഗൗരവമായി ചിന്തിച്ച സമയമായിരുന്നു അത്. ഭര്‍ത്താവ് അസുഖത്തില്‍നിന്ന് സുഖംപ്രാപിച്ച് പഴയപടി ഊര്‍ജ്ജസ്വലനായി ജോലിയില്‍ പ്രവേശിച്ചെങ്കിലും കമലയുടെ മനസ്സില്‍ ആ വിചാരം അടിക്കടി വളര്‍ന്നുവന്നു. ആ സമയത്ത് കമല പെട്ടെന്നോര്‍ത്തത് നാലപ്പാട്ടു വീടിനെക്കുറിച്ചാണ്. തനിക്കെന്നും അഭയം തന്ന ആ വീട് പൂട്ടിക്കിടക്കുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ അങ്ങോട്ടുതന്നെ പോകാന്‍ കമല തീരുമാനമെടുത്തു. മക്കളേയും കൂട്ടി കുറച്ചുദിവസം അവിടെച്ചെന്ന് താമസിച്ച് മടങ്ങാനായിരുന്നു പദ്ധതി.
ഏറെനാളായി പൂട്ടിയിട്ട് നശിച്ചുതുടങ്ങിയ നാലപ്പാട്ടുവീട്ടില്‍ കമല മക്കളുമായെത്തി. തൊട്ടടുത്ത സര്‍വ്വോദയ എന്ന വീട് അടച്ചിട്ട് അച്ഛനും അമ്മയും കോഴിക്കോട്ടായിരുന്നു താമസം. നാലപ്പാട്ടുവീട് വൃത്തിയാക്കിയും പെരുച്ചാഴിയുടെ മാളങ്ങളടച്ചും മേല്‍ക്കൂരയുടെ ചോര്‍ച്ച തടഞ്ഞും ആ വീടിനെ പഴയ നാലപ്പാട്ടു വീടാക്കാന്‍ നോക്കി കമല. തന്റെ പേരിലുള്ള കൃഷിയിടങ്ങള്‍ തിരിച്ചെടുത്ത് അവിടെ കൃഷിയിറക്കി എഴുത്തുകാരി. നാലപ്പാട്ടെ മുറ്റത്ത് നെല്ല് ഉണക്കാനിട്ടു. പഴയ പത്തായങ്ങള്‍ ആശാരിയെക്കൊണ്ട് നന്നാക്കി ഉമ്മറത്തു വെച്ചു. ജീവിതത്തിലെ ഏറിയ ഭാഗവും മുംബെയില്‍ ജീവിച്ച കമലയ്ക്ക് നാലപ്പാട്ടേക്കുള്ള മടക്കയാത്ര ഏറെ ആസ്വാദ്യകരമായിരുന്നു. 'നാലപ്പാട്ടെ കമലയാണ് താനെന്ന് പുന്നയൂര്‍ക്കുളത്തുള്ളവരെ അറിയിക്കുവാനായി ഞാനവിടെ ചെന്നു. എനിക്കും ആ നാട്ടില്‍ നടക്കുവാനും ഉറങ്ങുവാനും അവകാശമുണ്ടെന്ന് തെളിയിക്കുവാനും.' തന്റെ വസ്ത്രധാരണരീതിയിലും ഏറെ മാറ്റങ്ങള്‍ വരുത്തി കമല. സാരി മാറ്റി മുണ്ടും നേര്യതും ധരിച്ചു. എണ്ണയും മഞ്ഞളും പുരട്ടി കുളിക്കുകയും കൈയില്‍ മൈലാഞ്ചിയിടുകയും ചെയ്തു. അമ്മമ്മയും അമ്മാമനും മുത്തശ്ശിമാരുമൊക്കെ ജീവിച്ചുമരിച്ച ആ വീടിന്റെ അകത്തളങ്ങളിലേക്ക് താന്‍ ഒരിക്കല്‍ക്കൂടി എത്തുമ്പോള്‍ താനേറെ സ്‌നേഹിച്ചിരുന്ന അവര്‍ അദൃശ്യരായി ആശീര്‍വാദങ്ങള്‍ ചൊരിഞ്ഞ് തന്റെ ഒപ്പമുണ്ടാവുമെന്ന് കമലയ്ക്കറിയാമായിരുന്നു. ആ വീട്ടിലെത്തുമ്പോള്‍ തനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നെന്ന് കമല പറയുന്നു. 'മദ്ധ്യവയസ്‌കയായ കമലയ്ക്ക് പാമ്പിന്‍കാവ് വേണം. നിലവിളക്കിന്റെ നാളം വേണം. ഇരുണ്ട തളങ്ങളുടെ മദ്ധ്യാഹ്നസുഖം വേണം... മരിച്ചുപോയ വസന്തങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കണമെന്നുണ്ടായിരുന്നു. നിശ്ശബ്ദങ്ങളായ ചില ശബ്ദങ്ങള്‍ വീണ്ടും നാലപ്പാട്ടെ പരിസരങ്ങളില്‍ മുഴങ്ങുമെന്ന് അവള്‍ വൃഥാ ആശിച്ചു. മരിച്ചു ഭസ്മമായിപ്പോയ ഒരമ്മമ്മ തന്റെ ആഗമനത്തില്‍ സന്തുഷ്ടയാവുമെന്നും.'
എന്നാല്‍, കമലയുടെ കണക്കുകൂട്ടലുകളെല്ലാം പാളിപ്പോവുകയാണുണ്ടായത്. ആ നാടും നാട്ടുകാരും ബന്ധുജനങ്ങളുമൊന്നും തന്നെ ചേര്‍ത്തുപിടിച്ചില്ലെന്ന് കമല വ്യസനത്തോടെ ഓര്‍ക്കുന്നു. കല്‍ക്കത്തയില്‍നിന്ന് ഓരോ അവധിക്കാലത്തും പുന്നയൂര്‍ക്കുളത്തെത്തിയിരുന്ന നിഷ്‌കളങ്കയായ ബാലികയായിരുന്നില്ല അവര്‍ക്കിപ്പോള്‍ കമല. വന്‍കിട നഗരങ്ങളില്‍ താമസിച്ച് പേരും പ്രശസ്തിയും നേടിയ എഴുത്തുകാരിയാണ്. സമൂഹത്തിന് അപ്രിയമായ സത്യങ്ങള്‍ നിരന്തരം വിളിച്ചുപറയുന്നവളാണ്. കുടുംബാംഗങ്ങളുടെ ജീവിതങ്ങളുള്‍പ്പെടെ തൂലികയിലൂടെ പുറത്തുകൊണ്ടുവരുന്നവളാണ്. ആ നാടും നാട്ടുകാരുമൊക്കെ കമല എന്ന വ്യക്തിയില്‍നിന്നും കമല എന്ന എഴുത്തുകാരിയില്‍നിന്നും സുരക്ഷിതമായ ഒരു അകലംപാലിച്ചു നിന്നതായി കമല തിരിച്ചറിയുന്നു. അത് എഴുത്തുകാരിയില്‍ വല്ലാത്ത വേദന ജനിപ്പിക്കുകയും ചെയ്തു. 'നഗരത്തില്‍ കഴിഞ്ഞവളായതുകൊണ്ടും മാധവിക്കുട്ടിയായതുകൊണ്ടും ഗ്രാമത്തിലുള്ളവര്‍ക്ക് എന്നോട് അമര്‍ഷമുണ്ടായിരുന്നു... എന്റെ കുടുംബക്കാര്‍ക്കും ഞാനൊരു മനശ്ശല്യമായിത്തീര്‍ന്നു. എന്റെ ദുഃഖം, എന്റെ ഏകാന്തത കൂടിക്കൂടി വന്നു. ഒടുവില്‍ കരഞ്ഞുകരഞ്ഞ് കരയുവാന്‍ വയ്യാത്ത സ്ഥിതിയിലെത്തിയപ്പോള്‍ ഞാന്‍ വീണ്ടും ഹൃദ്രോഗബാധയാല്‍ തളര്‍ന്നുവീണു.' ബോംബെ നഗരത്തിലേ തനിക്കിനി സ്വസ്ഥതയും സമാധാനവും ലഭിക്കുകയുള്ളൂവെന്ന് എഴുത്തുകാരി തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. മാധവദാസെത്തി കമലയെയും മക്കളെയും തിരിച്ച് ബോംബെയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണുണ്ടായത്.
Content Highlights: madhavikutty kamaladas biography asha k mathrubhumi books
Published: 28 Jun 2025, 05:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented