
സി.ഐ.ടി.യു. വിഭാഗം എന്നറിയപ്പെട്ട ചേരിക്കെതിരാണെങ്കിലും മറുചേരിയിലെ വിശ്വസ്തയും അല്ലായിരുന്നു ഗൗരിയമ്മ. ഒരുതരം ഒറ്റയാന്‍ സമീപനം ആ വ്യക്തിത്വത്തില്‍ അന്തര്‍ലീനമായിരുന്നു. ഗൗരിയമ്മയെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് പാര്‍ട്ടി അണികളില്‍ ഒരു വിഭാഗത്തെ വല്ലാതെ ചൊടിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ഗൗരിയമ്മയെ സി.പി.ഐ.എമ്മില്‍നിന്ന് അടര്‍ത്തിയെടുക്കുന്നതിന് ഐക്യജനാധിപത്യമുന്നണി ശ്രമിച്ചത്. സഹകരണമന്ത്രി എം.വി. രാഘവനെ അതിനുള്ള ചുമതലയേല്‍പ്പിക്കുകയും ചെയ്തു. ആലപ്പുഴ ജില്ലാ വികസനത്തിനുവേണ്ടി യു.ഡി.എഫ്. സര്‍ക്കാര്‍ രൂപീകരിച്ച വികസനസമിതിയുടെ അധ്യക്ഷയായി എം.എല്‍.എയായ ഗൗരിയമ്മയെ സര്‍ക്കാര്‍ നിയോഗിച്ചു. ആ പദവി ഏറ്റെടുക്കരുതെന്ന് സി.പി.ഐ.എം. ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചെങ്കിലും ഗൗരിയമ്മ പരസ്യമായി അത് ലംഘിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഗൗരിയമ്മയെ സി.പി.ഐ.എമ്മില്‍നിന്ന് പുറത്താക്കുന്നത്.

പുറത്താക്കപ്പെട്ട ഗൗരിയമ്മ അടങ്ങിയിരുന്നില്ല. സംസാരം ശരിയായി പുറത്തുവരാത്ത ശബ്ദമടപ്പ് അടക്കമുള്ള പ്രയാസങ്ങളുണ്ടെങ്കിലും അവര്‍ പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി രംഗത്തിറങ്ങി. 1994 ജനുവരി ഒന്നിന് പുറത്താക്കപ്പെട്ട് അധികം കഴിയുന്നതിന് മുമ്പുതന്നെ, ജനാധിപത്യസംരക്ഷണസമിതി എന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിച്ചു. 'സായുധവിപ്ലവത്തിന്റെ' പാതയിലായിരുന്ന നക്‌സലൈറ്റ് നേതാവ് കെ. വേണു ജെ.എസ്.എസ്. രൂപീകരണസമയത്തും കുറച്ചുകാലവും സഹായവുമായി എത്തി. പിന്നീട് ഗൗരിയമ്മയുമായി കലഹിച്ച് വിട്ടുപോവുകയായിരുന്നു.
എം.വി.രാഘവനെപ്പോലെതന്നെ ഐക്യജനാധിപത്യമുന്നണിയുടെ കൂടാരത്തിലെത്തിപ്പെട്ട ഗൗരിയമ്മ തിരുവിതാംകൂര്‍ മേഖലയില്‍ സി.പി.ഐ.എമ്മിനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും കടുത്ത വെല്ലുവളിയുയര്‍ത്തി. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍ സീറ്റില്‍ ഗൗരിയമ്മ യു.ഡി.എഫ.് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചു. 2001ലാകട്ടെ അഞ്ചു സീറ്റില്‍ മത്സരിച്ച ജെ.എസ്.എസ.് നാലു സീറ്റിലും വിജയിച്ചു. 2001ലെ ആന്റണി സര്‍ക്കാരിലും 2004ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലും കൃഷിമന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ 2006ലെ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിലെ എ.എം. ആരിഫിനോട് ഗൗരിയമ്മ അതേ മണ്ഡലത്തില്‍ പരാജയപ്പെട്ടു.

ഏതാനും വര്‍ഷം കഴിഞ്ഞതോടെ ഗൗരിയമ്മയ്ക്ക് സി.പി.ഐ.എമ്മിനോടുള്ള എതിര്‍പ്പ് കുറഞ്ഞുവന്നു. ഗൗരിയമ്മയെ പുറത്താക്കാതിരിക്കാന്‍ പാര്‍ട്ടിക്കകത്ത് ശ്രമിച്ച പിണറായി വിജയന്‍ സി.പി.ഐ.എമ്മിന്റെ എല്ലാമെല്ലാമായി മാറിയതോടെയാണ് ഗൗരിയമ്മയോടുള്ള സമീപനത്തില്‍ മാറ്റം വന്നത്. രാഷ്ട്രീയനയപരമായും പ്രത്യയശാസ്ത്രപരമായും കോണ്‍ഗ്രസ്സിനോട് സ്ഥിരമായി ഒന്നിച്ചുപോവുക ഗൗരിയമ്മയ്ക്ക് അസാധ്യമായിരുന്നു. പാര്‍ട്ടിയില്‍നിന്ന് സംഘടനാപരമായി നേരിട്ട തിരിച്ചടികളില്‍ ക്ഷുഭിതയായി തൊണ്ണൂറുകളില്‍ സ്വീകരിച്ച സമീപനം അവരും തിരുത്തി. കോണ്‍ഗ്രസ്സിനൊപ്പംതന്നെ നില്‍ക്കണമെന്ന് വാദിച്ച സഹനേതാക്കളെ കൈവിട്ട് സി.പി.ഐ.എമ്മിന്റെ സഹയാത്രികപോലെയായി മാറുകയായിരുന്നു ഗൗരിയമ്മ. അത് ഒരു വിപ്ലവകാരിയെന്നനിലയില്‍ കേരളസമൂഹത്തിന് അവരോടുള്ള ആദരബഹുമാനങ്ങള്‍ പതിന്മടങ്ങ് വര്‍ധിപ്പിച്ചു. 2021 മേയ് 11ന് ഗൗരിയമ്മ അന്തരിച്ചു. പാര്‍ട്ടിയുടെ ഒരു നേതാവ് മരിച്ചാല്‍ ചെയ്യുന്ന അതേ രീതിയില്‍ അന്ത്യോപചാരമര്‍പ്പിച്ചുകൊണ്ട് സി.പി.ഐ.എം. പരോക്ഷമായി പരിഹാരക്രിയ ചെയ്തു. പി.ബി. അംഗമായ എം.എ. ബേബിയുടെ നേതൃത്വത്തിലാണ് ചെങ്കൊടി പുതപ്പിച്ചത്.
കെ. ബാലകൃഷ്ണന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കമ്യൂണിസ്റ്റ് കേരളം എന്ന പുസ്തകത്തില്‍ നിന്നും
Content Highlights: kr gauri amma dismissal from cpm mathrubhumi books
Published: 11 May 2022, 03:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented