
കെ.എന്‍ ഷാജി എഡിറ്റ് ചെയ്ത് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജോണ്‍ ഏബ്രഹാം എന്ന ഗ്രന്ഥം ജോണ്‍ ഏബ്രഹാമിനെക്കുറിച്ചുള്ള പ്രമുഖരുടെ ഓര്‍മകളും അഭിമുഖങ്ങളും സിനിമാപഠനങ്ങളും ജോണിന്റെ തന്നെ ലേഖനങ്ങളും തിരക്കഥകളും ഉള്ളടങ്ങിയിരിക്കുന്ന ബൃഹദ്‌സമാഹാരമാണ്. പുസ്തകത്തില്‍ ജോണ്‍ ഏബ്രഹാം എഴുതിയ ലേഖനങ്ങളില്‍ നിന്നും ഒരു ഭാഗം വായിക്കാം.
അപ്പന്റെ മരണം
അത്താഴം മുടക്കി എന്നറിയപ്പെടുന്ന ഇവന്റെ പേര് നീര്‍ക്കോലി എന്നാകുന്നു. തല പൊക്കിനിന്ന് കൊച്ചുപിള്ളേരെ പേടിപ്പിക്കുക ഇവന്റെ കുട്ടിക്കാലസ്വഭാവമായിരുന്നു. കട്ടപ്പൊളവന്‍ എന്നൊരു ദുഷ്ടമൃഗം ഈ കുളത്തില്‍ത്തന്നെ ഉയിര്‍ത്തെഴുന്നേറ്റതുകൊണ്ട് നീര്‍ക്കോലി എന്ന മൃഗം തല വലിച്ച് ഇഴഞ്ഞുപോയി. ചൂണ്ടയിടുമ്പോള്‍ ഇവനെ പിടിക്കാതിരിക്കുക അഥവാ കൂടു വെക്കുമ്പോള്‍ ഇവനെ പിടിക്കാതിരിക്കുക, മീനിനെ ചൂണ്ടയിട്ടും കൂടു വെച്ചും പിടിക്കുന്നവരുടെ സ്വഭാവമായിരുന്നു. രാത്രിയില്‍ കരിമീനിനെ നോക്കാന്‍ വേണ്ടി നടക്കാറുണ്ടായിരുന്നു. കരിമീന്‍ നോക്കുമ്പോള്‍ കിട്ടാറുണ്ടായിരുന്നു. ഇടയ്ക്ക് പുലയപ്പെമ്പിള്ളേരെയും കാണാറുണ്ടായിരുന്നു. ഈ കാഴ്ചയുടെ മറയത്താണ്, കറ്റയുടെ അടിവാരത്തിലാണ്, ഓര്‍മകളുടെ അടിവാരത്തില്‍നിന്ന് (പൊലിയോ പൊലി) മറവിയുടെ അധികാരത്തില്‍നിന്നുണ്ടായ പള്ളിമണിയുടെ നിസ്സംഗതയില്‍നിന്ന് മുഴക്കങ്ങളുണ്ടായത്... പമ്പാനദി ഒഴുകിപ്പോയത് ഞാന്‍ കണ്ടതും കാണാതിരുന്നതും പമ്പയുടെ അടിയൊഴുക്കുകൊണ്ടാണ്. ഞാന്‍ കുളിച്ചുകയറി. ഒരിക്കല്‍ ഒരിടത്ത് ഒരു ശവശരീരം കിടക്കുമ്പോഴും കിടക്കാതിരുന്നപ്പോഴും അതിനെപ്പറ്റി ഓര്‍ത്തതാണ്; പള്ളിയുടെ മണിമുഴക്കങ്ങളും ഞാന്‍ കേട്ടിട്ടുള്ളതാണ്. അതുകൊണ്ട് എന്റെ ചെവി തഴമ്പിച്ചുപോയതാണ്. പഴകിച്ചുപോയതുകൊണ്ട് ഇതിനെപ്പറ്റി ഞാന്‍ ഗൗരവമായി ചിന്തിക്കാതിരിക്കുകയും ചത്തുപോയ കട്ടപ്പൊളവനെ ചിന്തിക്കുകയും ചെയ്തതായും അതൊരു വാസ്തവികതയായിത്തീര്‍ന്നതും ഇപ്പോള്‍ സാഹിത്യനിരൂപകര്‍ക്ക് ഒരു ചോദ്യമായിത്തീര്‍ന്നിട്ടുണ്ട്. അതിനും കാരണമില്ലാത്തതിനും കാരണം അത്-കുട്ടനാട്ടെ കട്ടപ്പൊളവനാണ്. അവന്‍ കടിച്ചാല്‍ മരിക്കുമെന്നും മരിക്കാതിരിക്കുമെന്നും ധാരണകളും തെറ്റിദ്ധാരണകളുമുണ്ടായിരുന്നു. ആ ധാരണയും എന്റെ അപ്പന്‍ മരിക്കുമ്പോള്‍ എനിക്കു തോന്നി. പക്ഷേ, എന്റെ അപ്പന്‍ മരിച്ചത് കട്ടപ്പൊളവന്‍ കടിച്ചല്ല. എന്റെ അപ്പന്‍ മരിച്ചത് ഹാര്‍ട്ട് അറ്റാക്ക് എന്ന ഇംഗ്ലീഷ് രോഗംകൊണ്ടാണ്. മരിച്ചപ്പോള്‍ ഞാന്‍ സൂക്തങ്ങളില്‍ തെറ്റിദ്ധരിച്ചു. അന്ന് വഞ്ചി മുങ്ങാഞ്ഞത് മരണത്തിന്റെ കരുണകൊണ്ടായിരിക്കും. എന്നെ മകനായി തെറ്റിദ്ധരിച്ച നിമിഷംപോലും ഞാന്‍ മറക്കുന്നില്ല.
ഡല്‍ഹിയില്‍നിന്ന് ഒരു ക്രിസ്ത്യാനി എത്തിച്ചേര്‍ന്നല്ലോ എന്ന സന്തോഷത്തിലാണ് ഒരു കൊടുംമഴയത്ത്, പെരുംമഴയത്ത് ഞാന്‍ കുട്ടനാട്ടില്‍ പോയി ഇറങ്ങുന്നത്. കടത്തുകാരന്‍ ഒഴുക്കാണെന്ന് പറഞ്ഞു. എന്റെ അപ്പന്റെ മരണമാണെന്ന് ഞാന്‍ പറഞ്ഞു. അവനു മനസ്സിലായി. അവന്‍ എന്റെ കൂടെ പഠിച്ചവനാണ്. അവന്‍ കഴുക്കോല്‍ എടുത്ത് ഊന്നുന്നു. ആറ്റില്‍ വാസ്തവത്തില്‍ വെള്ളത്തിന്റെ ഒഴുക്കുണ്ടായിരുന്നു. അവന്റെ കൂടെച്ചേര്‍ന്ന് ഞാനും കഴുക്കോലെടുത്ത് ഊന്നിയപ്പോള്‍ മാത്രമാണ് എന്റെ അപ്പന്റെ മരണത്തെക്കാള്‍ വലുതാണ് ഒഴുക്കെന്നു മനസ്സിലായത്. ഞാന്‍ കഴുക്കോല്‍കൊണ്ട് ഊന്നിപ്പിടിക്കുന്നു. ഈ വസ്തുത ജീവന്റെ അര്‍ഥവും അനര്‍ഥവുമായി. ഞാന്‍ കാണാന്‍ പോകുന്നത് എന്റെ അപ്പന്റെ ശവശരീരമാണ്. എന്റെ കൂടെ ഒരു വലിയ സാഹിത്യകാരന്‍കൂടിയുണ്ടായിരുന്നു. ഇപ്പോഴും ജീവിച്ചിരിക്കുന്നു (ധൈര്യമുണ്ടെങ്കില്‍ ഊന്നട്ടെ). ഇങ്ങനെ ഞങ്ങള്‍ അപ്പന്റെ ശവശരീരം കാണാന്‍ പോവുകയും അതിനുശേഷം അപ്പന്റെ ശവശരീരം കാണുകയും ചെയ്തു.
ശവശരീരം ചീഞ്ഞുവീര്‍ത്തപ്പോള്‍, വീട്ടുകാരെ വീര്‍പ്പുമുട്ടിച്ചപ്പോള്‍ പ്രത്യക്ഷനായ ഇളയമകന്റെ ഉദ്ദേശിക്കാത്ത ഉദ്ഭവം ഉണ്ടായപ്പോള്‍ അഥവാ ഇളയമകനായവന്‍ ഉദ്ഭൂതനായപ്പോള്‍ വയസ്സന്മാര്‍ക്ക് മനഃപ്രയാസം തദ്വാരാ ഉണ്ടായി. ഇക്കാരണങ്ങളാല്‍ ശവമടക്കുകര്‍മം പിറ്റേന്നാളത്തേക്കു മാറ്റിവെക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മരിച്ചുപോയ എന്റെ അപ്പന്റെ ശവത്തെ നോക്കി ഞാന്‍ നില്ക്കുമ്പോള്‍ ആ നില്പും നിലനില്പും അര്‍ഥവും അനര്‍ഥവുമല്ലാതായിത്തീരുന്നു. ഞാന്‍ എന്റെ അപ്പന്റെ ശവത്തേലാണ് നോക്കിനിന്നത്. മറ്റൊന്നിലുമല്ല. അപ്പോള്‍ നീര്‍ക്കോലിയും കട്ടപ്പൊളവനും ഒന്നുമില്ല. അപ്പന്റെ ശവം മാത്രമേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. മരണത്തിന്റെ രൂപം കണ്ടപ്പോള്‍ എനിക്ക് കട്ടപ്പൊളവനെയോ നീര്‍ക്കോലിയെയോ ചിന്തിക്കാന്‍ കഴിഞ്ഞില്ല. കരിമീനിനെപ്പോലും, വെളിച്ചങ്ങളെപ്പോലും. അങ്ങനെ എന്റെ അപ്പന്‍ മരിച്ച കഥയാണ് ഞാന്‍ എഴുതുന്നത്. കാരണം, എന്റെ അപ്പന്റെ മരണത്തെപ്പറ്റി മറ്റാര്‍ക്കും കഴിയാത്തതുകൊണ്ടാണ് ഞാന്‍തന്നെ കഥ എഴുതുന്നത്. എന്റെ അപ്പന്‍ മരിച്ചത് എനിക്കു വേണ്ടിയല്ലെന്നും മറ്റാര്‍ക്കും വേണ്ടിയല്ലെന്നും വ്യക്തമായ ധാരണ ഉള്ളതുകൊണ്ടാണ് ഞാനീ കഥ എഴുതുവാന്‍ പ്രേരിതനായത്. ഇതിനെപ്പറ്റി ആര്‍ക്കെങ്കിലും (എന്റെ സഹോദരങ്ങള്‍ക്ക്) തെറ്റിദ്ധാരണ (മൂത്ത പെങ്ങളോട്) ഉണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.
ഇപ്രകാരത്തില്‍ ആമേന്‍.
അമ്മയുടെ മരണം
അമ്മേ! എനിക്ക് ഓര്‍മയില്‍ ഒരു വാക്കായിരുന്നോ? ഞാന്‍ വാക്കുകളെപ്പറ്റി ഓര്‍ക്കുക എന്ന പതിവില്ലായിരുന്നു. പക്ഷേ, അമ്മയെന്നു പറഞ്ഞത് വാക്കായിട്ടുമാത്രം എന്റെ മനസ്സില്‍ തങ്ങിനിന്നില്ല. മുലപ്പാലിന്റെ ഓര്‍മ എന്റെ മനസ്സില്‍ ഒട്ടിക്കിടന്നു.
അമ്മയുടെ പ്രസവവേദന എന്റെ ദുഃഖമായിട്ട് ഞാന്‍ കണക്കാക്കിയിട്ടില്ല. അതിന്റെ കാരണവുമില്ല. അമ്മ എന്നെ പ്രസവിച്ചു എന്നത് സത്യം. അതില്‍ ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ, ആ വേദന ഉള്‍ക്കൊള്ളാന്‍ ഞാന്‍ തയ്യാറല്ല. എനിക്കാവശ്യവുമില്ല എന്നതു വാസ്തവമാണ്. അമ്മയാണ് എന്നെ പ്രസവിച്ചത് എന്നുള്ള സത്യം നിരാകരിക്കാന്‍ പാടില്ലാത്ത ഒരു സത്യമാണ്. സത്യം പകല്‍വെളിച്ചംപോലെ എന്റെ മുന്നില്‍ കവച്ചുകിടക്കുന്നു. ഞാന്‍ അങ്ങോട്ടു നോക്കിയില്ല. നോക്കാന്‍ അധൈര്യമുണ്ടായിരുന്നു. പരസ്യമായ കാരണങ്ങള്‍കൊണ്ടാണ് ഞാന്‍ ജനിച്ചത്. ദുരൂഹത എന്ന വാക്കുപോലും ഞാന്‍ പില്ക്കാലത്ത് പഠിച്ചതാണ്. ആദിപാപംകൊണ്ടല്ല ആദ്യമല്ലാത്ത പാപംകൊണ്ടാണ് ഞാന്‍ ജനിച്ചതെന്ന് എനിക്കു പൂര്‍ണമായ വിശ്വാസമുണ്ട്. അക്കാരണംകൊണ്ട് അമ്മയെ ഞാന്‍ കുറ്റക്കാരിയാക്കുന്നില്ല. വ്യഭിചാരിയാക്കുന്നില്ല. ഞാന്‍ അമ്മേ എന്ന് വിളിക്കുന്നു. കാരണം, ഞാന്‍ ജനിച്ചത് ആ വയറ്റില്‍നിന്നാണ്. പാപം ചെയ്യാന്‍ ധൈര്യമില്ലാതിരുന്ന കാരണംകൊണ്ടാണ് എന്റെ അപ്പനും അമ്മയും ഈ പാപത്തിനു മുതിര്‍ന്നത്. അതുമൂലമാണ് ഞാന്‍ ജനിച്ചത്. ഈ പാപത്തെക്കുറിച്ചുള്ള കുറ്റബോധങ്ങള്‍ ഞാന്‍ പഠിച്ചിട്ടുള്ള കോളേജുകളിലും കസേരകളിലും പുസ്തകങ്ങളിലും ലൈബ്രറിയിലും പുറമേയുണ്ടായ കാറ്റിനുപോലും പ്രതിധ്വനി ഉണ്ടാക്കിയിരുന്നത് ഒരു സത്യമായി എനിക്കു തോന്നി. ഞാന്‍ ജനിച്ചു എന്നതും ഒരു സത്യമായിട്ടു മാറിയപ്പോള്‍ അമ്മയെ എനിക്കു മറക്കാന്‍ കഴിഞ്ഞില്ല. ഈ ഓര്‍മ പുതുക്കാന്‍ കാരണം എന്റെ അമ്മ മരിച്ചതുകൊണ്ടാണ്. അമ്മ മരിച്ചപ്പോള്‍ ഞാന്‍ സ്ഥലത്തില്ലായിരുന്നു. എനിക്കു കാണേണ്ടിയിരുന്ന ഒരു കാഴ്ചയായിരുന്നില്ല അത്. ഞാന്‍ അകലെയായിരുന്നു. ഞാന്‍ നോക്കാതിരുന്നതും കാണാതിരുന്നതും എന്റെ വ്യവസ്ഥിതി കൊണ്ടാണെന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. എന്നാലും എന്റെ അമ്മ മരിച്ചപ്പോള്‍ നോക്കിക്കാണാനുള്ള താത്പര്യം ഒന്‍പതുവയസ്സുള്ള എന്റെ മനസ്സിലും തോന്നിയിരുന്നു. വളരെ ദൂരെയായതുകൊണ്ട് സാധിച്ചില്ല. ഞാന്‍ ദുഃഖിച്ചു എന്നു പറയുന്നത് തെറ്റിദ്ധാരണയായിരിക്കാം. ഞാന്‍ ദുഃഖിച്ചില്ല എന്നു പറയുന്നതും തെറ്റിദ്ധാരണയായിരിക്കാം. എന്റെ മനോവ്യാപാരം മനസ്സിലാക്കിയവര്‍ക്കും അക്കാരണങ്ങള്‍ തെറ്റിദ്ധാരണയുടെ മറവിയായി മാറിയേക്കാം. കാരണം, അവര്‍ക്കു മറവികള്‍ മാത്രമേ ഉള്ളല്ലോ.
ഒരു കാര്യം ഞാന്‍ പൂര്‍ണമായി ഓര്‍ക്കുന്നു. എന്റെ അമ്മ മരിക്കുമ്പോള്‍ ആ നിമിഷത്തില്‍ വളരെ ദൂരെ താമസിച്ചിരുന്ന എന്നെ വിളിക്കുകയും ഞാന്‍ പൊടുന്നനവേ സ്വപ്‌നത്തിലെന്നപോലെ ഉണരുകയും ചെയ്ത അവസ്ഥയുണ്ടായി എന്നുള്ളതും സത്യമാണ്. ആ സത്യം ഞാന്‍ ഓര്‍ക്കുകയും ചെയ്യുന്നു. അത് ഓര്‍മകള്‍ മാത്രമല്ല, അതെന്റെ അമ്മയുടെ മരണത്തെക്കുറിച്ചുള്ള തീവ്രമായ ചിന്താഗതി കൂടിയാണ്. അങ്ങനെ സ്വസ്ഥമായി എന്റെ അമ്മ മരിക്കുകയും ചെയ്തു.
ആമേന്‍!
കണ്ണാടി വെച്ച പെണ്ണിനെയായിരുന്നു എനിക്കിഷ്ടം
ഞാനൊരു ബുദ്ധിജീവിയായി ജനിച്ചതുകൊണ്ടാണ് കണ്ണാടിയെക്കുറിച്ച് (മൂക്കുകണ്ണാടി) ആലോചിക്കാനിടയായത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പത്തുവയസ്സായ ഞാന്‍ കണ്ണാടിയില്ലാതെ നടന്നപ്പോള്‍ എട്ടുവയസ്സുള്ള മേരിക്കുട്ടി കണ്ണാടി വെച്ചുകൊണ്ടാണ് ക്ലാസില്‍ വന്നത്.
അന്നുമുതല്‍ മേരിക്കുട്ടിയുടെ മാര്‍ക്ക് കൂടിവരികയും കണ്ണാടിയില്ലാത്ത എന്റെ (പാവം മാര്‍ക്കോച്ചന്റെ) മാര്‍ക്ക് കുറഞ്ഞുവരികയും ചെയ്തു.
ഇതിനു ശാസ്ത്രീയ കാരണങ്ങളുണ്ടോ, അതോ നമ്മുടെ പഴയ ശാപങ്ങളുടെയോ കൂടോത്രങ്ങളുടെയോ ആയിട്ടുള്ള കുരുത്തക്കേടുകളുടെ കണക്കാണോ ഈ കണ്ണാടി എന്ന് ആലോചിച്ചുപോയിട്ടുണ്ട്.

അസൂയകൊണ്ടല്ല- കണ്ണാടി വെക്കാനുള്ള കാരണങ്ങള്‍ ഉണ്ടാകാതിരുന്നതിനാലാണ്. ജീവിതം പച്ചയായി നേരിട്ടു കാണാന്‍ തുടങ്ങിയപ്പോള്‍ കണ്ണാടിയുടെ കാര്യങ്ങള്‍ മനസ്സില്‍ സുതാര്യമായി ഭവിച്ച്, മൗനമായിരുന്നു. കണ്ണാടി ഉണ്ടായിരുന്നുവെങ്കില്‍ കുറെക്കൂടി നന്നായിട്ടു കാണാം എന്ന തോന്നല്‍ മരീചികപോലെ മനസ്സില്‍ തെളിഞ്ഞു.മേരിക്കുട്ടിയെ പിന്നീടു ഞാന്‍ കണ്ടത് യൂണിവേഴ്‌സിറ്റിയുടെ പറമ്പില്‍ മരത്തണലില്‍വെച്ചാണ്.
സ്വിമ്മിങ് പൂളിന്റെ തിളക്കത്തില്‍ സൂര്യന്റെ വെളിച്ചം ചിതറിയപ്പോള്‍ കാഴ്ച നഷ്ടപ്പെട്ട മേരിക്കുട്ടിയുടെ കണ്ണാടിയിലുണ്ടായ മരങ്ങളുടെയും നീലാകാശത്തിന്റെയും പ്രതിച്ഛായയ്ക്കു നിറങ്ങളില്ലായിരുന്നു.
കണ്ണാടിക്കു നിറമില്ലായെന്ന് ഭയത്തോടെ ഓര്‍ത്ത് ഞാന്‍ മേരിക്കുട്ടിയെ നോക്കിയപ്പോള്‍ ഞാന്‍ കണ്ടത് മേരിക്കുട്ടിയുടെ കണ്ണാടിയായിരുന്നില്ല.
മേരിക്കുട്ടിയുടെ തൊലിയില്‍ ഞാന്‍ തൊട്ടപ്പോള്‍, കണ്ണാടിയും അതിന്റെ ചിന്തകളും പമ്പകടക്കുന്ന നേരത്ത്, മേരിക്കുട്ടിയുടെ കണ്ണുകളില്‍ ചുംബിച്ച മാര്‍ക്കോച്ചന് കണ്ണാടി ഒരു മറയായി മാറി. എന്നിട്ടും കണ്ണാടിയുള്ള പെണ്ണിനെയായിരുന്നു മാര്‍ക്കോച്ചന് താത്പര്യം.
പല കല്യാണാലോചനകളും വന്നു. മാര്‍ക്കോച്ചന്‍ നാടുനീളെ നടന്നു പെണ്ണു കണ്ടു. അവലോസുണ്ടകള്‍ തിന്ന് വയറിളക്കം പിടിച്ചു. എന്നിട്ടും...
കണ്ണാടിയില്ലാത്ത പെണ്ണിനെ കെട്ടുകേലാ എന്നു മാര്‍ക്കോച്ചന് പത്രോസിന്റെ പാറപോലെ ഉറപ്പുണ്ടായി.
നിന്റെ കാറിലിരുന്ന്, പുറകോട്ടു പൊയ്‌ക്കൊണ്ടിരുന്ന സാധാരണ കാല്‍നടജീവിതം നോക്കി ദുഃഖിക്കുന്നതിനിടയാകും മുന്‍പ് മേരിക്കുട്ടീ, നിന്റെ കണ്ണാടി വെച്ച മുഖം കാറിന്റെ കണ്ണാടിയുടെ മുകളിലുള്ള പുറകുവശം കാണാനുള്ള കണ്ണാടിയില്‍ കണ്ടപ്പോള്‍ മുന്നോട്ടുപോകുന്ന കാറിലിരുന്ന് പിന്നോട്ടുപോകുന്ന കണ്ണാടിയുടെ തിളക്കമാണു കണ്ടത്.
മടിച്ചുനിന്ന മരീചിക മരുഭൂമിയുടെ ചൂടായി മാറിയപ്പോള്‍... നിന്റെ കണ്ണാടിയുടെ തിളക്കത്തില്‍ എനിക്ക് എന്നെ കാണാന്‍ കഴിഞ്ഞു.
മേരിക്കുട്ടീ, ഞാന്‍ നിന്നോടു വിടപറഞ്ഞപ്പോള്‍ നീ Woody Allen ന്റെ സിനിമപോലെ ചിരിച്ചപ്പോള്‍, നിന്റെ കണ്ണാടിയില്‍ എന്റെ ദുഃഖമുള്ള മുഖം ഞാന്‍ കണ്ടു.
ഞാന്‍ ആത്മാവിന്റെ ശാന്തിയില്‍ ചിരിച്ചപ്പോള്‍ മേരിക്കുട്ടീ, നിന്റെ കണ്ണാടിയില്‍ എന്റെ പ്രതിച്ഛായയുടെ വികാരം കാണാന്‍ എനിക്കൊരു കണ്ണാടി വേണമെന്ന മോഹമുണ്ടായി.
കണ്ണാടി വെക്കാത്ത പെണ്ണിനെ കെട്ടുകയില്ല എന്ന മാര്‍ക്കോച്ചന്റെ തീരുമാനം മാര്‍ക്കോച്ചനെ മരണത്തിലേക്കു നയിച്ചു.
പില്ക്കാലത്ത് മാര്‍ക്കോച്ചന്‍ കണ്ണാടി വെച്ച പെണ്ണിനെക്കുറിച്ചാലോചിക്കുകയുണ്ടായിട്ടില്ല.
മരണം കാണാന്‍ കണ്ണാടി വേണമെന്നു തോന്നിയപ്പോള്‍ വീണ്ടും കണ്ണാടി വെച്ച പെണ്ണിനെക്കുറിച്ചോര്‍ക്കാന്‍ തുടങ്ങി.
മേരിക്കുട്ടീ, കണ്ണാടി വെച്ച നിന്റെ മുഖത്തു നോക്കുമ്പോള്‍, നിന്റെ കണ്ണാടിയില്‍ എന്റെ പ്രതിച്ഛായ ഞാന്‍ കാണുമ്പോള്‍, നിന്റെ മരിച്ച കണ്ണുകള്‍ എന്റേതായി മാറുമ്പോള്‍...
കണ്ണാടി വെച്ച നിന്നെക്കുറിച്ച് കണ്ണാടിപോലെ ഞാന്‍ സുതാര്യപ്പെടുന്നു.
ഞാന്‍, എന്റെ സിനിമ
എന്റെ സഹജീവികളുമായി സംവേദനം നടത്താന്‍ ഞാന്‍ തിരഞ്ഞെടുത്ത മാധ്യമമാണ് സിനിമ. ക്യാമറയുടെ ഭാഷയാണ് സിനിമ. ഈ ഭാഷ ആത്മാവിഷ്‌കാരത്തിനായി കലാത്മകമായി ഉപയോഗിക്കുമ്പോഴാണ് അതു കലയാകുന്നത്. കലാസൃഷ്ടി എന്നു പറഞ്ഞാല്‍ സ്വാതന്ത്ര്യമാണ്. അടിസ്ഥാനപരമായി അത് മാനുഷികമൂല്യങ്ങളുടെ സത്താന്വേഷണമാണ്. സിനിമയും മറ്റേതു കലയെയുംപോലെ മനുഷ്യജീവിതവുമായിട്ടാണ് ബന്ധപ്പെടുന്നത്. സമൂഹത്തിലെ ഒരംഗമെന്ന നിലയ്ക്ക് എന്റെ സിനിമയും ഇതേ ദൗത്യമാണ് നിര്‍വഹിക്കുന്നത്. സിനിമ ഒരു ദൃശ്യമാധ്യമമാണല്ലോ. എന്നാല്‍, വെറും ദൃശ്യങ്ങള്‍ (Visuals) കൊണ്ടുമാത്രം നല്ല സിനിമയുണ്ടാകണമെന്നില്ല. അതിനുള്ളില്‍ കലാകാരന്റെ ആത്മമുദ്ര അഥവാ ദര്‍ശനം (Vision) ഉണ്ടാവണം.
എന്റെ സിനിമ എന്നു പറഞ്ഞാല്‍ അത് എന്റെ ദര്‍ശനമാണ്. അതില്‍ നിങ്ങള്‍ എന്നെത്തന്നെയാണു കാണുന്നത്. എന്റെ ആകുലതകള്‍, സംശയങ്ങള്‍, വിശ്വാസങ്ങള്‍- ഒന്നും ഞാനതില്‍ ഒളിച്ചുവെക്കുന്നില്ല. ഞാനുള്‍പ്പെടുന്ന സമൂഹത്തോടും എന്നെത്തന്നെയും നോക്കിക്കാണുകയാണ് ഞാന്‍. മറ്റൊരാള്‍ കാണുന്നതുപോലെയല്ല ഞാന്‍ കാണുന്നത്. യാഥാര്‍ഥ്യങ്ങളുടെ വസ്തുതാപരമായ സത്യമല്ല ആന്തരികസത്യമാണ് ഞാന്‍ ആരായുന്നത്. വസ്തുക്കളെ അതിന്റെ യഥാര്‍ഥ പേഴ്‌സ്പക്ടീവില്‍ കാണുകയാണ് എനിക്കാവശ്യം.
സിനിമ ഒരു കലക്ടീവ് ആര്‍ട്ട് അല്ല. ജോണ്‍ ഏബ്രഹാം സംവിധാനം ചെയ്യുന്ന സിനിമ ജോണ്‍ ഏബ്രഹാമിന്റെ സിനിമയാണ്. തീരുമാനങ്ങളെടുക്കുന്നത് ഞാനാണ്... ചലച്ചിത്രനിര്‍മാണത്തില്‍ ഛായാഗ്രഹണം, സംഗീതം, അഭിനയം തുടങ്ങിയ ഘടകങ്ങളുടെ സര്‍ഗാത്മകമായ പ്രസക്തിയെ ഞാന്‍ അംഗീകരിക്കാറുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍, അവര്‍ എനിക്കു വേണ്ടിയാണ് വര്‍ക്കു ചെയ്യുന്നത്. എന്റെ ആശയത്തിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടിയാണ് അവര്‍ ക്യാമറ ചലിപ്പിക്കുന്നതും അഭിനയിക്കുന്നതും. അവിടെ വിട്ടുവീഴ്ചകളുടെ പ്രശ്‌നമേയില്ല. അവരുടെ നിര്‍ദേശങ്ങള്‍ ഞാന്‍ സ്വീകരിക്കുമ്പോള്‍ എന്റെ സൃഷ്ടിയിലേക്കുള്ള അവരുടെ സംഭാവനയാണത്. ദാറ്റ് ഈസ് ക്രിയേറ്റിവിറ്റി. സിനിമ എന്നത് ഛായാഗ്രഹണംതന്നെയാണ്. എന്നാല്‍ ഞാനാണ് ആദ്യം ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റ് ചെയ്യുന്നത്. അവരെല്ലാം എന്നോടു സഹകരിക്കുകയാണ്. സാങ്കേതികവിദഗ്ധരായ അവര്‍ കലാകാരന്മാരാണെങ്കില്‍ എന്റെ ഭാവനകള്‍ (റിഫ്‌ളെക്‌സസ്) മനസ്സിലാക്കണം. നടീനടന്മാരുടെ കാര്യം വലിയ പ്രശ്‌നമൊന്നുമല്ല. പ്രേംനസീറിനെ വെച്ച് ഞാന്‍ പടമെടുക്കാം. പത്തു പാട്ടുള്ള പടമെടുക്കാം. പക്ഷേ, അത് എന്റെ മാത്രം പടമായിരിക്കും. സംവിധായകന്‍ മണ്ടനാണെങ്കില്‍ മാത്രമേ തിരക്കഥാകൃത്തിന്റെ സിനിമയായി മാറൂ. സംവിധായകന്റെ കഴിവില്ലായ്മകൊണ്ടു മാത്രമാണ് തിരക്കഥ മാത്രം വിജയിക്കുന്നത്. ഞാന്‍ ആത്മസാക്ഷാത്ക്കാരത്തിനുവേണ്ടി സിനിമയെടുക്കാറില്ല. സെല്‍ഫ് എക്‌സ്പ്രഷന്‍ ഈസ് മാസ്റ്റര്‍ബേഷന്‍. ഇതാണ് എന്റെ കാഴ്ചപ്പാട്. സ്ത്രീപുരുഷ സംയോഗത്തിലൂടെ മാത്രമേ സൃഷ്ടിയുടെ സാഫല്യമുണ്ടാകൂ എന്നു പറയുന്നതുപോലെ കല പൂര്‍ണമാകണമെങ്കില്‍ സാമൂഹികമായ കാഴ്ചപ്പാടുമായി എന്റെ ആശയം സംയോഗം നടത്തണം. ഐ ആം എ സോഷ്യല്‍ ബീയിങ്. സമൂഹത്തില്‍ ഒറ്റപ്പെട്ട് ഒരു അസ്തിത്വമില്ല. എന്നെ സംബന്ധിച്ചിടത്തോളം കലാകാരനെന്ന വ്യക്തി സെന്‍സിബിലിറ്റിയുള്ള സാമൂഹികാംശം എന്നതില്‍ക്കവിഞ്ഞൊന്നുമല്ല.
ഒരു സോഷ്യല്‍ പോയിന്റ് ഓഫ് വ്യൂ ഇല്ലെങ്കില്‍ ഞാനൊന്നുമാകുന്നില്ല. സമൂഹത്തിന്റെ ഭാഗധേയങ്ങളില്‍ ഭാഗഭാക്കായിക്കൊണ്ടു മാത്രമേ എനിക്കെന്തിനെക്കുറിച്ചെങ്കിലും ചിന്തിക്കാനാവൂ. ജനങ്ങളുടെ നന്മയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യുക. അവന്‍ മാന്യനാണെന്ന് അവനെ ബോധ്യപ്പെടുത്തുക. അതാണെന്റെ ലക്ഷ്യം. ജനങ്ങളോടു ചില സത്യങ്ങള്‍ വിളിച്ചുപറയണമെന്നു തോന്നുമ്പോഴാണ് ഞാന്‍ സ്രഷ്ടാവാകുന്നത്; സിനിമയെടുക്കുന്നത്. സിനിമ കലാപരമാണെങ്കില്‍ അത് ജനകീയമാകണമെന്നുതന്നെയാണ് എന്റെ വിശ്വാസം. എന്റെ സിനിമ ജനങ്ങള്‍ കാണണമെന്നും അതിനെ എല്ലാ അര്‍ഥത്തിലും മനസ്സിലാക്കണമെന്നും എനിക്കു നിര്‍ബന്ധമുണ്ട്. ചായക്കടയില്‍നിന്നും ചായ കുടിച്ചതിന് അച്ഛന്റെ കൈയില്‍നിന്നും അടി വാങ്ങിയവനാണ് ഞാന്‍. അത്തരം നിശിതസ്വഭാവമുള്ള ഒരു ഫ്യൂഡല്‍കുടുംബത്തില്‍ ജനിച്ച ഞാന്‍ സത്യസന്ധനായ ഒരു കമ്യൂണിസ്റ്റായിരിക്കാന്‍ ആഗ്രഹിക്കുന്നു.
Content Highlights: excerpts from the book john abraham edited by k n shaji published by mathrubhumi books
Published: 03 Mar 2022, 12:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented