
കേരളരാഷ്ട്രീയത്തിലെ ഉജ്വലനക്ഷത്രമായിരുന്ന കെ.ആര്‍ ഗൗരിയമ്മ വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഗൗരിയമ്മയുടെ ആത്മകഥ കേരളത്തിന്റെ രാഷ്ട്രീയകാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം കൂടിയാണ്. എക്കാലവും തുറന്ന ജീവിതം നയിച്ച ഗൗരിയമ്മ തന്റെ കോളേജുകാലത്തെ പ്രണയത്തെക്കുറിച്ച് എഴുതിയത് വായിക്കാം.
ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, ഓണാവധിക്ക് വീട്ടില്‍ വന്ന സമയത്ത് ജോലിക്ക് നിന്നിരുന്ന കണ്ടന്‍ വന്നുപറഞ്ഞു, എന്നെ കാണാന്‍ ആരോ വന്നിരിക്കുന്നവെന്ന്. ഞാനീ സമയം ഓണക്കളിക്കാരുടെ ഇടയിലായിരുന്നു. ഉടനെ വീട്ടില്‍ ചെന്നു. വന്നിരിക്കുന്ന അതിഥി, ഞങ്ങളുടെ ഒരു ബന്ധുവീട്ടില്‍നിന്ന് തിരുവനന്തപുരത്തു പോയി, കോളേജില്‍ പഠിക്കുന്ന യുവാവാണെന്ന് ചാവടിയില്‍ച്ചെന്നപ്പോള്‍ മനസ്സിലായി. അച്ഛനില്ലാതിരുന്നതിനാല്‍ ഞാന്‍ സംസാരിച്ചു. തിരിച്ചുപോകാന്‍ തുടങ്ങിയപ്പോള്‍, ആ യുവാവ് ഇതാ ഞാനൊരു സമ്മാനം കൊണ്ടു വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഒരു കവര്‍ വെച്ചുനീട്ടി. ഞാന്‍ കവറുവാങ്ങി വടക്കുപുറത്തുപോയി പൊട്ടിച്ചു നോക്കിയപ്പോള്‍ വടിവൊത്ത കൈയക്ഷരത്തിലെഴുതിയ ഒരു എഴുത്തും അതോടുകൂടി ദന്തനിര്‍മിതമായ ചെറിയ ഒരു ബൂച്ചും. അതൊരു പ്രേമലേഖനമായിരുന്നു. കത്തിന്റെ അവസാനഭാഗത്ത് ഒരു മറുപടി ആവശ്യപ്പെട്ടിരിക്കുന്നു. എന്റെ വികാരം എനിക്കു തന്നെ നിര്‍ണയിക്കാന്‍ കഴിഞ്ഞില്ല.
ഇത് ഒരാദ്യാനുഭവമാണ്. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി. സ്‌കൂളില്‍ എന്റെ ക്ലാസ്സിലെ ആണ്‍കുട്ടികളുമായി സതീര്‍ഥ്യരെന്ന നിലയില്‍
സ്നേഹത്തോടും സന്തോഷത്തോടും ഞാന്‍ ഇടപഴകിയിട്ടുണ്ട്, നല്ല ബന്ധത്തില്‍. ആരും അതിരുകടന്ന് എന്നോടു പെരുമാറിയിട്ടില്ല. ഈ എഴുത്ത് എന്നില്‍ ഉളവാക്കിയ വികാരം എന്തെന്നു മനസ്സിലാക്കാന്‍ ഞാന്‍ പണിപ്പെട്ടുനോക്കി. വീട്ടില്‍ ആരെയെങ്കിലും ഏല്പിച്ചാലോ, അതല്ലെങ്കില്‍ എഴുത്തു തിര്യേ കൊടുത്താലോ എന്നും ആലോചിച്ചു. പിന്നീട് വേണ്ടെന്നു വെച്ചു. വെക്കേഷന്‍ തീര്‍ന്നതോടുകൂടി ഞാന്‍ ചേര്‍ത്തലയ്ക്ക് പോരുവാന്‍ തുടങ്ങുന്ന ദിവസം മേല്‍പ്പടി കഥാപാത്രം പിന്നെയും വീട്ടില്‍ വന്നു. സൂത്രത്തില്‍ കത്തിന്റെ മറുപടി ആവശ്യപ്പെട്ടു. ആകെ വല്ലാത്ത ഒരവസ്ഥയിലായതിനാല്‍ ഞാന്‍ മറുപടി കൊടുത്തില്ല. കത്ത് ആരെയും കാണിക്കാതെ പെട്ടിയില്‍ സൂക്ഷിച്ചു. എന്നാല്‍ ഞാന്‍ കരുതലോടെ പെരുമാറി. എഴുത്തിനു മറുപടി കൊടുക്കുമെന്ന് അയാള്‍ ധരിക്കരുതെന്നു കരുതി ഞാന്‍ ആളില്‍നിന്നും ഒഴിഞ്ഞുനിന്നു. എന്നാല്‍ പെട്ടിയില്‍ത്തന്നെ എഴുത്തു സൂക്ഷിച്ചു. ആ ദിവസങ്ങളിലെല്ലാം ഞാനതേക്കുറിച്ചു ചിന്തിച്ചു. ഞാനിയാളെ സ്നേഹിക്കുന്നോ എന്ന് സ്വയം ചോദിച്ചുനോക്കി. എനിക്ക് അപ്പോഴും സ്വന്തമായി ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ കത്തിനു മറുപടി കൊടുക്കേണ്ട എന്നു തീരുമാനിച്ചു. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആ കത്ത് പെട്ടിയില്‍ കാണുന്നില്ല. ചേര്‍ത്തല വന്നശേഷമാണ് ആ എഴുത്ത് പോയതെന്ന് എനിക്ക് ബോധ്യമുണ്ട്. ഞാനാകെ പരിഭ്രമിച്ചു.
എഴുത്തു മറ്റുള്ളവര്‍ വായിച്ചു എന്ന് എനിക്ക് ബോധ്യമായി. എന്റെ നേരെ മുഖം വീര്‍പ്പിക്കല്‍, കുശുകുശുപ്പ്, അടക്കിപ്പിടിച്ച വര്‍ത്തമാനം...ഒടുവില്‍ ചേച്ചി എന്നോടു നേരിട്ടു ചോദിച്ചു; വഴക്കിട്ടു. എന്നെ ഒരുപാട് ശകാരിച്ചു. ഞാന്‍ അപരാധം ചെയ്തവളെപ്പോലെയായി. എന്നോട് അവര്‍ ചോദിച്ചതിന് മറുപടിയൊന്നും പറഞ്ഞിരുന്നില്ല. എഴുത്തു തന്നയാളിനോട് സ്നേഹം ഉണ്ടോ എന്ന് എനിക്കുതന്നെ നിശ്ചയമില്ല. എന്നിട്ടും എനിക്കപരാധബോധം എങ്ങനെയോ ഉണ്ടായി. ഞാന്‍ എല്ലാവരെയും, വഞ്ചിച്ചു എന്ന തോന്നലുണ്ടായി. എഴുത്തുതന്നയാള്‍ക്ക് താന്‍ വഞ്ചിക്കപ്പെട്ടിരുന്നു എന്നു തോന്നുമോ എന്നും ചിന്തിച്ചു. രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു, ഉറങ്ങിയതേയില്ല. പകല്‍ മുഴുവന്‍ ഒരപരാധിയെപ്പോലെ ഒറ്റയ്ക്ക് മൗനമായിരുന്നു. വേണ്ടാത്തത് ചെയ്തു എന്ന പ്രതീതി. ഈ സമയത്തെല്ലാം ഞാന്‍ എന്നോടുതന്നെ ചോദിച്ചു; എനിക്കയാളോടു സ്നേഹമുണ്ടോ എന്ന്. എനിക്കു നിശ്ചയമില്ല. എങ്കിലും എഴുത്തു തന്നതും എന്റെ വീട്ടിലെ ചര്‍ച്ചകളും ബഹളങ്ങളുമൊക്കെ അയാളുടെ വീട്ടിലും എത്തിയെന്നും അവിടെയും പ്രശ്നമായെന്നുമറിഞ്ഞു.
അനേകദിവസങ്ങളില്‍ ഈ ചിന്ത എന്നെ പിന്‍തുടര്‍ന്നു. അയാളാട് ഒരു സഹാനുഭൂതിയും തോന്നി. എനിക്ക് മനഃശാന്തി തരണമേ എന്ന് ഞാന്‍ മനസ്സുരുകി പ്രാര്‍ഥിച്ചു. ഞാന്‍ ചെയ്യാത്ത ഈ കുറ്റത്തിന്, എന്നെ കുറ്റക്കാരിയായി മറ്റുള്ളവര്‍ കണ്ടുവെന്നുമാത്രമല്ല, എനിക്ക് ഞാന്‍ കുറ്റക്കാരിയാണെന്നു തോന്നിത്തുടങ്ങുകയും ചെയ്തു. മൂത്ത ചേച്ചിയുടെ ഭര്‍ത്താവും കുട്ടികളുമായി കൂനൂര്‍ക്ക് (ഊട്ടി) പോയപ്പോള്‍ എത്ര നിര്‍ബന്ധിച്ചിട്ടും ഞാന്‍ ചേച്ചിയുടെ വീട്ടില്‍ നില്ക്കാതെ രണ്ടാമത്തെ ചേച്ചിയുടെ വീട്ടിലേക്കു മാറി താമസിക്കുകയാണ് ചെയ്തത്. ഇതും ഒരു കാരണമായിരുന്നു. കാലാന്തരത്തില്‍ ആ ചുറ്റുപാടില്‍നിന്ന് മാറിത്താമസിച്ചപ്പോള്‍ എനിക്കു തിരിച്ചറിവുണ്ടായി, അയാളോട് ഒരു പ്രേമവുമില്ലെന്നും ഉള്ളത് ഈ എഴുത്തുമൂലം അയാള്‍ക്കു വന്ന കഷ്ടപ്പാടിലും എതിര്‍പ്പിലുമുള്ള സഹാനുഭൂതിയാണെന്നും.
ഞാന്‍ എറണാകുളത്തു കോളേജില്‍ പഠിക്കുമ്പോള്‍ വീണ്ടും ഇയാള്‍ എന്നെ സമീപിച്ചു. ആ അവസരത്തില്‍ സ്വതന്ത്രമായി ചിന്തിച്ചു തീരുമാനമെടുക്കാന്‍ പ്രാപ്തി കൈവന്നതിനാല്‍ ഞാന്‍ ഉള്ള കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു. എനിക്ക് നിങ്ങളെ പ്രേമിക്കാന്‍ കഴിയില്ലെന്നും വെറും സൗഹാര്‍ദം മാത്രമേയുള്ളൂവെന്നും. ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ ആളിന് കുറച്ചുനാള്‍ നീരസം തോന്നിയെങ്കിലും കാലക്രമത്തില്‍ ഞങ്ങള്‍ സുഹൃത്തുക്കളായി. എനിക്കു നേരെയുള്ള, വീട്ടുകാരുടെയും ബന്ധുക്കളുടേയും തെറ്റിദ്ധാരണകള്‍ പിന്നീട് മാറുകയും ചെയ്തു.
ചെറുപ്പകാലത്തുതന്നെ കുമാരനാശാന്റെ കരുണയും ലീലയുമൊക്കെ വായിച്ചും വീട്ടിലെ ചര്‍ച്ചകള്‍ കേട്ടും യഥാര്‍ഥ സ്നേഹസാഗരത്തെക്കുറിച്ച് എനിക്കും ചില ധാരണകള്‍ ഉണ്ടായിരുന്നു. കല്യാണത്തിന് സ്നേഹവും പ്രേമവും അത്യാവശ്യമാണെന്ന് എനിക്കുതോന്നി. പ്രേമിക്കാത്ത ഒരു പുരുഷനുമായി ഭാര്യാഭര്‍തൃബന്ധത്തെക്കുറിച്ച് എനിക്ക് ഊഹിക്കാന്‍പോലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ മേല്പറഞ്ഞ ചിന്ത വെറും മിഥ്യയാണെന്നും ഒരു കഴമ്പും അതിലില്ലയെന്നും ക്രമേണ ബോധ്യമായി. ഈ കാലയളവില്‍ ഞാനറിയാതെ എന്റെ കളിക്കൂട്ടുകാരിലൊരാള്‍ എന്നെ സ്നേഹിക്കാന്‍ തുടങ്ങിയിരുന്നു എന്നു ഞാനറിയുന്നത് താമസിച്ചാണ്.
എറണാകുളത്തുനിന്ന് ഞാന്‍ വെക്കേഷനു വീട്ടില്‍ വരുമ്പോള്‍ ചേര്‍ത്തല താലൂക്കിലെ ഇതര കോളേജുകളില്‍ പഠിക്കുന്ന സുഹൃത്തുക്കള്‍ വീട്ടില്‍ വരിക പതിവാണ്. ഞങ്ങള്‍ പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കും. അത് ദീര്‍ഘനേരം നീണ്ടുനില്ക്കുന്ന വാശിയേറിയ വാദപ്രതിവാദത്തിലേക്ക് നീങ്ങും. വരുന്ന കൂട്ടുകാര്‍ എപ്പോഴും ഒരുദിവസം എന്റെ വീട്ടില്‍ താമസിച്ചിട്ടേ മടങ്ങാറുള്ളു. ക്ഷേത്രപ്രവേശന വിളംബരം കഴിഞ്ഞിട്ടു മേല്‍ജാതിക്കാരുമായുള്ള സഹവര്‍ത്തിത്തമോ കൂട്ടുകെട്ടുകളോ കുടുംബബന്ധങ്ങളോ ഒന്നും ആ സമയത്തായിട്ടില്ലായിരുന്നു. സ്വന്തം സമുദായത്തിനുള്ളില്‍ മാത്രം ഒതുങ്ങിക്കൂടുന്ന നാട്ടുരീതി പൊട്ടിച്ചെറിഞ്ഞിട്ടില്ലായിരുന്നു. കുറച്ചുനാളത്തെ വിദ്യാഭ്യാസരീതി കൊണ്ട് നൂറ്റാണ്ടുകള്‍ ശീലിച്ചിരുന്ന ആചാരങ്ങള്‍ മാറ്റിത്തീര്‍ക്കാന്‍ കഴിയുന്ന കാലഘട്ടമല്ലായിരുന്നു അന്ന്. അതുകൊണ്ട് വീട്ടില്‍ നടന്ന ചര്‍ച്ചകളിലും മറ്റും നിര്‍ഭാഗ്യവശാല്‍ മറ്റു ജാതിയിലെ കുട്ടികളൊന്നും ഉണ്ടായിരുന്നില്ല. ഈ നടക്കുന്ന ചര്‍ച്ചയില്‍ എന്റെ കളിക്കൂട്ടുകാരനും ഞാനും എതിര്‍ചേരിയിലായിരിക്കും, മിക്കപ്പോഴും. എന്നാല്‍ ഞങ്ങളുടെ ഇടയില്‍ അടുപ്പത്തിനുള്ള ഏതോ കാരണമുണ്ടായി. ഇതു മനസ്സിലായതോടുകൂടി ഞാന്‍ ഈ ചര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ തുടങ്ങി. രണ്ടുപേരും കൂടി ഒന്നിച്ചുകാണാതിരിക്കാന്‍ എല്ലാവിധത്തിലും ശ്രമിച്ചു. എന്നാല്‍ പോകുന്നതിനു മുന്‍പ് ഞങ്ങള്‍ തമ്മില്‍ ഒന്നു നോക്കുകയെങ്കിലും ചെയ്തിരിക്കും. പരസ്പരം സ്നേഹിക്കാന്‍ തുടങ്ങിയോ എന്നു സംശയമുണ്ടായപ്പോഴെ ഈ ബന്ധത്തിലുള്ള അപകടത്തെക്കുറിച്ച് ഞങ്ങള്‍ രണ്ടുപേരും ബോധമുള്ളവരായിരുന്നു. ഞങ്ങളുടെ കുടുംബങ്ങളെക്കുറിച്ചു ചിന്തിച്ചാല്‍ ഞങ്ങള്‍ തമ്മിലുള്ള വിവാഹം ഒരിക്കലും നടക്കുകയില്ല. അതുകൊണ്ട് അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. ആ സ്നേഹബന്ധം തുടരാന്‍ പാടില്ല എന്ന് ഒടുവില്‍ തീരുമാനിച്ചു.
രണ്ടുപേരും ദൂരെ വേറെവേറെ കോളേജുകളിലാണ് പഠിത്തം. വെക്കേഷന് വല്ലപ്പോഴും ഒന്നിച്ചുകൂടുമ്പോള്‍ കാണും, പിരിയും; മേലില്‍ കാണുകയില്ല എന്ന് ശപഥം ചെയ്യും. എഴുത്തുകളൊന്നും അയയ്ക്കരുതെന്നു തീരുമാനിക്കും. എന്നാല്‍ കുറച്ചു ദിവസമാകുമ്പോള്‍ കത്തുവരും, രണ്ടു മൂന്ന് കത്താകുമ്പോള്‍ ഞാന്‍ മറുപടി അയയ്ക്കും. എഴുത്തില്‍ രണ്ടുപേരും പ്രണയത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ചെഴുതും. മാതാപിതാക്കളെയും, സഹോദരങ്ങളെയും വേദനിപ്പിക്കരുതെന്ന് എഴുതും. ബന്ധം തുടരാതിരിക്കാനുള്ള പോംവഴി രണ്ടുപേരും ആലോചിക്കും. എത്ര ആലോചിച്ചിട്ടും ഒരു തീരുമാനത്തിലെത്താന്‍ എനിക്കു കഴിഞ്ഞില്ല. ഒടുവില്‍ എങ്ങുമെത്താന്‍ കഴിയാതിരുന്നതിനാല്‍ വരുന്നതു വരട്ടെ എന്നു ഞാനും കരുതി.
ബി.എയ്ക്കു ഞാന്‍ നല്ല നിലയില്‍ പാസ്സായി എന്ന സന്തോഷവാര്‍ത്തയ്ക്കൊപ്പം ഞാനും കൂട്ടുകാരനും തമ്മില്‍ സ്നേഹത്തിലാണെന്ന വാര്‍ത്തയും വീട്ടിലെത്തി. അതു വീട്ടില്‍ കരിനിഴല്‍ പരത്തി. അച്ഛനാകെ അസ്വസ്ഥനായി. മൂത്തചേച്ചി അതിലും അസ്വസ്ഥയായി. കോളേജ് പഠനത്തിന് പോകുന്ന കാലത്തും മൂത്തചേച്ചി എന്നെ കുഞ്ഞുങ്ങളെയെന്ന പോലെയായിരുന്നു പരിലാളിച്ചിരുന്നത്. എന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കാനാവശ്യമായ സൂപ്പും ഇറച്ചിയും ഇടപാടുചെയ്യും. വൈദ്യനെ വിളിച്ച് കുഴമ്പും എണ്ണയും ലേഹ്യവുമൊക്കെ ഉണ്ടാക്കി അതൊക്കെ കൃത്യമായി കഴിപ്പിക്കും. ചേച്ചിയും ചേട്ടനും സുഖവാസത്തിനു പോകുന്നത് വെക്കേഷന്‍ സമയത്താണങ്കില്‍ അവരുടെ കുട്ടികളോടൊപ്പം എന്നെയും കൊണ്ടുപോകും. കുട്ടികള്‍ക്ക് കളിസ്ഥലത്തുപോലും ഞാനാണ് മാതൃക. ഞാന്‍ പഠിച്ചു മിടുക്കിയായി വലിയ സ്ഥാനത്തെത്തണം എന്നത് ചേച്ചിയുടെയും അച്ഛന്റെയും ആഗ്രഹമാണ്. അതുകൊണ്ടാണ് ഈ വിവരം അറിഞ്ഞപ്പോള്‍ രണ്ടുപേരും അസ്വസ്ഥരായത്. അതെന്നെ വളരെയധികം വേദനിപ്പിച്ചു. അതിനാല്‍ ഇതിനുള്ള ഏക പോംവഴി വല്ലവിധേനയും ദൂരെ നാട്ടില്‍ പോയി താമസിക്കുക എന്നതാണ്.
അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് പത്രത്തില്‍ ഒരു പരസ്യം കണ്ടത്. മദിരാശിയിലെ ക്യൂന്‍ മേരീസ് കോളേജില്‍ എക്കണോമിക്സില്‍ ഒരു ട്യൂട്ടര്‍ പോസ്റ്റ് ഒഴിവുണ്ടെന്നത്. ബി.എ. സെക്കന്റ് ക്ലാസ്സാണ് യോഗ്യത. എനിക്ക് ആ യോഗ്യത ഉണ്ട്. ഞാന്‍ ആലോചിച്ചു. വീണ്ടും വീണ്ടും ആലോചിച്ചു. ഒടുവില്‍ ആ ജോലിക്ക് അപേക്ഷിക്കാന്‍ തീരുമാനിച്ചു.
അപേക്ഷാഫോമിനെഴുതി. ഞാന്‍ കൂട്ടുകാരനുമായി സ്നേഹത്തിലാണെന്നറിഞ്ഞശേഷം എന്റെ പേരില്‍ വരുന്ന കത്തുകളെല്ലാം അച്ഛന്‍ പൊട്ടിച്ചുവായിച്ചിട്ടാണ് തരിക. മദിരാശിയില്‍നിന്നു വന്ന അപേക്ഷാഫോം കിട്ടിയത് അച്ഛന്റെ കൈയിലാണ്. അപേക്ഷഫോം കണ്ടപ്പോള്‍ അച്ഛനു വിഷമമായി, എന്നെ വിളിച്ചു കാര്യം തിരക്കി. ഞാന്‍ കാര്യം പറഞ്ഞു. എനിക്കു ജോലിക്കു പോകണം. ജോലി കിട്ടിയാല്‍ എം.എയ്ക്ക് മദിരാശിയില്‍ത്തന്നെ പഠിക്കുകയും ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. നിന്നെ വേറെ ഉദ്യോഗത്തിനു വിടാനല്ല, ഒരു വക്കീലാക്കാനാണ് പഠിപ്പിച്ചതെന്ന് അച്ഛന്‍ പറഞ്ഞു. ബി. എ. പാസ്സായി മിടുക്കിയും പ്രശസ്തയുമായ ഒരു വക്കീലായി കാണണമെന്നും അതുകൊണ്ട് നീ പോകേണ്ടെന്നും അച്ഛന്‍ വിധിപ്രഖ്യാപിച്ചു. അച്ഛന് ഈ ആഗ്രഹം ഉദിക്കുന്നത് അന്നാചാണ്ടി വക്കീല്‍ കേസു വിസ്തരിക്കുന്നത് കണ്ടതിനുശേഷമാണ്. ഞാന്‍ അപേക്ഷഫോം വരുത്തിയത് അച്ഛനില്‍ പേടി ഉളവാക്കി. മകള്‍ തന്നില്‍നിന്ന് അകന്നുപോകുമോ എന്ന് അച്ഛന്‍ സംശയിച്ചു. അച്ഛന്‍ പിറ്റേദിവസംതന്നെ ചേര്‍ത്തല പോയി, ചേട്ടനും ചേച്ചിയുമായി ആലോചിച്ചു. നീ ആ സ്നേഹബന്ധം ഇനി തുടരുകയുമില്ലെന്ന് അച്ഛന് ഉറപ്പുകൊടുക്കണമെന്ന് ചേച്ചി പറഞ്ഞു. എങ്ങനെയെങ്കിലും ഈ ബന്ധത്തില്‍നിന്ന് മോചനം ലഭിച്ചില്ലെങ്കില്‍ ഇരുവീട്ടുകാര്‍ക്കും ബുദ്ധിമുട്ടുളവാകും എന്നതിനാലും, എന്റെ വീട്ടില്‍ ഇതുമൂലം ഉണ്ടായിനിന്ന സംഘര്‍ഷാവസ്ഥയ്ക്കു മോചനം കിട്ടാനുമായി ഞാന്‍ അച്ഛനും ചേച്ചിക്കും ചേട്ടനും ആ ബന്ധം തുടരുകയില്ലെന്ന് ഉറപ്പ് കൊടുക്കുകയും ലോ കോളേജില്‍ പോകുന്നതിന് സമ്മതിക്കുകയും ചെയ്തു.
ചേര്‍ത്തലയില്‍നിന്ന് ലോ കോളേജില്‍ ചേര്‍ക്കാന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് മൂത്തചേച്ചിയുടെ ഭര്‍ത്താവ് എന്‍.ആര്‍. കൃഷ്ണനാണ്. അദ്ദേഹം അന്ന് എം.എല്‍.എയാണ്. തിരുവനന്തപുരത്തു ചെന്നാല്‍ അദ്ദേഹം താമസിക്കുന്നത്, അന്ന് സഹകരണസംഘം രജിസ്ട്രാര്‍ ആയി ജോലിനോക്കിയിരുന്ന എം.എസ്. അനിരുദ്ധന്റെ വീട്ടിലായിരുന്നു. അദ്ദേഹം ആലപ്പുഴ മട്ടാഞ്ചേരി കുടുംബക്കാരനാണ്. ചേട്ടന്‍ നിയമസഭയ്ക്കു വരുമ്പോള്‍ ചേച്ചി, കുട്ടികള്‍, അടുക്കള ജോലിക്കാര്‍, നാരായണന്‍ എന്നിവരുമായാണ് വരുന്നത് അവരുടെ വീട്ടില്‍ ഒരു കുടുംബക്കാരെപ്പോലെ ഒന്നിച്ചു കഴിയും. എന്നെ ചേര്‍ക്കാന്‍ കൊണ്ടുവന്നപ്പോള്‍ ആദ്യം ഈ വീട്ടില്‍ വന്ന്, കാപ്പികുടി ഒക്കെ കഴിഞ്ഞ്, എം.എസ്. അനിരുദ്ധനോടൊപ്പം ലോ കോളേജ് പ്രൊഫസര്‍ ശ്രീനാരായണന്റെ വീട്ടില്‍ ചെന്നുകണ്ടു സംസാരിച്ചു. അദ്ദേഹത്തെ ലോക്കല്‍ ഗാര്‍ഡിയനാക്കി ഞാന്‍ കോളേജില്‍ ചേര്‍ന്നു.
കെ.ആര്‍ ഗൗരിയമ്മയുടെ ആത്മകഥ വാങ്ങാം
Content Highlights: K.R Gouri Amma,Athmakadha, Mathrubhumi Kooks
Published: 11 May 2022, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented