ഇ.എ കരുണാകരന്‍ നായര്‍ എഴുതി മാതൃഭൂമി ഇംപ്രിന്റായ മിന്നാമിന്നി പ്രസിദ്ധീകരിച്ച ഇന്ത്യയിലെ നദികളും അണക്കെട്ടുകളും എന്ന പുസ്തകത്തില്‍ നിന്നും...

To advertise here,

മനുഷ്യപുരോഗതിക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ പര്യാപ്തമാംവിധം നദികളെ എങ്ങനെ മെരുക്കിയെടുക്കാമെന്ന ചിന്തയില്‍നിന്നാണ് നമ്മുടെ പൂര്‍വ്വികര്‍ അണക്കെട്ടുകള്‍ക്ക് രൂപംകൊടുത്തത്. ജലസേചനത്തിനും ശുദ്ധജലവിതരണത്തിനുംവേണ്ടി വെള്ളം സംഭരിക്കുകയായിരുന്നു ആദ്യകാലത്ത് അണക്കെട്ടുകളുടെ പ്രധാന ലക്ഷ്യങ്ങള്‍. വര്‍ഷകാലത്തുണ്ടാകുന്ന അധികജലം ശേഖരിക്കുന്നതുവഴി വെള്ളപ്പൊക്കത്തിന്റെ കെടുതികളില്‍നിന്ന് നാടിനെ രക്ഷിക്കുന്നതിനും അണക്കെട്ടുകള്‍ക്കു കഴിഞ്ഞു.

വായുവും വെള്ളവും തീയും ആകാശവും ഭൂമിയുമടങ്ങുന്ന പഞ്ചഭൂതങ്ങളുടെ ഗണത്തിലേക്ക് ആറാമത്തേതായി വൈദ്യുതിയേയും നമുക്ക് കൂട്ടിച്ചേര്‍ക്കാം. ആധുനികയുഗത്തില്‍ വൈദ്യുതിയില്ലെങ്കില്‍ ജീവിതം ദുസ്സഹമായിത്തീരും. അണക്കെട്ടുകളിലെ വെള്ളം ഇന്ന് വൈദ്യുതോത്പാദനത്തിനും പ്രയോജനപ്പെടുത്തുന്നു.

ഭക്രാ-നംഗല്‍ പദ്ധതി
ഇന്ത്യയിലെ നദീതടപദ്ധതികളില്‍വെച്ച് ഏറ്റവും വലുതാണ് ഭക്രാ-നംഗല്‍ പദ്ധതി. സിന്ധുവിന്റെ പോഷകനദിയായ സത്‌ലജില്‍ ഹിമാചല്‍പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയില്‍ ഭക്ര എന്ന സ്ഥലത്ത് നിര്‍മ്മിച്ചിട്ടുള്ള 518 മീറ്റര്‍ നീളവും 226 മീറ്റര്‍ ഉയരവുമുള്ള അണക്കെട്ടാണ് ഇതിന്റെ പ്രധാന ഭാഗം. 171 ചതുരശ്രകിലോമീറ്റര്‍ വിസ്താരമുള്ള 'ഗോവിന്ദ് സാഗര്‍' എന്ന ജലാശയത്തിന് ആ ഡാം രൂപംകൊടുത്തിരിക്കുന്നു. അതിനും പുറമേ ഭക്രയില്‍നിന്ന് 128 കിലോമീറ്റര്‍ താഴെ നംഗല്‍ എന്ന സ്ഥലത്ത് 305 മീറ്റര്‍ നീളവും 29 മീറ്റര്‍ ഉയരവുമുള്ള മറ്റൊരു അണക്കെട്ടുമുണ്ട്. കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച ഭാരാശ്രിത അണക്കെട്ടുകളാണ് ഇവ രണ്ടും. ഈ അണക്കെട്ടുകളില്‍ സംഭരിച്ചിട്ടുള്ള വെള്ളമുപയോഗിച്ച് ഭക്രയില്‍ രണ്ടും ശങ്കമാള്‍, കോട്‌ല എന്നിവിടങ്ങളില്‍ ഓരോന്നും വൈദ്യുതിനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നാലു പവര്‍ഹൗസുകളിലുംകൂടി 1204 മെഗാവാട്ട്* വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 4464 കിലോമീറ്റര്‍ നീളം വരുന്ന പ്രധാന തോടുകള്‍ മുഖേന ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 14.6 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് ജലസേചനം നടത്താനും ഈ പദ്ധതികൊണ്ട് സാധിക്കുന്നു. 1948-ല്‍ ആരംഭിച്ച പദ്ധതിപ്രവര്‍ത്തനങ്ങള്‍ 1968ലാണ് പൂര്‍ത്തിയായത്. 235 കോടി രൂപ ഈ പദ്ധതിക്കു ചെലവായി.

ബിയാസ് പദ്ധതി
സിന്ധുവിന്റെ പോഷകനദികളായ ബിയാസിനെയും സത്‌ലജിനെയും തമ്മില്‍ ബന്ധിപ്പിച്ച് ജലപ്രവാഹം നിയന്ത്രണവിധേയമാക്കി ജലസേചനത്തിനും വൈദ്യുതോത്പാദനത്തിനും പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണിത്. സിന്ധുവിന്റെ പോഷകനദികളെല്ലാം ഉദ്ഭവിക്കുന്നത് ഹിമാലയത്തില്‍നിന്നാണല്ലോ. ഹിമാചല്‍പ്രദേശ് സംസ്ഥാനത്തിലെ പാണ്ഡോ എന്ന സ്ഥലത്ത് ബിയാസ് നദിയില്‍ 255 മീ. നീളവും 61 മീ. ഉയരവുമുള്ള ഒരു മണ്ണണക്കെട്ട് നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ സംഭരിക്കുന്ന വെള്ളം ഭക്രാതടാകത്തിന് മുകളിലുള്ള ദെഹാറുദ് എന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന പവര്‍ഹൗസിലേക്ക് പ്രവഹിപ്പിച്ച് 660 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. പവര്‍ഹൗസില്‍നിന്ന് നിര്‍ഗ്ഗമിക്കുന്ന വെള്ളം എത്തിച്ചേരുന്നത് സത്‌ലജിലാണ്. അതുപയോഗിച്ച് 5.30 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് ജലസേചനം നടത്തിയിരിക്കുന്നു.

പാണ്ഡോ ഡാമിനു താഴെ പോങ് എന്ന സ്ഥലത്തു ബിയാസില്‍ മറ്റൊരണകൂടി നിര്‍മ്മിച്ചിട്ടുണ്ട്. കരിങ്കല്ലില്‍ പടുത്തതാണ് 1950 മീറ്റര്‍ നീളവും 116 മീറ്റര്‍ ഉയരവുമുള്ള ഈ അണക്കെട്ട്. ഇതുമൂലം രൂപംകൊണ്ട തടാകത്തിലെ വെള്ളം ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയും പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ 6.50 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം വ്യാപിപ്പിക്കുകയും ചെയ്തിരിക്കുന്നു. 315 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

ചംബല്‍ പദ്ധതി
വിന്ധ്യപര്‍വ്വതനിരയില്‍നിന്ന് ഉദ്ഭവിച്ച് മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് ഉത്തര്‍പ്രദേശിലെത്തി യമുനയുമായി സന്ധിക്കുന്ന നദിയാണ് ചംബല്‍. ഈ നദിയെ ആധാരമാക്കി മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പിലാക്കിയതാണ്. ചംബല്‍ പദ്ധതി മൂന്നു ഘട്ടമായിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഗാന്ധിസാഗര്‍ ഡാം, റാണാപ്രതാപ് സാഗര്‍ ഡാം, ജവാഹര്‍സാഗര്‍ ഡാം, കോട്ടാ തടയണ (barrage) എന്നിവയടങ്ങുന്നതാണ് ഈ പദ്ധതി. ചംബല്‍നദിയിലാണിവ. മദ്ധ്യപ്രദേശ്രാജസ്ഥാന്‍ അതിര്‍ത്തിയിലുള്ള ചൗറാസിഗഢിനടുത്ത് ഗാന്ധിസാഗര്‍ഡാമാണ് ആദ്യമായി നിര്‍മ്മിച്ചത്-1960-ല്‍. അതിനോടനുബന്ധിച്ച് ഒരു വൈദ്യുതിനിലയവും സ്ഥാപിച്ചു. നിര്‍ഗ്ഗമനജലം രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്തുള്ള തടയണ മുഖേന ജലസേചനത്തിന് തിരിച്ചുവിട്ടു. അങ്ങനെ രണ്ടു സംസ്ഥാനങ്ങളിലുംകൂടി 4.4 ലക്ഷം ഹെക്ടര്‍ ഭൂമി കൃഷിക്കുപയുക്തമാക്കി. പദ്ധതിയുടെ ഈ ആദ്യഘട്ടത്തിന് 64 കോടി രൂപ ചെലവായി.

ഗാന്ധിസാഗര്‍ അണക്കെട്ടിന് 26 കിലോമീറ്റര്‍ താഴെ റാണാപ്രതാപ് സാഗര്‍ അണക്കെട്ട്, വൈദ്യുതിനിലയം, ജലസേചനതോടുകള്‍ എന്നിവയുടെ പണികളായിരുന്നു രണ്ടാംഘട്ടത്തില്‍. കോട്ടാ അണയ്ക്കും റാണാപ്രതാപ്‌സാഗര്‍ അണയ്ക്കുമിടയില്‍ ജവാഹര്‍സാഗര്‍ അണയും വൈദ്യുതിനിലയവും നിര്‍മ്മിച്ച് മൂന്നാംഘട്ടവും പൂര്‍ത്തിയാക്കി. അതോടെ ചംബല്‍പദ്ധതികൊണ്ട് 5.62 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് ജലസേചനം നടത്താനും 386 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും സാദ്ധ്യമായി. രാജസ്ഥാനിലെ റാണാപ്രതാപ് സാഗര്‍ ഡാമിന്റെ പണി പൂര്‍ത്തിയായത് 1970ലാണ്. 1972-ല്‍ ജവാഹര്‍സാഗര്‍ ഡാമും പൂര്‍ത്തിയായി.

ഇന്ദിരാഗാന്ധി പ്രോജക്ട്
രാജസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ജലസേചനത്തിനുള്ളതാണ് ഈ പദ്ധതി. പഞ്ചാബില്‍ സത്‌ലജ്-ബിയാസ് സംഗമത്തിന് താഴെ നിര്‍മ്മിച്ചിട്ടുള്ള ഹരിക്കെ തടയണയില്‍നിന്ന് കനാലുകള്‍ വഴി വെള്ളം തിരിച്ചുവിടുകയാണ് ചെയ്യുന്നത്. 650 കിലോമീറ്റര്‍റോളം നീളമുണ്ട് കനാലുകള്‍ക്ക്.

ഗംഗാ, യമുനാ കനാല്‍ പദ്ധതി
പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഹരിദ്വാറില്‍ ഗംഗാനദിക്ക് കുറുകെ അണകെട്ടി വെള്ളം അപ്പര്‍ ഗംഗാ കനാലെന്നും ലോവര്‍ ഗംഗാ കനാലെന്നും പേരുള്ള രണ്ടു തോടുകള്‍ വഴി തിരിച്ചുവിട്ട് ഉത്തര്‍പ്രദേശിലെ 6.4 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ജലസേചനസൗകര്യം ഏര്‍പ്പെടുത്തുകയുണ്ടായി. ഈ കനാലുകളിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതിനിലയങ്ങളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

പതിനാലാം നൂറ്റാണ്ടില്‍ ഫിറോസ്ഷാ തുഗ്ലക്കിന്റെ കാലത്ത് യമുനയിലെ ജലം പഞ്ചാബിലെ കാര്‍ഷികാവശ്യങ്ങള്‍ക്ക് തിരിച്ചുവിടുന്നതിനുവേണ്ടി നിര്‍മ്മിച്ചതാണ് പശ്ചിമ യമുനാ കനാല്‍. പൂര്‍വ്വകനാലിന്റെ നിര്‍മ്മാണം എന്നായിരുന്നുവെന്നതിന് രേഖകളൊന്നുമില്ല. ഷാജഹാന്റെ കാലത്ത് പശ്ചിമകനാല്‍ പുതുക്കിപ്പണിത് ഡല്‍ഹിയിലേക്ക് നീട്ടി. പില്‍ക്കാലത്ത് രണ്ടു തോടുകളിലും തടയണകള്‍ നിര്‍മ്മിച്ച് പരിഷ്‌കരണങ്ങള്‍ വരുത്തിയതിന്റെ ഫലമായി പശ്ചിമകനാല്‍ ഏഴു ലക്ഷം ഹെക്ടര്‍ സ്ഥലത്തും പൂര്‍വ്വകനാല്‍ രണ്ടുലക്ഷം ഹെക്ടര്‍ സ്ഥലത്തും ജലസേചനത്തിന് ഉപയുക്തമായി.

രാംഗംഗ
ഉത്താരാഖണ്ഡ് സംസ്ഥാനത്തെ കുമായോണ്‍ മലകളില്‍നിന്ന് ഉദ്ഭവിച്ച് ഉത്തര്‍പ്രദേശിലെ കനൗജിന് സമീപം ഗംഗയില്‍ വന്നുചേരുന്ന നദിയാണ് രാംഗംഗ. ഉത്തരാഖണ്ഡിലെ ഗഢ്വാള്‍ ജില്ലയില്‍ കാലാഗഢ്ഗ്രാമത്തിന് മൂന്നു കിലോമീറ്റര്‍ മുകളിലായി നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടാണ് പദ്ധതിയുടെ പ്രധാന ഭാഗം. 1206 മീറ്റര്‍ നീളവും 126 മീറ്റര്‍ ഉയരവുമുള്ള ഈ അണയുടെ പ്രധാന ഭാഗം കരിങ്കല്ലുകൊണ്ടും ബാക്കിഭാഗം മണ്ണുകൊണ്ടുമാണു നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ ശേഖരിക്കുന്ന വെള്ളംകൊണ്ട് പവര്‍ഹൗസില്‍ 198 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. പവര്‍ഹൗസില്‍നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം ഉപയോഗിച്ച് 6.6. ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം സാദ്ധ്യമാക്കിയിട്ടുണ്ട്. ഇതിനായി 108 കിലോമീറ്റര്‍ നീളത്തില്‍ തോട് വെട്ടിയിരിക്കുന്നു. 100 കോടി രൂപ പദ്ധതിക്ക് ചെലവായി.

ശാരദാ കനാല്‍ പദ്ധതി
ഗംഗയുടെ പോഷകനദിയായ ഘാഘരയില്‍ വന്നുചേരുന്ന നദിയാണ് ശാരദ. ഹിമാലയസാനുക്കളില്‍ നേപ്പാളില്‍നിന്നുദ്ഭവിച്ച് ഉത്തര്‍പ്രദേശില്‍ക്കൂടി പ്രവഹിക്കുന്ന ശാരദയില്‍ 1915-ല്‍ ഒരു അണ കെട്ടിയിരുന്നു. അതില്‍നിന്നും 1873 കിലോമീറ്റര്‍ നീളത്തില്‍ തോടുകള്‍ കീറി വെള്ളം തിരിച്ചുവിട്ട് 4.5 ലക്ഷം ഹെക്ടര്‍ പ്രദേശം കൃഷിക്കുപയുക്തമാക്കി. അതിന്റെ രണ്ടാംഘട്ടമായി വേറെ ഒരു അണക്കെട്ടുകൂടി പണിത് 75,000 ഹെക്ടര്‍ സ്ഥലത്തുകൂടി ജലസേചനസൗകര്യം ഉണ്ടാക്കി. 1114 കിലോമീറ്റര്‍ ദൂരത്തില്‍ കനാലുകള്‍ അതിനുവേണ്ടി നിര്‍മ്മിച്ചു. 1926-ല്‍ രണ്ടാംഘട്ടം പൂര്‍ത്തിയായി.

സോണ്‍ ബരാഷ്
ബീഹാറിലെ ഇന്ദ്രപുരി എന്ന സ്ഥലത്ത് ഗംഗയുടെ പോഷകനദിയായ സോണില്‍ 1407 മീറ്റര്‍ നീളമുള്ള തടയണ നിര്‍മ്മിച്ച് ഇരുവശത്തുമുള്ള കനാലുകളില്‍ക്കൂടി വെള്ളം തിരിച്ചുവിടുന്ന പദ്ധതിയാണിത്. 25 കോടിയോളം രൂപ ചെലവിട്ട ഈ പദ്ധതി മുഖേന 10.3 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ജലസേചനം നടത്താന്‍ സാദ്ധ്യമായി.

റിഹന്‍ഡ് പദ്ധതി
സോണിന്റെ പോഷകനദിയായ റിഹന്‍ഡില്‍ 91.4 മീറ്റര്‍ ഉയരമുള്ള ഡാം നിര്‍മ്മിച്ച് അവിടെ സംഭരിക്കുന്ന വെള്ളം പവര്‍ഹൗസിലേക്ക് പായിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണിത്. 50 കോടി രൂപ ഇതിന് ചെലവുവന്നു. ഉത്തര്‍പ്രദേശിലെ മിര്‍സാപ്പുര്‍ ജില്ലയിലാണിത്. ഈ പദ്ധതിക്ക് 'ഗോവിന്ദ് ബല്ലഭ് പന്ത് സാഗര്‍' എന്നുകൂടി പേരുണ്ട്.

ഗാണ്ഡക് പദ്ധതി
ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമേ അയല്‍ രാജ്യമായ നേപ്പാളിനുംകൂടി ഈ പദ്ധതി പ്രയോജനപ്പെടുന്നു. 1959-ല്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ ഒപ്പുവെച്ച ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഇതിന്റെ നിര്‍മ്മാണം. ഗംഗയുടെ പോഷകനദിയായ ഗാണ്ഡക്കില്‍ ബിഹാര്‍ സംസ്ഥാനത്തെ വാല്മീകിനഗറിനടുത്ത് നിര്‍മ്മിച്ചിരിക്കുന്ന 747.4 മീറ്റര്‍ നീളവും 9.76 മീറ്റര്‍ ഉയരവുമുള്ള അണക്കെട്ടാണ് ഇതിന്റെ പ്രധാന ഭാഗം. ഇവിടെ സംഭരിക്കുന്ന വെള്ളം തോടുകള്‍ വഴി തിരിച്ചുവിട്ട് ഉത്തര്‍പ്രദേശില്‍ 3.08 ലക്ഷം ഹെക്ടറും ബിഹാറില്‍ 11.52 ലക്ഷം ഹെക്ടറും നേപ്പാളില്‍ 63,400 ഹെക്ടറും ഭൂമിയില്‍ ജലസേചനം നടത്തുന്നുണ്ട്. 15 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു പവര്‍ഹൗസും സ്ഥാപിതമായിരിക്കുന്നു. അതിലെ വൈദ്യുതി മുഴുവന്‍ നേപ്പാളിനുള്ളതാണ്. 100 കോടി രൂപയാണ് ഗാണ്ഡക് പദ്ധതിക്ക് ചെലവായത്.

കോസി പദ്ധതി
ഗംഗയുടെ പോഷകനദിയായ കോസിയുടെ ഉദ്ഭവം നേപ്പാളിലാണ്. അവിടെനിന്ന് ബിഹാറിലേക്കൊഴുകുന്ന ആ നദിയിലെ വെള്ളപ്പൊക്കം കൊല്ലംതോറും സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. വെള്ളപ്പൊക്കക്കാലത്തെ അധികജലം സംഭരിക്കാനും അതുകൊണ്ട് ജലസേചനം നടത്തുവാനും ആവിഷ്‌കരിച്ചതാണ് കോസി പദ്ധതി. കോസി നദിയില്‍ നേപ്പാളിലെ ഹനുമാന്‍നഗറില്‍ ഒരു അണക്കെട്ട്, നദിയുടെ ഗതിമാറ്റം തടയുന്നതിന് 240 കിലോമീറ്റര്‍ നീളത്തില്‍ രണ്ടു കരകളിലും കരിങ്കല്‍ക്കെട്ടുകള്‍, പൂര്‍വ്വ പശ്ചിമ കനാലുകള്‍, രാജാപൂര്‍ കനാല്‍, വൈദ്യുതിനിലയം എന്നിവയടങ്ങിയതാണ് കോസിപദ്ധതി. നേപ്പാളില്‍ 12,000 ഹെക്ടര്‍ സ്ഥലത്തും ബിഹാറില്‍ 10.6 ലക്ഷം ഹെക്ടര്‍ സ്ഥലത്തും ജലസേചനം നടത്താന്‍ കോസിപദ്ധതി പ്രയോജപ്പെട്ടു. 20 മെഗാവാട്ട് വൈദ്യുതിയും അവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ പദ്ധതിമുഖേന ബിഹാറിലും നേപ്പാളിലുമായി 21,000 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തെ വെള്ളപ്പൊക്കക്കെടുതികളില്‍നിന്നു രക്ഷിക്കാനും കഴിഞ്ഞു.

ഫറാക്ക ബരാഷ്
ഗംഗയിലെ ജലപ്രവാഹം നിയന്ത്രിക്കുവാന്‍ 1986-ല്‍ പശ്ചിമബംഗാളില്‍ നിര്‍മ്മിച്ചതാണ് ഫറാക്കാ തടയണ വേനല്‍ക്കാലത്തു ഹൂഗ്ലിനദിയിലേക്കു വെള്ളം തിരിച്ചുവിടുകയും കൊല്‍ക്കത്ത തുറമുഖത്തെ എക്കലടിഞ്ഞുകൂടുന്നതില്‍നിന്നു വിമുക്തമാക്കുകയുമാണ് ബരാഷിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഗംഗയുടെ കൈവഴികള്‍ ബംഗ്ലാദേശില്‍ക്കൂടിയും ഒഴുകുന്നതിനാല്‍ ആ സര്‍ക്കാരുമായി ഇതു സംബന്ധിച്ച് ഒരു ഉടമ്പടിയുണ്ടാക്കിയിട്ടുണ്ട്.

പദ്ധതിയുടെ പ്രധാന ഭാഗങ്ങള്‍ ഇവയാണ്: ഗംഗയ്ക്കു കുറുകേ 2240 മീ. നീളത്തില്‍ ഒരു തടയണ; അതിന്റെ മീതെ തീവണ്ടിക്കും മറ്റു വാഹനങ്ങള്‍ക്കും സഞ്ചരിക്കാവുന്ന ഒരു പാലം; ഭാഗീരഥിനദിയില്‍ ജംഗാപൂരിനടുത്ത് ഒരു തടയണ; ഭാഗീരഥിയില്‍നിന്നു തുടങ്ങുന്നതും 42.6 കിലോമീറ്റര്‍ നീളമുള്ളതുമായ ഒരു തോട്-ഇവമുഖേന ഹൂഗ്ലിനദിയിലേക്കു കൂടുതല്‍ ഗംഗാജലം തിരിച്ചുവിട്ടു. മണ്ണടിയുന്നതു കുറയ്ക്കുവാന്‍ സാധിച്ചു. കൊല്‍ക്കത്ത നഗരത്തിലേക്കു കൂടുതല്‍ ശുദ്ധജലമെത്തിക്കുന്നതിനും മലിനജലനിര്‍ഗ്ഗമനവും, ജലഗതാഗതവും മെച്ചപ്പെടുത്തുന്നതിനും പദ്ധതി പ്രയോജനപ്പെട്ടു.

ദാമോദര്‍വാലി പദ്ധതി
ഝാര്‍ഖണ്ഡിലെ ഛോട്ടാനാഗ്പൂര്‍കുന്നുകളില്‍നിന്ന് ഉദ്ഭവിക്കുന്ന ദാമോദര്‍നദി ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ക്കൂടിയൊഴുകി കൊല്‍ക്കത്തയില്‍നിന്ന് 48 കിലോമീറ്റര്‍ താഴെവച്ച് ഹൂഗ്ലിനദിയുമായി സന്ധിക്കുന്നു. മഴക്കാലത്ത് വെള്ളപ്പൊക്കം മൂലം ഈ നദിയുടെ രണ്ടു വശത്തുമുള്ള പ്രദേശങ്ങളില്‍ വമ്പിച്ച നാശനഷ്ടങ്ങളുണ്ടാവുക പതിവായിരുന്നു. അതിനാല്‍ വെള്ളപ്പൊക്കനിയന്ത്രണവും ദാമോദര്‍നദീതടത്തിന്റെ സമഗ്രവികസനവും ലക്ഷ്യമാക്കി ബൃഹത്തായ ഒരു പദ്ധതി ആവിഷ്‌കരിച്ചു. അതിന്റെ ഭാഗമായി തിലയ്യാകോനാര്‍, മയ്‌ത്തോണ്‍, പഞ്ചറ്റ്ഹില്‍ എന്നീ നാലു അണക്കെട്ടുകള്‍ പടുത്തുയര്‍ത്തി.

ദാമോദറിന്റെ പോഷകനദികളാണ് ബാരാക്കുഡ്, കോനാര്‍ എന്നിവ. തിലയ്യാ എന്ന സ്ഥലത്ത് ബാരാക്കുഡ് നദിയില്‍ 364 നീളവും 80 മീറ്റര്‍ ഉയരവുമുള്ള ഒരു അണക്കെട്ട് കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്നു. ഇതോടനുബന്ധിച്ചുള്ള പവര്‍ഹൗസില്‍ 980 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു. കോനാര്‍നദിയിലെ ഡാമിന് 3822 മീറ്റര്‍ നീളവും 49 മീറ്റര്‍ ഉയരവുമുണ്ട്. മണ്ണുകൊണ്ടാണിതു നിര്‍മ്മിച്ചിട്ടുള്ളത്. ബാരാക്കുഡ് നദിയില്‍ അസന്‍സോള്‍ നഗരത്തിനടുത്തു പണിതുയര്‍ത്തിയാണ് മയ്‌ത്തോണ്‍ ഡാം. 995 മീറ്റര്‍ നീളവും 49 മീറ്റര്‍ ഉയരവുമുള്ള ഇതിന്റെ പ്രധാനഭാഗം കോണ്‍ക്രീറ്റ്‌കൊണ്ടു ബാക്കിഭാഗം മണ്ണുകൊണ്ടും നിര്‍മ്മിച്ചിരിക്കുന്നു. ഇതിലെ വെള്ളം ഉപയോഗിച്ച് 60 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. മല തുരന്ന് അതിനകത്താണ് വൈദ്യുതിനിലയം സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ അപൂര്‍വ്വമായേ അക്കാലത്ത് ഭൂഗര്‍ഭവൈദ്യുതിനിലയങ്ങളുണ്ടായിരുന്നുള്ളൂ.
ദാമോദര്‍നദിയെ ബന്ധിക്കുന്ന പഞ്ചറ്റ്ഹില്‍ ഡാമിന് 2164 മീറ്റര്‍ നീളവും 45 മീറ്റര്‍ പൊക്കവും വരും. ഇതിന്റെ പ്രധാന ഭാഗം പണിതിരിക്കുന്നത് കോണ്‍ക്രീറ്റിലാണ്; ബാക്കി മണ്ണുകൊണ്ടും. 40 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു പവര്‍ഹൗസും ഇതിനോടുനുബന്ധിച്ചിട്ടുണ്ട്.
ഈ നാലു ഡാമുകള്‍ കൊണ്ടും വെള്ളപ്പൊക്കത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിച്ചു.

ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്ന് ഒഴുകിവരുന്ന ദാമോദര്‍ സമതലത്തിലേക്കിറക്കുന്നത് ദുര്‍ഗ്ഗാപ്പൂരിലാണ്. അവിടെ നദിക്കു കുറുകേ 692 മീറ്റര്‍ നീളവും 11.6 മീറ്റര്‍ ഉയരവുമുള്ള ഒരു തടയണ (ബരാഷ്) പണിതിട്ടുണ്ട്. അതിലെ വെള്ളം രണ്ടു കരകളിലും ഉണ്ടാക്കിയ തോടുകള്‍വഴി തിരിച്ചുവിട്ട് 3.7 ലക്ഷം ഹെക്ടര്‍ ഭൂമി കൃഷിക്കുപയുക്തമാക്കാന്‍ കഴിഞ്ഞു. ദുര്‍ഗാപ്പൂരിനടുത്തു റാണിഗഞ്ച് ഖനികളില്‍ നിന്നെടുക്കുന്ന കല്ക്കരി 137 കിലോമീറ്റര്‍ നീളംവരുന്ന ഇടതു കനാലില്‍ക്കൂടി ജലവാഹനങ്ങളില്‍ കൊല്‍ക്കത്തയ്ക്കു കൊണ്ടുപോകാനും സാധിക്കുന്നുവെന്നത് എടുത്തുപറയണം.

ബൃഹത്തായ ഈ പദ്ധതിയുടെ ഭാഗമായി ബൊക്കാറോയിലും ദുര്‍ഗ്ഗാപ്പൂരിലും ചന്ദ്രപുരത്തും താപവൈദ്യുതിനിലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ബൊക്കാറോ താപവൈദ്യുതിനിലയത്തില്‍നിന്ന് 225 മെഗാവാട്ടും ദുര്‍ഗ്ഗാപ്പൂരില്‍നിന്ന് 290 മെഗാവാട്ടും ചന്ദ്രപുരത്തുനിന്ന് 420 മെഗാവാട്ടും വൈദ്യുതിയുത്പാദിപ്പിച്ചുവരുന്നു. പദ്ധതിയിലെ ജലവൈദ്യുതിനിലയങ്ങളുടെയും താപവൈദ്യുതിനിലയങ്ങളുടെയും മൊത്തം ഉത്പാദനശേഷി 2015 മെഗാവാട്ടാണ്.

യു.എസ്.എയിലെ ടെനസിവാലിപദ്ധതിയുടെ മാതൃകയില്‍ ദാമോദര്‍നദീതടത്തിന്റെ ആകമാനമുള്ള വികസനത്തിനും വിശിഷ്യ, വെള്ളപ്പൊക്കനിയന്ത്രണത്തിനുമായി ആവിഷ്‌കരിച്ച ഈ പദ്ധതിയുടെ നേതൃത്വം 1948 ജൂലായ് 7ന് നിലവില്‍വന്ന ദാമോദര്‍വാലി കോര്‍പ്പറേഷനാണ്. 1950-ല്‍ ആരംഭിച്ച പദ്ധതിപ്രവര്‍ത്തനങ്ങള്‍ 1960-ല്‍ പൂര്‍ത്തിയായി. അണക്കെട്ടുകള്‍ക്കും അവയോടനുബന്ധിച്ചുള്ള വൈദ്യുതിനിലയങ്ങള്‍ക്കും കനാലുകള്‍ക്കുംകൂടി 70 കോടി രൂപയും മൂന്നു താപനിലയങ്ങള്‍ക്കും കൂടി 89 കോടി രൂപയും ചെലവുവന്നു. ദുര്‍ഗ്ഗാപ്പൂര്‍ ഡാമിന്റെയും കനാലുകളുടെയും നിയന്ത്രണം 1964-ല്‍ പശ്ചിമബംഗാള്‍ ഗവണ്‍മെന്റിനെ ഏല്‍പ്പിച്ചുകൊടുത്തു.

ഹീരാക്കുഡ് പദ്ധതി
ഒഡിഷ സംസ്ഥാനത്തെ സാംബല്‍പ്പൂര്‍ ജില്ലയില്‍ മഹാനദിക്കു കുറുകെയാണ് ഹീരാക്കുഡ് അണക്കെട്ട്. 4802 മീറ്റര്‍ നീളമുള്ള ഇതിന്റെ പ്രധാനഭാഗത്തിന് 61 മീറ്റര്‍ ഉയരമുണ്ട്. ഇതില്‍ 1150 മീറ്റര്‍ നീളം കോണ്‍ക്രീറ്റുകൊണ്ടും 3652 മീറ്റര്‍ നീളം കരിങ്കല്ലുകൊണ്ടുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ഇരുവശത്തുമായി 20,661 മീറ്റര്‍ നീളത്തില്‍ പണിതീര്‍ത്ത അഞ്ച് മണ്ണണക്കെട്ടുകള്‍ക്കൂടി പരിഗണിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള അണക്കെട്ടായിത്തീരുന്നു ഹീരാക്കുഡ് 25.46 കിലോമീറ്റര്‍. മണ്ണുകൊണ്ടു പണിത ഭാഗങ്ങള്‍ക്ക് 27 മീറ്റര്‍ ആണുയരം.

അണക്കെട്ടില്‍ സംഭരിക്കുന്ന വെള്ളം ഉപയോഗിച്ച് പവര്‍ഹൗസില്‍ 270 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. 147 കിലോമീറ്റര്‍ നീളം വരുന്ന തോടുകളില്‍ക്കൂടി വെള്ളം തിരിച്ചുവിട്ട് 2.50 ലക്ഷം ഹെക്ടര്‍ പ്രദേശം കൃഷിക്കുപയുക്തമാക്കാനും പദ്ധതിക്കു സാധിച്ചു. 1948-ല്‍ നിര്‍മ്മാണം തുടങ്ങിയ ഹീരാക്കുഡ് പദ്ധതിയുടെ ഉദ്ഘാടനം 1957 ജനവരി 13ന് നിര്‍വ്വഹിച്ചത് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവാണ്. 104 കോടി രൂപ പദ്ധതിക്കു ചെലവായി.

മഹാനദി ഡല്‍റ്റാ പദ്ധതി
ഒഡിഷയിലെ കട്ടക്ക്ജില്ലയില്‍ മുണ്ഡലിക്കടുത്ത് മഹാനദിക്കു കുറുകെ 1353 മീറ്റര്‍ നീളത്തില്‍ ഒരു തടയണ നിര്‍മ്മിച്ചിരിക്കുന്നു. ഇവിടത്തെ വെള്ളം ഇരുകരകളിലുമുള്ള തോടുകള്‍ വഴി തിരിച്ചുവിട്ട് 6.8 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം നടത്തുന്നുണ്ട്. പദ്ധതിക്കു മൊത്തം 35 കോടി രൂപ ചെലവുവന്നു.

ബാര്‍ണ്ണാപദ്ധതി
നര്‍മ്മദാനദിയുടെ ഒരു പോഷകനദിയാണ് ബാര്‍ണ്ണാ, മദ്ധ്യപ്രദേശ് സംസ്ഥാനത്തെ റെയിസാന്‍ജില്ലയില്‍ ബാര്‍ണ്ണാനദിക്കു കുറുകെ 46.65 മീറ്റര്‍ ഉയരമുള്ള മണ്ണണക്കെട്ടു നിര്‍മ്മിച്ചിരിക്കുന്നു. ഇതില്‍നിന്നു തിരിച്ചുവിടുന്ന വെള്ളം 63.4 കിലോമീറ്റര്‍ നീളവുമുള്ള കനാലില്‍ക്കൂടി ഒഴുകിച്ചെന്ന് 66,435 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കിത്തീര്‍ത്തിട്ടുണ്ട്. 70 കോടി രൂപ ഈ പദ്ധതിക്കു ചെലവായി.

തവാപദ്ധതി
നര്‍മ്മദയുടെ മറ്റൊരു പോഷകദിയാണ് തവാ. മദ്ധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയില്‍ ഈ നദിക്കു കുറുകേ 51 മീറ്റര്‍ ഉയരം വരുന്ന ഒരു മണ്ണണയുണ്ടാക്കി രണ്ടുകരയിലുമുള്ള തോടുകള്‍ മുഖേന വെള്ളം തിരിച്ചുവിട്ട് 3 ലക്ഷം ഹെക്ടര്‍ സ്ഥലം കൃഷിക്കുപയോഗയോഗ്യമാക്കിത്തീര്‍ത്തു. 
20 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാനും സാദ്ധ്യമായ ഈ പദ്ധതിയുടെ ചെലവ് 34 കോടി രൂപയാണ്.

നര്‍മ്മദാ പദ്ധതി
ഗുജറാത്ത് സംസ്ഥാനത്ത് ഭരോയ്ജില്ലയില്‍ നര്‍മ്മദാനദിയില്‍ കെട്ടിയിരിക്കുന്ന 58.2 മീറ്റര്‍ ഉയരമുള്ള അണയാണ് പദ്ധതിയുടെ പ്രധാനഭാഗം. ഇവിടെ ശേഖരിക്കുന്ന വെള്ളം 143 കിലോമീറ്റര്‍ നീളത്തില്‍ വെട്ടിയിരിക്കുന്ന തോടുകളില്‍ക്കൂടി ഒഴുകി 4 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം നടത്തുന്നു. 41 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

കക്കഡ്പൂര്‍ പദ്ധതി
താപ്തിനദിയില്‍ പണിത 16 മീ ഉയരമുള്ള അണക്കെട്ടും അതിലെ വെള്ളം കൊണ്ടുപോകുന്ന 435 കീലോമീറ്റര്‍ നീളമുള്ള തോടുകളും അടങ്ങുന്നതാണ് കക്കഡ്പൂര്‍ പദ്ധതി. അതുമൂലം 2.28 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ജലസേചനം സാദ്ധ്യമായി. ഗുജറാത്തിലെ സൂററ്റ് പട്ടണത്തില്‍നിന്നും 81 കിലോമീറ്റര്‍ അകലെയാണ് അണക്കെട്ട് പദ്ധതിക്ക് മൊത്തം 19 കോടി രൂപ ചെലവുവന്നു.

ഉക്കായ് പദ്ധതി
സൂററ്റില്‍നിന്നും 116 കിലോമീറ്റര്‍ ദൂരെ താപ്തിനദിയില്‍ കെട്ടിപ്പൊക്കിയ 69 മീറ്റര്‍ ഉയരമുള്ള അണയും 206 കിലോമീറ്റര്‍ നീളം വരുന്ന തോടുകളും വൈദ്യുതിനിലയവും ഉള്‍ക്കൊള്ളുന്നതാണ് ഉക്കായ് പദ്ധതി 3.9 ലക്ഷം ഹെക്ടര്‍ പ്രദേശത്തു ജലസേചനം നടത്താന്‍ അതുകൊണ്ടു സാദ്ധ്യമായി. പദ്ധതിയുടെ വൈദ്യുതിനിലയത്തില്‍ 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. 96 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

ജയക്വാഡി പദ്ധതി
മഹാരാഷ്ട്ര സംസ്ഥാനത്തെ പെയിഫാന്‍ എന്ന സ്ഥലത്ത് ഗോദാവരിക്കു കുറുകെയുണ്ടാക്കിയ മണ്ണുകൊണ്ടുള്ള അണയാണ് പദ്ധതിയുടെ പ്രധാന ഭാഗം. ഈ അണയ്ക്കു 10 കിലോമീറ്റര്‍ നീളവും 36.6 മീറ്റര്‍ ഉയരവും വരും. ഇവിടെനിന്ന് 185 കിലോമീറ്റര്‍ നീളമുള്ള പ്രധാന തോടില്‍ക്കൂടി തിരിച്ചുവിടുന്ന വെള്ളം ഉപയോഗിച്ച് 1.42 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ കൃഷി നടത്തുന്നു. പദ്ധതിക്കു 39 കോടി രൂപ ചെലവായി.

പൂര്‍ണ്ണാപദ്ധതി
ഗോദാവരിയുടെ ഒരു പോഷകനദിയായ പൂര്‍ണ്ണയെ ആധാരമാക്കി ജലസേചനത്തിനും വൈദ്യുതിയുത്പാദനത്തിനു വേണ്ടി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണിത്. മഹാരാഷ്ട്രസംസ്ഥാനത്തെ പാദനി ജില്ലയിലെ യെല്‍ഭാരി എന്ന സ്ഥലത്ത് നദിക്കു കുറുകേ 51.4 മീറ്റര്‍ ഉയരമുള്ള ഒരു അണക്കെട്ടും അവിടെനിന്ന് 64 കിലോമീറ്റര്‍ താഴെ സിദ്ധേശ്വര്‍ എന്ന സ്ഥലത്ത് 38.3 മീറ്റര്‍ ഉയരമുള്ള മറ്റൊരു അണക്കെട്ടും നിര്‍മ്മിച്ചിട്ടുണ്ട്. 45 കിലോമീറ്റര്‍ നീളം വരുന്ന തോടുകള്‍ വഴി 72,000 ഹെക്ടര്‍ സ്ഥലത്ത് ജലസേചനം നടത്താന്‍ പദ്ധതി പ്രാപ്തമായി- ഈ പദ്ധതിക്ക് 19 കോടി രൂപ മുതല്‍ മുടക്കുണ്ട്.

പോച്ചംപാഡ പദ്ധതി
മഹാരാഷ്ട്രയിലെ നാസിക്കിനു പടിഞ്ഞാറ് പശ്ചിമഘട്ടത്തില്‍നിന്നുദ്ഭവിക്കുന്ന ഗോദാവരി ആന്ധ്രപ്രദേശിന്റെ വടക്കന്‍ ജില്ലകളില്‍ക്കൂടി ഒഴുകിയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത്. ആന്ധ്രസംസ്ഥാനത്ത് നീറമലയില്‍ ഗോദാവരിയിലെ സോണ്‍ പാലത്തിന് 5 കിലോമീറ്റര്‍ മുകളിലായി 13.7 കിലോമീറ്റര്‍ നീളവും 42.7 മീറ്റര്‍ ഉയരവുമുള്ള ഒരു അണക്കെട്ടുണ്ടാക്കി വെള്ളം സംഭരിച്ചിരിക്കുന്നു. ഭാഗികമായി കരിങ്കല്ലുകൊണ്ടും ഭാഗികമായി മണ്ണുകൊണ്ടുമാണ് അണയുടെ നിര്‍മ്മാണം. അതില്‍നിന്ന് വെള്ളം കൊണ്ടുപോകുന്ന പ്രധാന കനാലിനുതന്നെ 113 കിലോമീറ്റര്‍ നീളമുണ്ട്. 4.7 ലക്ഷം ഹെക്ടര്‍ പ്രദേശത്തു ജലസേചനം നടത്തുവാന്‍ പോച്ചംപാഡ പദ്ധതി സഹായകമായി 110 കോടി രൂപയാണ് പദ്ധതിയുടെ മുടക്കുമുതല്‍.

ശീലേരു പദ്ധതികള്‍
ഗോദാവരിയില്‍ അവസാനം വന്നു ലയിക്കുന്ന നദിയാണ് ശബരി. ഒഡിഷയില്‍ക്കൂടിയാണ് അതൊഴുകുന്നത്. ശബരിയുടെ പോഷകനദിയായ ശീലേരുവില്‍ നാലു ജലവൈദ്യുത പദ്ധതികളുണ്ട്. മച്ച്കുണ്ഡ്, ബാലിമേല, അപ്പര്‍ ശീലേരു, ലോവര്‍ ശീലേരു എന്നിവ. മച്ച്കുണ്ഡ്, അപ്പര്‍ ശിലേരു പദ്ധതികളില്‍നിന്ന് 235 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നു. അവയ്ക്ക് 37 കോടി രൂപ ചെലവായി. ബാലിമേല പദ്ധതിയുടെ ശക്തിനിലയത്തില്‍ 480 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. 4633 മീറ്റര്‍ നീളവും 70 മീറ്റര്‍ ഉയരവുമുള്ള മണ്ണണക്കെട്ടാണ് ബാലിമേലയില്‍ ജലം സംഭരിക്കുന്നത്. ബാലിമേല പദ്ധതിക്ക് 45 കോടി രൂപ ചെലവുവന്നു.

കൊയ്‌നാ പദ്ധതി
മഹാരാഷ്ട്രയിലെ സത്താറയ്ക്കു വടക്കു ഭാഗത്ത് പശ്ചിമഘട്ടത്തില്‍നിന്നുദ്ഭവിക്കുന്ന കൃഷ്ണാനദി ആന്ധ്രയെ കീറിമുറിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. സത്താറ ജില്ലയില്‍ വെച്ച് കൃഷ്ണയില്‍ ചേരുന്ന പോഷകനദിയാണ് കൊയ്‌നാ. മുംബൈക്ക് 240 കിലോമീറ്റര്‍ തെക്ക് ഹെല്‍വാക്ക് ഗ്രാമത്തിനു സമീപം കൊയ്‌നാ നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടും കരാഡ് നഗരത്തില്‍നിന്നും 80 കിലോമീറ്റര്‍ അകലെ മലയടിവാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ഭൂഗര്‍ഭവൈദ്യുതിനിലയവുമാണ് ഈ പദ്ധതിയുടെ മുഖ്യഭാഗങ്ങള്‍. 853 മീറ്റര്‍ നീളവും 85 മീറ്റര്‍ ഉയരവുമുള്ള കൊയ്‌നാ അണക്കെട്ട് കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ചതാണ്. 860 മെഗാവാട് വൈദ്യുതിയുത്പാദിപ്പിക്കുന്ന പദ്ധതിക്ക് 88 കോടി രൂപ മുതല്‍മുടക്കായി.
1967 ഡിസംബര്‍ 10-ാം തീയതി ഉണ്ടായ ഭൂകമ്പത്തില്‍ ഡാമിനു ചില കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്നുണ്ടായ ജലപ്രവാഹത്തില്‍പ്പെട്ട് ഇരുന്നൂറോളം പേര്‍ മരണമടഞ്ഞു. പിന്നീട് ഡാമിനാവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുകയും അതു ബലപ്പെടുത്തുകയും ചെയ്തു.

ഭീമാപദ്ധതി
മഹാരാഷ്ട്രാസംസ്ഥാനത്തെ ഷോലാപ്പൂര്‍ ജില്ലയില്‍ കൃഷ്ണയുടെ പോഷകനദിയായ ഭീമയില്‍ കെട്ടിപ്പൊക്കിയ 51.8 മീറ്റര്‍ ഉയരമുള്ള ഉജ്ജയിനി ഡാമും ഭീമയുടെ പോഷകനദിയായ ശോണയില്‍ പണികഴിപ്പിച്ച 43 മീറ്റര്‍ ഉയരമുള്ള മറ്റൊരു ഡാമുമാണ് പദ്ധതിക്കു വേണ്ട വെള്ളം സംഭരിച്ചുനിര്‍ത്തുന്നത്. ഇവിടെനിന്നു വെള്ളം കൃഷിസ്ഥലങ്ങളിലെത്തിക്കുവാന്‍ 475 കിലോമീറ്റര്‍ നീളത്തില്‍ കനാലുകള്‍ കീറിയിരിക്കുന്നു. 1.9 ലക്ഷം ഹെക്ടര്‍ ഭൂമി അങ്ങനെ ജലസേചനസൗകര്യമുള്ളതാക്കിത്തീര്‍ത്തു. പദ്ധതിക്ക് 43 കോടി രൂപ ചെലവായി.

കൃഷ്ണാപദ്ധതി
കൃഷ്ണാനദിക്കു കുറുകേ മൂന്നു ഡാമുകള്‍ നിര്‍മ്മിച്ച് വെള്ളം തിരിച്ചുവിട്ട് 1.06 ഹെക്ടര്‍ സ്ഥലം കൃഷിക്കുപയുക്തമാക്കുന്നതാണ് ഈ പദ്ധതി. മഹാരാഷ്ട്ര സംസ്ഥാനത്തെ സത്താറു ജില്ലയില്‍ ധോം, ബേര്‍ഖന്‍, കാല്‍ഹഡ് എന്നിവിടങ്ങളിലാണ് ഡാമുകള്‍. അവയില്‍ ഏറ്റവും വലുതിന് 50 മീറ്റര്‍ പൊക്കമുണ്ട്. 30 കോടി രൂപ ഈ പദ്ധതിക്കു ചെലവിട്ടു.

വര്‍ണ്ണാപദ്ധതി
കൃഷ്ണയുടെ പോഷകനദിയായ വര്‍ണ്ണായില്‍ 58.5 മീറ്റര്‍ ഉയരമുള്ള ഒരു അണക്കെട്ടുണ്ടാക്കി 341 കിലോമീറ്റര്‍ നീളത്തിലുള്ള തോടുകള്‍ മുഖേന വെള്ളം, 99,000 ഹെക്ടര്‍ പ്രദേശത്തെത്തിച്ചു കൃഷിയോഗ്യമാക്കുന്ന പദ്ധതിയാണിത്. അണക്കെട്ട് മഹാരാഷ്ട്രയിലെ സാംഗ്‌ളി ജില്ലയില്‍ സ്ഥിതിചെയ്യുന്നു. 35 കോടി രൂപ പദ്ധതിക്കു ചെലവായി.

ഭദ്രാപദ്ധതി
കൃഷ്ണയുടെ മുഖ്യപോഷകനദികളിലൊന്നാണ്. തുംഗഭദ്ര. തുംഗ, ഭദ്ര എന്നീ ഉപനദികള്‍ ചേര്‍ന്നാണ് തുംഗഭദ്രയ്ക്ക് രൂപംകൊടുക്കുന്നത്. കര്‍ണ്ണാടകത്തില്‍ക്കൂടി പ്രവഹിക്കുന്ന ഭദ്രയില്‍ ഭദ്രാവതി റെയില്‍വേസ്റ്റേഷനില്‍നിന്ന് 23 കിലോമീറ്റര്‍ ദൂരെ ഒരു അണകെട്ടി വെള്ളം ശേഖരിച്ചിരിക്കുന്നു. കരിങ്കല്ലുകൊണ്ടുള്ള ഈ അണയ്ക്ക് 446 മീറ്റര്‍ നീളവും 71.6 മീറ്റര്‍ ഉയരമുണ്ട്. ഇവിടത്തെ വെള്ളം 177 കിലോമീറ്റര്‍ നീളമുള്ള തോടുകളില്‍ക്കൂടി ഒഴുകി 99,015 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കിത്തീര്‍ത്തു. മാത്രമല്ല, പദ്ധതിയുടെ ഭാഗമായ രണ്ടു ശക്തിനിലയങ്ങളില്‍നിന്നു 33 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. 34 കോടി രൂപയാണ് പദ്ധതിയുടെ മുടക്കുമുതല്‍.

തുംഗഭദ്രാ പദ്ധതി
കര്‍ണ്ണാടകത്തിലെ ബെല്ലാറി ജില്ലയില്‍ ഹോസ്‌ചെട്ടിന് 5 കിലോമീറ്റര്‍ ദൂരെ തുംഗഭദ്രാനദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടും അതില്‍നിന്നു വെള്ളം കൊണ്ടുപോകുന്ന കനാലുകളും അതിലെ വെള്ളം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വൈദ്യുതിനിലയങ്ങളും അടങ്ങുന്നതാണ് ഈ പദ്ധതി. കരിങ്കല്ലുകൊണ്ടു കെട്ടിപ്പൊക്കിയ തുംഗഭദ്ര അണക്കെട്ടിന് 2441 മീറ്റര്‍ നീളവും 49.4 മീറ്റര്‍. ഉയരവുമുണ്ട്. അതില്‍നിന്ന് തിരിച്ചുവിടുന്ന വെള്ളം 550 കിലോമീറ്റര്‍ നീളം വരുന്ന കനാലുകളില്‍ക്കൂടി ചെന്ന് 3.5 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ജലസേചനം നടത്തുന്നു. പദ്ധതിയുടെ പവര്‍ ഹൗസുകളില്‍ 126 മെഗാവാട്ട് വൈദ്യുതിയുത്പാദിപ്പിക്കുന്നുണ്ട്. 1945-ല്‍ തുടങ്ങിയ പദ്ധതി 1965-ല്‍ പൂര്‍ത്തിയായി. 34 കോടി രൂപ ഇതിനു ചെലവുവന്നു. കര്‍ണ്ണാടകം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.

നാഗാര്‍ജ്ജുനസാഗര്‍ പദ്ധതി
ആന്ധ്രയില്‍ ഹൈദരാബാദില്‍നിന്നു 144 കിലോമീറ്റര്‍ ദൂരെയുള്ള നന്ദികൊണ്ട ഗ്രാമത്തില്‍ കൃഷ്ണാനദിക്കു കുറുകെ നിര്‍മ്മിക്കുന്ന നാഗാര്‍ജ്ജുനസാഗര്‍ അണക്കെട്ടാണ് പദ്ധതിയുടെ നട്ടെല്ല്. അണക്കെട്ടിന്റെ പ്രധാന ഭാഗത്തിന് 1450 മീറ്റര്‍ നീളവും 124.7 മീറ്റര്‍ ഉയരവുമുണ്ട്. കരിങ്കല്‍ക്കെട്ടാണത്. മണ്ണുകൊണ്ടുണ്ടാക്കിയ അനുബന്ധഭാഗത്തിന് 3200 മീറ്റര്‍ നീളവും 26 മീറ്റര്‍ ഉയരവും വരും. 1956-ല്‍ പണിയാരംഭിച്ച ഈ അണക്കെട്ട് 1967-ല്‍ പൂര്‍ത്തിയായി. 8.34 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് ജലസേചനം നടത്താനും 810 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും ഈ പദ്ധതി പ്രയോജനപ്പെട്ടു. 175 കോടി രൂപയാണ് ഇതിന്റെ മുതല്‍മുടക്ക്.

ഘടപ്രഭ പദ്ധതി
കൃഷ്ണയുടെ പോഷകനദിയായ ഘടപ്രഭയില്‍ 9 മീറ്റര്‍, 50 മീറ്റര്‍ എന്നീ ഉയരങ്ങളില്‍ രണ്ട് അണക്കെട്ടുകള്‍ പണിത് ശേഖരിക്കുന്ന വെള്ളം 114 കിലോമീറ്റര്‍ നീളം വരുന്ന കനാലുകള്‍ വഴി തിരിച്ചുവിട്ട് 1.2 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം നടത്തുന്നതാണ് ഈ പദ്ധതി. ഉത്തര കര്‍ണ്ണാടകത്തിലെ ബെല്‍ഗാം ജില്ലയിലാണ് അണക്കെട്ടുകള്‍ രണ്ടും. രണ്ടുഘട്ടങ്ങളിലായി പണിതീര്‍ത്ത ഈ പദ്ധതിക്ക് 50 കോടി രൂപ ചെലവായി.

ശരാവതി പദ്ധതി
സഹ്യപര്‍വ്വതത്തില്‍നിന്ന് ഉദ്ഭവിച്ച് കര്‍ണ്ണാടകത്തിലെ ഷിമോഗ ജില്ലയില്‍ക്കൂടി പടിഞ്ഞാറോ?െട്ടാഴുകി അറബിക്കടലില പതിക്കുന്ന നദിയാണ് ശരാവതി. ഈ നദിയില്‍ ജോഗ് വെള്ളച്ചാട്ടത്തിനു മുകളിലായി 61.3 മീറ്ററും, 62.5 മീറ്ററും ഉയരം വരുന്ന രണ്ട് അണക്കെട്ടുകള്‍ നിര്‍മ്മിച്ച് വെള്ളം സംഭരിച്ചിരിക്കുന്നു. 'ലിംഗനാമക്കി' തടാകമെന്നാണ് ഈ ജലസംഭരണിയുടെ നാമം. ഇതിലെ വെള്ളം പവര്‍ഹൗസിലേക്കു പ്രവഹിപ്പിച്ച് 891 മെഗാവാട്ട് വൈദ്യുതിയുത്പാദിപ്പിക്കുന്നുണ്ട്. 120 കോടി രൂപ ചെലവഴിച്ച ശരാവതി പദ്ധതി മൂന്നു ഘട്ടങ്ങളായിട്ടാണ് പൂര്‍ത്തിയാക്കിയത്.

ഹേമാവതി പദ്ധതി
കാവേരിയുടെ പോഷകനദിയായ ഹേമാവതിയില്‍ പടുത്തുയര്‍ത്തിയ അണക്കെട്ടാണ് ഈ പദ്ധതിയുടെ പ്രധാന ഭാഗം. കര്‍ണാടകസംസ്ഥാനത്തെ ഹാസന്‍ ജില്ലയില്‍ രഗാരൂര്‍ ഗ്രാമത്തിനടുത്താണ് ഇതിന്റെ സ്ഥാനം. ഇതിന് 48 മീറ്റര്‍ ഉയരമുണ്ട്. ഇവിടെ സംഭരിക്കുന്ന വെള്ളം 336 കിലോമീറ്റര്‍ നീളം വരുന്ന കനാലില്‍ക്കൂടി ഒഴുക്കി. 40,470 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കിത്തീര്‍ത്തിരിക്കുന്നു. 20 കോടിയോളം രൂപ പദ്ധതിക്ക് ചെലവായി.

കൃഷ്ണരാജസാഗര്‍ പദ്ധതി
കര്‍ണ്ണാടകത്തില്‍ ഹേമാവതി, ലക്ഷ്മണ്‍തീര്‍ത്ഥ എന്നീ ഉപനദികള്‍ കാവേരിയുമായി സംയോജിക്കുന്നതിനു താഴെയാണ് കൃഷ്ണരാജസാഗര്‍ ഡാം കെട്ടിപ്പൊക്കിയിരിക്കുന്നത്. 42.7 മീറ്റര്‍ ഉയരമുള്ള ഈ ഡാമിനു മുമ്പില്‍ ശേഖരിച്ചിരിക്കുന്ന വെള്ളം 1.2 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ജലസേചനത്തിന് ഉപയോഗപ്പെടുത്തുന്നു. ഈ ഡാമിന് താഴെയുള്ള വൃന്ദാവന്‍ ഗാര്‍ഡന്‍സ് പ്രശസ്തമാണല്ലോ. അണക്കെട്ടും പരിസരവും എത്ര ആകര്‍ഷകമാക്കാമെന്നതിന്റെ ഉത്തമോദാഹരണമായി വൃന്ദാവനത്തെ ചൂണ്ടിക്കാട്ടാം.

മേട്ടൂര്‍ പദ്ധതി
ഈ പദ്ധതിക്കാധാരമായ മേട്ടൂര്‍ ഡാം തമിഴ്‌നാട്ടിലെ സേലം നഗരത്തിന് 52 കിലോമീറ്റര്‍ ദൂരെയുള്ള മേട്ടൂരിലാണ്. കാവേരിനദിക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ ഡാമിന് 65.2 മീറ്റര്‍ ഉയരമുണ്ട്. ഇതിലെ വെള്ളം ഉപയോഗിച്ച് 5.5 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് ജലസേചനം നടത്തുന്നു. ഇതോടനുബന്ധിച്ചുള്ള പവര്‍ഹൗസില്‍ 100 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

ലോവര്‍ ഭവാനി പദ്ധതി
തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍ ജില്ലയിലെ ഗോപിച്ചെട്ടിപ്പാളയത്ത് കാവേരിയുടെ പോഷകനദിയായ ഭവാനിയില്‍ പണികഴിപ്പിച്ച അണക്കെട്ടാണ് പദ്ധതിയുടെ മുഖ്യഭാഗം. 62 മീറ്റര്‍ ഉയരമുള്ള ഈ അണ തടുത്തുനിര്‍ത്തിയിരിക്കുന്ന വെള്ളം തോടുകളിലൂടെ തിരിച്ചുവിട്ട് 79,000 ഹെക്ടര്‍ സ്ഥലം കൃഷിക്കുപയുക്തമാക്കി. 10.5 കോടി രൂപ മുടക്കുമുതലായ ഈ പദ്ധതി 1956-ല്‍ പൂര്‍ത്തിയായി.

സര്‍ദാസാഗര്‍ പദ്ധതി
ഗംഗയുടെ പോഷകനദിയായ ഘാഘരയുടെ ഒരു ഉപനദിയാണ് സര്‍ദ. ഉത്തര്‍പ്രദേശില്‍ സര്‍ദാനദിക്കു കുറുകേ 22.5 കിലോമീറ്റര്‍ നീളത്തില്‍ 16 മീറ്റര്‍ ഉയരമുള്ള ഒരു മണ്ണണക്കെട്ടു നിര്‍മ്മിച്ചിട്ടുണ്ട്. 75,000 ഹെക്ടര്‍ സ്ഥലത്തു ജലസേചനം നടത്താന്‍ അണക്കെട്ടിലെ വെള്ളം ഉപകരിക്കുന്നു. 1957-ല്‍ തുടങ്ങി 1962-ല്‍ മുഴുമിച്ച സര്‍ദാസാഗര്‍ പദ്ധതിക്ക് 12 കോടി രൂപ ചെലവായി.

തെഹ്രി പദ്ധതി
ജലസേചനത്തിനും വൈദ്യുതോത്പാദനത്തിനും ശുദ്ധജലവിതരണത്തിനും വേണ്ടി ആസൂത്രണം ചെയ്ത ഒരു വിവിധോദ്ദേശ്യപദ്ധതിയാണിത്. ഇതിന്റെ പ്രധാനഭാഗമായ തെഹ്രി ഡാം ഉത്തരാഖാണ്ഡ് സംസ്ഥാനത്തെ തെഹ്രിക്കു സമീപം ഗംഗയുടെ പോഷകനദിയായ ഭാഗീരഥിയില്‍ പടുത്തുയര്‍ത്തിയിരിക്കുന്നു. പാറക്കല്ലുകളും മണ്ണും കൂട്ടിക്കലര്‍ത്തി അട്ടികളായി ഇട്ട് റോളറുകള്‍കൊണ്ട് ഒതുക്കിയുറപ്പിച്ചു പണിതീര്‍ത്ത അണക്കെട്ടാണിത് (Rock and earth fill embarkment dam). വെള്ളം കെട്ടിനിര്‍ത്തുന്ന മുന്‍വശം ഒട്ടും ചോര്‍ച്ചയുണ്ടാകാത്തവിധത്തിലും പിന്‍വശം മണ്ണൊലിച്ചുപോകാത്ത തരത്തിലുമാണ് ഇതിന്റെ നിര്‍മ്മാണശൈലി. 250 മീറ്റര്‍ ഉയരവും 574 മീറ്റര്‍ നീളവുമുള്ള ഇതിന്റെ മുകള്‍ത്തട്ടിന് 20 മീറ്ററും അസ്തിവാരത്തിന് 1128 മീറ്ററും വീതി വരും. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഉയരമുള്ള അണക്കെട്ടായ തെഹ്രി ഡാമിന് ലോകത്തിലെ ഉയരമേറിയ അണക്കെട്ടുകളിലൊന്നാണെന്ന സ്ഥാനവുമുണ്ട്.

അണക്കെട്ടിനു മുമ്പില്‍ 52 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തു വ്യാപിച്ചുകിടക്കുന്ന തടാകത്തില്‍ 260 കോടി ഘനമീറ്റര്‍ വെള്ളം സംഭരിക്കാനാവും. അതുകൊണ്ട് 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. അതിനും പുറമേ 1000 മെഗാവാട്ട് വൈദ്യുതിയും കൂടി ഉത്പാദിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പദ്ധതിയുടെ രണ്ടാംഭാഗമായി നദിയില്‍ കുറെ താഴെ കോടേശ്വര്‍ ഡാമെന്ന മറ്റൊരണക്കെട്ടും നിര്‍മ്മിച്ചിട്ടുണ്ട്. അവിടെനിന്ന് 400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവും.

1978ലാണ് തെഹ്രി പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2006-ല്‍ തെഹ്രി ഡാം പൂര്‍ത്തിയായി. 2012-ല്‍ കോടേശ്വര്‍ ഡാമും മുഴുമിക്കപ്പെട്ടു. ഈ പദ്ധതിക്ക് 2,70,000 ഹെക്ടര്‍ സ്ഥലത്ത് ജലസേചനം നടത്താനും ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ദിവസേന 120 കോടി ലിറ്റര്‍ വെള്ളം വിതരണം ചെയ്യാനും പ്രാപ്തിയുണ്ട്.

തെഹ്രി പദ്ധതിയുടെ മേല്‍നോട്ടവും ഭരണവും നടത്തുന്നതിന് തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ടി.എച്ച്.ഡി.സി) എന്ന സ്ഥാപനം ഗവണ്‍മെന്റ് രൂപവത്കരിച്ചിട്ടുണ്ട്. പദ്ധതിയുടെ മുടക്കുമുതലിന്റെ 75 ശതമാനം കേന്ദ്രഗവണ്‍മെന്റും 25 ശതമാനം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുമാണ് വഹിക്കുന്നത്.

ഹിമാലയന്‍താഴ്വരയില്‍ ഇത്ര വലിയ അണക്കെട്ടു നിര്‍മ്മിക്കുന്നതിനെതിരെ പരിസ്ഥിതി സംഘടനകളും സ്ഥലത്തുനിന്നു കുടിയൊഴിപ്പിക്കപ്പെടുന്നവരും നടത്തിയ പ്രക്ഷോഭങ്ങളും കോടതിനടപടികളും പദ്ധതിയുടെ നിര്‍വ്വഹണത്തിന് കാലതാമസമുണ്ടാക്കി. റിക്ടര്‍സെ്കയിലില്‍ 6.8 വരെ തീവ്രതയുള്ള ഭൂകമ്പങ്ങളേ ഇത്രയും കാലത്തിനിടെ ഹിമാലയത്തിലുണ്ടായിട്ടുള്ളൂവെന്നും 8.4 വരെ തീവ്രതയുള്ള ഭൂചലനങ്ങളെ അതിജീവിക്കാന്‍ പ്രാപ്തമായ വിധമാണ് തെഹ്രി പദ്ധതിയിലെ അണക്കെട്ടുകളും വൈദ്യുതിനിലയങ്ങളും രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

നര്‍മദവാലി പദ്ധതി
ജലസേചനം, ശുദ്ധജല വിതരണം, വൈദ്യുതോത്പാദനം എന്നിവ ലക്ഷ്യമാക്കി ആസൂത്രണം ചെയ്യപ്പെട്ട ബൃഹത്തായ പദ്ധതിയാണിത്. നര്‍മ്മദയിലും അതിന്റെ പോഷകനദികളിലുമായി മുപ്പത് അണക്കെട്ടുകളുയര്‍ന്നുകഴിഞ്ഞുവെന്നു പറയുമ്പോള്‍ പദ്ധതിയുടെ വലുപ്പം ഊഹിക്കാമല്ലോ. ഗുജറാത്തിലെ നവഗമിനു സമീപം നര്‍മ്മദയില്‍ നിര്‍മ്മിച്ച സര്‍ദാര്‍ സരോവര്‍ ഡാമാണ് അണക്കെട്ടുകളില്‍ മുഖ്യം. ഏറ്റവും വലുതും അതുതന്നെ. അസ്തിവാരത്തില്‍നിന്ന് 163 മീ ഉയരമുണ്ടതിന്. ഇവിടത്തെ വെള്ളം ഉപയോഗിച്ച് രണ്ടു പവര്‍ഹൗസുകളില്‍നിന്ന് 1450 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.
ഡാമില്‍ സംഭരിക്കുന്ന, വെള്ളം കനാലുകള്‍ വഴി തിരിച്ചുവിട്ട് ഗുജറാത്തിലെ 17.92 ലക്ഷം ഹെക്ടര്‍ ഭൂമിയിലും രാജസ്ഥാനിലെ 73,000 ഹെക്ടര്‍ ഭൂമിയിലും ജലസേചനം നടത്താന്‍ സാധിക്കുന്നു. പ്രധാന കനാലുകള്‍ക്കു മീതെ സൗരോര്‍ജ്ജപാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനും ഗുജറാത്ത് ഗവണ്‍മെന്റിനു സാധിച്ചു. അമൂല്യമായ കനാല്‍വെള്ളത്തിന്റെ ബാഷ്പീകരണം ഗണ്യമായി കുറയ്ക്കാനും ഇതു മുഖേന സാദ്ധ്യമായി.
മൂന്നു കോടിയോളം ജനങ്ങള്‍ക്കു കുടിവെള്ളം നല്‍കാനും ഈ പദ്ധതി ഉപകരിക്കുന്നു.

ഇങ്ങിനെ വൈവിദ്ധ്യമാര്‍ന്ന ഗുണങ്ങളുള്ള നര്‍മ്മദാ നദീതടപദ്ധതിയും അതിന്റെ നട്ടെല്ലായ സര്‍ദാര്‍ സരോവര്‍ അണക്കെട്ടും കടുത്ത വിവാദങ്ങള്‍ക്കും നിലയ്ക്കാത്ത പ്രക്ഷോഭങ്ങള്‍ക്കും ഇടയാക്കി. അണക്കെട്ടിന്റെ നിര്‍മ്മാണവും ജലസംഭരണവും പരിസ്ഥിതിക്കു കോട്ടം തട്ടിക്കുമെന്നും 70,000ത്തോളം സ്ഥലവാസികളെ-കൂടുതലും ആദിവാസികള്‍-പദ്ധതിപ്രദേശത്തുനിന്നു കുടിയൊഴിപ്പിക്കേണ്ടിവരുമെന്നും ഉള്ളതായിരുന്നു എതിര്‍പ്പിന്റെ കാതല്‍. 1980കളിലാണ് പ്രക്ഷോഭങ്ങള്‍ തുടങ്ങിയത്. മേധാപട്കറുടെ നേതൃത്വത്തിലുള്ള 'നര്‍മ്മദ ബചാവോ ആന്ദോളന്‍' (നര്‍മ്മദാ രക്ഷാപ്രക്ഷോഭണം) സമിതി നടത്തിയ സമരങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചു. കുടിയൊഴിപ്പിക്കാന്‍ മുതിര്‍ന്നാല്‍ അതിനു വഴങ്ങാത്ത റിസര്‍വോയറില്‍ ഉയരുന്നവെള്ളത്തില്‍ത്തന്നെ നിന്ന് ആളുകള്‍ മുങ്ങിമരിക്കാന്‍ തയ്യാറാകുമെന്ന സമരസമിതി പ്രഖ്യാപിച്ചു. ഒന്നിനു പുറകെ ഒന്നായി കേസുകള്‍ സുപ്രീംകോടതിയിലെത്തി. വ്യവസ്ഥകള്‍ക്കു വിധേയമായി പദ്ധതിപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ കോടതി അനുമതി നല്‍കി. അതനുസരിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവരെ പുരനധിവസിപ്പിച്ചുകൊണ്ട് നര്‍മ്മദ നദീതടപദ്ധതി പൂര്‍ത്തിയാക്കി.