എം.എന്‍. കാരശ്ശേരിയുടെ പുസ്തകമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ജനാധിപത്യം എന്ന കൂട്ടക്ഷരം'. പ്രസ്തുത കൃതിയിലെ ഒരു ഭാഗം വായിക്കാം.

To advertise here,

ഇരുപതാം നൂറ്റാണ്ടിന്റെ മഹിമകളിലൊന്ന് അനേകം ജനപദങ്ങള്‍ സ്വാതന്ത്ര്യത്തിലേക്കും സ്വാശ്രയത്വത്തിലേക്കും ഉണര്‍ന്നു എന്നതാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ത്തന്നെ പാശ്ചാത്യരുടെ അധീശത്വത്തില്‍നിന്ന് പൗരസ്ത്യലോകത്തെ നിരവധി സമൂഹങ്ങള്‍ കുതറിമാറാന്‍ തുടങ്ങി. അതിന്റെ ഉജ്ജ്വലമായ ഉദാഹരണം വെളിപ്പെട്ടത് ഇന്ത്യയിലാണ് (1947) - പാശ്ചാത്യരുടെ അത്തരം യാത്രകള്‍ ആരംഭിച്ച (1498) ഇന്ത്യയില്‍ത്തന്നെ!

ഏഷ്യയിലും ആഫ്രിക്കയിലുമെല്ലാം കോളനിവാഴ്ചകളെ നേരിടാന്‍ ജനങ്ങള്‍ക്ക് അകബലം നല്‍കിയത് ദേശീയതാബോധമാണ്. ഇരുപതാം നൂറ്റാണ്ട്, ദേശീയത, സ്വാതന്ത്ര്യം എന്നിവ ചേര്‍ത്തുവെച്ചു വായിക്കുവാന്‍ ചരിത്രം കൗതുകം കാണിച്ചതുപോലെ തോന്നിപ്പോകും.

മറ്റൊരു വഴിക്കും ഇരുപതാം നൂറ്റാണ്ടിനെ ഏറ്റവും അധികം സ്വാധീനിച്ച ആശയം ദേശീയതയാകുന്നു. ഒന്നാം ലോകയുദ്ധത്തെയും (1914-1918) രണ്ടാം ലോകയുദ്ധത്തെയും (1939 - 1945) പ്രചോദിപ്പിച്ചത് ആ വികാരം തന്നെ. സ്വന്തം രാജ്യത്തിനുവേണ്ടിയാണെങ്കില്‍ ഏതു തെറ്റും ശരിയാണെന്നും ഏത് അധര്‍മ്മവും ധര്‍മ്മമാണെന്നും ആയിരുന്നു അന്നത്തെ ചിന്താഗതി - രാജ്യസ്നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയും പേരില്‍ അന്യദേശങ്ങളെ ആക്രമിച്ച് കീഴടക്കുന്നതും കൂട്ടക്കൊല ചെയ്യുന്നതും കൊള്ളനടത്തുന്നതും വീരകൃത്യങ്ങളായി കൊണ്ടാടപ്പെട്ട കാലം. 

ദേശീയതയുടെ പേരില്‍ ഉണ്ടായിവന്ന സംഘര്‍ഷഭരിതമായ ഈ അന്തരീക്ഷത്തില്‍നിന്നാണ് മനുഷ്യത്വവിരുദ്ധമായ ഫാസിസം ഉരുവം കൊണ്ടത്. ഏകാധിപത്യമാണത്-എല്ലാ എതിരഭിപ്രായങ്ങളുടെയും നാവരിയുന്ന ഭരണസംവിധാനം. ഒരു ലക്ഷ്യത്തിനുവേണ്ടി നാനാവിധമായ കഷ്ടനഷ്ടങ്ങള്‍ സഹിക്കുവാനും വേണ്ടിവന്നാല്‍ മരിക്കുവാനും ആളുകളെ തയ്യാറാക്കുന്ന വൈകാരികഭ്രാന്ത്. സ്വാഭാവികമായും ഈ ആളുകള്‍ സ്വന്തം ലക്ഷ്യത്തിനുവേണ്ടി മറ്റുള്ളവരെ കൊല്ലാന്‍ മടിക്കുകയില്ല. ഫാസിസത്തിന്റെ ആദ്യനായകനായ മുസ്സോളിനി (1883-1945) ഇറ്റലിയില്‍ അധികാരത്തില്‍ വരുന്നത് (1922-1945)  'ദേശീയത' എന്ന വികാരത്തിന് തീപ്പിടിപ്പിച്ചുകൊണ്ടാണ്.

താന്‍ ഫാസിസത്തെ ഇറ്റാലിയന്‍ ദേശീയതയുമായി സംയോജിപ്പിച്ചതെങ്ങനെ എന്നും അത് ഇറ്റലിയുടെ മഹത്ത്വത്തിനും സൗഭാഗ്യത്തിനും വേണ്ടി നിലകൊള്ളുന്നത് എങ്ങനെ എന്നും മുസ്സോളിനി ആത്മകഥയില്‍ (1928) വിവരിക്കുന്നുണ്ട്: 'പാര്‍ട്ടികള്‍ മരിക്കട്ടെ, രാജ്യം സുരക്ഷിതമാകട്ടെ' എന്നായിരുന്നു അദ്ദേഹത്തിന്റ മുദ്രാവാക്യം. 'മഹത്തുക്കളും അനശ്വരരും ആയ ജനങ്ങളുടെ ചരിത്രത്തെ നവീകരിക്കുന്ന ആത്മീയശക്തികളില്‍ ഒന്നായി'ട്ടാണ് ഫാസിസത്തെ മുസ്സോളിനി വിശേഷിപ്പിച്ചത്. അന്യദേശങ്ങളെല്ലാം സ്വന്തം ദേശത്തിന് കീഴടക്കാനുള്ള ഇരകള്‍ മാത്രമാണ് എന്നും സ്വദേശത്തിന്റെ ക്ഷേമത്തിനുവേണ്ടി അന്യദേശങ്ങളെ ആക്രമിക്കുന്നത് കടമ മാത്രമാണെന്നും സ്വന്തം ജനങ്ങളെ കുറച്ചുകാലത്തേക്ക് വിശ്വസിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഫാസിസത്തിന്റെ മറ്റൊരു നായകനായ ഹിറ്റ്ലറും (1889-1945) ജര്‍മനിയില്‍ അധികാരത്തില്‍ വരുന്നത് (1933-1945) അന്യസംസ്‌കാരങ്ങളോടുള്ള വിരോധവും സ്വന്തം സംസ്‌കാരത്തോടുള്ള നിലവിട്ട ഭക്തിയും വളര്‍ത്തിക്കൊണ്ടാണ്. ആ വികാരപ്രപഞ്ചത്തില്‍ പ്രധാനം 'ജര്‍മന്‍ ദേശീയത'യായിരുന്നു. അദ്ദേഹം പ്രസ്ഥാനത്തിനു കൊടുത്ത പേരുതന്നെയും 'നാഷണല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി' എന്നാണ്. ആര്യവംശത്തിന്റെ മഹിമ ഉയര്‍ത്തിപ്പിടിക്കുകയും യഹൂദവംശത്തിന്റെ ഉന്മൂലനം ഉറപ്പാക്കുകയും ചെയ്യുന്ന ഭ്രാന്തായി മാറാന്‍ ആ ദേശീയതയ്ക്ക് വളരെക്കുറച്ച് സമയമേ വേണ്ടിവന്നുള്ളൂ. 

വെറുപ്പിന്റെയും കടന്നാക്രമണത്തിന്റെയും രാഷ്ട്രീയമായിത്തീരാന്‍ എളുപ്പമുള്ള ഈ ദേശീയതയുടെ പ്രതിപുരുഷന്മാരായ മുസ്സോളിനിയും ഹിറ്റ്ലറുമാണ് മനുഷ്യവംശത്തെ രണ്ടാം ലോകയുദ്ധത്തിലേക്ക് എത്തിച്ചവരില്‍ പ്രധാനികള്‍. ഭൂരിപക്ഷ മതവിശ്വാസികളുടെ സംസ്‌കാരത്തെ 'ദേശീയത' എന്നു വിളിക്കുന്ന ഹിന്ദുത്വവാദികളുടെ ഹിന്ദുരാഷ്ട്രസിദ്ധാന്തം 1920കളില്‍ത്തന്നെ ഇന്ത്യയില്‍ കാലുറപ്പിക്കുന്നുണ്ട്.

ഫാസിസത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട അതിന്റെ കാഴ്ചപ്പാട് ബ്രിട്ടീഷ് വിരുദ്ധസമരം ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി രൂപപ്പെടുത്താനാണ് എന്നായിരുന്നു. അവര്‍ സംസാരിച്ചത് ദേശത്തിന്റെ പേരിലാണ്. അതിനകത്ത് കുടിപാര്‍ത്തത് മതം തന്നെ. ക്രിസ്തുമതം, ഇസ്ലാംമതം മുതലായവയെ അന്യദേശസംസ്‌കാരങ്ങള്‍ എന്നു പറഞ്ഞ് തള്ളിക്കളയാന്‍ അങ്ങനെ, അതിനു പഴുതുകിട്ടി. കമ്യൂണിസത്തെ ലക്ഷ്യത്തിന്റെയോ മാര്‍ഗ്ഗത്തിന്റെയോ പേരില്‍ വിമര്‍ശിക്കുന്നതിനു പകരം പിറവികൊണ്ടത് വിദേശത്താണ് എന്ന പേരില്‍ തള്ളിക്കളയുകയാണ് അതിന്റെ രീതി. 'ഞങ്ങള്‍' എന്നും 'നിങ്ങള്‍' എന്നും ഒരേ നാട്ടിലെ ജനതയെ 'ദേശീയത' യുടെ പേരില്‍(!) വിഭജിക്കുവാന്‍ അതിനു കഴിയും.

placeholder
പുസ്തകത്തിന്റെ കവര്‍ പേജ്

ഇപ്പറഞ്ഞ ദേശീയതയുടെ സമാന്തരമുഖമാണ് നമ്മുടെ നാട്ടില്‍ പാകിസ്താന്‍വാദത്തിലൂടെ (1940) വെളിപ്പെട്ടത്. 'ഖിലാഫത്ത് പ്രസ്ഥാന'ത്തിലൂടെ 1919കളില്‍ത്തന്നെ അതിന്റെ വിത്ത് വീണിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ട് മതസമൂഹങ്ങള്‍ എന്നതിലധികം രണ്ട് ദേശീയതകളാണ് എന്നാണ് മുസ്ലിങ്ങള്‍ക്കിടയിലെ വര്‍ഗീയവാദികള്‍ അന്ന് വാദിച്ചത്. ഒരേ ദേശീയതയുടെ അവകാശികളും പങ്കുകാരും എന്ന് സ്വയം തിരിച്ചറിഞ്ഞ് ഒരു രാഷ്ട്രത്തില്‍ ഒപ്പം പുലരുകയല്ല, മതത്തിന്റെ പേരില്‍ ദേശീയത സൃഷ്ടിച്ച് വിഭജനത്തിലൂടെ രണ്ടു രാഷ്ട്രങ്ങള്‍ സ്ഥാപിക്കുകയാണ് വേണ്ടത് എന്ന 'മതദേശീയത' (റിലീജ്യസ് നാഷണലിസം)യിലേക്ക് അവര്‍ വഴിതെറ്റി.

ഈ സാഹചര്യത്തിലാണ് സവിശേഷമായ അര്‍ത്ഥത്തില്‍ 'ദേശീയത' (നാഷണലിസം) എന്ന വാക്ക് ഇന്ത്യയിലെ രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമങ്ങളും ഉപയോഗിച്ചുതുടങ്ങുന്നത്. മതദേശീയതയുടെ പേരിലുള്ള 'ഇരട്ടരാഷ്ട്രവാദ'ത്തെ എതിര്‍ത്തവരും രാഷ്ട്രവിഭജനം പാടില്ലെന്ന് പറഞ്ഞവരും സ്വന്തം നിലപാടിനെ വിശേഷിപ്പിച്ചത് ദേശീയതാവാദം (നാഷണലിസം) എന്നാണ്. അങ്ങനെയാണ് പാകിസ്താന്‍വാദത്തെ തള്ളിക്കളഞ്ഞ മുസ്ലിങ്ങളെ 'ദേശീയ മുസ്ലിങ്ങള്‍' (നാഷണലിസ്റ്റ് മുസ്ലിംസ്) എന്നു വിളിക്കാനിടയായത്. അബുല്‍ക്കലാം ആസാദ് ഈ വിഭാഗത്തിന്റെ പ്രതിരൂപമാണ്. അതിര്‍ത്തിഗാന്ധി ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ മറ്റൊരു ഉദാഹരണം. കേരളത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍, ഇ. മൊയ്തുമൗലവി മുതലായ നേതാക്കള്‍ ഈ വകുപ്പില്‍പ്പെടുന്നു.

ഭിന്നമതവിഭാഗങ്ങള്‍ ഇന്ത്യന്‍ ദേശീയതയുടെ തുല്യ അവകാശി കളാണെന്നും ഇന്ത്യയില്‍ പിറവികൊള്ളേണ്ട ജനാധിപത്യരാഷ്ട്രത്തിന് ഒരു രാഷ്ട്രമതം (സ്റ്റേറ്റ് റിലിജിയന്‍) ആവശ്യമില്ലെന്നും ഉള്ള നിലപാടിനെയാണ് 1940കളില്‍ 'ദേശീയത' എന്നു വിളിച്ചിരുന്നത്. 'മതേതരത്വം' (സെക്യുലറിസം) എന്ന പദം ഇന്നു നാം ഏത് അര്‍ത്ഥത്തിലാണോ ഉപയോഗിക്കുന്നത്, ആ അര്‍ഥത്തിലാണ് അന്ന് 'ദേശീയത' എന്ന് ഉപയോഗിച്ചിരുന്നത്. ഏതെങ്കിലും മതത്തിന് സവിശേഷമായ രാഷ്ട്രീയാധികാരം ഇല്ല എന്നും ഭരണകൂടത്തിനു മുമ്പില്‍ എല്ലാ മതങ്ങളും തുല്യമാണ് എന്നും ഉള്ള അര്‍ത്ഥത്തില്‍ അക്കാലത്ത് 'മതേതരത്വം' എന്നല്ല, 'ദേശീയത' എന്നാണ് ഉപയോഗിച്ചിരുന്നത്. 

മതസൗഹാര്‍ദം, മതമൈത്രി മുതലായ പദങ്ങള്‍ അന്ന് നടപ്പുണ്ടായിരുന്നെങ്കിലും അവയെല്ലാം ബ്രിട്ടീഷ്വിരുദ്ധസമരത്തില്‍ എല്ലാ വിഭാഗങ്ങളും ഒന്നിച്ചുനില്‍ക്കണം എന്ന താത്പര്യത്തിലാണ് ഉപയോഗിച്ചിരുന്നത്; പിന്നെ, സമൂഹജീവിതത്തിലെ മര്യാദ എന്ന നിലയ്ക്കും. 'സര്‍വ്വധര്‍മ്മസമഭാവം' എന്ന് ഗാന്ധിജി വിളിച്ചിരുന്നത് ഇപ്പറഞ്ഞ രാഷ്ട്രീയസാഹചര്യത്തെയാണ്.

'മതേതരത്വം' (സെക്യൂലറിസം) എന്ന വാക്ക് 1960കളിലാണ് ഇന്ത്യയില്‍ പ്രചാരം നേടിത്തുടങ്ങുന്നത്. രാഷ്ട്രവിഭജനത്തിന്റെ ഓര്‍മ്മകള്‍ മങ്ങുകയും രാഷ്ട്രീയപാര്‍ട്ടികള്‍ അധികാരത്തിനുവേണ്ടി എല്ലാ സംസ്ഥാനങ്ങളിലും മതവികാരം ഉപയോഗപ്പെടുത്തിത്തുടങ്ങുകയും ചെയ്യുന്ന കാലഘട്ടത്തില്‍ മതരാഷ്ട്രീയത്തെ ചെറുക്കുന്നതിനു വേണ്ടിയാണ് 'മതേതരത്വം' എന്ന വാക്കുപയോഗിക്കുന്നത്. 

കേരളത്തിലെ അനുഭവം കണ്ടാല്‍ കാര്യം വ്യക്തമാവും: ഒന്നാം ഇ.എം.എസ്. മന്ത്രിസഭ (1957)യെ അട്ടിമറിക്കുന്നത് ക്രിസ്ത്യന്‍-മുസ്ലിം-നായര്‍-ഈഴവ വികാരങ്ങളുപയോഗിച്ച് നടത്തിയ വിമോചനസമരം (1959) ആണ്. തുടര്‍ന്നുവന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ സമരം നടത്തിയ കോണ്‍ഗ്രസ്‌ലീഗ്- പി.എസ്.പി. (കോലീപി) സഖ്യം ഭൂരിപക്ഷം നേടി (1960). ഈ 'രാഷ്ടീയ'ത്തെ അവരുപയോഗിച്ച അതേ ജാതിമതവികാരങ്ങളുടെ ഐക്യമുന്നണി രൂപീകരിച്ചാണ് ഇ.എം.എസ്. തോല്‍പ്പിക്കുന്നത്. 

അങ്ങനെയാണ് സപ്തമുന്നണിയുടെ ഉത്പന്നമായി രണ്ടാം ഇ.എം.എസ്. മന്ത്രിസഭ രൂപംകൊള്ളുന്നത് (1967). സാമുദായികരാഷ്ട്രീയം, ജാതിരാഷ്ട്രീയം, മതരാഷ്ട്രീയം മുതലായവ ജനാധിപത്യത്തിന്റെ സൗകര്യം ഉപയോഗിച്ച് ജനാധിപത്യത്തെത്തന്നെ തുരങ്കംവെക്കുന്ന ആ കാലത്താണ്, പൗരോഹിത്യവും സാമുദായികനേതൃത്വവും അധികാരകേന്ദ്രങ്ങളാവാന്‍ തുടങ്ങുന്ന ആ കാലത്താണ്, മതേതരത്വം രാഷ്ട്രീയചര്‍ച്ചകളില്‍ ഇടം കണ്ടെത്തുന്നത്. 

നമ്മുടെ ഭരണാഘടനയില്‍ രാഷ്ട്രത്തിന്റെ വിശേഷണമായി 'സെക്യൂലര്‍' എന്ന പദം ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് (1975-1977) പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് അത് എഴുതിച്ചേര്‍ത്തത് (1976). സ്വാതന്ത്ര്യലാഭത്തിന്റെ നാലു പതിറ്റാണ്ട് പിന്നിടാന്‍ തുടങ്ങുമ്പോഴാണ് ആ പദം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തമായിത്തീരുന്നത് എന്നര്‍ഥം.

ഇന്ന് മതേതരത്വം എന്ന താത്പര്യത്തില്‍ 'ദേശീയത' എന്ന് ഉപയോഗിക്കുന്നില്ല. തന്നെയുമല്ല, ഹിന്ദുത്വവാദത്തിന്റെ ഹിംസാരാഷ്ട്രീയത്തിനു പറ്റിയ മുഖപടങ്ങളിലൊന്നായി അത് ഉപയോഗിക്കുന്നുമുണ്ട്. ദേശീയ മതേതര ജനാധിപത്യത്തിന്റെ നിത്യപ്രതീകമായ ഗാന്ധിജിയെ ദേശസ്നേഹത്തിന്റെ പേരിലാണ് 'ഹിന്ദുത്വദേശീയത'യുടെ പ്രതിപുരുഷനായ നാഥുറാം ഗോഡ്സെ വെടിവെച്ചു കൊന്നത് (1948). ഈ ചരിത്രവസ്തുത ഇത്തരം 'ദേശീയത' എത്രമേല്‍ മനുഷ്യത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവും അതുകൊണ്ടുതന്നെ ദേശവിരുദ്ധവും ആണ് എന്ന് ഉദാഹരിക്കുന്നുണ്ട്.

കോളനിവാഴ്ചയില്‍നിന്ന് മോചനം നേടുന്നതിനുവേണ്ടി ഇന്ത്യന്‍ സമൂഹത്തിന് ദേശീയത എന്ന വികാരം ഉത്പാദിപ്പിക്കേണ്ടതുണ്ടായിരുന്നു. സ്വാതന്ത്ര്യലാഭത്തോടെ ആ വികാരം മറ്റു ചിലതായി പരിണമിച്ചേ പറ്റൂ. ജാതിഘടന, ജന്മി-കുടിയാന്‍ വ്യവസ്ഥ, സമ്പന്ന-ദരിദ്ര വ്യത്യാസം, ആണ്‍കോയ്മ, മതസ്പര്‍ധ മുതലായി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന അസമത്വങ്ങള്‍ക്കെതിരായ പോരാട്ടമാണ്, ഇന്ന് ദേശീയത.

നമ്മുടെ ജനാധിപത്യം പൊതുവായും കേരളീയാവസ്ഥ പ്രത്യേകമായും നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി മതത്തിന് രാഷ്ട്രീയത്തില്‍ കിട്ടിവരുന്ന മേല്‍ക്കൈയാണ്. ഇവിടെ മതരാഷ്ട്രവാദത്തിന്റെ വക്താക്കള്‍ക്ക് സ്വാധീനം കൂടിവരികയാണ്. മതം രാഷ്ട്രീയമായും രാഷ്ട്രീയം മതമായും കോലംമാറാന്‍ തഞ്ചംനോക്കുന്ന ദുരവസ്ഥയാണെങ്ങും. യഥാര്‍ഥത്തില്‍ ദേശീയതയാണ് അതിലൂടെ വെല്ലുവിളിക്കപ്പെടുന്നത്. ദേശീയതയെ രക്ഷിക്കുവാനുള്ള ആദ്യമാര്‍ഗം മതേതരരാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയാണ്.