1990കളിലെ സിനിമകളുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി പ്രവർത്തിച്ചതിന്റെ ഓർമകൾ പങ്കുവെക്കുന്ന മധുപാലിന്റെ ഏറ്റവും പുതിയ പുസ്തകമാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘മായാസഞ്ചാരം’. ഒരു ഭാഗം വായിക്കാം.
1991 മേയ്
ഭാര്യയെ തലയ്ക്കടിച്ചു കൊന്നതിനാണ് അഷറഫ് ജയിലിൽ പോയത്. അന്ന് ആറാം ക്ലാസിൽ പഠിക്കുന്ന മകളോട് ഉമ്മയെ കൊന്നത് അയാളല്ല എന്ന് കെഞ്ചി കരഞ്ഞാണ് പൊലീസുകാർക്കൊപ്പം ജീപ്പിൽ കയറിയത്. അയാളുടെ മുന്നിൽനിന്നും ബന്ധുക്കൾ മകളെ പിടിച്ചുവലിച്ചു കൊണ്ടുപോയി. ജയിലിൽ അയാൾ ആദ്യമൊക്കെ നല്ല രീതിയിലായിരുന്നു പെരുമാറിയിരുന്നത്. കുറച്ചുകഴിഞ്ഞപ്പോൾ മകളെ ആരോ ഉപദ്രവിക്കുന്നു എന്നു പറഞ്ഞു നിലവിളിക്കാൻ തുടങ്ങി.
പിന്നെ ഒരു ദിവസം അയാൾ ജയിലിൽ പണി ചെയ്തുകൊണ്ടിരുന്നപ്പോൾ മതിലിന്റെ അരികിലെ ഒരു ഗെയ്റ്റിനപ്പുറത്ത് ഒരു കുടുംബത്തിന്റെ ജീവിതം കാണാൻ തുടങ്ങി. അയാൾ എന്നും അവിടെ ചെന്നുനിന്ന് ആ വീട്ടിലെ സന്തോഷം നിറഞ്ഞ ജീവിതം കണ്ടു. ആ പെൺകുട്ടിക്ക് അയാളുടെ മകളുടെ മുഖമായിരുന്നു. അവൾ ഭർത്താവിനു ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതും, ഒന്നിച്ചിരുന്നു കഴിക്കുന്നതും, പാട്ടുപാടുന്നതും, വിരുന്നുപോകുന്നതും, അവൻ ജോലിക്ക് പോകുമ്പോൾ വഴിയിൽ കുറേ ദൂരം അവനൊപ്പം നടന്ന് പിന്നെ തനിയെ വീട്ടിലേക്ക് വരുന്നതുമൊക്കെ അയാൾ സന്തോഷത്തോടെ ശ്രദ്ധിച്ചു. ഒരുനാൾ ക്രൂരഭാവമുള്ള ഒരാൾ അവളുടെ വീട്ടിലേക്ക് കയറിച്ചെന്ന് അവളുടെ ഭർത്താവിനെ ഉപദ്രവിക്കുന്നത് അയാൾ കണ്ടു. തടയാൻ ചെന്ന അവളെയും ആ ക്രൂരൻ തട്ടിത്തെറിപ്പിച്ചു. അവൾ നിലവിളിക്കുന്നതു കണ്ടപ്പോൾത്തന്നെ അഷറഫ് ജയിലിലെ പോലീസുകാരെ വിളിച്ച് അവളെയും ഭർത്താവിനെയും ഉപദ്രവിക്കുന്ന കാര്യം അലമുറയിട്ടു പറഞ്ഞു. അയാളുടെ മകളെ ആരോ ഒരാൾ കൊല്ലുന്നു എന്നൊക്കെ അയാൾ നിലവിളിച്ചു. പോലീസുകാരെയും കൂട്ടിക്കൊണ്ട് അയാൾ മതിലിനരികിലെ ഗെയ്റ്റിനടുത്ത് വന്നു. മതിലിനരികിൽ ഒരു ഗെയ്റ്റും പോലീസുകാർക്ക് കാണാനായില്ല.
അയാളെ അവർ തിരിച്ചുകൊണ്ടുപോകുമ്പോൾ അയാൾ പൊലീസുകാരുടെ പിടിയിൽനിന്നും കുതറുകയും അവരോട് അടിയുണ്ടാക്കുകയും ചെയ്തു. എല്ലാം അയാളുടെ തോന്നലായിരുന്നുവെന്നു ജയിലിലെ ഡോക്ടർ പറഞ്ഞു. പിന്നെ അയാളെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. അവിടെയും അയാൾ വളരെ സൈലന്റ് ആയിരുന്നു. ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്. അത് ഗാന്ധിയോടും നെഹ്രുവിനോടും കാറൽ മാക്സിനോടുമാണ് എന്ന് ഡോക്ടർമാരോടു പറഞ്ഞു. അവർ അയാളെ നല്ലതുപോലെ ശ്രദ്ധിച്ചു. തികച്ചും ശാന്തനായി അയാൾ അവിടെ കഴിഞ്ഞു. എന്നാൽ, അയാളുടെ ബന്ധുക്കൾ, അയാൾ ഇപ്പോൾ എവിടെയുണ്ടെന്നുപോലും നോക്കാറില്ല. അയാളുടെ മകളുടെ കല്യാണം തീരുമാനമായപ്പോൾ നാട്ടുകാരും ബന്ധുക്കളും അയാളെ വിളിച്ചുകൊണ്ടുവരാൻ ജയിലിൽ പോകണമെന്നു പറഞ്ഞു; ബാപ്പ ജീവിച്ചിരിക്കുമ്പോൾ മകൾ അനാഥയായി ഇറങ്ങിപ്പോകരുതെന്ന് കൂട്ടത്തിൽ ഒരാളും. ആളുകൾ ജയിലിൽ എത്തിയപ്പോൾ അറിഞ്ഞത് അഷറഫിനെ ഭ്രാന്താശുപത്രിയിലേക്ക് മാറ്റിയെന്നാണ്. നാട്ടുകാർ മെന്റൽ ഹോസ്പിറ്റലിൽ ചെന്ന് അയാളെ വിളിച്ചുകൊണ്ടുവന്നു. പക്ഷേ, മകൾ അയാളെ കാണണ്ട എന്നു വാശിപിടിച്ചു. ആരൊക്കെ പറഞ്ഞിട്ടും അവൾ കേട്ടില്ല. തന്റെ ഉമ്മയെ കൊന്നയാളാണ് എന്നവൾ നിലവിളിച്ചു. പന്തലിൽ ഒരു മൂലയിൽ അഷറഫ് ആരാലുമറിയാതെ ഇരുന്നു. കല്യാണവും ആൾക്കൂട്ടവുമൊക്കെ അഷറഫിനെ വല്ലാതെ വീർപ്പുമുട്ടിച്ചു. ഒരുപാട് കാലത്തിനുമുന്നെ ഒറ്റപ്പെട്ടുപോയ അഷറഫിനെ ആൾക്കൂട്ടവും നഗരവുമൊക്കെ അസ്വസ്ഥനാക്കി. കെട്ട് കഴിഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും അഷറഫിനെ മറന്നു. ആരുമറിയാതെ ഒരുനാൾ അഷറഫ് ആ വീടുവിട്ടു പോകുന്നു.
ഈ കഥ എന്നോടു പറഞ്ഞത് വിജയൻ പെരിങ്ങോട് എന്ന പ്രൊഡക്ഷൻ കൺട്രോളറായിരുന്നു. കാലം 1991. ഇത് മൂപ്പരുടെ നാട്ടിൽ ഒരിടത്ത് നടന്നതാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു തുടങ്ങിയത്. അന്ന് ഞാൻ ഭരത് ഗോപി സാറിന്റെ യമനം എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പണിയിലായിരുന്നു. യമനത്തിന്റെ ചിത്രീകരണസമയത്തും ശേഷവും കാര്യങ്ങൾ നോക്കിനടത്തിയത് വിജയേട്ടനായിരുന്നു. രാത്രി എഡിറ്റിങ്ങൊക്കെ കഴിഞ്ഞ് ഹോട്ടലിൽ വന്നിരുന്ന് വിജയേട്ടൻ ഒരുപാടു കഥകൾ പറയും. മിക്ക കഥയും ഒരു സിനിമ കാണുന്നതുപോലെ കാണാൻ കഴിയും.
കഥകൾ മനസ്സിൽ കൊണ്ടുനടക്കുന്ന കാലമാണത്. കുറേ കഥകൾ കഥ മാസികയിലും മലയാളനാടിലും കുങ്കുമത്തിലും കലാകൗമുദിയിലും അച്ചടിച്ചു വന്നിരുന്നു. പി.എഫ്. മാത്യൂസ് ആയിരുന്നു കഥയെഴുത്തിനെ എങ്ങനെ കാണണമെന്നും അനുഭവിപ്പിക്കണമെന്നും പറഞ്ഞുതരുന്നത്. എഴുതുന്നതൊക്കെ അവനു മുന്നിൽ തുറന്നുവെച്ചു. ചിലതൊക്കെ തിരുത്തി, ചിലത് കീറിക്കളഞ്ഞു. എന്റെയുള്ളിലെ സിനിമയും അവനറിയാമായിരുന്നു. അങ്ങനെയാണ് പി.എഫ്. മാത്യൂസ് എന്നെ ജൂഡിനെ പരിചയപ്പെടുത്തിയത്. മത്തായി എഴുതിയ 'ശരറാന്തൽ' എന്ന സീരിയൽ ജൂഡ് സംവിധാനം ചെയ്യുന്ന സമയമായിരുന്നു അത്. 1989. ആ സീരിയലിൽ അപ്രതീക്ഷിതമായി ഞാൻ നടനായി. മത്തായി എന്നെ അഭിനയിപ്പിക്കാമെന്നു ചെറുതായി പറഞ്ഞിരുന്നു, ''സീരിയലിന്റെ കൂടെ നിൽക്കൂ, ഒരവസരമെങ്കിലും വരും.'' ചില വാക്കുകൾ പ്രതീക്ഷയുള്ളതാണല്ലോ. 'ശരറാന്തലി'ൽ നവംബറിന്റെ നഷ്ടത്തിലെ രാമചന്ദ്രനും, ഒന്നുമുതൽ പൂജ്യംവരെയിലെ ആശാ ജയറാമും, എന്നെന്നും കണ്ണേട്ടനിലെ സോണിയയും അഭിനയിച്ചിരുന്നു. എഴുതിവന്നപ്പോൾ, സോണിയയെ കാണാനായി മതിലു ചാടുന്ന ചെറിയാൻ എന്നൊരു കഥാപാത്രം ഉണ്ടായി. സീരിയലിന്റെ ആദ്യ ഷെഡ്യൂൾ അപ്പോഴേക്കും കഴിഞ്ഞിരുന്നു. രണ്ടാം ഷെഡ്യൂൾ തുടങ്ങുന്ന സമയത്ത് ഞാൻ മത്തായിയെ വിളിച്ച് സങ്കടം പറഞ്ഞപ്പോഴായിരുന്നു എന്നെ കൂടെ കൂട്ടിയത്.
ബേബിയേട്ടനായിരുന്നു ഒരു സഹസംവിധായകന്റെ ജോലി എനിക്ക് പഠിപ്പിച്ചുതന്നത്. ആദ്യം, ഷോട്ടിനുമുന്നെ നമ്പർ എഴുതിയ ക്ലാപ് ബോർഡ് ക്യാമറയ്ക്കു മുന്നിൽ പിടിക്കുന്നതും മാറ്റുന്നതും കാണിച്ചുതന്നു. സീൻ ഷൂട്ട് ചെയ്യുന്നതിനു മുന്നേയുള്ള, എങ്ങനെ ചെയ്യണമെന്ന തീരുമാനങ്ങളുടെ ചാർട്ടുകൾ എഴുതുന്നതും അത് ദിവസമനുസരിച്ച് നടപ്പിലാക്കുന്നതും മൂന്നാം ഷെഡ്യൂളിൽ. നാലാം ഷെഡ്യൂൾ ആയപ്പോൾ ബേബിയേട്ടനില്ലായിരുന്നു. ജൂഡിനൊപ്പം ഒന്നാം സഹസംവിധായകനായി എനിക്ക് സ്ഥാനക്കയറ്റം കിട്ടിയിരുന്നു. ജൂഡിനൊപ്പമുള്ള എന്റെ കളരി സഹസംവിധായകൻ എന്ന നിലയിലുള്ള ആദ്യവസാന പഠനകേന്ദ്രമായിരുന്നു.
സഹസംവിധാനത്തിനൊപ്പം അഭിനയത്തിലെ അരങ്ങേറ്റവും 'ശരറാന്തൽ' എന്ന സീരിയലിൽത്തന്നെ ആയിരുന്നു. മൂന്നാമത്തെ ഷെഡ്യൂളിൽ ചെറിയാൻ എന്ന കഥാപാത്രം ചെയ്യാൻ മത്തായിയാണ് ജൂഡിനോട് എന്നെ ശുപാർശ ചെയ്തത്. ജൂഡിന് ഒരുറപ്പുമില്ലായിരുന്നു. പിന്നെ, മൂന്നു സീനല്ലേയുള്ളൂവെന്നു പറഞ്ഞു. ആ മൂന്നു സീൻ പിന്നെ സ്പോൺസേഴ്സിന്റെ താത്പര്യത്തിൽ എപ്പിസോഡുകളിലേക്ക് വളർന്നു. വളരെ സീരിയസായ ഒരു കഥയിലെ ഏക റിലീഫ് ഹ്യൂമർ ക്യാരക്ടർ ചെറിയാനാണ് എന്നായിരുന്നു സ്പോൺസേഴ്സ് പറഞ്ഞത്.
ഒരർത്ഥത്തിൽ ക്യാമറയ്ക്കു മുന്നിൽ പകപ്പില്ലാതെ നിൽക്കാൻ എന്നെ പ്രാപ്തനാക്കിയത് ജൂഡും പി.എഫും തന്നെയാണ്. ജീവിതത്തിന്റെ വഴികൾ മാറിമറിയുന്നതിനു ചിലർ നിമിത്തമാവും എന്നു പറയുന്നത് യാഥാർത്ഥ്യം. ഒരുവന്റെ ജീവിതം അവൻപോലുമറിയാതെ നീങ്ങുന്നു എന്നു പറയുന്നതും സത്യം. ആഗ്രഹങ്ങളുടെ തുടർച്ചയാണത്. സിനിമയെന്ന അദ്ഭുതത്തിന്റെ പ്രകാശവാതിൽ തുറക്കുന്നതും കാത്തിരിക്കുന്ന അസംഖ്യം ആത്മാക്കളുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. കഥയുടെ ദർശനത്തിന്റെ വിസ്മയപഥങ്ങളിൽ സഞ്ചരിച്ച് ചിലർ മാത്രം കടന്നുകയറുന്ന ഒരു കോട്ട. സൂചകഫലകങ്ങളുടെ അടയാളങ്ങളെ വിശ്വസിച്ച് ഒരു യാത്ര. പി.എഫ്. എന്റെ യാത്രയുടെ ആദ്യ അടയാളമായിരുന്നു. അത് ജൂഡിലേക്ക് നയിച്ചു. ആ ജൂഡ് ബേബിയേട്ടനിലേക്കും, അവിടെനിന്നു മലയാളത്തിന്റെ മഹാനടനായ ഭരത് ഗോപി സാറിലേക്കും. യമനം ഷൂട്ട് തുടങ്ങുന്നതിന്റെ രണ്ടുദിവസം മുന്നെ ജൂഡ് വിളിച്ചു പറഞ്ഞു: ''ഗോപിയേട്ടന്റെ ഒരു സിനിമ തുടങ്ങുന്നുണ്ട്. ബേബി വിളിക്കും. മധുവിനു പറ്റുമെങ്കിൽ അറ്റൻഡ് ചെയ്യണം.''
രേഖയെ ആശുപത്രിയിൽ കൊണ്ടുപോയി കാണിച്ച ഒരു വൈകുന്നേരം, ബേബിയേട്ടൻ പറഞ്ഞ മാൻഹാട്ടൻ ഹോട്ടലിൽ എത്തി.
''ജൂഡിനോട് ഞാനാ പറഞ്ഞത്. ഇവിടെ കൂടെയുള്ളവർ ആദ്യായിട്ടാ ഒരു സിനിമയ്ക്ക് വർക്ക് ചെയ്യുന്നത്. പിന്നെ അവരെ എനിക്ക് പരിചയവും ഇല്ല. നീയാവുമ്പോ എനിക്കൊരു സമാധാനവുമുണ്ട്. അപ്പോ കൂടെ നിക്കാലോ? നിനക്ക് ഗോപിയേട്ടനെ പരിചയമുണ്ടോ?''
''ദൂരേന്ന് കണ്ടിട്ടുണ്ട്.''
നേരെ ഗോപി സാറിന്റെ മുറിയിലേക്കായിരുന്നു കൊണ്ടുപോയത്. ഗോപി സാറിനെ ഞാൻ ആദ്യമായി തൊട്ടടുത്ത് കാണുന്നു. സിനിമയെന്ന അദ്ഭുതപ്രപഞ്ചത്തിലെ സൂര്യനായി തിളങ്ങുന്ന അസാധാരണഗോളം. ആ വെളിച്ചത്തിൽ ഞാൻ കണ്ണുമിന്നി നിന്നു. തിരശ്ശീലയിൽ മൗനത്തിന്റെയും ശബ്ദത്തിന്റെയും അകമ്പടിയോടെ കഥാപാത്രങ്ങളായി മാറിയ ഗോപിയേട്ടൻ. കസേരയിൽ, ഇടതു തുടയ്ക്കു മീതെ മലർത്തിവെച്ച ഇടതു കൈപ്പടത്തിൽ മൂക്കുപ്പൊടിയുമായി, വിരലുകൾക്കിടിയിൽ ഒരു തൂവാലയമർത്തിപ്പിടിച്ച്, വലതു കൈവിരലുകൊണ്ട് പൊടിയെടുത്ത് ഒരു പ്രത്യേക ശബ്ദത്തോടെ മൂക്കിൽ വലിച്ച് കർച്ചീഫുകൊണ്ട് മൂക്ക് തുടച്ച് ഗോപിയേട്ടൻ എന്നെ നോക്കി.
''ഇരിക്കൂ.''
ഞാൻ നിന്നു. പിന്നെ ഇരുന്നു.
''മധു വരുമെന്ന് ജൂഡ് പറഞ്ഞിരുന്നു. നാളെ നമ്മൾ ഷൂട്ട് തുടങ്ങും.''
ഞാൻ മൂളി. പിന്നെ ഗോപിയേട്ടനും ബേബിയേട്ടനും നാളെ എടുക്കാൻപോകുന്ന സീനിന്റെ ചില കാര്യങ്ങൾ സംസാരിച്ചു. ഞാൻ ഗോപിയേട്ടനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ഓരോ അനക്കത്തിലും അദ്ഭുതങ്ങൾ. മുമ്പ് കണ്ട മനുഷ്യരിൽനിന്നും വിഭിന്നമായ ഭാവങ്ങൾ. ഓരോ നിമിഷവും സത്യമായി സമീപിക്കുന്നതുപോലെ. കണ്ട സിനിമകളിലൊന്നിലും ഇപ്പോൾ എന്റെ മുന്നിലിരിക്കുന്ന ഈ മനുഷ്യൻ ഇല്ലായിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഓരോ സിനിമയും ഓരോരോ കഥകളായിരുന്നുവല്ലോ. ഓരോ സ്ഥലങ്ങളിൽ വ്യത്യസ്തമായ കാലങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ. അവരുടെ ഭാവവും പ്രതികരണവും വേറിട്ടത്. അവരുടെ ശാരീരികവും മാനസികവുമായ കാഴ്ചകൾ പലത്. വിവിധ ഋതുക്കളിലെ ജീവിതസാഹചര്യങ്ങൾ. സ്വന്തം ശരീരത്തിൽ പരീക്ഷണങ്ങൾ ഒന്നുംതന്നെ നടത്താതെ, ഫാൻസി ഡ്രസ്സുകളുടെ ഏച്ചുകെട്ടലുകളില്ലാതെ മനസ്സിനെയും കഴിവിനെയും മാത്രം ആശ്രയിച്ച് ഒന്ന് ഒന്നിൽനിന്നും വ്യത്യസ്തമാക്കാനായ അപൂർവ്വം ചിലരിൽ മഹാരഥൻ. അതുപോലെയൊരദ്ഭുതം സിനിമയിതുവരെ കണ്ടിട്ടില്ലെന്നു വ്യക്തം.
''മധു, സിനിമയുടെ സ്ക്രീൻപ്ലേ വായ്ച്ചോ?''
''ഇല്ല. വായിക്കാം.''
''നിർബന്ധമായും വായിക്കണം. എങ്കിൽ മാത്രമേ നമ്മളെന്താ ചെയ്യാൻ പോണതെന്ന് മനസ്സിലാവൂ. എന്ത് ചെയ്യുമ്പോഴും അത് മുഴുവനായി പഠിക്കാനായില്ലെങ്കിൽ നമ്മളെവിടേം എത്തില്ല. അറിയില്ലെങ്കിൽ അതറിയുന്നവരോട് ചോദിച്ച് മനസ്സിലാക്കണം.''
ഇന്ത്യയിലെ അദ്ഭുതങ്ങളോടൊപ്പമുള്ള സഹവാസം, കൊടുക്കൽ വാങ്ങലുകൾ, ആ കടലിലെ ഒരു തുള്ളി ഞാൻ അനുഭവിക്കുകയായിരുന്നു.
''ന്നാ, നാളെ കാണാം.''
ഞാനെഴുന്നേറ്റു.
''മധു എവിടാ താമസിക്കുന്നത്?''
''ഞാൻ ശാസ്തമംഗലത്ത്.''
''ഇവിടെ താമസിക്കൂ. ദിവസവും വീട്ടിൽ പോകണമെന്ന് നിർബ്ബന്ധമുണ്ടോ?''
''വൈഫ് പ്രഗ്നന്റാണ്.''
''ന്നാ, ബേബിയുമായി ആലോചിച്ച് ചെയ്യൂ.''
ആ രാത്രി ഒരുപാടു നേരം ഞാൻ വിജയേട്ടന്റെ മുറിയിൽ ഇരുന്നു. പിറ്റേന്ന് തുടങ്ങാൻപോകുന്ന യമനം സിനിമയുടെ തിരക്കഥ വായിച്ചു. അത് ഷൂട്ട് ചെയ്യുന്ന ലൊക്കേഷനെക്കുറിച്ച് സംസാരിച്ചു. നികുഞ്ജം കൃഷ്ണൻ നായരുടെ പാച്ചല്ലൂരിലുള്ള വീടാണ് എന്ന് വിജയേട്ടൻ പറഞ്ഞു.
''ആ വീട്ടിലാ പത്മരാജൻ കരിയിലക്കാറ്റുപോലെ എന്ന സിനിമ ചെയ്തത്.''
''അതിലെ ഏതു വീടാ?''
''മമ്മൂട്ടി മരിച്ചുകിടക്കണ വീടില്ലേ. അതാ നമ്മള് അർച്ചനേടെ വീടായിട്ട് ഷൂട്ടു ചെയ്യണത്.''
വായിച്ചുകഴിഞ്ഞപ്പോൾ ബേബിയേട്ടന്റെ മുന്നിലേക്ക് സ്ക്രിപ്റ്റ് വെച്ചു.
''എങ്ങനെയുണ്ട്?''
''ഇതിന്റെ നോവൽ ഞാൻ വായിച്ചിട്ടുണ്ട്. ജോർജ് ഓണക്കൂറിന്റെ കാമന എന്ന നോവലാണിത്. ഫീലുണ്ട്. അർച്ചനയ്ക്ക് ചെയ്യാൻ പറ്റും. വീൽചെയറിലിരുന്നു മാത്രം അഭിനയിക്കുമ്പോ അതിന്റെ ഒരു ഫീലു കൊണ്ടുവരാൻ അവർക്കാവും.''
വിജയേട്ടന്റെ ഒരു ഫ്രണ്ട് കൊണ്ടുവന്നു കൊടുത്ത മിലിട്ടറി സാധനത്തിന്റെ അവസാനതുള്ളിയും തീർന്നപ്പോൾ ഒരു കാറു വിളിച്ച് എന്നെ കയറ്റിവിട്ടു.
''രാവിലെ ഇങ്ങട്ട് പോന്നോളൂ. താമസത്തിന്റെ കാര്യം തീരുമാനിക്കണവരെ വണ്ടി വിടാം. ഗുഡ്നൈറ്റ്.''
വീടെത്തിയപ്പോൾ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു. രേഖയായിരുന്നു വാതിൽ തുറന്നത്. അവൾ തീർത്തും അവശയായിരുന്നു. മുറിയിലേക്ക് നടക്കുമ്പോൾ അവൾ ചോദിച്ചു, ''വല്ലതും കഴിച്ചിരുന്നോ?''
ഒരു മൂളലിലൊതുക്കി കട്ടിലിൽ വീണത് ഒട്ടും ഓർമയില്ല. ഉറക്കത്തിൽ ശരീരം ഒരു പുഴയിലൂടെ ഒഴുകുന്നതുപോലെ. ദേഹം മുഴുവനും തണുപ്പു കയറുന്നു. ആഴത്തിലേക്ക് ആണ്ടുപോകുന്നതുപോലെ. ഞെട്ടിയേഴുന്നേറ്റ് ലൈറ്റിട്ടു. തൊട്ടരികിൽ രേഖ തീർത്തും അവശയായി കിടക്കുന്നു. അവൾ തളർന്നിരിക്കുന്നു. അവളുടെ വീർത്ത വയർ ശൂന്യമായിരിക്കുന്നു. അത് ഒട്ടിപ്പോയതുപോലെ. കിടക്ക മുഴുവനും നനഞ്ഞിരിക്കുന്നു. ഞാൻ അവളെ വിളിച്ചു. അവൾക്ക് എഴുന്നേൽക്കാൻപോലും ആവുന്നില്ല. എന്റെ തല വെട്ടിപ്പിളർന്ന ഒരു നിമിഷം. എന്തു ചെയ്യണമെന്നറിയാതെ ഞാൻ വാതിൽ തുറന്ന് ഞങ്ങളുടെ വീട്ടുടമസ്ഥയെ വിളിച്ചു. അവർ തൊട്ടടുത്തുതന്നെയാണ് താമസിക്കുന്നത്. എന്റെ വിളി കേട്ട് അവർ വേഗം വന്നു നോക്കി.
''മധൂ, ഒരു കാറു വിളിക്ക്.''
അതൊരലർച്ചയായിരുന്നു.
താങ്ങിപ്പിടിച്ച് അവളെ കാറിലേക്ക് കയറ്റിയതും ആശുപത്രിയിൽ എത്തിയതും നേഴ്സുമാർ അവളെ കൊണ്ടുപോയതും ലേബർ റൂമിന്റെ മുന്നിലെ കസേരയിൽ ഇരുന്നതും ഒന്നും എനിക്ക് ഓർമയില്ല. എന്തോ സംഭവിക്കുന്നു എന്നുമാത്രം ഞാനറിഞ്ഞു. എന്തിനും കൂട്ടായി എന്റെ വീട്ടുടമസ്ഥയുണ്ടായിരുന്നു. ആശുപത്രിയിലെ സ്പീക്കറുകൾ സംസാരിക്കുന്നതു മാത്രം എന്റെ ചെവിയിൽ മുഴങ്ങി. ആറുമണി കഴിഞ്ഞപ്പോൾ അവൾ അമ്മയായി. ഞാൻ അച്ഛനും.
രാവിലെ ആശുപത്രിയിൽനിന്നാണ് ലൊക്കേഷനിലേക്ക് പോയത്. ചെന്നപാടെ ഞാൻ ഗോപിയേട്ടനെ കണ്ടു.
''രേഖ പ്രസവിച്ചു. പെൺകുട്ടി. ഞാൻ അച്ഛനായി.''
എന്റെ ജീവിതം തുടങ്ങുകയാണ്, ഒരു ദിവസം രണ്ടു പദവികൾ ഏറ്റെടുത്തുകൊണ്ട്. ചിലർ വരുന്നത്, പരിചയപ്പെടുന്നത്, നിത്യമായ സൗഹൃദമാകുന്നത് ഒക്കെ ഓരോ ജീവിതവും ആടിത്തീർക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ്. സമയമെന്നു പറഞ്ഞ് നാമതിനെ കണക്കിന്റെ വൃത്തത്തിലാക്കുന്നു. ഓരോ സൂചിനീക്കങ്ങളിലും അനവധി വഴികളിലൂടെ ഒഴുകുന്ന ഒരു മഹാനദിയുടെ പ്രയാണമുണ്ട്. ഒരിക്കലും തിരിച്ചുകിട്ടാത്ത സമയത്തിന്റെ കഥയുണ്ട്.
ഷൂട്ട് തുടങ്ങിയപ്പോൾ എനിക്കാദ്യം കിട്ടിയ സ്നേഹം വേണുവേട്ടനായിരുന്നു. എഡിറ്റർ വേണുഗോപാൽ. ഷൂട്ട് തുടങ്ങിയിട്ട് കുറച്ചു ദിവസം നിൽക്കാമെന്നു പറഞ്ഞാണ് വന്നത്. ചിത്രാഞ്ജലിയിൽ ചെയ്തുകൊണ്ടിരുന്ന ഒരു വർക്ക് തീർന്നുവെന്നു പറഞ്ഞ് ഗോപിയേട്ടനൊപ്പം നിന്നതാണ്. കുറേ ഷൂട്ടിങ് ലൊക്കേഷനുകളിൽ കാഴ്ചക്കാരനായി നിന്ന ഞാൻ ആദ്യമായി ഒരു സിനിമ രൂപപ്പെടുന്നതിനൊപ്പം നിൽക്കുന്നു. ഷൂട്ട് തുടങ്ങി പത്തുപന്ത്രണ്ടു ദിവസം കഴിഞ്ഞപ്പോൾ ബേബിയേട്ടൻ അസുഖബാധിതനായി. കാലിൽ ഒരാണി കൊണ്ടിരുന്നു. അത് സെപ്റ്റിക് ആയി. ബേബിയേട്ടൻ ലൊക്കേഷനിൽ വരാതെ ഹോട്ടലിൽ കിടന്നു. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞുതന്നു. ലൊക്കേഷനിൽ പിന്നെ എനിക്ക് സഹായമായത് വേണുവേട്ടനായിരുന്നു.
ഷോട്ടുകൾ എടുക്കുമ്പോഴേ അതിന്റെ കട്ടിങ് പോയിന്റ്സ് കൃത്യമായി അറിഞ്ഞ് ചെയ്യാനും, ലുക്കിങ് പൊസിഷൻസ് മനസ്സിലാക്കി പറയുവാനും, അടുത്ത ദിവസങ്ങളിലേക്കുള്ള ചാർട്ടുകൾ ആർട്ട് ഡിപ്പാർട്ട്മെന്റിനും മേക്കപ്പ്മാനും പ്രൊഡക്ഷനും കൊടുക്കാനുമൊക്കെ വേണുവേട്ടൻ സഹായമായി. ഒന്നും തെറ്റാതെ സൂക്ഷ്മതയോടെ ചെയ്യാൻ ഞാൻ പഠിക്കുകയായിരുന്നു. ഗോപിയേട്ടന്റെ ഒരു ബന്ധുകൂടിയായ സുരേഷ് ആയിരുന്നു ആ സിനിമയുടെ ക്യാമറാമാൻ. അദ്ദേഹത്തിന്റെയും ആദ്യ സിനിമയായിരുന്നു യമനം. ബേബിയേട്ടൻ ഇല്ലാതെയായപ്പോൾ എനിക്ക് സഹായമായി കൂടെയുണ്ടായിരുന്നത് ദേവനും സുരേഷും, പിന്നെ കലാപ്രേമി എന്ന പത്രത്തിന്റെ എഡിറ്ററുമായ ഹമീദ് സാറുമായിരുന്നു. ദേവൻ പ്രശസ്ത ചിത്രകാരൻ നമ്പൂതിരി മാഷിന്റെ മകൻ, സുരേഷ് ഒരു പത്രറിപ്പോർട്ടർ, ഹമീദ് സാറാണെങ്കിൽ ഗോപിയേട്ടന്റെ ഒപ്പം പ്രായമുള്ള ഗോപിയേട്ടന്റെ സുഹൃത്ത്. അവരുടെയെല്ലാം ആദ്യ സിനിമാപ്രവർത്തനം. സിനിമ കാണാറുണ്ട്. എന്നാൽ, സിനിമയുടെ പിന്നണിയിൽ ആദ്യമാണ്. യമനത്തിന്റെ ലൊക്കേഷനായ പാച്ചല്ലൂരിലെ വീട്ടിൽ എന്നും വൈകുന്നേരം ഷാജി എൻ. കരുൺ സാറും ലെനിൻ രാജേന്ദ്രനും വരുമായിരുന്നു. ഒരുപാടു മനുഷ്യരുമായുള്ള പരിചയത്തിന്റെയും സ്നേഹത്തിന്റെയും ഒരുമയുടെയും വെളിച്ചം ലഭിച്ചയിടം.
ആ സിനിമയുടെ ആർട്ട് ഡയറക്ടർ രാജീവ് അഞ്ചലായിരുന്നു. ആ മനുഷ്യനോടടുത്തത് എന്റെ ജീവിതത്തിന്റെ മറ്റൊരധ്യായത്തിന്റെ ആരംഭമാണ്. 'ശരറാന്തലി'ൽ ഉണ്ടായിരുന്ന രാമചന്ദ്രൻ ഈ സിനിമയിലും അഭിനയിച്ചു. ശരറാന്തൽ നോവൽ എഴുതിയ പി. ആർ. ശ്യാമളയുടെ ബന്ധുവായ പ്രശസ്ത നടൻ ഗണേശനും സീരിയലിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു, അദ്ദേഹവും യമനത്തിൽ ഉണ്ടായിരുന്നു. ശാന്താദേവി എന്ന അനുഗ്രഹീത അഭിനേത്രി യമനത്തിൽ അർച്ചനയുടെ കഥാപാത്രത്തിന്റെ അമ്മയായി അഭിനയിച്ചു. അവരോട് സംസാരിക്കുമ്പോൾ അറിയാതെ എനിക്കെന്റെ കോഴിക്കോടൻ സ്ലാങ് വരുമായിരുന്നു. അതുകേട്ട ഒരു ദിവസം ഗോപിയേട്ടൻ എന്നെ വിളിച്ചു പറഞ്ഞു: ''മധൂ, അവരെ ഡയലോഗ് പഠിപ്പിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ സംസാരഭാഷയിൽ പറയിപ്പിക്കണ്ട. സ്ക്രിപ്റ്റിൽ ഉള്ളപോലെ പറഞ്ഞുകൊടുത്താൽ മതി.'' ശാന്തച്ചേച്ചിക്ക് ആ സിനിമയിലൂടെ മികച്ച സഹനടിക്കുള്ള ദേശീയാംഗീകാരം കിട്ടി. സിനിമയ്ക്ക്, മികച്ച സാമൂഹികപ്രസക്തിയുള്ള കഥാചിത്രം എന്ന പുരസ്കാരവും.
ഷൂട്ട് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ തുടങ്ങിയപ്പോൾ വേണുവേട്ടനും വിജയേട്ടനും ഞാനും മാത്രമായി. ഓരോ വൈകുന്നേരങ്ങളിലും ചിത്രാഞ്ജലിയുടെ എഡിറ്റിങ് സ്യൂട്ടിന്റെ വരാന്തയിലും കാന്റീനിലും ആൽമരത്തിന്റെ ചുവട്ടിലുമായി വിജയേട്ടൻ പുതിയ കഥകൾ പറഞ്ഞുകൊണ്ടേയിരുന്നു. അഷറഫിന്റെ കഥ പിന്നെ ഒരു ദിവസം ഗോപിയേട്ടനോടും പറഞ്ഞു. മാടമ്പ് കുഞ്ഞുകുട്ടനും ആ കഥ കേൾക്കാനുണ്ടായിരുന്നു. അതൊരു സിനിമയായി മാറുമെന്നും യമനം കഴിഞ്ഞ് ആ സിനിമ തുടങ്ങുമെന്നും ഞാൻ ആഗ്രഹിച്ചു. ഒരു സിനിമ കഴിഞ്ഞ് അടുത്തത് എന്നും, ഒരു തുടർച്ചപോലെ അദ്ഭുതങ്ങൾ ഉണ്ടാവുമെന്നും പ്രതീക്ഷിച്ചു. ദേവരാജൻ മാസ്റ്റർ പശ്ചാത്തല സംഗീതം ഒരുക്കുമ്പോഴും അതിന്റെ റെക്കോഡിങ് സമയത്തുമൊക്കെ മാടമ്പും വിജയേട്ടന്റെ കഥയിലൂടെ അഷറഫ് എന്ന ഒരു സാധാരണമനുഷ്യന്റെ അസാധാരണമായ ജീവിതം എഴുതുകയായിരുന്നു.
ചിലതൊക്കെ സംഭവിക്കാൻ ഒരു നിമിത്തമോ കാരണമോ ഉണ്ടാവണം. അല്ലെങ്കിൽ ഏതെങ്കിലും ഒരാൾ ഒരു നിയോഗംപോലെ ചിലയിടങ്ങളിൽ എത്തിപ്പെടണം. പിന്നെ അവർ തീരുമാനിക്കുന്ന ഒരു റൂട്ട് മാപ് ഉണ്ടാവണം. ജീവിതത്തിന്റെ ചക്രം ആ വഴിയിലൂടെ സഞ്ചരിക്കണം. ലക്ഷ്യങ്ങൾ സാധൂകരിക്കപ്പെടുന്നത് പ്രപഞ്ചം അതിന്റെ സത്യവും കൃത്യവുമായ സഞ്ചാരപഥം ഒരുക്കുമ്പോഴാണ്. ആഗ്രഹങ്ങൾ ഉണ്ടായതുകൊണ്ടു മാത്രമാവില്ല. അമിതമായി ആഗ്രഹിച്ചാൽ എല്ലാം വിജയത്തിലേക്ക് എത്തപ്പെടുമെന്ന പഴമൊഴി വീണ്ടും ജീവിക്കാനുള്ള പ്രേരണയാണെന്നും അപ്പോഴൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ട്.
യമനം സെൻസർ ചെയ്യാനുള്ള സെൻസർ സ്ക്രിപ്റ്റ് എഴുതാൻ ചിത്രാഞ്ജലിയിലെ എഡിറ്റിങ് സ്യൂട്ടിലിരുന്ന് ഷോട്ടുകളുടെ ഫുട്ടേജ് ടൈം കോഡ് എഴുതിയെടുത്തു. എങ്ങനെയാണ് ഒരു സെൻസർ സ്ക്രിപ്റ്റ് എഴുതേണ്ടതെന്ന് വേണുവേട്ടൻ അവിടെ കണ്ട ഒരു സ്ക്രിപ്റ്റ് എടുത്തുതന്ന് കാണിച്ചു. എല്ലാം ചെയ്താണ് പഠിച്ചത് എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. അതും ഒരർത്ഥത്തിൽ ആർക്കും ലഭിച്ചിട്ടില്ലാത്ത വഴിയാണ്. ഭൂപടം ഉണ്ടെങ്കിലും സ്വയം ഓടിച്ചുപോകണം. സെൻസർ ഓഫീസിൽ ചെന്ന് സ്ക്രിപ്റ്റും ആപ്ലിക്കേഷനും കൊടുത്തു. അവരനുവദിച്ച ദിവസം സെൻസർ ചെയ്തു. കിട്ടിയ സർട്ടിഫിക്കറ്റ് ഷൂട്ട് ചെയ്ത് സിനിമയുടെ ആദ്യം പേസ്റ്റ് ചെയ്ത് പെട്ടിയിലാക്കി ഗോപിയേട്ടന്റെ വീട്ടിലെത്തിയപ്പോൾ ആദ്യം ചോദിച്ചത് മാടമ്പ് എഴുതിയ തിരക്കഥ എന്നാണ് തുടങ്ങുന്നത് എന്നായിരുന്നു.
''അത് സാധിക്കില്ല.''
എന്തുകൊണ്ട് എന്നറിയാനായി ഇരുന്നു. ഗോപിയേട്ടൻ മൂക്കുപ്പൊടി വലിച്ച് ഒന്നും പറയാതെ വന്ന ഫോണുകൾക്ക് മറുപടി കൊടുത്ത് വീട്ടിലെ ജോലിക്കാരി അമ്മയോട് ചായ കൊണ്ടുവരാൻ പറഞ്ഞ് മൗനിയായി. ചായ കുടിച്ച് കഴിഞ്ഞപ്പോൾ ഗോപിയേട്ടൻ ചോദിച്ചു, ''ഇനിയെന്താ പരിപാടി?''
''ഒന്നുമായില്ല.''
''ഞാനൊരു സ്ക്രിപ്റ്റ് എഴുതാൻ പ്ലാൻ ഉണ്ട്. ഗൾഫിൽ ജോലികിട്ടി അവധിക്ക് വന്ന് കല്യാണം കഴിച്ച് ഭാര്യമാരെ നാട്ടിൽത്തന്നെ തനിച്ചാക്കി പോകുന്നവരുടെ കൂട്ടത്തിലെ ഒരു പെണ്ണിന്റെ ജീവിതം. കഥ ഞാൻ പറയാം. എഴുതാൻ കൂടെയിരിക്ക്.''
ഞാൻ സന്തോഷിച്ചു. അടുത്ത ഒരു സിനിമ ഉണ്ടാവുന്നു. ആ നിമിഷം ഗോപിയേട്ടന്റെ ഭാര്യ ഓഫീസ് വിട്ട് വീട്ടിലേക്ക് കയറിവന്നു. ഗോപിയേട്ടൻ അവരെയൊന്ന് നോക്കി. ''മധു എപ്പോ വന്നു'' എന്ന് ചോദിച്ചുകൊണ്ട് അവരകത്തേക്കു പോയി.
''എപ്പഴാ എഴുതാൻ വരണ്ടത്?''
''രേഖയും കുഞ്ഞും വീട്ടിലേക്ക് വന്നോ? ആരുണ്ട് കൂടെ?''
''വന്നു. എന്റെ അമ്മയും അച്ഛനും കൂടെയുണ്ട്.''
''നന്നായി. ഞാൻ വിളിക്കാം. അപ്പൊ വന്നാ മതി.''
''വീട്ടിൽ ഫോൺ ആയിട്ടില്ല. ലെനിൻ സാറിനോട് പറഞ്ഞാ മതി. സാറിനെ ഞാൻ കാണാറുണ്ട്.''
''ലെനിന്റെ വീടിനടുത്താണോ താമസം?''
''അല്ല, കലാഭവന്റെ പിന്നിലാ വീട്. ലെനിൻ സാർ ഓഫീസീന്നിറങ്ങുമ്പൊ വൈകുന്നേരം ഞങ്ങളിരിക്കാറുള്ള കോഫീഷോപ്പിൽ കാണാറുണ്ട്.''
ജയച്ചേച്ചി ഒരു കവറുമായി അന്നേരം ഞങ്ങളിരിക്കുന്നിടത്തേക്ക് വന്നു. കവർ സാറിനു നേരേ നീട്ടി.
''അങ്ങോട്ട് കൊടുക്ക്.''
''മധു ഈ സിനിമയിൽ ജോലി ചെയ്തതല്ലേ. ഒന്നും വാങ്ങിച്ചിട്ടില്ലല്ലോ'' എന്ന് എനിക്ക് കവർ തരുമ്പോൾ ജയച്ചേച്ചി പറഞ്ഞു. ഞാൻ കവർ വാങ്ങി എഴുന്നേറ്റു.
''ഞാൻ വരാം.''
ഗോപിയേട്ടൻ ഡ്രൈവറെ വിളിച്ചു. എന്നിട്ട് പറഞ്ഞു, ''അയാളുകൂടി വീടൊന്ന് കണ്ടിരുന്നോട്ടെ. ഫോൺ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ കാറയയ്ക്കാമല്ലോ.''
കാറിലിരുന്നാണ് ഞാൻ കവർ പതുക്കെ തുറന്നുനോക്കിയത്. ഞാൻ കവർ തുറന്ന് നോക്കുന്നത് ഡ്രൈവർ കാണരുതെന്നു കരുതി എൻവലപ്പിന്റെ ടോപ്പ് മാത്രം അകത്തി ഉള്ളിൽ എത്ര രൂപയുണ്ടെന്നറിയാൻ ശ്രമിച്ചു. നൂറിന്റെ രണ്ട് കെട്ടുകൾ. ജീവിതത്തിലെ പുതിയ ജോലിയിലെ പുതിയ വേതനം.
പിന്നെ പല തവണ അപ്പുവേട്ടൻ കാറുമായി വന്നു. പല പകലുകളിലും ഗോപിയേട്ടനൊപ്പം ഇരുന്നു. തിരക്കഥ പല വഴികളിലൂടെ അതിന്റെ ദൃശ്യങ്ങൾ കണ്ടു. ഈ സമയത്തുതന്നെ ഒരു ദിവസം ചിത്രാഞ്ജലിയിൽനിന്നും വേണുവേട്ടനെ കണ്ടു. മൂപ്പര് ടി.കെ. രാജീവ്കുമാറിന്റെ ഒറ്റയാൾ പട്ടാളം എന്ന സിനിമയുടെ എഡിറ്റിങ്ങിനു വന്നതായിരുന്നു. എന്റെ വൈകുന്നേരങ്ങൾ പിന്നെ അദ്ദേഹത്തിനൊപ്പമായി. ഗോപിയേട്ടൻ എഴുതുന്ന തിരക്കഥയും, വിജയേട്ടൻ പറഞ്ഞ കഥകളും, ടി.വി. ചന്ദ്രേട്ടൻ ചെയ്യാൻ പോകുന്ന മമ്മൂട്ടി സിനിമയുടെ കാര്യങ്ങളുമൊക്കെ പറഞ്ഞുപോകുന്ന ഒരു രാത്രിയിൽ ഞങ്ങൾ ശ്രീകുമാർ തിയേറ്ററിൽ ധനം കാണാൻ കയറി. ആ സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ സിനിമയിൽ നാസറിന്റെ അനിയനായി അഭിനയിച്ച കണ്ണനോടൊപ്പം രാജീവ് അഞ്ചലിനെ കണ്ടു. കണ്ടപാടെ എന്റെ അടുത്ത പരിപാടികളെക്കുറിച്ചാണ് ചോദിച്ചത്. ഒന്നുമായിട്ടില്ലാത്ത ഞാൻ എന്ത് പറയാൻ. കുറേ സ്വപ്നങ്ങൾ സത്യമാകുമെന്ന് വിശ്വസിക്കുന്നു.
''ഒന്നുമായിട്ടില്ലെങ്കിൽ കൂടെ വരുന്നോ? ഞാൻ ഒരു സിനിമ തുടങ്ങാൻ പോകുന്നു. മോഹൻലാൽ ആണ്. ഫ്രീ ആണെങ്കിൽ വരൂ. പി. ബാലചന്ദ്രൻ ആണ് സ്ക്രിപ്റ്റ്. കൂടെ ഇരിക്കാം.''
ഗോപിയേട്ടന്റെ എഴുത്തിനൊപ്പമുള്ള കാര്യം ഞാൻ പറഞ്ഞു.
ഒരു പൂവ് വിടരുന്നതുപോലെ എത്ര അയത്നലളിതമായാണ് വഴികൾ തെളിയുന്നത്.
Content Highlights: Experience the magic of Malayalam cinema through personal stories, early struggles, and encounters with legendary figures like Bharat Gopi.
Published: 19 Feb 2026, 10:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented