ആടുജീവിതം: നോക്കിനില്‍ക്കേ പിടിവിട്ട് ഉയരങ്ങളിലേക്കെത്തി, സിനിമയെന്നത് വലിയ ഭാരം- ബെന്യാമിന്‍


ബെന്യാമിന്‍

ലോകത്തെ പല ബെസ്റ്റ് സെല്ലറുകളും പിന്നീട് സിനിമയായപ്പോള്‍ വലിയ പരാജയങ്ങളായി മാറിയതിന്റെ ഉദാഹരണങ്ങള്‍ നമുക്കു മുമ്പിലുണ്ടല്ലോ. അതു സംഭവിക്കാതിരിക്കണമെങ്കില്‍ വലിയ മുന്‍കരുതലുകള്‍ ആവശ്യമാണ്.

ബെന്യാമിൻ

ബെന്യാമിന്റെ ഏറ്റവും പുതിയ പുസ്തകമായ 'ഏതൊരു മനുഷ്യന്റെയും ജീവിതം' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തകത്തില്‍ നിന്നും ആടുജീവിതം എന്ന നോവലിനെക്കുറിച്ച് എഴുതിയത് വായിക്കാം.

ടുജീവിതത്തിനു മുമ്പും പിമ്പുമെന്ന് വേണമെങ്കില്‍ എന്റെ ജീവിതത്തെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കാമെന്നു തോന്നുന്നു. ഗള്‍ഫ് ജീവിതം എന്നെ എങ്ങനെ മാറ്റിമറിച്ചോ, അതുപോലെത്തന്നെ ആടുജീവിതവും എന്നെ മാറ്റിമറിച്ചുവെന്നുള്ളതാണ്. ആടുജീവിതത്തിനു ശേഷമുള്ള എനിക്ക് പഴയ ഞാനായിരിക്കാന്‍ സാദ്ധ്യമല്ല എന്നുള്ളതാണ്. ആടുജീവിതത്തിന്റെ പ്രസിദ്ധീകരണത്തെക്കുറിച്ചു പറയുമ്പോള്‍ വളരെ കൗതുകമുള്ള കാര്യമാണ്. ഞാന്‍ പറഞ്ഞല്ലോ, അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍ എഴുതുന്നു. അത് വാരിക സ്വീകരിക്കുന്നു. ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചുവരുന്നു. അബീശഗിന്‍ എഴുതുന്നു. അത് വാരികയില്‍ ഖണ്ഡശ്ശയായി രണ്ടു ലക്കങ്ങള്‍ പിന്നിടുന്നു. കഥകള്‍ പലതും വാരികകളില്‍ പ്രാധാന്യത്തോടെ അച്ചടിച്ചുവരുന്നു. പുരസ്‌കാരങ്ങള്‍ ലഭിക്കുന്നു.

ആ ഒരു ബലത്തിലാണ് ഞാന്‍ മലയാളത്തിലെ ഒരു പ്രശസ്ത നോവല്‍ മത്സരത്തിന് ആടുജീവിതം അയച്ചുകൊടുക്കുന്നത്. വായിച്ചിട്ട് നമുക്ക് തൃപ്തി തോന്നിയൊരു കൃതി എന്ന നിലയിലാണത്. പക്ഷേ, നോവല്‍മത്സരത്തില്‍ ആ നോവലിന് ഒരു പ്രോത്സാഹനസമ്മാനംപോലും കിട്ടിയില്ല. അതിനുശേഷം മലയാളത്തിലെ ഒരു പ്രമുഖ വാരികയിലേക്ക് ആ നോവല്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കാനായി അയച്ചുകൊടുത്തു. അതും സ്വീകരിക്കപ്പെട്ടില്ല എന്ന ഘട്ടത്തില്‍ എനിക്കു വലിയ നിരാശയുണ്ടായി. ഈ നോവല്‍ ആരാലും സ്വീകരിക്കപ്പെടില്ലേ എന്നൊരു തോന്നല്‍. അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍, അബീശഗിന്‍, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം എന്നിവയൊക്കെ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചത്. അതുകൊണ്ടുതന്നെ ഡി സിയിലേക്ക് ഈ പുസ്തകം അയയ്ക്കാന്‍ എനിക്കു മടിയുണ്ടായിരുന്നു. അവിടന്നുകൂടി തിരസ്‌കരിക്കപ്പെട്ടാല്‍ എന്റെ എഴുത്തുജീവിതം ഏതാണ്ട് അവസാനിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് എനിക്കു തോന്നി. ഏതൊരു ഘട്ടത്തില്‍വെച്ച് എഴുത്ത് അവസാനിപ്പിക്കാന്‍ തോന്നിയാലും അടുത്ത ഘട്ടത്തില്‍ത്തന്നെ പുതിയൊരു അവസരവുമായി അത് എന്നെ തിരികെ വിളിക്കുന്നതായാണ് അനുഭവം.

ആടുജീവിതം ഇങ്ങനെ തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ഇനി എഴുത്തൊക്കെ നിര്‍ത്താം, മതി എന്നൊരു തോന്നല്‍. ആ സമയത്താണ് ഗ്രീന്‍ ബുക്സിലെ എഡിറ്റര്‍ സ്നേഹ എന്നെ വിളിക്കുന്നത്. അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍, മാധ്യമം വാരികയില്‍ വരുന്നതു കണ്ടിട്ട് ആ നോവല്‍ അവര്‍ക്ക് പ്രസിദ്ധീകരിക്കാനായി നല്‍കാമോ എന്ന് അന്വേഷിക്കാന്‍ വിളിച്ചതാണ്. 'ഇതു ഞാന്‍ ഡി സി ബുക്സിനു നല്‍കാനായി കമ്മിറ്റഡായതാണ്. ഇനി എഴുതുന്ന നോവല്‍ എന്തായാലും നിങ്ങള്‍ക്കു തരാം' എന്നു പറഞ്ഞു. അത് ഏതു നോവലാണെന്നൊന്നും അറിഞ്ഞുകൂടാ. എഴുതുന്ന കാലത്ത് തീര്‍ച്ചയായും നിങ്ങള്‍ക്കു തരാമെന്നു പറഞ്ഞു. രണ്ടു തിരസ്‌കാരങ്ങള്‍ കഴിഞ്ഞ് നിരാശ തോന്നിയപ്പോള്‍ പിന്നെയൊന്നും ആലോചിച്ചില്ല, ഞാന്‍ ആടുജീവിതം ഗ്രീന്‍ ബുക്സിന് അയച്ചുകൊടുത്തു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗ്രീന്‍ ബുക്സില്‍നിന്നു മറുപടി വന്നു. ഞങ്ങള്‍ ഇത് ഉടനെ പ്രസിദ്ധീകരിക്കാന്‍ പോവുകയാണ്. കവര്‍ വരയ്ക്കാന്‍ ഷെരീഫിനെ ഏല്‍പ്പിച്ചുകഴിഞ്ഞു എന്ന്. ഗ്രീന്‍ ബുക്സിലെ സ്നേഹയും കൃഷ്ണദാസ് സാറുമാണ് സാഹിത്യലോകത്തെ ആടുജീവിതത്തിന്റെ ആദ്യ വായനക്കാര്‍. അടുത്തു പരിചയമുള്ള ഒന്നുരണ്ടു സുഹൃത്തുക്കള്‍ അതിനു മുമ്പേ വായിച്ചിരുന്നു. അവര്‍ നല്‍കിയ പ്രോത്സാഹനവും പിന്തുണയുമാണ് ആ പുസ്തകത്തെ മുന്നോട്ടു നയിച്ചത്.

ഷെരീഫിന്റെ ആകുലതയെ അസ്ഥാനത്താക്കിക്കൊണ്ട് പതിയപ്പതിയെ വായനക്കാര്‍ ആ പുസ്തകത്തെ ഏറ്റെടുക്കുന്നത് ഞാന്‍ കണ്ടു. അന്ന് അത്രയൊന്നും പ്രശസ്തമല്ലാതിരുന്ന ഒരു പ്രസാധനശാലയാണ് അതു പ്രസിദ്ധീകരിച്ചത്. നിരൂപകരുടെ പ്രശംസയും കവറില്‍ ഉണ്ടായിരുന്നില്ല. ഒരു വാരികയിലും അതിന്റെ നിരൂപണങ്ങളൊന്നും വന്നില്ല. ഒരു വായനക്കാരന്‍ മറ്റൊരു വായനക്കാരനോട് പറഞ്ഞുപറഞ്ഞ്, മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രശസ്തമായി വന്നതാണ് ആടുജീവിതം. ഇതൊന്നും ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ മഹിമ പറയുകയാണെന്നു വിചാരിക്കരുത്. സാഹിത്യത്തെ ഇഷ്ടപ്പെടുന്നയാള്‍ ഒരു പുസ്തകത്തെ വളരെ അകന്നുനിന്ന് നോക്കുമ്പോള്‍ ഉണ്ടാകുന്ന കൗതുകങ്ങളായി മാത്രം കരുതിയാല്‍ മതി. ആരും പറയാതെ, ആരുടെയും പിന്തുണയില്ലാതെ ഒരു പുസ്തകം എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്നു ചോദിച്ചാല്‍, വായനക്കാരന് അവനവന്റെ ഇഷ്ടങ്ങളുണ്ടെന്നും അതിനെ ഒരു നിരൂപകനും ഒരു വാരികയ്ക്കും ഒരു പത്രാധിപര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ല എന്നുമുള്ളതിന്റെ ഒരു ഉദാഹരണമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്.

അത് പതിയെ അബൂദാബി ശക്തി അവാര്‍ഡിന് അര്‍ഹമാകുന്നു. വായനാലോകത്ത് അത് ചര്‍ച്ചചെയ്യപ്പെടുന്നു. കുട്ടികള്‍ക്കുള്ള വായനാമത്സരത്തില്‍ യാദൃച്ഛികമായി ഉള്‍പ്പെടുന്നു. കുട്ടികള്‍ അതു വായിക്കുന്നതോടെ അവരുടെ മാതാപിതാക്കള്‍ അതു വായിക്കുന്നു. അവര്‍ അടുത്ത സുഹൃത്തുക്കളോടു പറയുന്നു. അങ്ങനെയങ്ങനെയാണ് അതു മുന്നോട്ടുവരുന്നത്. പിന്നെ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ 2009ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനര്‍ഹമായി. അപ്പോഴാണ് പത്താം ക്ലാസിലെ ഒരു പാഠപുസ്തകത്തില്‍ അതിന്റെ ഒരു ഭാഗം ഉള്‍പ്പെടുത്തുന്നത്. അതും പുസ്തകത്തിന്റെ വന്‍തോതിലുള്ള പ്രചാരത്തിനു കാരണമായി. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ചെറിയൊരു പാഠഭാഗം വായിച്ച് നിരവധി കുട്ടികള്‍ പുസ്തകം വാങ്ങി വായിക്കുകയും അവര്‍ക്ക് ഇഷ്ടമായെന്നു പറഞ്ഞ് കത്തയയ്ക്കുകയും ചെയ്തു. അതിനുശേഷം വിവിധ യൂണിവേഴ്സിറ്റികളില്‍ അത് പാഠപുസ്തകമായി. അങ്ങനെ പതിയപ്പതിയെ നമ്മുടെ കണ്മുന്നില്‍വെച്ച് ആ പുസ്തകം നിരവധി എഡിഷനുകളിലേക്കു വളര്‍ന്നു.

പിന്നീട് വിവിധ ഭാഷകളില്‍, എട്ടോ ഒമ്പതോ ഭാഷകളില്‍ ആടുജീവിതത്തിനു പരിഭാഷകള്‍ വന്നു. ആദ്യമായി പരിഭാഷ വരുന്നത് ഇംഗ്ലീഷിലേക്കാണ്. എന്റെയൊരു സുഹൃത്ത് അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ചപ്പോള്‍ ആരാണ് പരിഭാഷപ്പെടുത്തുക എന്നു ഞങ്ങള്‍ ആലോചിച്ചു. എനിക്ക് ഇംഗ്ലീഷ് പ്രസാധകരെയോ പരിഭാഷകരെയോ ആരെയും പരിചയമില്ല. ഇവരുമായി എങ്ങനെ ബന്ധപ്പെടാം എന്നും അറിയുമായിരുന്നില്ല.

അങ്ങനെയൊരു ഘട്ടത്തിലാണ് അക്കാദമി പുരസ്‌കാരം വരുന്നത്. ഇതിന്റെ പരിഭാഷ നടത്തിയിട്ടുള്ള ജോസഫ് കുഴിപ്പുള്ളി സാര്‍ എന്നെ വിളിച്ച്, 'ബെന്യാമിന്‍, നിങ്ങളുടെ പുസ്തകം ഞാനൊന്നു പരിഭാഷപ്പെടുത്തിക്കൊള്ളട്ടേ' എന്നു ചോദിച്ചു. അദ്ദേഹം സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് പ്രൊഫസറാണ്. ജെ.എന്‍.യുവിലാണ് അദ്ദേഹം പഠിച്ചത്. അപ്പോഴേക്കും എന്റെ സുഹൃത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രസാധകരായ പെന്‍ഗ്വിനു ഞാന്‍ ഒരു കത്ത് അയച്ചിരുന്നു. 'നിങ്ങള്‍ മൂന്ന് അദ്ധ്യായങ്ങള്‍ പരിഭാഷപ്പെടുത്തി ഞങ്ങള്‍ക്ക് അയച്ചുതരൂ. അത് നോക്കിയിട്ട് ഞങ്ങള്‍ പറയാം' എന്നു പെന്‍ഗ്വിനില്‍നിന്നു മറുപടി വന്നു. അതു പ്രകാരം ബഹ്റൈനിലുള്ള എന്റെയൊരു സുഹൃത്ത് മൂന്ന് അദ്ധ്യായങ്ങള്‍ പരിഭാഷപ്പെടുത്തി അവര്‍ക്കയച്ചുകൊടുത്തു. പക്ഷേ, ആ പരിഭാഷ പരിശോധിച്ച ശേഷം പെന്‍ഗ്വിന്‍ അതു തിരസ്‌കരിക്കുകയാണ് ചെയ്തത്.

അപ്പോഴാണ് ജോസഫ് കുഴിപ്പുള്ളി സാറിന്റെ ഫോണ്‍ വരുന്നത്. അപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഇങ്ങനെയൊരു കാര്യമുണ്ട്. സാറൊരു കാര്യം ചെയ്യൂ. സാര്‍ മൂന്നു ചാപ്റ്റര്‍ പരിഭാഷപ്പെടുത്തി പെന്‍ഗ്വിന് അയച്ചുകൊടുക്കാമോ? അവര്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ നമുക്ക് അതുമായി മുന്നോട്ടുപോകാം.' അദ്ദേഹം ഉടനെ മൂന്ന് അദ്ധ്യായങ്ങള്‍ പരിഭാഷപ്പെടുത്തി അയച്ചുകൊടുത്തു. അദ്ദേഹത്തിന്റെ പരിഭാഷ പെന്‍ഗ്വിന് വളരെ ഇഷ്ടപ്പെടുകയും അവര്‍ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു.

ആ ഇംഗ്ലീഷ് പരിഭാഷ വലിയ റീച്ചിനു കാരണമായിട്ടുണ്ട്. അത് മാന്‍ ഏഷ്യന്‍ ലിറ്ററേച്ചര്‍ പ്രൈസിന്റെ ഷോര്‍ട്ട് ലിസ്റ്റില്‍ വന്നു. ഏഷ്യയിലെതന്നെ ഏറ്റവും മികച്ച പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്ന മത്സരമായ ഡി.എസ്.സി. പ്രൈസ് ഫോര്‍ സൗത്ത് ഏഷ്യ പുരസ്‌കാരത്തിനു ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. ഈ രണ്ടു പ്രമുഖ പുരസ്‌കാരങ്ങള്‍ക്കു ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടതോടുകൂടി ഏഷ്യയില്‍ പലയിടങ്ങളിലും പുസ്തകത്തിനു വലിയ സ്വീകാര്യത ലഭിക്കുന്നതിനു കാരണമായി. അങ്ങനെയാണ് എനിക്ക് പാകിസ്താനില്‍ കറാച്ചി ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനു പോകാന്‍ അവസരമുണ്ടായത്. ഇംഗ്ലീഷ് പരിഭാഷ വന്നിരുന്നില്ലെങ്കില്‍ എന്നെപ്പോലെ മലയാളത്തിലെ ഒരു സാധാരണ എഴുത്തുകാരനെ പാകിസ്താനിലേക്കു ക്ഷണിച്ചുകൊണ്ടുപോകുമായിരുന്നില്ല എന്നാണ് തോന്നുന്നത്. വളരെ അപൂര്‍വം എഴുത്തുകാര്‍ക്കു കിട്ടുന്ന ഭാഗ്യങ്ങളിലൊന്നാണ് പാകിസ്താനിലെ ഒരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കഴിയുകയെന്നത്. പാകിസ്താനില്‍ പോകാന്‍ കഴിയുകയെന്നതുതന്നെ ഒരപൂര്‍വ ഭാഗ്യമാണ്. അതും പാകിസ്താനുമായുള്ള നമ്മുടെ നയതന്ത്രബന്ധം വളരെ മോശമായിരിക്കുന്ന ഒരു ഘട്ടത്തില്‍. ഇന്ത്യയിലെ വളരെ പ്രമുഖരായ എഴുത്തുകാരോടൊപ്പമാണ് ഞാന്‍ സാഹിത്യസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത്.

ഇന്ത്യയില്‍ കന്നഡ, തമിഴ്, മറാത്തി, ഒറിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. വിദേശത്ത് അറബി, നേപ്പാളി, തായ് ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടു. അങ്ങനെ വിവിധയിടങ്ങളില്‍ അതു വായിക്കപ്പെട്ടു. പലരും ചോദിച്ചിട്ടുണ്ട്, അറബ് ദേശത്ത് ആടുജീവിതം എങ്ങനെയാണ് സ്വീകരിക്കപ്പെട്ടതെന്ന്. കാരണം അറബികള്‍ക്ക് എതിരേയുള്ളൊരു പുസ്തകമാണ്, അറബികളെ മോശമായി ചിത്രീകരിക്കുന്നൊരു പുസ്തകമാണ് എന്നൊക്കെയാണ് അതിനെപ്പറ്റി പറയുന്നത്. പക്ഷേ, അറബ് ലോകത്തെ വായനാലോകം അതിനെ ഗൗരവമായി ഏറ്റെടുത്തുവെന്നതാണ്. ഇപ്പോള്‍ രണ്ടോ മൂന്നോ പതിപ്പുകളായിട്ടുണ്ട്. അധികമൊന്നും വായിക്കപ്പെട്ട ഒരു ഭാഷയല്ലല്ലോ അറബി, അതിന്റെ വലിയ വ്യാപനവുമായി തുലനം ചെയ്യുമ്പോള്‍. എന്നിട്ടും പുസ്തകത്തിനു വലിയ സ്വീകാര്യതയുണ്ടാവുകയും പ്രസാധകര്‍ വളരെ ഗൗരവമായി അതിനെ എടുക്കുകയും വളരെയധികം അറബ് നിരൂപകര്‍ അതിനെപ്പറ്റി എഴുതുകയും ചെയ്തിട്ടുണ്ട്. പല നിരൂപകരുടെയും അറബിയിലുള്ള നിരൂപണങ്ങള്‍ എന്റെ ട്രാന്‍സ്ലേറ്റര്‍ വിവര്‍ത്തനം ചെയ്ത് അയച്ചുതരുകയും ചെയ്തു. അവരൊക്കെ 'ഞങ്ങള്‍ക്കു നേരെ പിടിച്ച ഒരു കണ്ണാടി' എന്ന നിലയിലാണ് ആ പുസ്തകത്തെ നോക്കിക്കാണുന്നത്. അല്ലാതെ അറബ്ലോകത്തെ വിമര്‍ശിക്കുന്ന ഒരു പുസ്തകം എന്ന നിലയിലല്ല. 'ഞങ്ങളുടെ ഇടയിലും ഇങ്ങനെയുള്ള ചിലതു നടക്കുന്നുണ്ട്, ഇത് കണ്ണുതുറന്നു കാണേണ്ടതുണ്ട്, ഇങ്ങനെയുള്ള ചില ഏഷ്യന്‍ അനുഭവങ്ങളുണ്ട് എന്നു ലോകത്തോടു പറയുന്നതാണ് ഈ പുസ്തകം' എന്നാണ് നിരൂപകര്‍ പറയുന്നത്.
ഒരിക്കല്‍, അമേരിക്കയിലെ ഒരു മാഗസിന്‍ അബുദാബി യൂണിവേഴ്സിറ്റിയോട് ഗള്‍ഫിനെക്കുറിച്ച് അറിയാനുള്ള പത്തു പുസ്തകങ്ങളുടെ ലിസ്റ്റ് ആവശ്യപ്പെട്ടപ്പോള്‍ അബുദാബി യൂണിവേഴ്സിറ്റി കൊടുത്ത പുസ്തകങ്ങളില്‍ അഞ്ചാമതായി ആടുജീവിതം ഇടംപിടിച്ചിട്ടുണ്ട്. അറബ് ജനതയും അറബികളിലെ വിദ്യാസമ്പന്നരായ മനുഷ്യരുമൊക്കെ എങ്ങനെയാണ് ആ പുസ്തകത്തെ സ്വീകരിച്ചത് എന്നതിന്റെ ഒരു തെളിവായി മാറുന്നുണ്ട് ഈ സംഭവം. ഇതാണ് ആ പുസ്തകത്തിന്റെ വളര്‍ച്ച.

പലേടത്തും സഞ്ചരിച്ച് ആടുജീവിതം ഇപ്പോള്‍ സിനിമയായും മാറുന്നു. 2008-ലാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. 2009-ല്‍ത്തന്നെ ഞാനും ബ്ലെസിയും തമ്മില്‍ സിനിമയാക്കാനുള്ള ഒരു കോണ്‍ട്രാക്ടിലേക്ക് എത്തിയിരുന്നു. അതിനുമുമ്പ് ലാല്‍ജോസാണ് സിനിമയാക്കണമെന്ന ആവശ്യവുമായി വന്നത്. അതിനു ശേഷമാണ് ബ്ലെസി വന്നത്. ലാല്‍ജോസിനോട് ബ്ലെസി വന്ന കാര്യം ഞാന്‍ പറഞ്ഞു. അപ്പോള്‍ ബ്ലെസി ലാല്‍ജോസുമായി സംസാരിക്കുകയും അങ്ങനെ ബ്ലെസിതന്നെ ചെയ്യട്ടെയെന്ന് ഇരുവരും തീരുമാനത്തിലെത്തുകയും ചെയ്തു. അതിനുശേഷം ഇപ്പോള്‍ വര്‍ഷങ്ങള്‍ പിന്നിട്ടു. ഇപ്പോഴാണ് അത് പ്രവൃത്തിപഥത്തില്‍ എത്തുന്നത്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്, ഈ പുസ്തകം നോക്കിനില്‍ക്കേ ഞങ്ങളെയൊക്കെ കടന്ന് വലിയ വായനാസമൂഹത്തിലേക്കു കടന്നുപോയി എന്നതാണ്. വായനക്കാര്‍ അത് ഏറ്റെടുത്തു. അപ്പോള്‍പ്പിന്നെ അങ്ങനെയൊരു പുസ്തകം എങ്ങനെയാണ് സിനിമയാക്കുകയെന്ന ഒരു വലിയ ഭാരം ഞങ്ങള്‍ രണ്ടുപേരുടെയും മനസ്സില്‍ വന്നുനിറഞ്ഞു.

ലോകത്തെ പല ബെസ്റ്റ് സെല്ലറുകളും പിന്നീട് സിനിമയായപ്പോള്‍ വലിയ പരാജയങ്ങളായി മാറിയതിന്റെ ഉദാഹരണങ്ങള്‍ നമുക്കു മുമ്പിലുണ്ടല്ലോ. അതു സംഭവിക്കാതിരിക്കണമെങ്കില്‍ വലിയ മുന്‍കരുതലുകള്‍ ആവശ്യമാണ്. ഓരോ വായനക്കാരനും പുസ്തകം വായിക്കുമ്പോള്‍ അവരുടേതായ ഒരു ലോകം ഉണ്ടാക്കിയെടുക്കുന്നുണ്ട്. ബെന്യാമിന്‍ എഴുതിയ ആടുജീവിതമല്ല അവര്‍ വായിക്കുന്നത്. അവര്‍ അവരുടേതായ സ്വന്തം മസറയും സ്വന്തം നജീബും സ്വന്തം ഹക്കീമിനെയും സ്വന്തം ഇബ്രാഹീം ഖാദിരിയെയും സൃഷ്ടിക്കുകയും സ്വന്തം ആടുജീവിതം പടുത്തുയര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇതാണ് വായനയുടെ സാദ്ധ്യതയെന്നു പറയുന്നത്. പക്ഷേ, ഒരു സിനിമയിലേക്കു വരുമ്പോള്‍ അതൊരു സംവിധായകന്റെ കാഴ്ചയിലേക്കും സ്വപ്നത്തിലേക്കും പരിമിതപ്പെടുന്നുണ്ട്. ഈ സംവിധായകന്റെ സ്വപ്നം വായനക്കാരന്റെ സ്വപ്നങ്ങളുടെ മുകളിലല്ല എങ്കില്‍, സിനിമയിലെ ദൃശ്യങ്ങള്‍ ഈ കാഴ്ചകളുടെ മുകളിലല്ലെങ്കില്‍ വായനക്കാരന്‍ പറയും, ഞാന്‍ സ്വപ്നം കണ്ട പുസ്തകമായിരുന്നു നല്ലതെന്ന്. അപ്പോള്‍ അതിനെ മറികടക്കാനുള്ള സാങ്കേതികസൗകര്യങ്ങളോടുകൂടി, മികച്ച സാങ്കേതികത്തികവോടുകൂടി, വലിയ രീതിയില്‍, ഓരോ വായനക്കാരനും സ്വപ്നം കണ്ടതിനേക്കാള്‍ നന്നായി അവതരിപ്പിക്കണമെന്ന തീരുമാനത്തെത്തുടര്‍ന്നാണ് സിനിമ ഇത്രയും വര്‍ഷം വൈകിയത്.

ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക പ്രവര്‍ത്തകരെയും കലാകാരന്മാരെയും അണിനിരത്തിയാണ് സിനിമ ഒരുങ്ങുന്നത്. സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് എ.ആര്‍. റഹ്‌മാനാണ്. 25 വര്‍ഷത്തിനു ശേഷം അദ്ദേഹം മലയാളത്തില്‍ തിരികെ വരുകയാണ്. ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഇന്ത്യയിലെ പ്രമുഖ ഛായാഗ്രാഹകന്മാരായ കെ.യു. മോഹനനനും സുനിലുമാണ്. നായകനാവുന്നത് തെന്നിന്ത്യയിലെ പ്രമുഖ നടനായ പൃഥ്വിരാജാണ്. ഓരോ രംഗത്തും ലഭ്യമായ ഏറ്റവും മികച്ച കലാകാരന്മാരെ കൊണ്ടുവന്നാണ് സിനിമ ഒരുക്കുന്നത്. അധികം വൈകാതെ സിനിമ പുറത്തിറങ്ങും.

എന്റെ കണ്മുന്നില്‍നിന്നു വളര്‍ന്നുവലുതായി, എന്റെ പിടി വിട്ട് ഉയരങ്ങളിലേക്കു പോയ നോവലായാണ് ഞാന്‍ ആടുജീവിതത്തെ കാണുന്നത്. എഴുത്തുജീവിതം സമാന്തരമായി പോകുന്നതിനിടയ്ക്ക് ഔദ്യോഗികജീവിതം മറ്റൊരു വഴിയിലൂടെ പോകുന്നുണ്ടായിരുന്നു. വളരെ ദുരിതപൂര്‍ണമായ അനുഭവങ്ങള്‍ അതിനിടയില്‍ ജീവിച്ചുതീര്‍ക്കുന്നുണ്ടായിരുന്നു. എല്ലാ കാലത്തും സന്തോഷകരമായ അനുഭവങ്ങളല്ല. ഏതാണ്ട് മരണത്തോളമെത്തിയ ഒരനുഭവംകൂടിയുണ്ട് അതിനോടൊപ്പം ചേര്‍ക്കാന്‍ എന്നതാണ് യാഥാര്‍ത്ഥ്യം.

ഒരിക്കല്‍ അവധിക്കു നാട്ടില്‍ പോയി ബഹ്റൈനില്‍ എത്തിക്കഴിഞ്ഞ് ശരീരപരിശോധനയില്‍ എനിക്ക് ഹെര്‍ണിയയുടെ ഒരു ചെറിയ പ്രശ്നമുള്ളതായി തോന്നി. ഭാര്യ നേഴ്സായതുകൊണ്ട് അവര്‍ക്ക് അതു വേഗം മനസ്സിലാകും. ഡോക്ടറെ പോയി കണ്ടപ്പോള്‍ അദ്ദേഹം അത് ഹെര്‍ണിയയാണെന്ന് ഉറപ്പിച്ചു. അത് എപ്പോഴെങ്കിലും ഓപ്പറേഷന്‍ ചെയ്യണം. മരുന്നുകൊണ്ട് ഹെര്‍ണിയ മാറില്ല. ധൃതിയൊന്നും കാണിക്കേണ്ടതില്ല, വളരെ ചെറിയ പ്രശ്നമേയുള്ളൂ എന്നും പറഞ്ഞു. അടുത്ത അവധിക്കു നാട്ടില്‍ പോകുമ്പോള്‍ ചെയ്താല്‍ മതിയെന്നും പറഞ്ഞു. അധികം വൈകാതെയാണ് എനിക്ക് ആടുജീവിതത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. അവാര്‍ഡ് സ്വീകരിക്കാന്‍ കേരളത്തിലേക്കു പോകേണ്ടതുണ്ട്. അപ്പോള്‍ വിചാരിച്ചു, ഏതായാലും അവാര്‍ഡ് വാങ്ങാന്‍ കേരളത്തിലേക്കു പോകേണ്ടതുണ്ടല്ലോ. ഈ ഓപ്പറേഷന്‍കൂടി നടത്തിയിട്ട് ഗള്‍ഫിലേക്കു മടങ്ങാം. നാട്ടില്‍ ഒരു ഡോക്ടറെ ബന്ധപ്പെട്ടപ്പോള്‍ 'ഓപ്പറേഷന്‍ നടത്താം. കീ ഹോള്‍ സര്‍ജറി നടത്തിയാല്‍ ആകെ ഒരാഴ്ച വിശ്രമിച്ചാല്‍ മതി'യെന്നും വളരെ വേഗത്തില്‍ സുഖപ്പെടുമെന്നും പറഞ്ഞു.

അങ്ങനെ കേരളത്തില്‍ പോയി തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍വെച്ച് അവാര്‍ഡ് സ്വീകരിച്ചു. അതിനടുത്ത ദിവസം ഞാന്‍ ഒരു സ്വകാര്യ ആശുപത്രി
യില്‍ അഡ്മിറ്റാകുന്നു. പുറത്തുനിന്നു വന്ന ഒരു ഡോക്ടറാണ് ഓപ്പറേഷന്‍ നടത്തിയത്. പക്ഷേ, ഓപ്പറേഷന്‍ കഴിഞ്ഞ് തിരികെ ബെഡ്ഡില്‍ കിടന്നപ്പോഴേക്കും അതിഭയങ്കരമായി വേദനിക്കാന്‍ തുടങ്ങി. ഡോക്ടറോടു പറഞ്ഞപ്പോള്‍ അവര്‍ കുറച്ചു പെയിന്‍ കില്ലറുകള്‍ തന്നു. ആദ്യത്തെ കുറച്ചു ദിവസത്തെ പ്രശ്നങ്ങളാണെന്നു പറഞ്ഞു. അങ്ങനെ വീട്ടില്‍ റെസ്റ്റെടുക്കാന്‍വേണ്ടി പോയി.

അടുത്ത ദിവസം കീഹോള്‍ സര്‍ജറി നടത്തിയ സ്ഥലത്ത് അല്‍പ്പം പഴുപ്പു കണ്ടു. വീണ്ടും ഞാന്‍ ആശുപത്രിയില്‍ പോയി. അപ്പോള്‍ 'ആ ഡോക്ടര്‍ ഇവിടെയില്ല, ആ ഡോക്ടര്‍ക്കു മാത്രമേ കൃത്യമായി അറിയൂ. ഏതായാലും ഞങ്ങള്‍ തല്‍ക്കാലം ചോദിച്ചിട്ട് മരുന്നു തരാം' എന്നു പറഞ്ഞിട്ട്, മുറിവു കരിയാനുള്ള ഒരു മരുന്നു തന്നു. ലീവു തീര്‍ന്നതോടെ ആ മരുന്നുമായി ഞാന്‍ ഗള്‍ഫിലേക്കു പോയി. തിരിച്ചുചെന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നന്നായി പനിക്കാന്‍ തുടങ്ങി. നാട്ടില്‍നിന്നു പനി വല്ലതും പിടിപെട്ടതാവുമെന്നു കരുതി ഞാന്‍ വീട്ടിലുള്ള മരുന്നു കഴിച്ചു. പിന്നീട് ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി. അവര്‍ ആന്റിബയോട്ടിക് തന്നുവെങ്കിലും അനുദിനം പനി വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.

നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ നിലത്തു നില്‍ക്കാന്‍ പറ്റാത്ത പരുവത്തിലായി. ഞാന്‍ മരിച്ചുപോകുമെന്നു തോന്നാന്‍ തുടങ്ങി. പനി കുറയാത്തതുകൊണ്ട് അവര്‍ ബഹ്റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്തു. എന്നെ അവിടെ അഡ്മിറ്റ് ചെയ്തു. അവിടത്തെ മികച്ച സംവിധാനങ്ങള്‍ ഉപയോഗിച്ചു പരിശോധിച്ചപ്പോഴാണ് മനസ്സിലായത്, ഓപ്പറേഷന്‍ നടത്തിയേടത്ത് പഴുപ്പു നിറഞ്ഞിരിക്കുകയാണെന്നും അതാണ് പനിക്കു കാരണമെന്നും. ബഹ്റൈനിലെ ഡോക്ടര്‍മാര്‍ ഹെര്‍ണിയയ്ക്ക് സാധാരണ ഓപ്പറേഷനാണ് നടത്തുന്നത്. ആ ഡോക്ടര്‍മാര്‍ കീഹോള്‍ സര്‍ജറിയില്‍ പ്രാവീണ്യമില്ലാത്തവരായതുകൊണ്ട് കീഹോള്‍ സര്‍ജറി നടത്തിയിടത്തുനിന്ന് എങ്ങനെ പഴുപ്പ് നീക്കംചെയ്യുമെന്ന് അവര്‍ക്കറിയില്ല. അവരെല്ലാവരും കൂടിയാലോചിച്ച് പഴുപ്പ് ഓരോ ദിവസവും സിറിഞ്ചിലൂടെ വലിച്ചെടുത്തുകളഞ്ഞാല്‍ മതിയാവുമെന്നു തീരുമാനമെടുത്തു. അങ്ങനെ ചികിത്സ ആരംഭിച്ചുവെങ്കിലും അനുദിനം എന്റെ പനി കൂടിയതല്ലാതെ കുറഞ്ഞതേയില്ല.

Content Highlights: benyamin new book ethoru manushyanteyum jeevitham aadujeevitham novel and film

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented