പ്രണയകഥകള്‍ അനവധി ഉണ്ടായിരിക്കെ, എല്ലാ പ്രണയവും വിപ്ലവമായിരിക്കെ അമൃത ഇംറോസ് പ്രണയകഥ ഒരു ഇതിഹാസമാണ്. ഇതൊരു കെട്ടുകഥയോ വാമൊഴിയോ അല്ല, യഥാര്‍ത്ഥ ജീവിതമായിരുന്നു എന്നത് നമ്മെ വിസ്മയിപ്പിക്കും. മുന്‍ധാരണകളുടെ ഭാരമില്ലാതെ ഈ പ്രണയക്കടലില്‍ ജ്ഞാനസ്‌നാനം ചെയ്യുക, പ്രണയത്താല്‍ നിങ്ങളുടെ സിരകളെ നിറയ്ക്കുക.
പ്രശസ്ത എഴുത്തുകാരി അമൃത പ്രീതത്തിന്റെയും ചിത്രകാരനും കവിയുമായ ഇംറോസിന്റെയും അത്യപൂര്‍വ്വമായ സഹജീവനത്തിന്റെ കഥ. പ്രണയത്തെ അതിന്റെ എല്ലാ വിശാലതയോടും സ്വാതന്ത്ര്യത്തോടും അനുഭവിച്ചറിഞ്ഞ മനുഷ്യരുടെ ജീവിതം. ഉമ ത്രിലോക് എഴുതി കൃഷ്ണവേണി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അമൃത-ഇംറോസ് പ്രണയകഥയിലെ ഒരു ഭാഗം വായിക്കാം...
'ഒരു പുരുഷന്‍ ഒരു സ്ത്രീയോടൊപ്പം ഉറങ്ങാന്‍ മാത്രമാണ് പഠിച്ചിട്ടുള്ളത്. അവളോടൊപ്പം ഉണര്‍ന്നിട്ടില്ല.' അമൃതയും ഇംറോസും ചേര്‍ന്ന് പബ്ലിഷ് ചെയ്തിരുന്ന നാഗ്മണി മാഗസിനില്‍ വായനക്കാരോട് ഇംറോസ് ഒരിക്കല്‍ പറഞ്ഞ മറുപടിയാണിത്. ചോദ്യമിതായിരുന്നു, 'എന്തുകൊണ്ടാണ് സ്ത്രീപുരുഷ ബന്ധം ഇത്രയും സങ്കീര്‍ണ്ണമാവുന്നത്?' സാധാരണ പഞ്ചാബിയെന്നനിലയില്‍ വളര്‍ത്തപ്പെട്ട ഗ്രാമീണബാലനായിരുന്ന ഇംറോസിനെ സംബന്ധിച്ച്, 'പ്രിയപ്പെട്ടവളുടെ ഭൂമിയില്‍ വേരുറപ്പിക്കാനും വളരാനും പൂവിടാനുമുള്ളതാണ് പ്രണയം.' വേറൊരു സന്ദര്‍ഭത്തില്‍ ഇംറോസ് പറഞ്ഞു, 'നമ്മില്‍ മിക്കവരും സ്‌നേഹബന്ധത്തില്‍നിന്നും ഉയിര്‍ക്കൊണ്ട കുട്ടികളല്ല. നാം വെറും നിസ്സംഗത, അഭിനിവേശം, കോപം, കാമം, അസൂയ, വെറുപ്പ് എന്നിവയില്‍നിന്നൊക്കെ പിറവി എടുത്തവരാണ്. നമുക്ക് എങ്ങനെ സ്‌നേഹിക്കാന്‍ പറ്റും? സ്‌നേഹം ഉണ്ടാവണമെങ്കില്‍, നാം സ്‌നേഹത്തില്‍നിന്നും ഉയിര്‍ക്കൊണ്ടവരാകണം.'
അമൃത എവിടെപ്പോവുമ്പോഴും ഇംറോസ് ഒപ്പമുണ്ടാവും. ക്ഷണിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഇംറോസ് ചടങ്ങില്‍ പങ്കെടുക്കും. അല്ലെങ്കില്‍ പുറത്തുള്ള പാര്‍ക്കിലോ പുല്‍ത്തകിടിയിലോ വായിക്കാനെടുത്ത, ഇഷ്ടപ്പെട്ട പുസ്തകവുമായി കാത്തിരിക്കും. അമൃതയ്ക്ക് ഭക്ഷണം ഉള്‍പ്പെടുത്തിയിട്ടുള്ള പരിപാടിയാണെങ്കില്‍ വീട്ടില്‍നിന്ന് ഭക്ഷണപ്പൊതി കൊണ്ടുവന്ന് കാറിനുള്ളിലോ പുല്‍ത്തകിടിയിലോ ഇരുന്നു കഴിക്കും. ഇങ്ങനെയൊക്കെ ചെയ്യുന്നതില്‍ ഒരിക്കലും നാണക്കേടോ അരോചകത്വമോ തോന്നിയിട്ടില്ലെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്, 'നിങ്ങള്‍ പ്രണയിക്കുമ്പോള്‍ നിങ്ങളുടെ മിഥ്യാഭിമാനം നശിക്കും. അതിനാല്‍ നിങ്ങള്‍ക്കും പ്രണയിനിക്കും ഇടയില്‍ അതു കടന്നുവരില്ല.' അദ്ദേഹം അത് ഒന്നുകൂടി വിശദീകരിച്ചു, 'പ്രണയത്തിന്റെ വഴി ഇടുങ്ങിയതാണ്. രണ്ടായി കടന്നുപോകാനാവില്ല.'
ഞാനീ വാക്കുകള്‍ മുമ്പും പലതവണ കേട്ടിട്ടുണ്ട്. പക്ഷേ, ഇവിടെയാണ് ജീവിക്കുന്ന ഉദാഹരണം കാണുന്നത്.
വേറൊരു സന്ദര്‍ഭത്തില്‍ ഇംറോസ് പറഞ്ഞു: 'ഞാന്‍ അമൃതയെ കണ്ടതു മുതല്‍ എന്റെ ഉള്ളിലുണ്ടായിരുന്ന കോപം അപ്രത്യക്ഷമായി. അതെങ്ങനെയാണെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ സ്‌നേഹം നമ്മില്‍ ശാന്തമായി നിറഞ്ഞു ശക്തമാവുമ്പോള്‍ വെറുപ്പ്, കോപം, അസൂയ എന്നിവ അപ്രത്യക്ഷമാകുന്നതാകാം. ചുറ്റും വെളിച്ചമുള്ളപ്പോള്‍ ഇരുട്ടു കടന്നുവരാത്തതുപോലെ ആണത്. സ്‌നേഹം, സന്തോഷവും സമാധാനവും തരുമ്പോള്‍ നമുക്ക് ആരോടും പരുഷമായി സംസാരിക്കാനാവില്ല. എന്തെന്നാല്‍ പാരുഷ്യം നിങ്ങള്‍ക്കുള്ളില്‍ അവശേഷിക്കുന്നുണ്ടാവില്ല.
അദ്ദേഹം തുടര്‍ന്നു: 'നിങ്ങള്‍ക്കു റാബിയ ബസ്രിയെ അറിയാമോ? ഖുറാനില്‍നിന്നും ഒരു വാചകം ഒഴിവാക്കിയ സൂഫിവര്യയാണവര്‍. 'പിശാചിനെ വെറുക്കുക' എന്നതായിരുന്നു ആ വാക്യം. എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നു ചോദിച്ചപ്പോള്‍, അവരുടെ മറുപടി ഇതായിരുന്നു - 'എന്റെ ഹൃദയത്തില്‍ ആരോടും വെറുപ്പില്ല. അതിനാല്‍ പിശാചിനെ ഞാനെവിടെയും കാണുന്നില്ല-' എന്തെന്നാല്‍ അവരുടെ ഹൃദയത്തില്‍ സ്‌നേഹം മാത്രമേ ഉള്ളൂ.' ഇംറോസ് കൂട്ടിച്ചേര്‍ത്തു.

'ബുദ്ധദര്‍ശനങ്ങള്‍ വായിച്ച് ആരും ബുദ്ധന്മാരാവുന്നില്ല. കൃഷ്ണനെ വന്ദിച്ച് ആരും കൃഷ്ണനും ആവുന്നില്ല. വന്ദിക്കണം എന്നുള്ളതിനാല്‍മാത്രം തലകുനിക്കുമ്പോള്‍ നാം അതിനെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നില്ല. നമ്മുടെ ഉള്ളിലുള്ള ബുദ്ധനെയും കൃഷ്ണനെയും ഉണര്‍ത്തുകയാണു നാം ചെയ്യേണ്ടത്. അവര്‍ ഉണര്‍ന്നു കഴിഞ്ഞാല്‍ പിശാചിനെ എവിടെയാണു കാണാന്‍ കഴിയുക?'
ഒരു പ്രണയി അനുഭവിച്ചറിഞ്ഞ പ്രണയത്തിന്റെ പുതിയൊരു കാഴ്ചപ്പാട് ആയിരുന്നു അന്ന് വീട്ടിലേക്ക് പോകുമ്പോള്‍ എന്റെ മനസ്സുനിറയെ.
15
'മാക്ക്മില്ലന്‍ ഇന്ത്യ' അമൃതയുടെ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് ഇറക്കുന്ന സമയം. ചടങ്ങിലേക്ക് എങ്ങനെയെങ്കിലും അമൃതയെ കൂട്ടിക്കൊണ്ടുവരണം എന്നു പറയാന്‍ പ്രസാധകര്‍ എന്നെ വിളിച്ചിരുന്നു. പക്ഷേ, അമൃത നിഷേധിച്ചു. അസുഖമാണ് കാരണമായി പറഞ്ഞത്. പോകാനുള്ള ആരോഗ്യമില്ല. പ്രസാധകര്‍ വീണ്ടും വീണ്ടും അപേക്ഷിച്ചപ്പോള്‍ ഞാന്‍ കെഞ്ചി നോക്കി, അപേക്ഷിച്ചു നോക്കി. പക്ഷേ, അവര്‍ സ്വന്തം തീരുമാനത്തില്‍നിന്നും പിന്മാറിയില്ല. പ്രസാധകരുടെ നിര്‍ബ്ബന്ധം മുറുകിയപ്പോള്‍ ഞാന്‍ വികാരഭരിതയായി അമൃതയോട് അപേക്ഷിച്ചു. അവസാനം അവര്‍ സമ്മതിച്ചു. ഒരു നിബന്ധന വെച്ചു, ഞാനവരെ കൂട്ടിക്കൊണ്ടു പോവുകയും പരിപാടിയില്‍ ഒപ്പം ഉണ്ടാവുകയും വേണം.
തൃലോകാണ് - എന്റെ ഭര്‍ത്താവ്, അമൃതയ്ക്ക് ത്രിലോകിനെ വലിയ കാര്യമായിരുന്നു- ചടങ്ങു നടക്കുന്ന ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിലേക്ക് ഞങ്ങളെ കാറില്‍ കൂട്ടിക്കൊണ്ടുപോയത്. ഇംറോസും ഞാനും അവരെ അനുഗമിച്ചു. തൂവെള്ള സല്‍വാര്‍ കുര്‍ത്തയാണ് അവര്‍ ധരിച്ചിരുന്നത്. വളരെ സാവധാനം ഇംറോസിന്റെ കൈ പിടിച്ച് അവര്‍ നടന്നു. ചടങ്ങില്‍വെച്ച് കപില വാത്സ്യായനന്‍ അവരോട് ഒരു കവിത ചൊല്ലണമെന്ന് അപേക്ഷിച്ചു. 1947-ലെ വിഭജനത്തെക്കുറിച്ച് എഴുതിയ കവിതയാണ് അവരുദ്ദേശിച്ചത്. അപേക്ഷ സ്വീകരിക്കാന്‍ ഞാനവരെ പ്രേരിപ്പിച്ചു. അവര്‍ സാവധാനം കവിത ചൊല്ലാന്‍ തുടങ്ങി.
കാണികള്‍ മന്ത്രശക്തിയാല്‍ മയങ്ങിയവരെപ്പോലെയായി. സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത. ഓരോ വാക്കും ഓരോ വരിയും അമൃതയെ സ്വന്തം യൗവനവീര്യത്തിലേക്കു കൊണ്ടുപോയി. ഹൃദയത്തില്‍ തട്ടുന്ന ശബ്ദവും ശ്രുതിമധുരമായ ആലാപനവും കവിതയുടെ കവിഞ്ഞൊഴുകുന്ന വികാരപാരവശ്യവും ഞങ്ങളെ വിഭജനത്തിന്റെ വേദനകളിലേക്കു തിരികെ കൊണ്ടുപോയി. പൊതുവേ ശാന്തസ്വഭാവിയും അനുസരണശീലയുമായ അമൃതയുടെ ഹൃദയത്തില്‍ പൊട്ടാന്‍ പാകമാകുംതരത്തില്‍ അഗ്നിപര്‍വ്വതം ഉള്ളതുപോലെ തോന്നി. കാലത്തെ അതിജീവിച്ച്, അതിശക്തമായി ചരിത്രത്തിന്റെ ക്രൂരനിമിഷങ്ങളെ വരച്ചുകാട്ടാമെന്നുള്ള ആത്മവിശ്വാസം അവര്‍ക്കുണ്ടായിരുന്നു.

ആളുകള്‍ അമൃതയെ ഉന്നതസ്ഥാനത്താണ് കണ്ടിരുന്നത്. ഭയം കൂടാതെ എഴുതുന്നതിനാല്‍ അവരെ നിന്ദിക്കുക പതിവായിരുന്നു. പക്ഷേ, അവര്‍ ഒരിക്കലും അമൃതയെ അവഗണിച്ചില്ല, ഒറ്റപ്പെടുത്തിയില്ല. അവരെ 'ആവാസ്-ഇ-പഞ്ചാബ്' (പഞ്ചാബിന്റെ നാദം) എന്നാണു വിളിച്ചിരുന്നത്. വിരോധാഭാസം എന്നല്ലാതെ എന്തു പറയാന്‍, 'പഞ്ചാബിന്റെ നാദ'ത്തിനുതന്നെ പഞ്ചാബ് വിടേണ്ടിവന്നു. എതിര്‍പ്പുകള്‍ പലതായിരുന്നു. ചിലതു യഥാര്‍ത്ഥം, മറ്റു ചിലതു കെട്ടിച്ചമച്ചത്.
ജനനംകൊണ്ടു സിഖുമതക്കാരിയാണ് അമൃത. പക്ഷേ, അവര്‍ മുടിപറ്റേ വെട്ടിയിരുന്നു. അവര്‍ പുകവലിക്കും. വല്ലപ്പോഴുമൊക്കെ ആസ്വദിച്ച് ഒരു പെഗ് മദ്യം കഴിക്കും. എല്ലാറ്റിനും മീതേ അവരെക്കാള്‍ പ്രായം കുറഞ്ഞ ഒരു പുരുഷന്റെ കൂടെയാണു ജീവിക്കുന്നത്. പക്ഷേ, വിവാഹം കഴിക്കാതെയുള്ള സഹജീവിതം.
അവരെന്തിനു മറ്റുള്ളവരുടെ ധാര്‍മികരോഷം സഹിക്കണം? അവരുടെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്തവര്‍ അവര്‍ക്കു വേദന നല്‍കുന്നത് എന്തിനാണെന്ന് എനിക്കു മനസ്സിലായില്ല. അവരുടെ പുസ്തകങ്ങള്‍ വില്‍ക്കപ്പെടുകയും വായനക്കാര്‍ അവരെ സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട്. സമകാലികര്‍ക്ക് അവരുടെ എഴുത്തുകള്‍ ദഹിക്കുന്നില്ലായിരുന്നുവെന്നു തോന്നുന്നു. അമൃതയുടെ നോവലുകളിലേയും ചെറുകഥകളിലേയും വിഷയങ്ങള്‍, അവരുടെ സ്വയം തിരഞ്ഞെടുത്ത ജീവിതരീതി, ഒന്നും പലര്‍ക്കും ദഹിക്കുന്നതല്ലായിരുന്നു. അവരുടെ ജീവിതരീതിയെക്കുറിച്ചോ പുസ്തകങ്ങളെക്കുറിച്ചോ അപവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലാത്ത ഒരൊറ്റ പത്രമോ വാരികയോ പഞ്ചാബില്‍ ഉണ്ടായിരുന്നില്ല. അവരുടെ ചില എഴുത്തുകള്‍ നിന്ദിക്കപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്തു. വളരെ നിശ്ശബ്ദവും അതേ സമയം പ്രതിഷേധത്തിന്റേതുമായ സ്വരങ്ങള്‍ അവരുടെ 'കളങ്കിത'മായ പേരിനുനേരേ ഉയര്‍ന്നു. ഇംറോസാണ് ധൈര്യപൂര്‍വ്വം അമൃതയ്‌ക്കൊപ്പം നിന്നതും അപകടങ്ങളില്‍നിന്ന് സംരക്ഷിച്ചതും. ഇംറോസിന്റെ സാന്നിദ്ധ്യത്തില്‍ അവര്‍ സുരക്ഷിതയും സന്തുഷ്ടയും മാത്രമല്ല, മനഃക്ലേശങ്ങളില്‍നിന്ന് മോചിതയും ആയിരുന്നു.
ഇംറോസിനെക്കുറിച്ച് അമൃത ഇങ്ങനെ എഴുതി: 'ഞാന്‍ നിങ്ങളെയും 'പൂര്‍ണ്ണത'യെയും ചേര്‍ത്തുപറയില്ല. എന്തെന്നാല്‍ തീര്‍ത്തും മരവിച്ചതും ഉറച്ചതുമായ എന്തിനേയോ കുറിച്ചുള്ള ഒരു നടുക്കുന്ന വികാരമാണ് പൂര്‍ണ്ണത എന്നില്‍ സൃഷ്ടിക്കുന്നത്. അതിനോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ അതില്‍നിന്നും എന്തെങ്കിലും ഒഴിവാക്കാനോ കഴിയില്ലെന്നപോലെ... എന്നാല്‍ നിങ്ങളോട് ഏതു കാര്യവും എളുപ്പത്തില്‍ സംസാരിക്കാം... എന്റെ അസ്തിത്വത്തിന്റെ നേരിയ ജീവശ്വാസംപോലും നിങ്ങളില്‍ നിന്നുയിര്‍ക്കൊണ്ടതാണ്... ദൂരെ ഒരു വിദേശരാജ്യത്തിരുന്ന് നിങ്ങള്‍ക്കിത് എഴുതുമ്പോള്‍ ഇന്ന് തീയതി പതിനഞ്ചാണെന്നു ഞാനോര്‍ക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം. ആര്‍ക്കെങ്കിലും ഈ ദിവസത്തിന് ഒരു വ്യക്തിത്വം നല്‍കാനാകുമോ? ഞാന്‍ പറയും നിങ്ങളാണെന്റെ ഓഗസ്റ്റ് പതിനഞ്ചെന്ന്, എന്തെന്നാല്‍ എന്റെ സത്തയുടെ വിമോചനം സാദ്ധ്യമായത് നിങ്ങള്‍ക്കൊപ്പമാണ്. അതാണ് യഥാര്‍ത്ഥ ഞാന്‍.'
അമൃതയ്ക്ക് തന്റെ പിന്തുണ ആവശ്യമാണെന്ന് ഇംറോസിന് അറിയാമായിരുന്നു. അതിനാല്‍ സ്‌നേഹത്തിന്റെ ഒരു വലിയ ജലധാരയായി ഇംറോസ് അമൃതയ്ക്കു മേല്‍ പൊഴിഞ്ഞു. അമൃതയാവട്ടെ, അദ്ദേഹത്തിന്റെ ഊഷ്മളച്ഛായയില്‍ ആ ധാരയുടെ സൗഖ്യം ആസ്വദിച്ചു നുകര്‍ന്നു.
ഇക്കാര്യങ്ങള്‍ വിശദമാക്കുന്ന വേറൊരു സംഭവം ഇംറോസ് ഓര്‍ത്തു പറയുകയുണ്ടായി. 'ഒരിക്കല്‍ ഞങ്ങള്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. മധ്യപ്രദേശിലൂടെയായിരുന്നു യാത്ര. മഹാരാഷ്ട്ര അതിര്‍ത്തി അടുക്കാറായപ്പോള്‍ ഞങ്ങളെ ഒരു പോലീസുകാരന്‍ തടഞ്ഞുനിര്‍ത്തി. അന്നു മഹാരാഷ്ട്ര മദ്യനിരോധിത സംസ്ഥാനമായിരുന്നു. മദ്യമോ മറ്റേതെങ്കിലും മയക്കുമരുന്നോ ഞങ്ങള്‍ കൊണ്ടുപോകുന്നുണ്ടോ എന്നായിരുന്നു അവര്‍ക്കറിയേണ്ടത്. കാര്‍ സൂക്ഷ്മമായി പരിശോധിച്ചു. ഒന്നുമില്ലെന്ന് അവര്‍ക്ക് ബോദ്ധ്യമായി. പക്ഷേ, ഞങ്ങള്‍ അന്യോന്യ സാമീപ്യത്തിന്റെ ലഹരിയിലാണെന്ന് അവര്‍ക്കറിയില്ലല്ലോ. അവര്‍ക്ക് ഞങ്ങളെ എന്നെങ്കിലും ആ ലഹരിയില്‍നിന്നും മുക്തരാക്കാന്‍ പറ്റുമോ?'
ഇംറോസ് വേറൊരു സന്ദര്‍ഭവും സൂചിപ്പിച്ചു. അമൃത മണിപ്ലാന്റിന് വെള്ളമൊഴിക്കുകയായിരുന്നു. അവര്‍ പറഞ്ഞു: 'നോക്കൂ, വള്ളിച്ചെടിപോലെ ഇതെത്ര പെട്ടെന്ന് വലുതായി!'
ഇംറോസ് പറഞ്ഞു: 'ശവകുടീരത്തില്‍ക്കിടന്ന വാരിസ് ഷായ്ക്കു പടര്‍ന്നുകയറാന്‍ വേരുകളും ചില്ലകളും ഉണ്ടാക്കിയവരല്ലേ നിങ്ങള്‍. ഇതൊരു ചെടി മാത്രവും.'
സമൂഹം എപ്പോഴും മാറ്റങ്ങളെപ്പറ്റി സംസാരിക്കുകയും മാറ്റം വരുമ്പോള്‍ അതിനെ ഭയക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതെന്തിനെന്നു ഞാന്‍ അദ്ഭുതപ്പെടാറുണ്ട്. അമൃതയും ഇംറോസും ഒരു പുതിയ സാമൂഹിക ദര്‍ശനത്തെ പ്രതിനിധീകരിക്കുന്നു. അവര്‍ ബന്ധങ്ങളുടെ നൂതനവും വ്യത്യസ്തവുമായ ഭാഷ സംസാരിക്കുന്നു - ചിന്തയിലും പ്രവൃത്തിയിലും.
Content Highlights: Discover the extraordinary true love story of Amrita Pritam and Imroz
Published: 22 Nov 2024, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented