മലയാളസിനിമയിലെ എക്കാലത്തെയും അഭിനയപ്രതിഭയായ സത്യന്റെ ജീവിതവും സിനിമയും വിഷയമായ നോവലാണ് രാജീവ് ശിവശങ്കര്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സത്യം'. ഒരു ഭാഗം വായിക്കാം...
1950, ഒക്ടോബര്‍, തിരുവനന്തപുരം
'കേഴുക ആത്മസഖീ,
കേഴുക ആത്മസഖീ
തകരുന്നിതാ കിനാക്കള്‍
കേഴുക ആത്മസഖീ...'
സൈക്കിള്‍ ചവിട്ടുന്നതിനിടെ, വലംകൈ വിരല്‍ ഞൊടിച്ച് സത്യനേശന്‍ പാടി. ആയിടെ റിലീസായ ചന്ദ്രിക സിനിമ ഫസ്റ്റ്‌ഷോ കണ്ടു മടങ്ങുകയായിരുന്നു സത്യനേശനും ഉറ്റചങ്ങാതി കുട്ടപ്പന്‍ എന്ന ജി. വിവേകാനന്ദനും. സ്‌പെഷല്‍ ആംഡ് പോലീസില്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ എസ്.ഐ. ആയിരുന്ന സത്യനേശന് സിനിമാടിക്കറ്റ് ഫ്രീ ആയിരുന്നു. ന്യൂ തീയേറ്ററിലും ശ്രീപത്മനാഭയിലും ശ്രീകുമാറിലും പേട്ടയിലെ കാര്‍ത്തികയിലും പ്രദര്‍ശിപ്പിക്കുന്ന പുതിയ സിനിമകളെല്ലാം വരുന്ന ദിവസംതന്നെ കാണും.
മലയാളം സിനിമകള്‍ വല്ലപ്പോഴുമാണിറങ്ങുന്നത്. അതിനാല്‍ ഹിന്ദി, തമിഴ് സിനിമകളാണ് കൂടുതലും കാണുക. രാജ്കപൂറും നര്‍ഗീസും അഭിനയിച്ച ബര്‍സാത്ത്', അശോക് കുമാറും മധുബാലയും വേഷമിട്ട മഹല്‍, ദിലീപ് കുമാറും കാമിനി കൗശലും നടിച്ച ശബ്‌നം തുടങ്ങിയ ഹിന്ദിസിനിമകളും എം.കെ. രാധയും പി. ഭാനുമതിയും നടിച്ച അപൂര്‍വസഹോദരര്‍കള്‍, സി. ഹൊന്നപ്പ ഭാഗവതര്‍, പി. ഭാനുമതി, ബി.എസ്. സരോജ എന്നിവര്‍ നടിച്ച ദേവമനോഹരി തുടങ്ങിയ തമിഴ് സിനിമകളും ഇങ്ങനെ പലവട്ടം കണ്ടുരസിച്ചു.
വളരെക്കാലം കൂടിയാണ് ഇപ്പോള്‍ ഒരു മലയാളം സിനിമ വന്നിരിക്കുന്നത്. കെ.എം.കെ. മേനോന്‍ നിര്‍മിച്ച് വി.എസ്. രാഘവന്‍ സംവിധാനം ചെയ്ത ചന്ദ്രികയില്‍ തിരുവനന്തപുരത്തുകാരായ ഏറെപ്പേര്‍ അഭിനയിച്ചിട്ടുണ്ട്. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, പി.കെ. വിക്രമന്‍ നായര്‍, സേതുലക്ഷ്മി, എസ്.പി. പിള്ള, എന്നിവര്‍ സിനിമയില്‍ തിളങ്ങി. നാടകപ്രവര്‍ത്തകന്‍ എന്‍.പി. ചെല്ലപ്പന്‍ നായര്‍ എഴുതിയ കഥയ്ക്ക് നാഗവള്ളി ആര്‍.എസ്. കുറുപ്പാണ് സംഭാഷണമെഴുതിയത്.
തുമ്പമണ്‍ പത്മനാഭന്‍കുട്ടി, പി. ഭാസ്‌കരന്‍ എന്നിവര്‍ രചിച്ച പതിനൊന്നു പാട്ടുകളുണ്ടായിരുന്നു. ഗോവിന്ദരാജുലു നായിഡുവും ദക്ഷിണാമൂര്‍ത്തിയും ചേര്‍ന്നാണ് ഇവയ്ക്ക് ഈണമിട്ടത്. മലയാളത്തിനു പുറമേ തമിഴിലും ഒരുക്കിയ ചിത്രത്തിലെ തമിഴ് പാട്ടുകളും ഹിറ്റായിരുന്നു.
'പാഴ് കണ്ണീരിന്‍ പൂക്കളാലിനി
പ്രണയത്തിന്‍ ചിത മൂടിടാം
കാലലീലതന്‍ കരുവായ് വീണ്ടും
വിധിയോടായ് വിളയാടിടാം.' സത്യനേശന്‍ വീണ്ടും ചന്ദ്രികയിലെ ഗാനം പാടി.

'പി. ലീലയുടേം വി.എന്‍. സുന്ദരത്തിന്റെയും പാട്ടു കൊള്ളാം അല്ലേ? എന്താ സംഗീതം...' വിവേകാനന്ദനും പിന്‍സീറ്റിലിരുന്നു പാട്ടിനു താളംപിടിച്ചു.
'ആണോ? പക്ഷേ, ഇതിന്റെ ഒറിജിനല്‍ കുട്ടപ്പന്‍ കേട്ടിട്ടില്ലല്ലോ.'
സത്യനേശന്‍ ചോദിച്ചു.
'ഒറിജിനലോ?'
'ഉം. കേട്ടോ.' സത്യനേശന്‍ പാടി
'പ്രീതം ആന്‍ മിലോ പ്രീതമ് ആന്‍ മിലോ,
ദുഖിയാ ജിയാ പുകാരേ, പ്രീതം ആന്‍ മിലോ...'
'ആഹാ... അതേ ഈണം തന്നെ. ഇതേതു പാട്ട്?'
'ഇത് ഓംകാര്‍ പ്രസാദ് നയ്യാര്‍ ഈണമിട്ട് സി.എച്ച്. ആത്മ പാടിയത്. എഴുതിയത് നയ്യാരുടെ ഭാര്യ സരോജ് മോഹിനി. പാട്ട് ഹിറ്റായപ്പോള്‍ നയ്യാര്‍ മുങ്ങി.'
'അതെന്തിന്?'
'എല്ലാവരും നമ്മളെപ്പോലെയല്ലെടോ. പ്രശസ്തി ഇഷ്ടപ്പെടാത്തവരുമുണ്ട്. പക്ഷേ, തമാശയെന്താന്നുവെച്ചാ ഇപ്പോ ഹിന്ദിസിനിമക്കാരു മുഴുവന്‍ ഒ.പി. നയ്യാരെ തപ്പി നടക്കുവാ. അങ്ങേര് വലിയ സംഗീതസംവിധായകനാകും. ഉറപ്പ്.'
'പപ്പു ഇതൊക്കെ എങ്ങനറിഞ്ഞു?'
'കഥേംകവിതേം മാത്രമല്ലാതെ വല്ലപ്പോഴുമെങ്കിലും സിനിമാ വാരികകളും വായിക്കണമെടാ,' സത്യനേശന്‍ ചിരിച്ചു, 'ഹിന്ദിപ്പാട്ടിന്റെ ഈണം മോഷ്ടിക്കാതെ മലയാളത്തിന്റെ സ്വന്തം ഈണത്തില്‍ എന്നാണൊരു സിനിമാപ്പാട്ട് കേള്‍ക്കാന്‍ ഭാഗ്യമുണ്ടാവുന്നേ. അതാണ് ഞാനാലോചിക്കുന്നേ.'
'പാട്ടുമാത്രം മാറിയാല്‍ മതിയോ? സിനിമയും മാറണ്ടേ? മലയാളിത്തമുള്ള കഥ വേണ്ടേ? കഥാപാത്രങ്ങള്‍ വേണ്ടേ?' വിവേകാനന്ദന്‍ ചൊടിച്ചു.
'വേണ്ടെന്ന് ആരു പറഞ്ഞു? നീയെഴുത് നല്ലൊരു കഥ.' സത്യനേശന്‍ പരിഹസിച്ചു.
'കളിയാക്കണ്ട. ഒരിക്കല്‍ എഴുതും. നോക്കിക്കോ. എന്റെ കഥേല് നിനക്ക് അഭിനയിക്കേണ്ടിയുംവരും.'
'കര്‍ത്താവേ...' സത്യനേശന്‍ കുരിശുവരച്ചു.
'ശരിക്കും ഞാന്‍ ഒരു നോവലെഴുതാന്‍ ആലോചിക്കുന്നുണ്ടെടാ.'
വിവേകാനന്ദന്റെ സ്വരത്തില്‍ സത്യസന്ധതയുടെ തിളക്കമറിഞ്ഞ് സത്യനേശന്‍ സൈക്കിള്‍ നിര്‍ത്തി. വിവേകാനന്ദന്‍ ഇറങ്ങി.
'പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയില്‍നിന്നുണ്ടാക്കിയ കഥയാ. നീയും വായിച്ചതായിരിക്കും. കുടികിടപ്പുകാരിയായ ഒരു സ്ത്രീ തേങ്ങാ മോഷ്ടിച്ചെന്നുപറഞ്ഞ് ജന്മി പോലീസില്‍ പരാതികൊടുത്തു. പോലീസ് അവരെ തേങ്ങാക്കുല ചുമപ്പിച്ച് സ്റ്റേഷന്‍വരെ നടത്തി.'
'ഇതെങ്ങനെ നോവലാക്കും?'
'അതൊക്കെ ആയിക്കോളും. ആ സ്ത്രീ മോഷ്ടിക്കാനുണ്ടായ സാഹചര്യമാണ് നോവലിന്റെ ഇതിവൃത്തം. അവരുടെ ജീവിതപരാജയത്തിന്റെ കഥ. മണക്കാട്ടു ചന്തയിലും പാളയം ചന്തയിലുമൊക്കെ മൈലുകള്‍ താണ്ടി ചേനയും കപ്പയും പയറും ചീരയുമൊക്കെ വില്‍ക്കാനെത്തുന്ന സ്തീകളുടെ ദുരിതം.'
'ആഹാ...നീയെല്ലാം പ്ലാന്‍ ചെയ്തുകഴിഞ്ഞോ?'
സത്യനേശന്‍ ആവേശത്തോടെ ചങ്ങാതിയുടെ ചുമലില്‍ പിടിച്ചു.
'നോവലിന്റെ പേരുവരെ ആലോചിച്ചു. കള്ളിച്ചെല്ലമ്മ.'
'കൊള്ളാം,' സത്യനേശന്‍ ആഹ്ലാദസൂചകമായി സൈക്കിള്‍ മണിയില്‍ വിരലമര്‍ത്തി,' സിനിമയാകുമ്പോള്‍ എനിക്ക് ചെല്ലമ്മേടെ വേഷമായിരിക്കും.'
'ഉം...ചിലപ്പോ... നേരം വൈകി. ഞാന്‍ പോട്ടെ...'
വിവേകാനന്ദന്‍ യാത്രപറഞ്ഞു നടന്നു.
'ഞാന്‍ കൊണ്ടുവിടാമെടാ...'
'വേണ്ട. നീ ചെല്ല് പെണ്ണുമ്പിള്ള മാത്രമല്ലല്ലോ, കുഞ്ഞും കാത്തിരിക്കുന്നതല്ലേ ഇപ്പോള്‍.'
അധികംനാളായിട്ടില്ല ജെസ്സി ഒരു ആണ്‍കുട്ടിയെ പ്രസവിച്ചിട്ട്. ജീവിതത്തില്‍ പ്രകാശം പരത്താനെത്തിയ അവനു പ്രകാശ് എന്നാണ് പേരിട്ടിരിക്കുന്നത്. പല്ലില്ലാത്ത മോണ കാട്ടി അവന്‍ ചിരിക്കുന്നത് കാണുന്നതാണ് ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.
ഇരുട്ടിലൂടെ വിവേകാന്ദന്‍ കൈവീശിക്കാട്ടി, മുണ്ടുമാടിക്കുത്തി നടന്നകപ്പോള്‍ സത്യനേശന്‍ സൈക്കിളെടുത്തു.
....
'ഇന്നെന്തരായിരുന്നു പടം?' ചോറുവിളമ്പുമ്പോള്‍ ജെസ്സി ചോദിച്ചു.
'ചന്ദ്രിക.'
'കൊള്ളാമോ?'
'ഓ... പൊട്ടുമെന്നാ തോന്നുന്നേ...'
ചുമലില്‍ ചാഞ്ഞുറങ്ങുന്ന കുഞ്ഞുമായി നില്‍ക്കുന്ന ജെസ്സിയെ സത്യനേശന്‍ സ്‌നേഹത്തോടെ നോക്കി. കുഞ്ഞുകൂടി ആയതോടെ അവള്‍ക്കു കഷ്ടപ്പാടാണ്. നേരത്തേ അമ്പലമുക്ക്-ഊളമ്പാറ വഴിയിലെ സര്‍വേസ്‌കൂള്‍ റോഡിലുള്ള വാടകവീട്ടിലായിരുന്നു താമസം. അടുത്തിടെയാണ് പേട്ടയിലേക്കു മാറിയത്. ഇവിടെ കുറച്ചുകൂടി സൗകര്യമുണ്ട്. നല്ല അയല്‍പക്കം. വീട്ടുജോലിക്കു സഹായത്തിനു ആളുമുണ്ട്.
'മോനെ തൊട്ടിലില്‍ കിടത്തിയിട്ടു വാ... ഞാന്‍ സിനിമേടെ കഥ പറഞ്ഞുതരാം.'
കുഞ്ഞിനെ കിടത്തി ജെസ്സി വന്നപ്പോള്‍ അതില്‍ പിടിച്ചിരുത്തി.
'ആദ്യം ഇതുകഴിക്ക്.'
സത്യനേശന്‍ ഒരുരുളച്ചോര്‍ ജെസ്സിയുടെ വായില്‍ വെച്ചുകൊടുത്തു.
'മതി. കഥ പറ.' ജെസ്സി ചുണ്ടുതുടച്ചു.
'വല്യ പണക്കാരനായ ഒരു കച്ചവടക്കാരന്‍ ജനാര്‍ദനന്‍പിള്ള. അയാള്‍ക്ക് ഒരേയൊരു മോള്‍. അവള്‍ വീട്ടിലെ വേലക്കാരിയുടെ മകന്‍ ഗോപിയുമായി ഇഷ്ടത്തിലാകുന്നു. ഗോപി ആരാണെന്നറിയാമോ?'
'ആരാ?'
'നമ്മടെ തിക്കുറിശ്ശി സുകുമാരന്‍ നായര്‍. ചന്ദ്രികയായിട്ട് അഭിനയിച്ചത് സേതുലക്ഷ്മി എന്നൊരുത്തി.'
'കഴിഞ്ഞമാസം കണ്ട പടത്തിലും തിക്കുറിശ്ശിയല്ലായിരുന്നോ?'
'അതേ. അതു സ്ത്രീ എന്ന പടം. അതിലാണ് ആദ്യമായിട്ട് അഭിനയിച്ചത്. വല്യ സ്റ്റാറാകുന്ന ലക്ഷണമാ. കുറേ പടം കിട്ടിയിട്ടുണ്ട്.'
'കൂടെ നാടകത്തില്‍ അഭിനയിക്കാന്‍ ചെന്നവരെക്കൂടി സിനിമേലെടുക്കാന്‍ പറ.'
ജോലിക്കിടയില്‍ സമയം അനുവദിച്ചപ്പോള്‍ സത്യനേശന്‍ ഇടയ്ക്ക് ഏതാനും നാടകങ്ങളില്‍ തിക്കുറിശ്ശിയോടൊപ്പം അഭിനയിച്ചിരുന്നു.
'നിന്റെ കെട്ടിയോനങ്ങനെ ഏതെങ്കിലും കോമാളി വേഷത്തില്‍ അഭിനയിച്ചാല്‍പോരാ... നായകനായിത്തന്നെ അഭിനയിക്കണം.'
'ഓ... ഒരു നായകന്‍ വന്നേക്കുന്നു...' ജെസ്സി, സത്യനേശനെ നുള്ളി, 'ബാക്കി കഥ പറ.'
'ഗോപിക്ക് അവന്റെ സ്ഥിതി അറിയാവുന്നതിനാല്‍ പ്രേമത്തില്‍ വീണില്ല. പക്ഷേ, അവള്‍ വിടാതെ പിന്നാലെകൂടി. പണ്ട് നിന്റെ പിന്നാലെ ഞാന്‍ കൂടിയതുപോലെ...'
'ഒന്നുപോയേ...കഥ പറ.' ജെസ്സിക്കു നാണം വന്നു.
'ചന്ദ്രികയ്ക്ക് ഒരു ബന്ധുവുണ്ട്. രമണി. അവള്‍ക്കും ഗോപിയോട് ഇഷ്ടമാണ്. ഒരുദിവസം ജനാര്‍ദനന്‍പിള്ള മകളുടെ പ്രണയമറിഞ്ഞു. അതോടെ ഗോപിയെയും അവന്റമ്മയേയും വീട്ടില്‍നിന്ന് അടിച്ചിറക്കി. പിള്ളയുടെ വീട്ടില്‍ രാത്രിയില്‍ ഗോപി വന്നെന്നുപറഞ്ഞ് കള്ളക്കേസ് കൊടുത്തു. ഗോപിയെ അറസ്റ്റു ചെയ്തു. പ്രണയം പരാജയപ്പെട്ടപ്പോള്‍ ചന്ദ്രികയ്ക്ക് ഭ്രാന്തായി.'
'അയ്യേ...എനിക്കു കേള്‍ക്കണ്ട ബാക്കി.' ജെസ്സി എഴുന്നേറ്റു.
'ക്ലൈമാക്‌സ് കൂടി കേട്ടിട്ടുപോ.'
'വേണ്ട. എനിക്കുറക്കംവരുന്നു.'
'നിന്നോടു കഥ പറയാന്‍വന്ന എന്നെ തല്ലണം.' സത്യനേശനു കോപം വന്നു.
'നല്ല കഥയാണേല്‍ ഞാന്‍ കേട്ടോണ്ടിരിക്കുമെന്ന് അറിയാമല്ലോ. ഇവിടൊരാളു പറഞ്ഞ എത്രയെത്ര ഇംഗ്ലീഷ് സിനിമേടേം ഹിന്ദിസിനിമേടേം കഥ മനസ്സിലുണ്ട്.'
ജെസ്സി വീണ്ടും കറികള്‍ വിളമ്പി.
'ആരാരുന്നു കൂട്ട് സിനിമ കാണാന്‍? കുട്ടപ്പനാണോ?'
'പിന്നല്ലാതാര്... ഒരു തമാശ കേള്‍ക്കണോ... അവന്‍ നോവലെഴുതാന്‍ പോവാണെന്ന്...'
'അതിലെന്താ തമാശ? ഒരുപാടു ജീവിതാനുഭവങ്ങളില്ലിയോ? എഴുതട്ടെ. നന്നായിരിക്കും.'
ഊണുകഴിഞ്ഞു പൂമുഖത്തെ കസേരയില്‍ ചെന്നിരുന്നപ്പോള്‍ സത്യനേശന്‍ വിവേകാനന്ദനെപ്പറ്റിത്തന്നെ ആലോചിച്ചു. ജഗതിയില്‍ കോളിയൂരുള്ള അവനു തന്നേക്കാള്‍ പത്തുവയസ്സിന്റെ ഇളപ്പമുണ്ടെങ്കിലും പ്രായത്തില്‍ കവിഞ്ഞ പക്വതയുണ്ട്. പഠിക്കാന്‍ മിടുക്കനായിട്ടും സാമ്പത്തികസ്ഥിതി മോശമായതിനാല്‍ എട്ടാംതരത്തില്‍ പഠിത്തം നിര്‍ത്തി. പിന്നെ കൂലിപ്പണി, കല്ലുചുമക്കല്‍... മദ്രാസ് മെട്രിക്കുലേഷന്‍ ജയിച്ച് കമ്പൗണ്ടര്‍ പരീക്ഷ പാസായപ്പോഴാണ് യുദ്ധത്തിനു പട്ടാളത്തിലേക്ക് ആളെ എടുക്കുന്നത്. തന്നെപ്പോലെ അവനും ആ അവസരം മുതലാക്കി.
പട്ടാളത്തില്‍നിന്നു വന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കമ്പൗണ്ടറായി. അതിനിടയില്‍ രണ്ടുകൊല്ലം ഇന്റര്‍മീഡിയറ്റു പഠിച്ചു. പിന്നെയും കമ്പൗണ്ടര്‍ ജോലി. പിന്നെ ബി.എ. ജയിച്ച് എം.എയ്ക്ക് ചേര്‍ന്നു. ഇപ്പോള്‍ ഇടയ്ക്കിടെ ആകാശവാണിയില്‍ അനൗണ്‍സറായി പോകുന്നുണ്ട്. പരന്ന വായനയും നിരീക്ഷണവുമുള്ള അവന്‍ കാണുന്ന സിനിമകളെപ്പറ്റിയും നാടകങ്ങളെപ്പറ്റിയും ഏറെനേരം സംസാരിക്കാറുണ്ട്. ചിലപ്പോള്‍ സിനിമയുടെ പാതിവഴിയില്‍ ബാക്കിക്കഥ സങ്കല്‍പ്പിച്ചുണ്ടാക്കിപ്പറയും. മിക്കപ്പോഴും യഥാര്‍ത്ഥകഥയേക്കാള്‍ മികച്ചത് അതുതന്നെയാകും.
കുട്ടപ്പന്റെയുള്ളില്‍ ഒരു കഥാകാരനുണ്ട്. ഇടയ്ക്ക് ചില കഥയെഴുതിക്കണ്ടിട്ടുമുണ്ട്. പക്ഷേ, അത്ര ഗൗരവമായി എടുത്തിട്ടില്ല. എഴുതട്ടെ, കര്‍ത്താവ് അനുഗ്രഹിച്ചാല്‍ അവനെഴുതിയ നാടകത്തില്‍ ഒരു വേഷം അഭിനയിക്കാനും ഭാഗ്യമുണ്ടാകട്ടെ. തിക്കുറിശ്ശിയെ ഒന്നുകൂടി കാണണം. ജെസ്സി പറഞ്ഞതുപോലെ സിനിമയില്‍ അവസരം ഒത്തുവന്നാല്‍ സഹായിക്കണമെന്ന് പറയണം. മാര്‍ത്താണ്ഡത്തുകാരനായ തിക്കുറിശ്ശി സുകുമാരന്‍നായര്‍ നഗരത്തിലെ അറിയപ്പെടുന്ന നാടകനടനാണ്. അദ്ദേഹം നായകനായി അഭിനയിച്ച ആദ്യത്തെ സിനിമ സ്ത്രീ കഴിഞ്ഞ ഓഗസ്റ്റില്‍ റിലീസായ ദിവസംതന്നെ കണ്ടു. അദ്ദേഹംതന്നെ എഴുതിയ നാടകത്തിന്റെ സിനിമാവിഷ്‌കാരമായിരുന്നു. പക്ഷേ, നാടകമായിരുന്നു ഗംഭീരം.
അദ്ദേഹമെഴുതിയ മരീചിക, കലാകാരന്‍ എന്നീ നാടകങ്ങള്‍ വലിയ ജനപ്രീതി നേടിയവയാണ്. മുട്ടിനുമുട്ടിനു പാട്ടുകള്‍ തിരുകി തട്ടിക്കൂട്ടിയിരുന്ന മെലോഡ്രാമകള്‍ക്കുപകരം സാമൂഹികപ്രസക്തിയുള്ള നാടകങ്ങളായിരുന്നു അവ. തീ പാറുന്ന സംഭാഷണത്തിനായിരുന്നു പ്രാധാന്യം. നാടകത്തില്‍നിന്ന് പാട്ടിനെ ഓടിച്ചുവിട്ടെങ്കിലും സ്ത്രീ സിനിമയില്‍ പതിനഞ്ചോളം പാട്ടുകളുണ്ടായിരുന്നു. അതിനെപ്പറ്റി ചോദിച്ചപ്പോള്‍, അശ്ലീലച്ചുവയുള്ള എന്തോ പറഞ്ഞു. ആദ്യം മനസ്സിലായില്ല. ചൊറിച്ചുമല്ലലിന്റെ ആശാനാണല്ലോ അദ്ദേഹമെന്ന് പിന്നീടാണോര്‍ത്തത്.
നാടകത്തിന്റെ ഗ്രീന്‍ റൂമില്‍ ഗൗരവത്തോടെ സംസാരിക്കുന്നതിനിടെ ആ നാവ് സമര്‍ത്ഥമായി തിരുകിവെക്കുന്ന ചൊറിച്ചുമല്ലല്‍ പലപ്പോഴും തിരിച്ചറിയുന്നത് വൈകിയാണ്. അതോടെ ചിരിപൊട്ടും. അഭിനയത്തില്‍ ഉറച്ചുനില്‍ക്കാന്‍ തിക്കുറിശ്ശി നിര്‍ബന്ധിക്കുന്നുണ്ട്. പോലീസില്‍നിന്ന് അവധികിട്ടാന്‍ പ്രയാസമാണെന്ന് അദ്ദേഹത്തിനറിയില്ലല്ലോ. വല്ലപ്പോഴും നാടകത്തിനുപോകുന്നതിനുപോലും ജെസ്സിയുടെ അപ്പന്‍ വഴക്കാണ്. അകത്തു കുഞ്ഞു കരയുന്നതുകേട്ടപ്പോള്‍ സത്യനേശന്‍ എഴുന്നേറ്റു.
....
'ഒരു തേങ്ങയടത്തു തരാമെങ്കില്‍ വേഗം ചോറും കറിയും തരാം.'
ഉച്ചയൂണിനു പതിവിലും നേരത്തേ സത്യനേശന്‍ വീട്ടില്‍ ചെന്നപ്പോള്‍ ജെസ്സി നിബന്ധനവെച്ചു.
'എനിക്കുടനെ പോവേണ്ടതാ. നിനക്കിത് രാവിലെ കുളിക്കുന്നതിനുമുമ്പ് പറഞ്ഞുകൂടായിരുന്നോ?' സത്യനേശന്‍ നീരസപ്പെട്ടു.
'ഒരു തേങ്ങയുണ്ടായിരുന്നു. ഉടച്ചപ്പഴല്ലേ അറിയുന്നേ ചീത്തയായെന്ന്. പിന്നെന്തര് ചെയ്യാനാ?'
'ജോലിക്കാരിയോടു പറഞ്ഞൂടേ?'
'തെങ്ങിക്കേറാനോ?'
'അപ്പുറത്തെവിടുന്നെങ്കിലും വാങ്ങാന്‍...'
'കുഞ്ഞിനേംകൊണ്ട് അവള്‍ നക്ഷത്രമെണ്ണുവാരുന്നു. എനിക്കാണേല്‍ രാവിലെ നല്ല തലവേദന. കിടന്നതറിയാം. ഉറങ്ങിപ്പോയി.'
ഇനിയും ഉറക്കച്ചുവമാറാത്ത ജെസ്സിയുടെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ പാവം തോന്നി. അവളാകെ ക്ഷീണിച്ചിരിക്കുന്നു. പോളിടെക്‌നിക്കില്‍ തയ്യല്‍ ടീച്ചറായി ജോലി കിട്ടിയെങ്കിലും മിക്കദിവസവും അവധിയെടുക്കേണ്ട അവസ്ഥയാണ്. കുഞ്ഞിന്റെ കരച്ചില്‍ കാരണം ഇന്നലെ രാത്രിയിലും ഉറങ്ങിയില്ല. സാധാരണ താനെടുത്താല്‍ കരച്ചില്‍ നില്‍ക്കേണ്ടതാണ്. പക്ഷേ, ഇന്നലെ നിന്നില്ല. ഉള്ളില്‍ എന്തെങ്കിലും അസ്വസ്ഥതകാണും.
'മോനെവിടെ?'
യൂണിഫോം ഊരി കൈലിയുടുത്ത് മുറ്റത്തേക്കിറങ്ങുമ്പോള്‍ തിരക്കി.
'അപ്പുറത്തെ പിള്ളേരെടുത്തോണ്ടുപോയി. ഇപ്പോ വരും.'
നീട്ടിയൊന്നു മൂളി സത്യനേശന്‍ തെങ്ങിന്‍ ചോട്ടിലേക്കു നടന്നു. വലിയ ഉയരമില്ലാത്ത തെങ്ങാണ്.
'രണ്ടുകരിക്കു കൂടി ഇട്ടോ. മോനു വല്യ ഇഷ്ടമാ.'
തെങ്ങില്‍കയറുമ്പോള്‍ ജെസ്സി വിളിച്ചുപറഞ്ഞു. പൊതിച്ച തേങ്ങയുമായി അടുക്കളയില്‍ ചെന്നപ്പോഴും കുഞ്ഞിനെ കാണാനില്ല.
'മോനെ ഇനിയും കൊണ്ടുവന്നില്ലേ? എന്തിനാ അവനെ അപ്പുറത്തെ വീട്ടില്‍ വിടുന്നത്.'
'അയ്യോ അയിഷയ്ക്കും ഇന്ദിരയ്ക്കും മോനെ ജീവനാ.'
'ആരാ അവര്‍?'
'കോണ്‍ഗ്രസ് നേതാവ് സി. കേശവന്‍സാറിന്റെ മക്കള്.'
'എന്റെ മോനെന്താ അവരുടെ കളിപ്പാട്ടമോ?' സത്യനേശനു കോപം വന്നു.
'നട്ടുച്ചയ്ക്ക് തെങ്ങേക്കേറ്റിയതിന്റെ ദേഷ്യമാ മോന്റെ പപ്പയ്ക്ക്. എനിക്കു
മനസ്സിലായി.'
ജെസ്സി തോര്‍ത്തിന്റെ തുമ്പുകൊണ്ട് സത്യനേശന്റെ ദേഹത്തെ പൊടി തുടച്ചു.
'അതൊന്നുമല്ല. മോനെ കണ്ടിടം നിരങ്ങാന്‍ വിടുന്നത് എനിക്കിഷ്ടമല്ലെന്ന് പണ്ടേ നിനക്കറിയാമല്ലോ.'
'കണ്ടിടം നിരങ്ങലാണോ? അപ്പുറത്ത് താമസിക്കുന്നതാരാന്നുവെച്ചാ? കെ. സുകുമാരന്‍ സാറ് കൗമുദി പത്രത്തിന്റെ ഉടമസ്ഥനാ. അദ്ദേഹത്തിന്റെ അനന്തരവന്‍ ബാലകൃഷ്ണന്‍സാറാ കൂടെയൊള്ളത്. ഇടയ്ക്ക് ആങ്ങളയെ കാണാന്‍ വരുന്നതാ ഇന്ദിരക്കുട്ടിയും അയിഷയും. അവരഞ്ചുമക്കളാ. ഈ ബാലന്‍സാറ് വല്യ എഴുത്തുകാരനാ, ഞാന്‍ പറഞ്ഞില്ലേ, ഒന്നുചെന്നു പരിചയപ്പെടണമെന്നൊക്കെ. ആരു കേള്‍ക്കാനാ.'
'ബാലകൃഷ്ണനെ എനിക്കറിയാം. മഹാ തണ്ടുകാരനാ.' സത്യനേശന്‍ ചുണ്ടുകോട്ടി.
'ഇവിടൊരാള്‍ക്ക് ആരെയാ ഇഷ്ടം. അല്ലെങ്കിലും അടുത്തുനോക്കിയെങ്കിലല്ലേ ആളും തരവും അറിയൂ...'
'എന്തിനാ അടുക്കുന്നേ? പോലീസുകാര്‍ക്ക് ആളെ മനസ്സിലാക്കാന്‍ ഒറ്റ നോട്ടം മതി.'
ജെസ്സിയുടെ കൈയില്‍നിന്നു പൊട്ടിച്ച തേങ്ങ വാങ്ങി സത്യനേശന്‍ ചിരവപ്പുറത്തിരുന്നു.
'പോലീസുകാരുടെ നോട്ടത്തിലൊന്നും തെളിയുന്ന മനസ്സല്ല അദ്ദേഹത്തിന്റേത്. വിവരമുള്ളവരോട് ഒന്നന്വേഷിച്ചുനോക്കിക്കാട്ടെ.'
'നിനക്കറിയാവുന്നതില്‍ കൂടുതല്‍ എനിക്കറിയാം അങ്ങേരെപ്പറ്റി.'
'എന്തോന്നറിയാം?'
'പഴയ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി. കേശവന്റെ മകന്‍. പത്രപ്രവര്‍ത്തകന്‍. മൈക്കിനുമുന്നില്‍ നിന്നാല്‍ ലക്കില്ലാതെ കത്തിക്കയറുന്നവന്‍.'
'എന്നിട്ടാണോ തണ്ടുകാരനാണെന്നു പറഞ്ഞേ.'
'എടീ... അപ്പനുമായിട്ട് ഇടഞ്ഞിട്ടാ അയാളിവിടെ അമ്മാവന്റെ കൂടെ വന്നുപൊറുക്കുന്നത്. അതു നിനക്കറിയാമോ? അപ്പനും മോനും രാഷ്ട്രീയത്തില്‍ രണ്ടുതട്ടാ. അപ്പന്റെ പാര്‍ട്ടിക്ക് എതിരാ മോന്റെ പാര്‍ട്ടി. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി. ഓ... നിന്നോട് രാഷ്ട്രീയം പറഞ്ഞിട്ടെന്തിനാ...'
'അദ്ദേഹത്തിന്റെ രാഷ്ട്രീയമൊന്നും ഞാന്‍ അന്വേഷിച്ചില്ല. എനിക്ക് കണ്ടിട്ട് നല്ല ആളാണെന്നു തോന്നി. എത്ര പേരാ ദെവസോം ദൂരേന്നൊക്കെ കാണാന്‍ വരുന്നേ.'
'പത്രക്കാരാവുമ്പോ അങ്ങനൊക്കെയാ.'
'ഇത്രേം വലിയൊരാള് അയല്‍പക്കത്തു താമസിക്കുന്നത് നമുക്കൊരഭിമാനമാണെന്നാ ഞാന്‍ വിചാരിക്കുന്നേ. അപ്പഴാ ഇവിടൊരാള് പരിചയപ്പെടാന്‍ പോലും മടി പറയുന്നേ.'
'അയാള്‍ക്കിങ്ങോട്ടും വന്നു പരിചയപ്പെടാമല്ലോ.'
'അതിനു നിങ്ങള്‍ എഴുത്തുകാരനാണോ? പത്രക്കാരനാണോ? പ്രസംഗിക്കുന്ന ആളാണോ?'
'അതൊന്നുമല്ല. പക്ഷേ, ഞാനൊരു എസ്.ഐ. ആണ്. അതു ചെറിയ കാര്യമല്ല. നീ വേഗം കറിയൊണ്ടാക്ക്. വിശക്കുന്നു. ഞാന്‍ കുളിച്ചിട്ടുവരാം.'
ചിരകിയ തേങ്ങാ ജെസ്സിക്കു നീട്ടി സത്യനേശന്‍ എഴുന്നേറ്റു. കുളിമുറിയില്‍ കയറുമ്പോള്‍ പുറത്തേക്കു തലനീട്ടി വിളിച്ചുപറഞ്ഞു.
'ഞാന്‍ കുളിച്ചേച്ചുവരുമ്പോള്‍ പ്രകാശ് ഇവിടുണ്ടാകണം. കേട്ടല്ലോ.'
'ശരി ഏമാനേ' എന്നുപറഞ്ഞ് ജെസ്സി ചിരിച്ചു.
കുളിച്ചുകൊണ്ടുനിന്നപ്പോഴെല്ലാം ജെസ്സി പറഞ്ഞതിനെപ്പറ്റിത്തന്നെയാണ് സത്യനേശന്‍ ഓര്‍ത്തത്. കൗമുദി കെ. ബാലകൃഷ്ണന്‍ പ്രസിദ്ധനാണ്. സൗഹൃദസദസ്സുകളില്‍ പതിവായി കേള്‍ക്കുന്ന പേര്. തിരുവനന്തപുരത്തെ സാംസ്‌കാരികസദസ്സിലെല്ലാം നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വം. അയല്‍പക്കക്കാരനായിട്ടും എന്തുകൊണ്ടാണ് താന്‍ അദ്ദേഹത്തെ ചെന്നു പരിചയപ്പെടാഞ്ഞത്? ആളുകളെ അങ്ങോട്ടുചെന്നു പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനും താന്‍ വളരെ മോശമാണെന്ന് കുട്ടപ്പന്‍ പലപ്പോഴും കുറ്റപ്പെടുത്താറുണ്ട്.
കലാപരമായ ഉയര്‍ച്ച ആഗ്രഹിക്കുന്നവര്‍ ഇങ്ങനെ ആയാല്‍പ്പോരാ എന്നാണ് അവന്റെ വാദം. ശരിയായിരിക്കാം. പക്ഷേ, ഇല്ലാത്ത സ്‌നേഹവും വിനയവും നടിക്കാനും അര്‍ത്ഥമില്ലാതെ പുകഴ്ത്താനുമൊന്നും മാനുലാശാന്റെ മകന്‍ സത്യനേശന്‍ നാടാരെ കിട്ടില്ല. തന്നിലെ കലാകാരനെ തിരിച്ചറിഞ്ഞു കിട്ടുന്ന അവസരങ്ങള്‍ മതി. സത്യനേശന്‍ സ്വയം വാദിച്ച് ജയിച്ചു.
വൈകുന്നേരം പാളയത്ത് ശ്രീധരന്റെ കണ്ണിമാറാ ഹോട്ടലില്‍ കാപ്പികുടിക്കുമ്പോള്‍ വിവേകാനന്ദനോടു ചോദിച്ചു.
'എടാ കുട്ടപ്പാ... ഈ ബാലകൃഷ്ണനെപ്പറ്റി നിനക്കെന്താ അഭിപ്രായം?'
'ഏതു ബാലകൃഷ്ണന്‍? കൗമുദി ബാലകൃഷ്ണനോ?'
'ഉം.'
'ഓ... അയല്‍പക്കക്കാരനോടെന്താ പെട്ടെന്നൊരു സ്‌നേഹം?'
'സ്‌നേഹമൊന്നുമല്ല. കുറേവര്‍ഷം നാട്ടിലില്ലാഞ്ഞതുകൊണ്ട് ഇവരെക്കുറിച്ചൊന്നും അറിയില്ലല്ലോ.'
'ഞാനും കുറേവര്‍ഷം ഇല്ലായിരുന്നല്ലോ.'
'പക്ഷേ, പിന്നീട് ഇവിടൊക്കെത്തന്നെയുണ്ടായിരുന്നല്ലോ. ഞാന്‍ ആലപ്പുഴയിലായിരുന്നില്ലേ... അല്ലെങ്കിലും നീ എന്നെപ്പോലെയല്ലല്ലോ... കഥയും കവിതയും രാഷ്ട്രീയവുമൊക്കെ ശ്രദ്ധിക്കുന്ന ആളല്ലേ.' സത്യനേശന്‍ ഒറ്റക്കണ്ണടച്ചുചിരിച്ചു. വിവേകാനന്ദന്‍ ചായ വലിച്ചുകുടിച്ച് ചുണ്ടുതുടച്ചു.
'ബാലകൃഷ്ണനെക്കുറിച്ചറിയാന്‍ നീ കൂടുതലൊന്നും ചെയ്യണ്ട. അയാളിറക്കുന്ന കൗമുദി വാരിക വായിച്ചാല്‍ മാത്രം മതി. പറ്റിയാല്‍ അടുത്തയാഴ്ച അങ്ങേരുടെ ഏതെങ്കിലും ഒരു പ്രസംഗവും കേള്‍ക്കുക. വാരിക ഞാന്‍ തരാം. പലതും ഫയല്‍ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. പ്രസംഗം കേള്‍ക്കാനും കൂട്ടുവരാം. എനിക്കതു കേള്‍ക്കുന്നത് വലിയ ഹരമാണ്.'
പറഞ്ഞുതീരുംമുന്‍പേ കക്ഷത്തില്‍ ചുരുട്ടിവെച്ച ഏതാനും വാരികകളുമായി ബാലകൃഷ്ണന്‍ സുഹൃത്തുക്കളോടൊപ്പം ഹോട്ടലിലേക്കു കയറിവന്നു. കറുത്തുമെലിഞ്ഞു താടിവളര്‍ത്തിയ ബാലകൃഷ്ണനെ അവിടെ കൂടിയിരുന്നവര്‍ ആദരവോടെ നോക്കുന്നതു സത്യനേശന്‍ ശ്രദ്ധിച്ചു.
'നാടകക്കമ്പനി നടത്തുന്ന കൃഷ്ണന്‍നായരാണ് ബാലന്റെ കൂടെ,' വിവേകാനന്ദന്‍ സത്യനേശന്റെ കാതില്‍ പറഞ്ഞു, 'രണ്ടുപേരും എന്റെ പരിചയക്കാരാണ്. നിനക്ക് പരിചയപ്പെടണ്ടേ? വാ...'
വിവേകാനന്ദന്‍ സത്യനേശന്റെ കൈപിടിച്ചുവലിച്ച് എഴുന്നേറ്റു. ലജ്ജയുടെ ചങ്ങലവലിച്ചാണു നടന്നത്. പക്ഷേ, ബാലകൃഷ്ണന്റെ ഊഷ്മളമായ ചിരികണ്ടപ്പോള്‍ അതലിഞ്ഞു. പരിചയപ്പെടുത്തിയപ്പോള്‍ ബാലകൃഷ്ണന്‍ മെല്ലിച്ച വിരലുകള്‍ കൈയില്‍ കോര്‍ത്തു. സൂര്യനെരിയുന്ന കണ്ണുകള്‍ കാന്തംപോലെ ആവാഹിച്ചു.
'എനിക്കറിയാം സത്യനേശനെ. മിടുക്കനൊരു മോനുമുണ്ടല്ലോ. വീട്ടില്‍ വന്നാല്‍ അവന്‍ എന്റെ പിന്നാലെയാ...' പിന്നെ സുഹൃത്തുക്കള്‍ക്കുനേരെ തിരിഞ്ഞ് സത്യനേശനെ പരിചയപ്പെടുത്തി, 'ഫോര്‍ട്ടിലെ എസ്.ഐ. ആണ് സത്യനേശന്‍ നാടാര്‍. വലിയ നാടകനടനാണുകേട്ടോ. ഞങ്ങള്‍ അയല്‍പക്കക്കാരാണ്.'
സത്യനേശന്റെ ഹൃദയം നിറഞ്ഞു.
'ഞാന്‍ രാത്രി വീട്ടിലെത്തുമ്പോള്‍ ഒരുപാടു വൈകും. രാവിലെ വൈകിയുണരുന്നവരാണ് പത്രക്കാര്‍ എന്നറിയാമല്ലോ. അതാണ് അങ്ങോട്ടുവന്നു പരിചയപ്പെടാഞ്ഞത്. ക്ഷമിക്കണേ. അടുത്താണല്ലോ താമസം, നമുക്കിനിയും കാണണം.'
'തീര്‍ച്ചയായും.' ഒരിക്കല്‍ക്കൂടി കൈപിടിച്ചു കുലുക്കി മെല്ലിച്ച വിരലുകള്‍ അടര്‍ന്നുമാറിയപ്പോള്‍ ആത്മാവില്‍നിന്ന് എന്തോ ആവിയായതുപോലെ സത്യനേശനു തോന്നി. കുട്ടപ്പന്‍ പറഞ്ഞതു ശരിയാണ്. ആളുകളെ ആകര്‍ഷിക്കുന്ന എന്തോ ഒന്ന് ഈ മനുഷ്യന്റെ പെരുമാറ്റത്തിലുണ്ട്.
'എന്തോ ഒന്നല്ല... സത്യസന്ധത... അല്ലെങ്കില്‍ ആത്മാര്‍ഥത.'
സത്യനേശന്റെ മനസ്സുവായിച്ച വിവേകാനന്ദന്‍ പറഞ്ഞു.
Content Highlights: Actor Sathyan's life written by Rajeev Sivasankar
Published: 16 Aug 2024, 09:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented