ഡ്രൈവിങ് ലൈസന്‍സിലെ കുഞ്ഞുകുഞ്ഞ് തെറ്റുകള്‍ തിരുത്താന്‍ ഇനി മോട്ടോര്‍വാഹന വകുപ്പിന്റെ കാര്യാലയങ്ങള്‍ കയറിയിറങ്ങേണ്ട. വീട്ടിലിരുന്ന് തിരുത്താം. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. പേരിലെ ചെറിയ അക്ഷരത്തെറ്റുകള്‍, അച്ഛന്റെയോ ഭര്‍ത്താവിന്റെയോ പേരിലെ അക്ഷരത്തെറ്റുകള്‍, ജനനത്തിയതിയിലെ അപാകം, മേല്‍വിലാസത്തിലെ തെറ്റുകള്‍ എന്നിവയാണ് തിരുത്താനാവുക. 

മേല്‍വിലാസം മാറ്റാനും ലൈസന്‍സ് പുതുക്കാനും സാധിക്കും. പേരിലെ തെറ്റുതിരുത്തുമ്പോഴും ജനനത്തിയതി തിരുത്തുമ്പോഴും അപേക്ഷ നല്‍കുമ്പോള്‍ ആവശ്യമെങ്കില്‍ നേരിട്ട് ഹാജരാകേണ്ടി വരും. മറ്റ് തിരുത്തലുകള്‍ വരുത്താന്‍ ഇത് വേണ്ടിവരില്ല.

എങ്ങനെ തിരുത്താം

parivahan.gov.in എന്ന വെബ്സൈറ്റില്‍ക്കയറി ഡ്രൈവിങ് ലൈസന്‍സ് നമ്പറും ലൈസന്‍സിലെ ജനനത്തിയതിയും നല്‍കണം. തുടര്‍ന്നുവരുന്ന സ്‌ക്രീനില്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി., ജില്ല, താലൂക്ക്, പോസ്റ്റോഫീസ്, പിന്‍കോഡ് എന്നിവ ചേര്‍ക്കണം. കൈയിലുള്ള ഡ്രൈവിങ് ലൈസന്‍സിലെ സ്ഥിര/താത്കാലിക മേല്‍വിലാസങ്ങളിലെ താലൂക്ക്, വില്ലേജ്, പിന്‍കോഡ് തുടങ്ങിയ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്.

ശേഷം തിരുത്തേണ്ട വിവരങ്ങള്‍ തിരുത്താം. തിരുത്തലുകള്‍ വരുത്തുമ്പോള്‍ അനുബന്ധ രേഖകളും സമര്‍പ്പിക്കണം. പേരോ വയസ്സോ തിരുത്തുമ്പോള്‍ എസ്.എസ്.എല്‍.സി. ബുക്കോ ജനനസര്‍ട്ടിഫിക്കറ്റോ അപ് ലോഡ് ചെയ്യണം. തിരുത്തിയ ലൈസന്‍സ് ആര്‍.ടി.ഒ. ഓഫീസില്‍ നിന്ന് മേല്‍വിലാസക്കാരന് അയച്ചുനല്‍കും.

ഫീസുണ്ട്

തെറ്റുകള്‍ തിരുത്തുന്നതിന് പ്രത്യേകം ഫീസും നല്‍കണം. ഒരു സര്‍വീസിന് 505 രൂപയാണ്. ഒന്നിലധികം തിരുത്തലിന് ആദ്യം അടച്ച 505 രൂപയ്ക്കുപുറമേ അധികമായി വരുത്തുന്ന തിരുത്തലുകള്‍ക്ക് 260രൂപ വീതവും അടയ്ക്കണം.

Content Highlights: Mistakes In Driving Licence, MVD Kerala, Driving Licence