കല്പറ്റ: കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി വരുമാനനഷ്ടം നേരിടുന്ന 70 സ്വകാര്യ ബസുകൾകൂടി ശനിയാഴ്ച മോട്ടോർവാഹന വകുപ്പിന് ജി-ഫോം നൽകി. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ബസ്സുടമകളുടെയും തൊഴിലാളികളുടെയും ആവശ്യം. ആവശ്യമുന്നയിച്ച് തിങ്കളാഴ്ച എല്ലാ സർവീസുകളും നിർത്തിവെച്ച് സൂചനാസമരം നടത്തും. ബസ്സുടമകളും തൊഴിലാളികളും കളക്ടറേറ്റിലേക്ക് മാർച്ചും നടത്തും.

To advertise here,

ഇതുവരെ ജി-ഫോം നൽകിയ ബസുകളുടെ എണ്ണം 270 ആയി. യാത്രക്കാർ കുറഞ്ഞതുകാരണം സർവീസുമായി മുന്നോട്ടുപോകാൻ സാധിക്കാത്തതരത്തിൽ പ്രതിസന്ധിയിലായ വിവിധ റൂട്ടുകളിലെ ബസുകളാണ് ജി-ഫോം നൽകിയത്. വരുംദിവസങ്ങളിലും ബസുകൾ ജി-ഫോം നൽകുമെന്ന് ബസ്സുടമകൾ പറഞ്ഞു. പ്രതിദിനം 2000 രൂപ മുതൽ 5000 രൂപവരെ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് ബസുകൾ താത്കാലികമായി ഓട്ടം നിർത്തിവെക്കുന്നത്.

കെ.എസ്.ആർ.ടി.സി.ക്ക് ആധിപത്യമുള്ള റൂട്ടുകളിലെ സ്വകാര്യബസുകളാണ് കനത്തനഷ്ടം നേരിടുന്നത്. ഇപ്പോൾ ബസ് ഓടിച്ചാലും ഇന്ധനം ഉൾപ്പെടെയുള്ള ചെലവുകൾ കഴിച്ചാൽ മിച്ചമൊന്നുമില്ലെന്ന് ബസ്സുടമകൾ പറഞ്ഞു. കെ.എസ്.ആർ.ടി.സി. ബസുകളില്ലാത്ത ഉൾപ്രദേശങ്ങളിലേക്കുള്ള സ്വകാര്യബസുകൾക്കേ ഇപ്പോൾ സർവീസുമായി മുന്നോട്ടുപോകാൻ സാധിക്കുന്നുള്ളൂ. ആകെ 420 സ്വകാര്യബസുകളാണ് ജില്ലയിൽ സർവീസ് നടത്തുന്നത്.

നിശ്ചിതകാലയളവിലേക്ക് ബസുകൾ റോഡിൽ ഇറക്കില്ലെന്ന് അധികൃതരെ അറിയിക്കുന്നതാണ് ജി-ഫോം. ജി-ഫോം നൽകിയാൽ ആ കാലയളവിൽ നികുതി അടയ്‌ക്കേണ്ടതില്ല. മൂന്നുമാസം മുൻപ് അടച്ച നികുതിയുടെ കാലയളവ് ജൂൺ 30-ന് അവസാനിക്കും. ഒരുവർഷത്തെ കാലയളവിലേക്കാണ് ജി-ഫോം നൽകുന്നത്. ജി-ഫോം നൽകിയ ബസുകൾ ജൂലായ് ഒന്നുമുതൽ സർവീസ് നടത്തില്ല.

ജൂലായ് ഒന്നുമുതൽ സർവീസ് നിർത്തിവെക്കും 

കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര നടപ്പാക്കിയതുമുതൽ സ്വകാര്യ ബസുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബസ്സുടമകൾ. ദൈനംദിന ചെലവുകൾക്കുപ്പോലും പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ജി ഫോം നൽകി ജൂലായ് ഒന്ന് മുതൽ അനിശ്ചിത കാലത്തേക്ക് ബസ് സർവീസ് നിർത്തിവെക്കുകയാണെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജില്ലയിൽ 400 ബസുകൾ ജി ഫോം നൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് കിലോമീറ്ററിന് 55 രൂപവീതം സർക്കാർ നൽകുക, ഡീസലിന് സബ്സിഡി ഏർപ്പെടുത്തുക, സ്വകാര്യ ബസുകളെക്കൂടി പ്രിയദർശിനി പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ഏറ്റെടുക്കുക എന്നിങ്ങനെ മൂന്ന് നിർദേശങ്ങളാണ് ബസ്സുടമകൾ മുന്നോട്ട് വെക്കുന്നത്.

സമസ്ഥാനത്ത് ഏറ്റവും കുടുതൽ പ്രതിസന്ധി അനുഭവിക്കുന്നത് വയനാട്ടിലാണെന്നും ജില്ലയിൽ കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് വർധിപ്പിച്ചു എന്നും സ്വകാര്യ ബസ്സുടമകൾ ആരോപിച്ചു. സൗജന്യയാത്ര വിദ്യാർഥികൾക്കും, വയോജനങ്ങൾക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും മാത്രമായി ചുരുക്കണമെന്നും ബസ്സുടമകൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ.വി. പൗലോസ്, ജില്ലാ പ്രസിഡന്റ് ആർ. സദാശിവൻ, സെക്രട്ടറി എൽദോ മാത്യു, സി.എ. ഐപ്, ടി. അബ്ദുൾകരിം എന്നിവർ പങ്കെടുത്തു.