ആലപ്പുഴ: വി.എസിന്റെ അവസാന യാത്രയ്ക്ക് വളയംപിടിച്ചവർക്ക് ഇത് അഭിമാനനിമിഷം. ഈ കെഎസ്ആർടിസി ഡ്രൈവർമാർ പങ്കാളികളായത് ചരിത്രയാത്രയിൽ. തിരുവനന്തപുരത്തെ വിവിധ ഡിപ്പോകളിലെ ഡ്രൈവർമാരെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. ശിവകുമാർ, ടി.പി. പ്രവീൺ, ശ്രീജേഷ്, നവാസ് എന്നിവരാണ് 22 മണിക്കൂർനീണ്ട യാത്രയ്ക്കൊടുവിൽ വി.എസിനെ ജന്മനാട്ടിൽ എത്തിച്ചത്. 

To advertise here,

കനത്ത മഴയും വെയിലും അവഗണിച്ച് വഴിയോരത്തുനിന്ന ആൾക്കൂട്ടങ്ങൾക്കിടയിലൂടെയായിരുന്നു യാത്ര. ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ യൂണിയൻ പ്രവർത്തകരുമായ ഇവർക്ക് വി.എസിന്റെ അവസാന യാത്രയിലെ സാരഥികളാകാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നു.

ലോഫ്ലോർ എസി ബസാണ് ഉപയോഗിച്ചത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2009-ലാണ് ലോ ഫ്ലോർ എസി ബസ് സർവീസ് തുടങ്ങുന്നത്. ബസുകൾ സെൻട്രൽ സ്റ്റേഡിയത്തിൽ ഫ്ലാഗ്‌ ഓഫ്‌ ചെയ്തതും വി.എസ്. ആയിരുന്നു. വർഷങ്ങൾക്കുശേഷം ഒരു ലോ ഫ്ലോർ ബസിലായി ജന്മനാട്ടിലേക്കുള്ള വി.എസിന്റെ അവസാന യാത്രയും.