യാത്രക്കാരുടെ കുറവും കനത്ത നികുതിയും കാരണം സര്‍വീസ് പുനരാരംഭിക്കാനാവാതെ അന്തസ്സംസ്ഥാന ബസുകള്‍. കേരളത്തില്‍നിന്ന് ദിവസേന നൂറിലേറെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ബെംഗളൂരു റൂട്ടിലേക്ക് ചില കമ്പനികള്‍ ടെമ്പോ ട്രാവലര്‍ സര്‍വീസ് തുടങ്ങിയിരിക്കുകയാണ്.
കണ്ണൂരില്‍നിന്നും തലശ്ശേരിയില്‍നിന്നും ചില ബസ് കമ്പനികള്‍ പരീക്ഷണാര്‍ഥം ഇങ്ങനെ സര്‍വീസ് തുടങ്ങി. 12 പേര്‍ക്കിരിക്കാവുന്ന ബസില്‍ ഏഴും എട്ടും പേര്‍ മാത്രമാണ് യാത്രചെയ്യാനുള്ളത്. കണ്ണൂരില്‍നിന്ന് ബസിന് ഓര്‍ഡിനറിയില്‍ 600 രൂപയാണ് ടിക്കറ്റ് നിരക്കെങ്കില്‍ ട്രാവലറില്‍ 1200 രൂപയാണ് വാങ്ങുന്നത്.
ഇപ്പോഴത്തെ നിലയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ക്ക് സംസ്ഥാനാന്തര സര്‍വീസ് നടത്താനാവാത്ത സ്ഥിതിയാണ്. കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്കോ തമിഴ്നാട്ടിലേക്കോ ഉള്ള ബസിന് മൂന്നുമാസത്തേക്ക് മൂന്നുലക്ഷം രൂപയാണ് നികുതിയിനത്തില്‍ അടയ്‌ക്കേണ്ടത്. ബസ്സിന് എല്ലാദിവസവും സര്‍വീസ് നടത്താനാവുമെന്ന് ഉറപ്പില്ലാത്തതിനാല്‍ മുന്‍കൂര്‍ നികുതിയടയ്ക്കുന്നതെങ്ങനെയെന്നതാണ് പ്രശ്‌നം.
കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ ബസിന്റെ ഓഫീസും ബുക്കിങ് സെന്ററുകളും പ്രവര്‍ത്തിക്കാനാവില്ലെന്നതാണ് ഒരു പ്രശ്‌നം. മുഴുവന്‍ സീറ്റിലും ആളില്ലാതെ സര്‍വീസ് നടത്തിയാല്‍ വന്‍ നഷ്ടമാകുമെന്നതിനാല്‍ നികുതിയടച്ച് ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയില്ലെന്നാണ് ഉടമകളുടെ നിലപാട്.
കര്‍ണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും സര്‍വീസ് നടത്തുന്ന നാനൂറിലേറെ ബസുകളാണ് ആറുമാസത്തിലേറെയായി വെറുതെ കിടക്കുന്നത്. ബസുകള്‍ നിര്‍ത്തിയിടുന്നതിന് സ്ഥലവാടകയായി 200-250 രൂപ വരെ നല്‍കേണ്ട ദുസ്ഥിതിയുമുണ്ടെന്ന് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.ജെ.റിജാസ് പറഞ്ഞു.
രണ്ടായിരത്തോളം തൊഴിലാളികള്‍ പൂര്‍ണമായും തൊഴില്‍രഹിതരായിരിക്കുകയാണ്. ബസ് വെറുതെയിട്ടാല്‍ ബാറ്ററി നശിക്കുമെന്നതിനാലും തൊഴിലാളികള്‍ക്ക് ചെറിയ തോതിലെങ്കിലും ജോലി നല്‍കുന്നതിനുമായി ബസുകള്‍ സംസ്ഥാനത്തിനകത്ത് ദീര്‍ഘദൂര സര്‍വീസ് തുടങ്ങിയെങ്കിലും പരാജയമാണ്. 15-20 ശതമാനം സീറ്റിന് മാത്രമാണ് യാത്രക്കാര്‍.
മിക്കവാറും ബസുകള്‍ ബാങ്ക് വായ്പയെടുത്ത് വാങ്ങിയതാണ്. രണ്ടുലക്ഷം രൂപയോളമാണ് പ്രതിമാസ അടവ്. ആറുമാസമായി അടവ് മുടങ്ങി. മൊറട്ടോറിയമുണ്ടെങ്കിലും പലിശയിളവില്ലാത്തതിനാല്‍ ഭാവിയില്‍ വലിയ ഭാരമാണുണ്ടാവുക. വ്യവസായത്തെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ആവശ്യമാണ് -ഓണേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.
Content Highlights; Uncertainty In Interstate Bus Service; Bus Operators Starts Tempo Traveler Service
Published: 24 Sept 2020, 10:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented