തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി ഈടാക്കുന്നതിൽ പ്രതിഷേധിച്ച് അന്തസ്സംസ്ഥാന ആഡംബരബസ്സുടമകൾ ആരംഭിച്ച സമരം യാത്രക്കാരെ വലയ്ക്കുന്നു. ശബരിമല മണ്ഡലക്കാലം ആരംഭിക്കാനിരിക്കേ സർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കാനുള്ള നീക്കത്തിലാണ് ബസ്സുടമകൾ.

To advertise here,

തമിഴ്‌നാട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച സമരം തിങ്കളാഴ്ചയോടെ പുതുച്ചേരി, തെലങ്കാന, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. കെഎസ്ആർടിസി ബസുകളും തീവണ്ടികളും പരിമിതമായതിനാൽ സമരം കാര്യമായി ബാധിക്കുന്നത് മലയാളികളെ.

ഓൾ ഇന്ത്യാ പെർമിറ്റ് വാഹനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ നികുതി ഈടാക്കുന്നത് ഒഴിവാക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. എന്നാൽ, റോഡ് നികുതി ഈടാക്കാനുള്ള അധികാരമുണ്ടെന്ന നിലപാടിലാണ് സംസ്ഥാനസർക്കാരുകൾ.

വിവാദംവിടാതെ ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ്

സംസ്ഥാനങ്ങളിലെ വ്യത്യസ്ത നികുതിഘടന വിനോദസഞ്ചാരത്തിന് പ്രതികൂലമാണെന്നുകണ്ടാണ് കേന്ദ്രീകൃത നികുതിയിൽ ഓൾ ഇന്ത്യാ പെർമിറ്റ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. സ്വീകരിക്കുന്ന നികുതി സംസ്ഥാനങ്ങൾക്ക് വീതംവെച്ച് നൽകാനാണ് തീരുമാനം. ഇതിന്റെ മറവിൽ റൂട്ട് ബസുകൾ ഓടിക്കാനാണ് സ്വകാര്യബസ്സുടമകൾ ശ്രമിച്ചത്. ഇതോടെ കേന്ദ്രീകൃത നികുതിനിർദേശം സംസ്ഥാനങ്ങൾ പൂർണമായും എതിർത്തു.

സോഫ്റ്റ്‌വേർ കേന്ദ്രം വെട്ടി

സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന ബസുകളിൽനിന്ന് നികുതി ഈടാക്കാനുള്ള സംവിധാനം ‘വാഹൻ’ സോഫ്റ്റ്‌വേറിൽനിന്ന് കേന്ദ്രം അടുത്തിടെ നീക്കം ചെയ്തിരുന്നു.

അതിർത്തി ചെക്‌പോസ്റ്റുകളിൽ നികുതി ഈടാക്കിയാണ് സംസ്ഥാനങ്ങൾ ഇതിനെ പ്രതിരോധിച്ചത്. ‌ചെക്പോസ്റ്റുകൾ നിർത്തിയതിനാൽ നികുതി അടയ്ക്കാത്ത വാഹനങ്ങൾ വഴിയിലെ പരിശോധനയിലാണ് പിടികൂടുന്നത്.