
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളില്‍ നടപ്പാക്കിയ കളര്‍ കോഡ് സംവിധാനത്തില്‍ ഇളവു വരുത്താനുള്ള നീക്കം സംബന്ധിച്ച് ഇന്ന് ചേരുന്ന സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ചര്‍ച്ചചെയ്യും. ഇതിനുപുറമെ, ഡ്രൈവിങ്ങ് സ്‌കൂള്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞനിറം നല്‍കുന്നത് സംബന്ധിച്ച തീരുമാനവും ഈ യോഗത്തില്‍ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിലാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ചേരുന്നത്.
ആന്റണി രാജു ഗതാഗത മന്ത്രിയായിരുന്നപ്പോഴായിരുന്നു ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കളര്‍ കോഡ് സംവിധാനം കൊണ്ടുവന്നത്. റോഡ് സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്. ഈ തീരുമാനമാണ് ഗതാഗത വകുപ്പ് മന്ത്രി മാറിയതോടെ സര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നതെന്നാണ് സൂചന. എന്നാല്‍, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അനുവദിക്കുന്ന അഞ്ച് നിറങ്ങളില്‍ ഏതെങ്കിലും ഒന്ന് വാഹനത്തിന് നല്‍കാന്‍ സാധിക്കുന്ന തരത്തിലായിരിക്കും മാറ്റമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒമ്പതുപേര്‍ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെത്തുടര്‍ന്നാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് കളര്‍കോഡ് നിര്‍ബന്ധമായും നടപ്പാക്കിയത്. മറ്റ് ഡ്രൈവര്‍മാരുടെ ശ്രദ്ധപതിയുന്ന വെള്ളനിറമാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചത്. എസ്.ടി.എ. യോഗം നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു. റൂട്ട് ബസുകള്‍ക്ക് ഏകീകൃതനിറം ഏര്‍പ്പെടുത്തിയതിന്റെ ചുവടു പിടിച്ചായിരുന്നു ടൂറിസ്റ്റ് ബസുകള്‍ക്കും കളര്‍ കോഡ് കൊണ്ടുവന്നത്.
കളര്‍ കോഡ് സംവിധാനത്തിനെതിരേ ടൂറിസ്റ്റ് ബസ്സുടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും റോഡ് സുരക്ഷ കണക്കിലെടുത്ത് എസ്.ടി.എ. തീരുമാനം അംഗീകരിക്കുകയായിരുന്നു. വടക്കഞ്ചേരി അപകടത്തെത്തുടര്‍ന്ന് ബസുകളിലെ അനധികൃത ലൈറ്റുകളും ശബ്ദസംവിധാനവും നീക്കിയിരുന്നു. നിയന്ത്രണങ്ങള്‍ ബസ് മേഖലയെ ബാധിച്ചതായി ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനകള്‍ ആരോപിച്ചിരുന്നു. അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജുവും മോട്ടോര്‍വാഹനവകുപ്പും റോഡ് സുരക്ഷ കണക്കിലെടുത്ത് ഇളവ് നിഷേധിച്ചു.
മന്ത്രി മാറിയതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാടും മാറി. ടൂറിസ്റ്റ് ബസുകള്‍ക്ക് കളര്‍ നല്‍കുന്നതിനെ മന്ത്രി ഗണേഷ്‌കുമാര്‍ പരസ്യമായി അനുകൂലിച്ചതോടെയാണ് വകുപ്പ് മലക്കംമറിഞ്ഞത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ശുപാര്‍ശയായി കളര്‍മാറ്റവും എസ്.ടി.എ. അജന്‍ഡയില്‍ ഇടംപിടിച്ചു. കളര്‍മാറ്റം അനുവദിച്ചാലും അതിരുവിട്ട ചിത്രവേലകള്‍ അനുവദിച്ചേക്കില്ല. മറ്റ് സംസ്ഥാനങ്ങളിലൊന്നും നിറത്തിന്റെ കാര്യത്തില്‍ കടുംപിടിത്തമില്ലെന്നതും മാറ്റത്തിന് ബലമേകുന്നു.
Content Highlights: Transport authority meeting for the decision about change of tourist bus color code
Published: 10 Jul 2024, 10:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented