വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രത്തിൽ ഏപ്രിൽ ഒന്ന് മുതൽ 7.5 കിലോമീറ്റർ പരിധിയിലുള്ളവർക്ക് മാത്രമേ സൗജന്യയാത്ര അനുവദിക്കൂവെന്ന് കരാർ കമ്പനി. ഇതിനു മുന്നോടിയായി 7.5 കിലോമീറ്റർ പരിധിയിലുള്ളവരിൽനിന്ന് വാഹനങ്ങളുടെ ആർസി ബുക്കിന്റെ പകർപ്പും വിലാസം തെളിയിക്കുന്ന രേഖയുടെ പകർപ്പും സ്വീകരിച്ചിട്ടുണ്ട്.
നിലവിൽ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളിലുള്ളവർക്ക് സൗജന്യം നൽകുന്നുണ്ട്. ഇവർക്ക് കടന്നുപോകുന്നതിനായി പ്രത്യേക ട്രാക്കും ക്രമീകരിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ ആറ് പഞ്ചായത്തുകൾക്ക് സൗജന്യം ഉണ്ടാവില്ലെന്നും പ്രത്യേകമായി ക്രമീകരിച്ചിട്ടുള്ള ട്രാക്ക് ഒഴിവാക്കുമെന്നും കരാർ കമ്പനി അറിയിച്ചിട്ടുണ്ട്.
സൗജന്യ ടോൾ വിഷയം പരിഹരിക്കുന്നതിനായി രൂപവത്കരിച്ച കമ്മിറ്റി അന്തിമതീരുമാനമെടുക്കും മുമ്പേയുള്ള പ്രഖ്യാപനം ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. എംപിയും എംഎൽഎയും ഉൾപ്പെടുന്ന ആറംഗ കമ്മിറ്റി യോഗത്തിൽ സൗജന്യ ദൂരപരിധി 7.5 കിലോമീറ്ററാക്കാൻ തീരുമാനമെടുത്തിരുന്നെങ്കിലും തുടർന്ന് നടന്ന സർവകക്ഷിയോഗത്തിൽ 10 കിലോമീറ്റർ സൗജന്യം വേണമെന്ന ആവശ്യമുയർന്നു. ഇതോടെ 7.5 കിലോമീറ്ററിനു സമീപത്തുള്ള പ്രധാനസ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി പരിധി നിശ്ചയിക്കാൻ എഡിഎം കെ. മണികണ്ഠനെ ചുമതലപ്പെടുത്തി. എഡിഎം സ്ഥലങ്ങൾ നിർണയിച്ചിട്ടുണ്ടെങ്കിലും കമ്മിറ്റിയിൽ ഇത് ചർച്ച ചെയ്തിട്ടില്ല. എഡിഎം നിർണയിച്ചിട്ടുള്ള സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി ഉടൻ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പി.പി. സുമോദ് എംഎൽഎ പറഞ്ഞു.
Content Highlights: Panniyankara Toll Plaza reduces free travel limit to 7.5km from April 1st
Published: 28 Mar 2025, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented