തിരുവനന്തപുരം: കാലപ്പഴക്കംചെന്ന പഴഞ്ചൻ വാഹനങ്ങൾ ഉപേക്ഷിച്ച് പുതിയ കാലത്തിനൊത്ത ഇ-വാഹനത്തിലേക്കു മാറാമെന്ന് കരുതിയവർക്ക് ഇടിത്തീപോലെ ബജറ്റ് പ്രഖ്യാപനം. എന്നാൽ, പഴയ വാഹത്തിൽത്തന്നെ തുടരാമെന്നു കരുതുന്നവർക്കുമുണ്ട് അടി. 15 വർഷം കഴിഞ്ഞ് രജിസ്‌ട്രേഷൻ പുതുക്കാൻ വാഹനങ്ങൾക്ക് 50 ശതമാനം നികുതികൂട്ടി. ഇ-വാഹനങ്ങൾക്ക് നികുതി 10 ശതമാനംവരെയായി. രാജ്യത്ത് ആദ്യമായി ഇ-വാഹനനയം നടപ്പാക്കിയെന്ന് അവകാശപ്പെടുമ്പോഴും വാഹനപ്രേമികളുടെ മുഖം കറുക്കുന്നതാണ് തീരുമാനം.
പഴയവാഹനങ്ങൾ പൊളിക്കാൻ നിർബന്ധിതമാക്കുന്നവിധമാണ് നികുതിവർധന. 15 വർഷം പഴക്കമുള്ള സ്വകാര്യവാഹനങ്ങൾക്ക് നിലവിലെ റോഡ് നികുതിയുടെ പകുതിത്തുകകൂടി നൽകേണ്ടിവരും. സ്വകാര്യ ഉപയോഗത്തിനുള്ള ഇരുചക്ര, നാലുചക്ര വാഹനങ്ങൾക്കാണ് നികുതി ഉയരുക.
15 വർഷത്തിനുശേഷം ഒരോ അഞ്ചുവർഷത്തേക്കാണ് സ്വകാര്യവാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നത്. ഇരുചക്രവാഹനങ്ങൾക്ക് അഞ്ചുവർഷത്തേക്ക് 900 രൂപയാണ് ഇപ്പോഴത്തെ നികുതി. ഇതിൽ 450 രൂപയുടെ വർധന പ്രതീക്ഷിക്കാം. 750 കിലോഗ്രാമിൽ താഴെ ഭാരമുള്ള ഇടത്തരം കാറുകൾക്ക് 6400 രൂപയും 750 മുതൽ 1500 കിലോവരെ ഭാരമുള്ള കാറുകൾക്ക് 8600 രൂപയുമാണ് നിലവിലെ നികുതി. 1500 കിലോയ്ക്കു മുകളിൽ ഭാരമുള്ളവയ്ക്ക് 10,800 രൂപയുമാണ്. ഇനി ഇതിലെല്ലാം 50 ശതമാനം വർധനയുണ്ടാകും.
15 വർഷം പഴക്കമുള്ള കാറുകൾക്ക് 600 രൂപ ഹരിതനികുതിയും ഈടാക്കുന്നുണ്ട്. വർഷം 55 കോടി രൂപയുടെ അധികവരുമാനമാണ് ഇതിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്.
ഇ-വാഹനങ്ങളിൽ പ്രതീക്ഷിക്കുന്നത് 30 കോടിയുടെ അധികവരുമാനം
അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ ഇ-വാഹനങ്ങൾക്ക് പൂർണ നികുതിയിളവ് നൽകുമ്പോഴാണ് കേരളത്തിൽ നികുതി ഉയർത്തുന്നത്. ടാക്സി ഉപയോഗത്തിനുള്ള ഇ-വാഹനങ്ങൾക്കുപോലും തമിഴ്നാട്ടിൽ നികുതിയീടാക്കുന്നില്ല. വിപണിയിൽ ആവശ്യക്കാരേറെയുള്ള ഇ-കാറുകളെല്ലാം 15 ലക്ഷത്തിനുമേൽ വിലയുള്ളവയാണ്. 30 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. വാഹനവിലയ്ക്കുപുറമേ ജി.എസ്.ടി.ക്കുകൂടി സംസ്ഥാനത്ത് നികുതിയീടാക്കുന്നുണ്ട്. 1.98 ലക്ഷം ഇ-വാഹനങ്ങൾ സംസ്ഥാനത്തുണ്ട്.
ഇ-വാഹന നികുതി ഇങ്ങനെ
നിലവിൽ എല്ലാതരം ഇ-വാഹനങ്ങൾക്കും അഞ്ച് ശതമാനം
ഇനി 15 ലക്ഷത്തിനു മുകളിൽ വിലയുള്ള ഇ-വാഹനങ്ങൾക്ക് വിലയുടെ എട്ട് ശതമാനം
20 ലക്ഷത്തിനു മുകളിൽ വിലയുള്ളവയ്ക്ക് പത്ത് ശതമാനം
ചാർജുചെയ്ത ബാറ്ററികൾ മാറ്റിവെക്കുന്ന വാഹനങ്ങൾക്കും പത്ത് ശതമാനം
Content Highlights: Tax old vehicles and EVs increased state budget
Published: 08 Feb 2025, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented