
ജാഗ്വാർ ലാൻഡ് റോവർ (JLR) മോഡലുകളുടെ നിർമാണത്തിനായി ഇന്ത്യയിൽ സ്വന്തം പ്ലാന്റ് ആരംഭിച്ച് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾ. ചെന്നൈയിൽനിന്ന് 90 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന റാണിപേട്ടിലെ പനാപക്കം അസംബ്ലി പ്ലാന്റിൽനിന്ന് ആദ്യ മോഡലായി റേഞ്ച് റോവർ ഇവോക്ക് ലക്ഷ്വറി എസ്‌യുവി പുറത്തിറക്കി. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗൺ (CKD) വാഹന നിർമാണ പ്ലാന്റ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യുകയും ആദ്യ വാഹനം ഫാക്ടറിക്കുള്ളിൽ അല്പദൂരം അദ്ദേഹം ഓടിക്കുകയും ചെയ്തു.
2008 മുതൽ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവറിന് ഇതോടെ സ്വന്തമായി ഇന്ത്യയിൽ ഒരു അസംബ്ലി പ്ലാന്റ് യാഥാർഥ്യമായിരിക്കുകയാണ്. നിലവിൽ ടാറ്റയുടെ പുണെയിലെ പ്ലാന്റിലാണ് ലാൻഡ് റോവർ വാഹനങ്ങൾ അസംബിൾ ചെയ്യുന്നത്.
ഇന്ത്യയിൽ പുതിയ നിർമാണ പ്ലാന്റ് ഒരുങ്ങുന്നതോടെ ആഭ്യന്തര വിപണിയിലെ സാന്നിധ്യം ശക്തമാക്കാൻ സാധിക്കുമെന്നാണ് ലാൻഡ് റോവറിന്റെ പ്രതീക്ഷ. തമിഴ്നാട്ടിൽ കാറുകൾ നിർമിക്കുന്ന ആറാമത്തെ ഓട്ടോ ഭീമനായി ഇതോടെ ടാറ്റ-JLR മാറി. ഹ്യുണ്ടായ്, റെനോ, നിസ്സാൻ, ബിഎംഡബ്ല്യു, വിൻഫാസ്റ്റ് എന്നിവരാണ് സംസ്ഥാനത്ത് കാറുകൾ നിർമിക്കുന്ന മറ്റു കമ്പനികൾ.
2024-ൽ ആണ് 9000 കോടി രൂപ നിക്ഷേപത്തിൽ പനപ്പാക്കത്ത് വാഹന നിർമാണ പ്ലാന്റ് ഒരുങ്ങുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചത്. ആതേവർഷം സെപ്റ്റംബറിൽ പനാപക്കത്ത് പുതിയ വാഹന നിർമാണ പ്ലാന്റിന്റെ നിർമാണവും ആരംഭിച്ചു. പ്രതിവർഷം 2.5 ലക്ഷം കാറുകൾ ഇവിടെ നിർമിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടക്കത്തിൽ 900 കോടി രൂപയുടെ നിക്ഷേപം പ്ലാന്റിനായി അനുവദിച്ചിട്ടുണ്ട്. ഇത് 20,000 റേഞ്ച് റോവർ വാഹനങ്ങൾ നിർമിക്കാൻ ലക്ഷ്യമിടുന്നു. പനാപ്പാക്കത്തെ പ്ലാന്റിൽ ടാറ്റ മോട്ടോഴ്‌സിനും JLR-നും വേണ്ടി പുതുതലമുറ വാഹനങ്ങൾ ഉത്പാദിപ്പിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഈ പ്ലാന്റ് ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലെ ആവശ്യങ്ങൾ നിറവേറ്റുമെന്നും കമ്പനി പറഞ്ഞു.
റേഞ്ച് റോവർ ഇവോക്ക്
നിലവിൽ, റേഞ്ച് റോവർ ഇവോക്കിന്റെ പ്രാരംഭ വില 64.86 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം). ഇവോക്ക് പെട്രോൾ, ഡീസൽ എൻജിനുകൾക്ക് മൈൽഡ്-ഹൈബ്രിഡ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. 250 എച്ച്പിയും 365 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ ടർബോ-പെട്രോൾ എൻജിനും, 204 എച്ച്പിയും 430 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ ഡീസൽ എൻജിനുമാണിത്.
രണ്ട് വേരിയന്റുകളും ഓൾ-വീൽ-ഡ്രൈവ് സിസ്റ്റത്തോടുകൂടിയാണ് വരുന്നത്. കൂടാതെ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സ്റ്റാൻഡേർഡായി ലഭിക്കും. ഇവയെല്ലാം മെഴ്‌സിഡീസ്-ബെൻസ് GLA, BMW X1 പോലുള്ള മോഡലുകളുമായി മത്സരിക്കുന്നു.
Content Highlights: Tata Motors starts JLR production at its new Ranipet plant, marking a significant expansion for luxury SUV manufacturing in India. Discover the Range Rover Evoque`s capabilities.
Published: 09 Feb 2026, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented