ഇറ്റാലിയൻ ട്രക്ക് നിർമാതാക്കളായ ഐവെകോയെ ഏറ്റെടുക്കാനുള്ള കരാറിൽ ഒപ്പുവെക്കുന്ന നടപടികളിലാണ് ടാറ്റ മോട്ടോഴ്സ്. ഐവെകോയുടെ പ്രധാന ഓഹരി ഉടമകളായ ആഗ്നെല്ലി കുടുംബവുമായുള്ള ഈ ഇടപാടിൽ 3.8 ബില്യൺ യൂറോയുടെ (ഏകദേശം 4.3 ബില്യൺ ഡോളർ) സാമ്പത്തിക കൈമാറ്റമാണ് നടക്കുക. ഇത് വാണിജ്യ വാഹന രംഗത്ത് വിശാലമായ സാന്നിധ്യമുള്ള ഒരു ആഗോള ശക്തിയുടെ ഉദയത്തിന് കാരണമാകും.
2008-ൽ ജാഗ്വാർ ലാൻഡ് റോവറിനായി (JLR) 2.3 ബില്യൺ ഡോളറിന് നടത്തിയ സുപ്രധാന ഏറ്റെടുക്കലിനെ ഈ ഇടപാട് മറികടക്കും. ആംഗ്ലോ-ഡച്ച് സ്റ്റീൽ നിർമാണ കമ്പനിയായ കോറസിന് ശേഷം ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഏറ്റെടുക്കലും വാഹനരംഗത്തെ രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലുമായി ഇത് മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജൂലായ് 30-ന് ടാറ്റ മോട്ടോഴ്സും ഐവെകോ ഗ്രൂപ്പും സംയുക്തമായി പ്രഖ്യാപിച്ച ഈ കരാർ, ടാറ്റ മോട്ടോഴ്സിന്റെ പൂർണ ഉടമസ്ഥതയിലുള്ളതും പുതുതായി രൂപവത്കരിച്ച ഡച്ച് കമ്പനിയായ ടിഎംഎൽ സിവി ഹോൾഡിങ്സ് പിടിഇ ലിമിറ്റഡ് (TML CV Holdings PTE LTD) നടത്തുന്ന ഒരു വോളണ്ടറി ടെൻഡർ ഓഫറിലൂടെയായിരിക്കും നടപ്പിലാക്കുക.
ഐവെകോയുടെ പ്രതിരോധ വാഹനനിർമാണ വിഭാഗത്തെ ടാറ്റ മോട്ടോഴ്സുമായുള്ള ഈ കരാറിൽനിന്ന് ഒഴിവാക്കും. ഐവെകോ ഗ്രൂപ്പിന്റെ പ്രതിരോധ വിഭാഗം വേർപിരിഞ്ഞതിന് ശേഷമുള്ള എല്ലാ സാധാരണ ഓഹരികളും സ്വന്തമാക്കാനാണ് ഈ ഓഫർ ലക്ഷ്യമിടുന്നത്. ഏറ്റെടുക്കൽ നടപടികൾ മുന്നോട്ട് പോകാൻ ഈ വ്യവസ്ഥ അനിവാര്യമാണ്.
എന്താണ് ഐവെകോ?
സിഎൻഎച്ച് ഇൻഡസ്ട്രിയലിൽ (CNH Industrial) നിന്ന് വേർപിരിഞ്ഞ് 2022 ജനുവരി ഒന്നിനാണ് ഐവെകോ ഔദ്യോഗികമായി നിലവിൽ വന്നത്. ആംസ്റ്റർഡാമിൽ ആസ്ഥാനമുള്ള ഒരു ഡച്ച് കമ്പനിയായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ഇതിന്റെ പ്രധാന പ്രവർത്തനങ്ങളെല്ലാം ഇറ്റലിയിലെ ടൂറിൻ ആസ്ഥാനമാക്കിയാണ് നടക്കുന്നത്.
എന്തുകൊണ്ട് ഐവെകോ ടാറ്റ മോട്ടോഴ്സിന് പ്രധാനപ്പെട്ടതാകുന്നു?
വിശാലമായ അന്താരാഷ്ട്ര സാന്നിധ്യം കാരണമാണ് ഐവെകോ ടാറ്റ മോട്ടോഴ്സിന് പ്രധാനപ്പെട്ടതാകുന്നത്. അഞ്ച് ഭൂഖണ്ഡങ്ങളിൽ പ്രവർത്തിക്കുന്ന ഈ കമ്പനിക്ക് 30-ൽ അധികം രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ട്. ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ തുടങ്ങിയ പടിഞ്ഞാറൻ യൂറോപ്പിലെ വികസിത വിപണികൾ മുതൽ ദക്ഷിണാഫ്രിക്ക, എത്യോപ്യ, ഐവറി കോസ്റ്റ് തുടങ്ങിയ ആഫ്രിക്കയിലെ വളർന്നുവരുന്ന സാമ്പത്തിക വിപണികളിലും തെക്കേ അമേരിക്കയിലും വരെ ഐവെകോയ്ക്ക് സാന്നിധ്യമുണ്ട്. ഇത്, സ്വന്തമായി പ്രവേശിക്കാൻ വർഷങ്ങൾ വേണ്ടിവരുന്ന വിപണികളിലേക്ക് ടാറ്റ മോട്ടോഴ്സിന് പെട്ടെന്ന് പ്രവേശനം സാധ്യമാക്കുന്നു.
Content Highlights: tata-motors-acquires-iveco
Published: 31 Jul 2025, 06:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented