ഡ്രൈവര്‍മാരുടെ അമിതജോലിയും ഉറക്കമില്ലായ്മയുമാണ് ട്രക്കുകള്‍ വരുത്തിവെക്കുന്ന അപകടങ്ങള്‍ക്കു മുഖ്യകാരണമെന്ന് റോഡുസുരക്ഷിതത്വ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സേവ് ലൈഫ് ഫൗണ്ടേഷനും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ട്രക്കുഡ്രൈവര്‍മാരുടെ അവസ്ഥയെക്കുറിച്ചു നടത്തിയ പഠനത്തിലാല്‍ പറയുന്നു. 

To advertise here,

ഉറക്കം വന്നാലും ക്ഷീണം തോന്നിയാലും വാഹനം ഓടിക്കാന്‍ നിര്‍ബന്ധിതരാകുന്നെന്നാണ് സര്‍വേയില്‍ പങ്കെടുത്ത പകുതിപ്പേരും വ്യക്തമാക്കിയത്. തുടര്‍ച്ചയായി ശരാശരി 12 മണിക്കൂര്‍ വാഹനമോടിക്കേണ്ടിവരുന്നു. 

അഞ്ചിലൊരാളെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നു. പത്തില്‍ ഒന്‍പതു ഡ്രൈവര്‍മാര്‍ക്കും വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് കിട്ടുംമുമ്പ് പത്യേകപരിശീലനം ലഭിച്ചിട്ടില്ല.

1217 ട്രക്ക് ഡ്രൈവര്‍മാരെയും 101 ഉടമകളെയും സാമ്പിളുകളായി എടുത്ത് ഡല്‍ഹി-എന്‍.സി.ആര്‍, ഗ്രേറ്റര്‍ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരൂ, ജയ്പുര്‍, അഹമ്മദാബാദ്, ഗുവാഹാട്ടി, വിജയവാഡ എന്നീ പത്തു പ്രധാന നഗരമേഖലകള്‍ കേന്ദ്രീകരിച്ചാണു പഠനം നടത്തിയത്.

2018-ല്‍ നടന്ന ആകെ റോഡപകടങ്ങളില്‍ 12 ശതമാനത്തിനു കാരണമായത് ട്രക്കുകളിലെ അമിതഭാരമാണ്. അപകടത്തില്‍ മരിച്ച ഒന്നരലക്ഷം ആളുകളില്‍ 15,000 പേര്‍ ട്രക്ക് ഡ്രൈവര്‍മാരാണ്. ട്രക്കുകളും ലോറികളും ഉള്‍പ്പെട്ടതാണ് 57,000 അപകടങ്ങള്‍. ഒരുവര്‍ഷം ശരാശരി 15,000 ട്രക്ക് ഡ്രൈവര്‍മാര്‍ മരിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് സേവ് ലൈഫ് ഫൗണ്ടേഷന്‍ സി.ഇ.ഒ. പിയൂഷ് തിവാരി ചൂണ്ടിക്കാട്ടി.

പ്രധാന കണ്ടെത്തലുകള്‍

  • ജോലിഭാരം കൂടുതലെന്ന് മൂന്നില്‍ രണ്ടു ഡ്രൈവര്‍മാരും പറഞ്ഞു (67.1 ശതമാനം). ജോലിഭാരംകാരണം സമയത്തിനു ചരക്കെത്തിക്കാന്‍ അതിവേഗത്തില്‍ ഓടിക്കേണ്ടിവരുന്നു.
  • 53 ശതമാനം ഡ്രൈവര്‍മാരും ആ ജോലിയില്‍ തൃപ്തരല്ല. 10,000 മുതല്‍ 20,000 വരെ രൂപയാണു മാസശമ്പളം.
  • 93 ശതമാനത്തിനും ശമ്പളമല്ലാതെ പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റ്വിറ്റി, പെന്‍ഷന്‍, ആരോഗ്യപരിരക്ഷ, ഇന്‍ഷുറന്‍സ് എന്നിവയില്ല.
  • 62 ശതമാനത്തിനും റോഡില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല.
  • 22 ശതമാനം പേര്‍ ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നു.
  • മയക്കുമരുന്നുകളുടെ ലഭ്യതക്കൂടുതല്‍ മഹാരാഷ്ട്രയില്‍. കേരളം, ഒഡിഷ, ബംഗാള്‍, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ താരതമ്യേന കുറവാണ്.

Content Highlights: Sleepless Nights And Heavy Workload Is Major Issue Of Truck Drivers