സുരക്ഷിതമായി വാഹനമോടിക്കുന്നതിൽ പുരുഷന്മാരെക്കാൾ മുന്നിൽ സ്ത്രീകളാണെന്ന് റിപ്പോർട്ട്. സുനോ ജനറൽ ഇൻഷുറൻസിന്റെ ഇന്ത്യ റോഡ് സേഫ്റ്റി റിപ്പോർട്ടിലാണ് (ഐആർഎസ്ആർ) ഇക്കാര്യം പറയുന്നത്. റിപ്പോർട്ട് വിശകലനത്തിന്റെ അടിസ്ഥാനത്തിൽ നേരിയ മുൻതൂക്കമാണ് സ്ത്രീകൾക്ക് ലഭിച്ചിരിക്കുന്നത്. സുരക്ഷിതമായ ഡ്രൈവിങ് ഉറപ്പാക്കുന്നതിൽ സ്ത്രീകൾക്ക് ലഭിച്ച സ്‌കോർ 92.86 ആണെങ്കിൽ പുരുഷൻമാർക്ക് ലഭിച്ചത് 92.43 ആണ്.

To advertise here,

ഡ്രൈവിങ് മികവിന് പുറമെ, ഇന്ത്യൻ നിരത്തുകളിൽ ഏറ്റവുമധികം അപകടങ്ങൾ നടക്കുന്നത് സംബന്ധിച്ച വിശകലനവും ഈ റിപ്പോർട്ടിലുണ്ട്. രാത്രി എട്ട് മണിക്ക് ശേഷമാണ് അപകട സാധ്യത ഏറ്റവും ഉയർന്ന സമയമായി കണക്കാക്കിയിരിക്കുന്നത്. പകലത്തേതിനെ അപേക്ഷിച്ച് രാത്രി സമയത്തെ ഡ്രൈവിങ്ങിൽ അപകട സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണി വരെയുള്ള സമയമാണ് ഏറ്റവും സുരക്ഷിതമായി കണ്ടെത്തിയിരിക്കുന്നത്.

സുനോ സ്മാർട്ട് ഡ്രൈവ് ആപ്പിൽ നിന്നുള്ള ടെലിമെട്രി അടിസ്ഥാനമാക്കി, 17 സംസ്ഥാനങ്ങളിലായി 4.5 മില്ല്യൺ യാത്രകളുടെയും 55 മില്ല്യൺ കിലോമീറ്ററിന്റെയും ഡ്രൈവിങ് ബിഹേവിയർ വിശകലനം ചെയ്താണ് റിപ്പോർട്ട് ഒരുക്കിയിരിക്കുന്നത്. ഡ്രൈവിങ് രീതികളുമായി ബന്ധപ്പെട്ടാണ് അപകട സാധ്യതകൾ കൂടിയും കുറഞ്ഞുമിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്തെ 80 ശതമാനം അപകടങ്ങളും ഡ്രൈവിങ് രീതിയുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോർട്ട് പറയുന്നു.

അമിതവേഗവും പെട്ടെന്നുള്ള ബ്രേക്കിങ്ങുമാണ് ഏറ്റവും അപകടകരമായ ഡ്രൈവിങ് രീതിയായി കണക്കാക്കുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, കാലവർഷം, മൂടൽമഞ്ഞ് എന്നിവയ്ക്ക് അപകടമുണ്ടാക്കുന്നതിൽ വലിയ പങ്കില്ലെന്നാണ് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ. രാജ്യത്ത് പ്രതിവർഷം ഏകദേശം 1.73 കോടി അപകട മരണങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് ഇന്ത്യ റോഡ് സേഫ്റ്റി റിപ്പോർട്ടിൽ പറയുന്നത്.

റോഡപകട മരണങ്ങളിൽ 44 ശതമാനവും ഇരുചക്ര വാഹന യാത്രക്കാരാണ്. 19 ശതമാനം കാൽനട യാത്രക്കാരും റോഡപകടങ്ങളിൽ മരണപ്പെടുന്നുണ്ട്. 2030-ഓടെ റോഡ് അപകടങ്ങൾ 50 ശതമാനമായി കുറയ്ക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ഡ്രൈവിങ് രീതികളിലും വലിയ മാറ്റമുണ്ടാകണമെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.