റെനോ ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സ്റ്റെഫാൻ ഡെബ്ലെയ്‌സിനെ പ്രഖ്യാപിച്ചു. 2025 സെപ്റ്റംബർ ഒന്നിനായിരിക്കും അദ്ദേഹം സ്ഥാനം ഏറ്റെടുക്കുകയെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിൽ റെനോയുടെ  തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയും നടപ്പിലാക്കുന്നതിനും ചെയ്യുക എന്ന വലിയ ദൗത്യത്തിന് സ്റ്റെഫാൻ നേതൃത്വം നൽകും. രാജ്യത്തെ എല്ലാ റെനോ ഗ്രൂപ്പ് സ്ഥാപനങ്ങളും അദ്ദേഹത്തിന് കീഴിലായിരിക്കും. 

To advertise here,

നിലവിൽ റെനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ് ഡയറക്ടറായ വെങ്കട്ട്‌റാം മാമില്ലപ്പള്ളെ തൻ്റെ പദവിയിൽ തുടരും. റെനോയുടെ വളർച്ചാ തന്ത്രം വികസിപ്പിക്കുന്നതിൽ സംഭാവന നൽകുന്നതോടൊപ്പം കോർപ്പറേറ്റ് കാര്യങ്ങളിൽ അദ്ദേഹം ഡെബ്ലെയ്‌സിനെ പിന്തുണയ്ക്കുകയും ചെയ്യും. 

52 വയസ്സുകാരനായ ഡെബ്ലെയ്‌സ്, ടെലികോം ഫിസിക് സ്ട്രാസ്ബർഗ്, ഐഎഫ്പി സ്കൂൾ എന്നിവിടങ്ങളിൽനിന്ന് ബിരുദം നേടിയിട്ടുണ്ട്. സാഫ്റ്റ് ബാറ്ററീസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, 2000-ൽ അഡ്വാൻസ്ഡ് പ്രോസസ് എൻജിനീയറായി റെനോ ഗ്രൂപ്പിൽ ചേർന്നു. കഴിഞ്ഞ 24 വർഷത്തിനിടയിൽ ലാറ്റിൻ അമേരിക്ക, ചൈന, ഫ്രാൻസ്, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ അദ്ദേഹം നേതൃത്വപരമായ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. 

ലാറ്റിൻ അമേരിക്കയിലെ എൻട്രി പ്രോഗ്രാമിൻ്റെ ചീഫ് വെഹിക്കിൾ എൻജിനീയർ, ചൈനയിലെ ഡോങ്‌ഫെങ്-റെനോയുടെ പ്രൊഡക്റ്റ് പ്ലാനിങ് ആൻഡ് പ്രോഗ്രാംസ് വൈസ് പ്രസിഡൻ്റ്, റെനോ ഗ്രൂപ്പ് വെഹിക്കിൾസ് ആൻഡ് ക്രോസ് കാർ ലൈൻ പ്രോഗ്രാമിൻ്റെ വൈസ് പ്രസിഡൻ്റ് എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.  

2022 മുതൽ റെനോ കൊറിയയുടെ സിഇഒ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഡെബ്ലെയ്‌സ്. അവിടെ, കമ്പനിയെ ഇടത്തരം, വലിയ വാഹനങ്ങളുടെ ഉത്പാദന-വികസന കേന്ദ്രമാക്കി മാറ്റുക, മൾട്ടി-എനർജി വാഹന നിർമാണത്തിനായി ബുസാൻ പ്ലാൻ്റ് ആധുനികവൽക്കരിക്കുക തുടങ്ങിയ സുപ്രധാന പരിവർത്തന പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകി.

ഫ്രാൻസിലെ റെനോ എസ്.എ.എസ്-ൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമാണ് റെനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ചെന്നൈയിലെ ഒറഗഡത്തുള്ള പ്ലാൻ്റിലാണ് കമ്പനി വാഹനങ്ങൾ നിർമിക്കുന്നത്. പ്രതിവർഷം 480,000 യൂണിറ്റുകളാണ് ഇതിൻ്റെ ഉത്പാദന ശേഷി.