
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പേരാമ്പ്രയില്‍ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ചാലിക്കര റീജ്യണല്‍ സെന്ററിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായ അബ്ദുള്‍ ജവാദാണ് മരിച്ചത്. സ്‌കൂട്ടറിന്റെ പിന്നില്‍ ബസ്സിടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ ജവാദിന്റെ തലയിലൂടെ ബസ്സിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനും അമിതവേഗത്തിനുമെതിരെ വ്യാപകമായ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്. ജവാദിന്റെ കോളേജിലെ അധ്യാപിക കൂടിയായ അമല്‍ ഹുദയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാകുകയാണ്.
കോഴിക്കോട്-കുറ്റ്യാടി റൂട്ട് മരണക്കളമായി മാറിയെന്ന് ആരോപിച്ച അമല്‍ എത്ര ജീവനുകള്‍ ത്യജിച്ചാലാണ് അധികൃതര്‍ക്ക് നേരം വെളുക്കുകയെന്നും രോഷത്തോടെ ചോദിക്കുന്നു. ഇത്തരം അപകടമരണങ്ങള്‍ കൊലപാതകങ്ങളാണെന്നും മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത മനുഷ്യമൃഗങ്ങളാണ് ഇതിന് ഉത്തരവാദികളെന്നും അമല്‍ ഹുദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അമല്‍ ഹുദയുടെ പോസ്റ്റ്
പ്രൈവറ്റ് ബസുകളോടുളള അകല്‍ച്ച എനിക്ക് സ്‌കൂള്‍ കോളേജ് പഠനകാലത്ത് തുടങ്ങിയതാണ്. കണ്‍സഷനില്‍ യാത്ര ചെയ്തിരുന്ന കാലത്ത്, അവരുടെ ഉപദ്രവങ്ങള്‍ സഹിക്കവയ്യാതെ ശപഥം ചെയ്തതാണ്, വലുതായി ഒരു ജോലിയൊക്കെ കിട്ടിക്കഴിഞ്ഞാല്‍ ഇവരുടെ ബസില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ഞാന്‍ കയറില്ല എന്ന്. പഠിക്കുന്ന കാലത്തും, ഫുള്‍ ടിക്കറ്റ് കൊടുക്കാനുളള പൈസയൊക്കെ എന്റെയും കൂട്ടുകാരിയുടെയും കയ്യിലൊക്കെ ഉണ്ടാവാറുണ്ടായിരുന്നു. പക്ഷേ, കൂടെ ബാക്കിയുളള പലര്‍ക്കും അതിനൊന്നുമുളള വകുപ്പുണ്ടായിരുന്നില്ല. മാത്രമല്ല, അതല്ലല്ലോ ന്യായം.
എന്തായാലും, കണ്‍സഷന്‍ കാലം കഴിഞ്ഞുളള യാത്ര പരമാവധി കെഎസ്ആര്‍ടിസിയിലാക്കി. ജോലി കിട്ടിയതും സ്‌കൂട്ടര്‍ വാങ്ങിയതും ഒരുമിച്ചായതിനാല്‍ ജോലി സ്ഥലത്തേക്കുളള പാച്ചില്‍ സ്‌കൂട്ടറിലായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ജോലിസ്ഥലത്തേക്ക് നടക്കാനുളള ദൂരത്തില്‍ താമസിച്ചിരുന്നതുകൊണ്ട് ബസ് യാത്ര പതിവുണ്ടായിരുന്നില്ല. ദൂരയാത്ര കെഎസ്ആര്‍ടിസിയില്‍ തന്നെ. അതിനൊരു മാറ്റം വന്നത്, കഴിഞ്ഞ വര്‍ഷം ജോലി ട്രാന്‍സ്ഫറായതോടെയാണ്. പ്രൈവറ്റ്, കെഎസ്ആര്‍ടിസി ബസുകള്‍ മാറിമാറിക്കേറി ദിവസത്തില്‍ ഏകദേശം ഏഴെട്ടുമണിക്കൂര്‍ യാത്ര തന്നെ ആയിരുന്നു. അന്നും പ്രൈവറ്റും കെഎസ്ആര്‍ടിസിയും തമ്മില്‍ യാത്ര നല്ല വ്യത്യാസമുണ്ടായിരുന്നു. എനിക്കതൊരു ദുരിതകാലമായിരുന്നു ഓരോ തവണയും പഴയ സ്‌കൂള്‍ കാലം ഓര്‍മ്മ വരും.
അങ്ങനെ, ജോലിസ്ഥലത്തേക്കുളള ദീര്‍ഘയാത്രക്കും ഈയടുത്ത് മാറ്റം വന്നു. ഒരു ബസ് കേറി അതിലൊരു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന സ്ഥലത്തായി ഓഫീസ്. ഈ റൂട്ടില്‍ പക്ഷേ, മരണപ്പാച്ചില്‍ കാരണം, വീട്ടില്‍ തിരിച്ചെത്തുമെന്ന ഒരുതോന്നലുമില്ലാതെയാണ് ഓരോ ദിവസവും യാത്ര ചെയ്യുന്നത്. ഇന്നലെ ജോലി കഴിഞ്ഞു തിരിച്ച് വീട്ടിലേക്ക് പോവാന്‍ ബസ് കാത്തുനില്‍ക്കുന്ന എന്റെ മുന്നിലൂടെ സ്‌കൂട്ടറില്‍, കൂട്ടുകാരനെ ബസ് കയറ്റിവിടാനും, വരച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തീര്‍ന്ന പെയിന്റ് വാങ്ങിക്കാനും, കൂട്ടുകാര്‍ക്ക് ഫുഡ് വാങ്ങിക്കാനും കൂടെ പോയ എന്റെ കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്‌മെന്റിലെ വിദ്യാര്‍ഥി അബ്ദുല്‍ ജവാദ് ഇന്നലെ കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ കുപ്രസിദ്ധരായ രണ്ടറ്റം കൂട്ടിമുട്ടിക്കല്‍ ടീമിന്റെ മത്സരയോട്ടത്തില്‍ പേരാമ്പ്ര വെച്ച് അപകടമുണ്ടായി മരണപ്പെട്ടു.
ഒരു ശ്വാസം പോലും അധികമെടുക്കാതെ, ഒരു മിടിപ്പ്‌പോലും അധികം മിടിക്കാതെ വാങ്ങിയ ഫുഡ് പോയിട്ട്, ഒരു തുളളിവെളളം പോലും കുടിക്കാതെ തത്ക്ഷണം മരണപ്പെട്ടു. ഞാന്‍ ബസ് കേറുന്നതിനുമുമ്പ് തന്നെ വാര്‍ത്ത അറിഞ്ഞു, വീട്ടിലേക്ക് പോവുന്നതിനുപകരം ആശുപത്രിയിലേക്ക് പോയി. നല്ല ഹെവി സ്‌പോര്‍ട്‌സ് ഹെല്‍മെറ്റ് വെച്ചിരുന്നതുകൊണ്ട്, ബസിന്റെ പിന്‍ചക്രം കയറിയിറങ്ങിയ മുഖം ചതഞ്ഞരഞ്ഞ് വികൃതമായിട്ടില്ല. പൊതുവെ, കൂട്ടുകാരൊക്കെ പറഞ്ഞറിഞ്ഞതില്‍ നിന്ന് പതുക്കെ ശ്രദ്ധിച്ച് സ്‌കൂട്ടറോടിക്കുന്ന അവന്‍, അമിതവേഗതയില്‍ ഒരുമിച്ചുവന്ന ബസുകളിലൊന്ന് തട്ടി ബസിനടിയിലേക്ക് തെറിച്ചുവീഴുകയും നെഞ്ചിലൂടെയും തലയിലൂടെയും ചക്രം കയറിയിറങ്ങി അവിടെവെച്ച്തന്നെ മരണപ്പെടുകയുമാണുണ്ടായത്.
ഇടക്കിടെ അധ്യാപകരെ വിളിച്ച്, അവനെ കൂട്ടുകാരുടെയും മറ്റും ബൈക്കെടുത്ത് പുറത്തുപോവാന്‍ സമ്മതിക്കരുതേ എന്നു പറഞ്ഞു ആശങ്കപ്പെടുന്ന ഉമ്മയായിരുന്നു അവനുണ്ടായിരുന്നത്. അവര്‍ ഭയന്നതാണ് ഇന്നലെ സംഭവിച്ചത്. അപകടവിവരമറിഞ്ഞ അവര്‍ മാറി മാറി വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. വാപ്പ, ആശുപത്രിയില്‍ മരവിച്ചിരിക്കുന്നുണ്ട്. ഇന്ന് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുചെല്ലുമ്പോള്‍ അവരൊക്കെ എങ്ങനെ സഹിക്കുമോ ആവോ?
എത്ര മനുഷ്യര്‍ ജീവന്‍ ത്യജിച്ചാലാണ് അധികൃതര്‍ക്ക് നേരം വെളുക്കുക? അവരൊന്ന് കണ്ണു തുറക്കുക? ഇതിനൊരറുതി വരുക? കോഴിക്കോട് കുറ്റ്യാടി റൂട്ട് മരണക്കളമായി മാറിയിട്ടുണ്ട്. ഞാന്‍ ട്രാന്‍സ്ഫറായി വന്നതിനുശേഷം തന്നെ വിദ്യാര്‍ഥികളും സാധാരണക്കാരായ വൃദ്ധരും സ്ത്രീകളുമടക്കം കുറേ 'കൊലപാതക' മരണങ്ങള്‍ കേട്ടു. ഓരോ ബസുവരുമ്പോഴും ഈ ബസ് ഇത്രപേര്‍ക്ക് അപകടമുണ്ടാക്കിയിട്ടുണ്ട് എന്ന് എന്റെ മനസ്സിലേക്ക് തെളിഞ്ഞുവരാറുണ്ട്.
മനുഷ്യരുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത വേറൊരുകൂട്ടം മനുഷ്യമൃഗങ്ങള്‍ എന്നല്ലാതെ എന്തുപറയാന്‍!
അബ്ദുല്‍ ജവാദിന് ആദരാഞ്ജലികള്‍. നിന്റെ ജീവിതവും സ്വപ്നങ്ങളും തകര്‍ത്ത കൊലയാളികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകട്ടെ.
Content Highlights: Facebook post against private buses deadly race in Kozhikode-Kuttiady route as student died
Published: 20 Jul 2025, 07:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented