ഒക്ടോബറിലായിരുന്നു നിസാൻ തങ്ങളുടെ വരാനിരിക്കുന്ന എസ്‌യുവിയായ ടെക്റ്റൺ വെളിപ്പെടുത്തിയത്. 2026 രണ്ടാം പാദത്തിൽ വാഹനം വിപണിയിലെത്തുമെന്നും കമ്പനി സ്ഥിരീകരിച്ചിരുന്നു. അരങ്ങേറ്റത്തിന് മുന്നോടിയായി, വാഹനത്തിന്റെ പ്രകടനം ഉറപ്പാക്കാൻ നിസാൻ ഇതിനോടകം തന്നെ പ്രോട്ടോടൈപ്പുകൾ പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്.

To advertise here,

അത്തരത്തിലുള്ള ഒരു പരീക്ഷണത്തിനിടയിൽ, മൂടികെട്ടിയ ടെക്റ്റൺ ടെസ്റ്റ് മ്യൂൾ വാഹനം മഞ്ഞിൽ കുടുങ്ങിയെന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.

വൈറലായ വീഡിയോയിൽ, ടെക്റ്റൺ പ്രോട്ടോടൈപ്പ് വാഹനം റോഹ്തങ് പാസിന് സമീപമുള്ള മഞ്ഞിൽ കുടുങ്ങിയതായാണ് കാണുന്നത്. ഹിമാചൽ പോലീസ് ഉദ്യോഗസ്ഥർ സഹായത്തിനെത്തുന്നതുവരെ വാഹനം ഇവിടെ കുടുങ്ങിക്കിടന്നു. ശേഷം എസ്‌യുവിയെ ഒരു മാരുതി സുസുക്കി ജിപ്‌സി തിരികെ കോൺക്രീറ്റ് റോഡിലേക്ക് വലിച്ചുകയറ്റുന്നതും കാണാം. ഇത് 4x4 പ്രേമികൾക്കിടയിൽ വലിയ ചർച്ചക്ക് കാരണമായി.

ശൈത്യകാലത്തിന്റെ തുടക്കത്തിൽ മഞ്ഞ് കഠിനമായ ഡ്രൈവിങ് സാഹചര്യങ്ങൾ സൃഷ്ടിക്കുമ്പോൾ, വാഹന നിർമ്മാതാക്കളുടെ ഇഷ്ട പരീക്ഷണ സ്ഥലമാണ് രോഹ്താംഗ്-മണാലി ഭാഗം. ഇതിന്റെ ചെരിവുകളും കഠിനമായ കാലാവസ്ഥയും കോൾഡ്-സ്റ്റാർട്ട് പ്രകടനം, ട്രാക്ഷൻ, ബ്രേക്കിങ്, സസ്പെൻഷൻ ഈടുനിൽപ്പ് എന്നിവ വിലയിരുത്താൻ അനുയോജ്യമാക്കുന്നു.

ലോഞ്ചിന് മുൻപ് പ്രോട്ടോടൈപ്പ് മോഡലുകൾ പരീക്ഷിക്കുന്നതിന് ഈ റൂട്ടിൽ ആഭ്യന്തര, അന്തർദേശീയ ടെസ്റ്റ് ടീമുകൾ പതിവായി വരാറുണ്ട്. എന്നാൽ ഈ പ്രത്യേക സംഭവത്തിൽ സൂചിപ്പിച്ചതുപോലെ, പ്രവചനാതീതമായ മഞ്ഞുവീഴ്ചയും മറഞ്ഞിരിക്കുന്ന ഐസും പലപ്പോഴും ട്രയലുകൾ തടസ്സപ്പെടുത്തുന്നു.

അതേസമയം ടെസ്റ്റ് വാഹനം ഡിസൈൻ ഹൈലൈറ്റുകളിൽ ഭൂരിഭാഗവും മറച്ചുവെക്കുമ്പോൾ, ബ്രാൻഡ് ഒക്ടോബറിൽ എസ്‌യുവിയുടെ എക്സ്റ്റീരിയർ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നു. ടെക്റ്റണിന്റെ ഡിസൈൻ, ഫ്ലാഗ്ഷിപ്പ് പാട്രോൾ എസ്‌യുവിയിൽ നിന്ന് വലിയ പ്രചോദനം ഉൾക്കൊള്ളുന്നുവെന്നാണ് നിസാൻ പറയുന്നത്.

ആസ്പിറേറ്റ് ചെയ്ത പെട്രോൾ, ടർബോ-പെട്രോൾ, ഹൈബ്രിഡ് ഓപ്ഷനുകൾ ഉൾപ്പെടെ ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളുമായി എസ്‌യുവി വരാൻ സാധ്യതയുണ്ട്. നിസാന്റെ നിരയിൽ മാഗ്നൈറ്റിന് മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ടെക്റ്റൺ, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി വിക്ടോറിസ് തുടങ്ങിയ ജനപ്രിയ മിഡ്-സൈസ് എസ്‌യുവികളോടാവും മത്സരിക്കുക.