തിരുവനന്തപുരം: മാസപ്പടി വാങ്ങി മണൽ-തടി ലോറികൾ കടത്തിവിടുന്ന മോട്ടോർ വാഹനവകുപ്പ് സ്‌ക്വാഡുകളെ കുടുക്കാൻ സൂപ്പർ ചെക്കിങ് വരുന്നു. ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന്റെ മാതൃകയിൽ ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സ്‌ക്വാഡ് ഉണ്ടാകും. അമിതഭാരം കയറ്റിയ വാഹനങ്ങൾ പരിശോധന ഇല്ലാതെ കടത്തിവിട്ടാൽ സ്‌ക്വാഡ് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും.

To advertise here,

കൊട്ടാരക്കരയിൽ മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ ടിപ്പർ അപകടത്തെ തുടർന്നാണ് എം.വി.ഡി സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും മണൽ- തടി ലോറിക്കാരുമായുള്ള ബന്ധം പുറത്തായത്. മാസപ്പടി പിരിവിന് എം.വി.ഡി ഉദ്യോഗസ്ഥർ ചുമതലപ്പെടുത്തിയിട്ടുള്ള ഇടനിലക്കാരെ കേന്ദ്രീകരിച്ച് വിജിലൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചില ഓട്ടോകൺസൾട്ടന്റുകളാണ് ഇടപാടിന് കൂട്ടുനിന്നത്.

പരിശോധന ഒഴിവാക്കാൻ നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരും ഉടമകളും ഇവരെ ഇടനിലക്കാരെ സമീപിച്ച് നിശ്ചിത പടി നൽകിയാണ് 'ഉദ്യോഗസ്ഥരുടെ ഒഴിവാക്കൽ പട്ടിക'യിൽ കയറിക്കൂടിയിരിക്കുന്നത്. കൊല്ലം ജില്ലയിൽ കൊട്ടാരക്കര സ്വദേശിയായ ഒരു ഇടനിലക്കാരനാണ് മണൽ-തടി ലോറി മാസപ്പടി ഇടപാടുകൾക്ക് നേതൃത്വം നൽകിയതെന്ന് പോലീസ് സ്പെഷ്യൽ ബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. പല ഇൻസ്പെക്ടർമാർക്കും ഇയാളുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്.

ഒഴിവാക്കൽ പട്ടികയിലും കൃത്രിമം

ഭരണ നേതൃത്വത്തിന് പ്രത്യേക താത്പര്യമുള്ളവരുടെ ഭാരവാഹനങ്ങൾ പരിശോധനയിൽനിന്നും ഒഴിവാക്കുന്ന പതിവുണ്ട്. മുകളിൽനിന്നുള്ള നിർദേശം എന്ന പേരിലാണ് ഈ പട്ടിക ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. ഇതിൽ തിരുകിക്കയറ്റൽ നടത്തി ചില ഓഫീസ് മേധാവികളും മാസപ്പടി വാങ്ങിയിരുന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. തെക്കൻ ജില്ലയിലെ ഒരു സ്‌ക്വാഡ് മേധാവി ദേശീയപാത നിർമാണത്തിന് കരാർ കമ്പനി ഇറക്കിയ വാഹനങ്ങളെയും ഈ പട്ടികയിൽ തിരുകിക്കയറ്റി കമ്പനിയിൽനിന്നു നേരിട്ട് പിരിവ് നടത്തിയിരുന്നു.

നികുതി ഒടുക്കാത്ത വാഹനങ്ങൾ ദേശീയപാത നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ചില വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുമില്ല. ഇവയ്ക്കെതിരെ നടപടി ഒഴിവാക്കാനാണ് ഓഫീസ് മേധാവിയുടെ കൈക്കൂലി വാങ്ങിയത്. വാഹന പരിശോധനയുടെ പേരിൽ ദേശീയപാത നിർമാണം തടസ്സപ്പെടുത്തരുതെന്ന് മുകളിൽനിന്നു നിർദേശമുണ്ടെന്നായിരുന്നു ഈ ഉദ്യോഗസ്ഥൻ മറ്റുള്ളവരോട് പറഞ്ഞത്.

കൈക്കൂലി വിഴുങ്ങി ഇടനിലക്കാർ

ഉദ്യോഗസ്ഥൻ 500 രൂപ ആവശ്യപ്പെട്ടപ്പോൾ ഇടനിലക്കാരൻ പിരിച്ചത് 1000 രൂപവച്ച്. ഫിറ്റ്‌നസ് ടെസ്റ്റിന് വന്ന ഓട്ടോറിക്ഷക്കാരിൽനിന്നുള്ള പിടിച്ചുപറി അസഹനീയമായപ്പോൾ പരാതിയായി. വിജിലൻസ് അന്വേഷണത്തിൽ വാഹനം പരിശോധിക്കാതെ ഫിറ്റ്‌നസ് നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം ജില്ലയിലെ സബ് ആർ.ടി.ഓഫീലെ ഇൻസ്‌പെക്ടറെ ഫിറ്റ്‌നസ് ജോലികളിൽനിന്നു മാറ്റി നിർത്തിയിരിക്കുകയാണ്.

ഗുരുതരവീഴ്ച സംഭവിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇടനിലക്കാരന്റെ അധിക പിരിവാണ് ഇവിടെ പരാതിക്ക് ഇടയാക്കിയത്. സംഭവം വിവാദമായതോടെ മറ്റു ഓഫീസിലെ ചില ഉദ്യോഗസ്ഥർ ഒരുപടി കൂടി കടന്ന് സ്വന്തം നില സുരക്ഷിതമാക്കി. ഇടനിലക്കാരുടെ മുന്നിൽ വാഹന ഉടമയെ വിളിച്ച് നിർത്തി നിശ്ചിത തുക ആവശ്യപ്പെട്ടു.

നിരവധി നിയമലംഘനങ്ങളുള്ള ടൂറിസ്റ്റ് ബസ് ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തിയപ്പോൾ 'ഇത്രയൊക്കെ കുഴപ്പമുണ്ടെങ്കിൽ 10,000 രൂപയ്ക്ക് കാര്യങ്ങൾ നടപടിയാവില്ല' എന്നായിരുന്നു ഒരു എ.എം.വി.ഐ യുടെ പ്രതികരണം. ഫിറ്റ്‌നസ് പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഈ ഇൻസ്‌പെക്ടറും വകുപ്പുതല ശിക്ഷാ നടപടി നേരിടുകയാണ്.

രണ്ടാഴ്ചയത്തേയ്ക്ക് സഹകരിക്കണം ലോറിക്കാർക്ക് സന്ദേശം

ടിപ്പർ അപകടത്തിന് ശേഷം പരിശോധന കടുപ്പിക്കാൻ ഗതാഗത കമ്മിഷണർ കർശന നിർദേശം നൽകിയതിന് പിന്നാലെ രണ്ടാഴ്ചയ്‌ത്തേയ്ക്ക് പരിശോധന ഉണ്ടാകുമെന്നും സഹകരിക്കണമെന്നുമുള്ള എം.വി.ഡി ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് സന്ദേശം ലോറി ടിപ്പർ കൂട്ടായ്മകൾക്ക് ലഭിച്ചു. അപകടമരണങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ പതിവാണ്. നികുതി കുടിശ്ശികയുള്ള വാഹനങ്ങൾ ഭൂരിഭാഗവും ഇതോടെ ഒതുക്കി. തേഞ്ഞ ടയറും പൊട്ടിയ ലൈറ്റുമൊക്കെ ശരിയാക്കിയാണ് മറ്റുള്ളവർ നിരത്തിലിറങ്ങിയത്.

പരിശോധന തുടരുന്നതിനാൽ തത്കാലം അധികഭാരവുമില്ല. വേഗപ്പൂട്ടും ജി.പി.എസുമൊക്കെ വീണ്ടും ഘടിപ്പിച്ചിട്ടുണ്ട്. പുകപരിശോധനാ കേന്ദ്രങ്ങളിൽ ടിപ്പറുകളുടെ നീണ്ട നിരയാണ്. അമിതവേഗവും കുറഞ്ഞു. ഡ്രൈവർമാർ നല്ലവരായി. സ്‌ക്വാഡുകളെല്ലാം നിരത്തിലുണ്ട്. പരിശോധനയും കൃത്യമാണ്. അപകടങ്ങളും കുറഞ്ഞു. മൂന്നു ജീവന്റെ വിലയാണ് രണ്ടാഴ്ചയ്‌ത്തേയുള്ള ഈ ജാഗ്രത. അത് കഴിയുമ്പോൾ എല്ലാം പഴയപടിയാകുന്നതാണ് മുൻകാല അനുഭവം.