കൈയില്‍ കൊണ്ടുനടക്കേണ്ട ബുദ്ധിമുട്ടില്ല. ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും വെര്‍ച്വലായി സൂക്ഷിക്കാം.കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തിന്റെ എം പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷനിലാണ് ഡിജിറ്റല്‍ രേഖയായി ലൈസന്‍സും ആര്‍.സിയും ഉപയോഗിക്കാവുന്നത്. 

To advertise here,

സംസ്ഥാനത്ത് ഉപയോഗിച്ചിരുന്ന സ്മാര്‍ട് മൂവ് എന്ന സോഫ്റ്റ്വെയറില്‍നിന്ന് രേഖകളെല്ലാം വാഹന്‍സാരഥി സംവിധാനത്തിലേക്ക് മാറിയതോടെയാണ് ആപ്പ് സജീവമായത്. വാഹനത്തിന്റെ ആര്‍.സി. ബുക്കിലെ വിശദാംശങ്ങള്‍ക്കുപുറമേ ഇന്‍ഷുറന്‍സിന്റെയും പുക പരിശോധനയുടെയും കാലാവധിയും മറ്റും ഇതിലുണ്ടാകും. 

കാലാവധി കഴിഞ്ഞതാണെങ്കില്‍ അതും തിരിച്ചറിയാനാകും. കേന്ദ്രസര്‍ക്കാരിന്റെത്തന്നെ ഡിജി ലോക്കര്‍ ആപ്പില്‍ ഇവരണ്ടും ഡിജിറ്റലായി സൂക്ഷിക്കാമെങ്കിലും ഇന്‍ഷുറന്‍സോ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റോ ലഭിക്കില്ല. റോഡുകളിലെ പരിശോധനസമയങ്ങളില്‍ രേഖയായും ഇത് ഉപയോഗിക്കാം. ഒപ്പം സ്‌കാന്‍ ചെയ്യുന്നതിനായി ക്യുആര്‍ കോഡ് സംവിധാനവും ആപ്പിലുണ്ട്. 

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലോഗിന്‍ ചെയ്തശേഷം ആര്‍.സിയുടെയും ലൈസന്‍സിന്റെ നമ്പറുകള്‍ ഉപയോഗിച്ച് ഇവ ഡാഷ് ബോര്‍ഡിലേക്ക് മാറ്റാനാകും. പിന്നീട് പരിശോധനസമയത്ത് ആപ്പ് തുറന്ന് ഡാഷ് ബോര്‍ഡിലെ രേഖകള്‍ കാണിക്കാനാകുന്ന രീതിയിലാണ് സംവിധാനം.

Content Highlights: MParivahan Mobile App To Keep Digital Vehicle Documents