കൊച്ചി: ഭൂട്ടാനില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ എസ്യുവികളില്‍ ഇന്‍ഷുറന്‍സും ഫിറ്റ്നസും ഇല്ലാത്തവയുണ്ടെന്ന് കണ്ടെത്തല്‍. ഇത്തരം വാഹനങ്ങള്‍ വര്‍ഷങ്ങളായുണ്ട് എന്നാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവിന്റെ അന്വേഷണത്തിലൂടെ വ്യക്തമായത്. ഈ വാഹനങ്ങള്‍മൂലമുണ്ടാകുന്ന അപകടങ്ങളില്‍ ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.

To advertise here,

ഭൂട്ടാന്‍ വാഹനങ്ങളില്‍ പലതും ഇപ്പോഴും ആദ്യ ഉടമസ്ഥന്റെ പേരിലാണ്, ഇതാകട്ടെ വ്യാജവും. പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ചതിലാണ് പലതും ആദ്യ ഉടമയുടെ പേരിലാണെന്നും ഇന്‍ഷുറന്‍സും ഫിറ്റ്‌നസും ഇല്ലാത്തതാണെന്നും വ്യക്തമായത്.

ഡല്‍ഹി, ചണ്ഡീഗഢ്, അരുണാചല്‍പ്രദേശ്, അസം, മിസോറം, ഹിമാചല്‍പ്രദേശ്, തമിഴ്നാട്, ഒഡിഷ എന്നീ ആര്‍ടിഒ ഓഫീസുകളില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് രജിസ്ട്രേഷന്‍ നടത്തിയാണ് ഈ വാഹനങ്ങളിലേറെയും എത്തിച്ചത്.

കരസേനയുടെയും എംബസികളുടെയും വിദേശകാര്യമന്ത്രാലയത്തിന്റെയും വ്യാജസീലുകള്‍ ഉപയോഗിച്ച് ഇവിടത്തെ ഉദ്യോഗസ്ഥരും ഉപയോഗിച്ചിരുന്ന വാഹനമാണെന്ന രീതിയില്‍ രേഖകള്‍ സൃഷ്ടിച്ചെടുക്കുകയായിരുന്നു. ആദ്യ ഉടമകളുടെ പേരും വിലാസവുമെല്ലാം വ്യാജമാണ്.

ഭൂട്ടാന്‍വാഹനങ്ങള്‍ പലതും ഉടമയുടെ പേരിലേക്ക് മാറ്റാനാകാത്തവയാണ്. സ്വഭാവികമായും ഇന്‍ഷുറന്‍സും എടുക്കാനാകില്ല. അപകടത്തില്‍പ്പെട്ടാല്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച കാഷ്ലെസ് ചികിത്സാ പരിരക്ഷമാത്രമേ ലഭിക്കൂ. ഇതില്‍ ഏഴുദിവസത്തെ ആശുപത്രി ചികിത്സയ്ക്കായി ഒന്നരലക്ഷം രൂപമാത്രമാണ് ലഭിക്കുക.

വാഹനപരിശോധനാസംഘം പൊതുവില്‍ എസ്യുവികള്‍ക്കുനേരേ കൈകാണിക്കാറില്ല. വിഐപികളായിരിക്കും വാഹനത്തിലെന്ന് ധരിച്ചാണ് പരിശോധന ഒഴിവാക്കുന്നത്.