കാഞ്ഞങ്ങാട്: ആര്‍ടിഎ യോഗതീരുമാനത്തെ തുടര്‍ന്ന് ബസ്ചാര്‍ജില്‍ കുറവ് വരുത്തിയ റൂട്ടുകളിലെ ബസുകളില്‍ മോട്ടോര്‍വാഹനവകുപ്പ് മിന്നല്‍ പരിശോധന നടത്തി. ആര്‍ടിഎ തീരുമാനത്തിനുശേഷവും മിക്ക ബസ്സര്‍വീസുകളും പഴയനിരക്ക് ഈടാക്കുന്നതായി യാത്രക്കാരില്‍നിന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന നടന്നത്. ആര്‍ടിഒ ജി.എസ്. സജിപ്രസാദിന്റെ നിര്‍ദേശപ്രകാരം കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടിഒ ഓഫീസിലെ എംവിഐമാരായ എം. വിജയന്‍, കെ.വി. ജയന്‍ എന്നിവരാണ് റോഡുകളില്‍ പരിശോധന നടത്തിയത്.

To advertise here,

അമ്പലത്തറ മൂന്നാംമൈലില്‍ എട്ട് ബസുകളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് ബസ് സര്‍വീസുകളും അമിതനിരക്ക് ഈടാക്കി നിയമലംഘനം നടത്തുന്നതായി കണ്ടെത്തി. നിയമലംഘനം നടത്തിയവര്‍ക്ക് പിഴശിക്ഷ നല്‍കി. നിയമലംഘനം തുടര്‍ന്നാല്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഓഫീസര്‍മാര്‍ പറഞ്ഞു.

ഉടമകള്‍ പറഞ്ഞില്ലെന്ന് ബസ് ജീവനക്കാര്‍

നിരക്ക് കുറക്കാനുള്ള നിര്‍ദേശം ഉടമകള്‍ നല്‍കിയില്ലെന്ന മറുപടിയാണ് ബസ്ജീവനക്കാര്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തിങ്കളാഴ്ചയാണ് മലയോരറൂട്ടുകളിലെ ഫെയര്‍സ്റ്റേജ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയത്. കാഞ്ഞങ്ങാട്-കൊന്നക്കാട്, ഏഴാംമൈല്‍-കാലിച്ചാനടുക്കം റൂട്ടുകളിലാണ് ഫെയര്‍സ്റ്റേജ് പുതുക്കി ബസ്നിരക്ക് കുറവ് വരുത്തിയുള്ള ഉത്തരവ് നടപ്പാക്കിയത്. തീരുമാനം മോട്ടോര്‍വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും മാതൃഭൂമിയടക്കമുള്ള മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തിരുന്നു.

ഏഴാംമൈല്‍-അടുക്കം 10 കിലോമീറ്ററിന് നാളിതുവരെ 15 കിലോമീറ്ററിനുള്ള അമിതനിരക്കാണ് ഈടാക്കിയിരുന്നത്. പരാതിയെത്തുടര്‍ന്ന് നടത്തിയ ദൂരമളന്നുള്ള ഫെയര്‍സ്റ്റേജ് പരിഷ്‌കരണത്തെ തുടര്‍ന്നാണ് ബസ്നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരായത്. മെച്ചപ്പെട്ട റോഡ് സൗകര്യമുള്ള ഈറൂട്ടില്‍ നിയമം അട്ടിമറിച്ചുള്ള ബസുടമകളുടെ നീക്കത്തിനെതിരേ രാഷ്ട്രീയഭേദമെന്യേ നാട്ടുകാരും സംഘടനകളും ക്ലബുകളും രംഗത്തെത്തിയിട്ടുണ്ട്.