തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിലെ അപേക്ഷാ രീതികളില്‍ മാറ്റം വരുത്തിയാല്‍ കൈക്കൂലിക്കു വഴിയടയും. പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ പറ്റുന്ന സേവനങ്ങള്‍ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചിട്ടുണ്ടെന്നും പല ഓഫീസുകളിലും വ്യത്യസ്ത രീതിയിലാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതെന്നും കഴിഞ്ഞദിവസം സംസ്ഥാന വ്യാപകമായി നടന്ന വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സോഫ്റ്റ്വേറിലെ സങ്കീര്ണതയിലടക്കം ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് സൂചന.
കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കാന്‍ നിയോഗിക്കപ്പെട്ട വാഹന്‍- സാരഥി സപ്പോര്‍ട്ട് ടീമിലെ ഉദ്യോഗസ്ഥര്‍വരെ അപേക്ഷകള്‍ ലളിതമാക്കുന്നതിനെ എതിര്‍ക്കുകയാണ്. പെര്‍മിറ്റ് പുതുക്കല്‍, റദ്ദാക്കല്‍, പുതിയതിനുള്ള അപേക്ഷ തുടങ്ങിയ സേവനങ്ങള്‍, ബോഡി നിര്‍മിക്കേണ്ട വാഹനങ്ങളുടെ താത്കാലിക രജിസ്ട്രേഷന്, സേവനവിലക്ക് നീക്കംചെയ്യല്‍ എന്നിവയുടെ അപേക്ഷ കൈകാര്യംചെയ്യുന്ന രീതിയില്‍ മാറ്റംവരുത്തിയാല്‍ തന്നെ കൈക്കൂലിക്കുള്ള വഴി തടയാനാകുമെന്നാണ് പറയുന്നത്.
ഇവയ്ക്കുള്ള നടപടികള്‍ ലളിതമാക്കാനാകുമെങ്കിലും കൈക്കൂലിക്ക് വഴിയിടുംവിധം സങ്കീര്‍ണമാക്കിയതില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് സൂചന. വാഹന രജിസ്ട്രേഷന് രേഖകള്‍ ഏത് ഓഫീസിലും ലഭ്യമാകും വിധം ഓണ്‍ലൈനാണെങ്കിലും വിവിധ ഓഫീസുകളിലേതായി തരം തിരിച്ചിരിക്കുകയാണ്. രേഖകള്‍ മറ്റ് ഓഫീസുകളിലേക്ക് മാറ്റാന്‍ ഉദ്യോഗസ്ഥസഹായം വേണ്ടിവരുന്നതും കൈക്കൂലിക്കിടയാക്കുന്നു.
ഫീസ് അടയ്ക്കുന്നത് വകുപ്പിന്റെ ട്രഷറി അക്കൗണ്ടിലേക്കാണ് പോകുന്നതെങ്കിലും അപേക്ഷ സമര്‍പ്പിക്കുന്ന ഓഫീസിലേക്കുതന്നെ ഫീസ് വേണമെന്ന നിബന്ധനയും അപേക്ഷകരെ വലയ്ക്കുന്നു. ഏതെല്ലാം ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അപേക്ഷ ഓഫീസില്‍ എത്തിക്കേണ്ടതുണ്ട് എന്നത് സംബന്ധിച്ചും ഏകീകൃത മാനദണ്ഡമില്ല. ചില ഓഫീസുകളില്‍ അസല്‍ അപേക്ഷ ആവശ്യപ്പെടുമ്പോള്‍ മറ്റുചിലര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ മതിയാകും.
ഓണ്‍ലൈന്‍ കാലത്ത് അസല്‍ പെര്‍മിറ്റ് അപ്രസക്തമാണെങ്കിലും ടാക്സി വാഹനങ്ങള്‍ വില്‍പ്പന നടത്തുമ്പോള്‍ പെര്‍മിറ്റ് അതത് ഓഫീസില്‍ തിരിച്ചേല്‍പ്പിക്കണമെന്ന് ചില ഓഫീസ് മേധാവിമാര്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഇതില്ലാതെ ഉടമസ്ഥത മാറ്റാനാകില്ല. പിഴ അടച്ചാലും വാഹനങ്ങള്‍ക്കുള്ള സേവന വിലക്ക് നീക്കണമെങ്കില്‍ കുറഞ്ഞത് അഞ്ചുദിവസം വേണ്ടിവരും. മറ്റെല്ലാ സേവനങ്ങള്‍ക്കും രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ അപേക്ഷകര്‍ക്ക് കഴിയുമെങ്കിലും ഇത് ഉദ്യോഗസ്ഥര്‍ തന്നെ ചെയ്യുന്നതാണ് കാലതാമസത്തിന് ഇടയാക്കുന്നത്.
Content Highlights: Kerala MVD faces scrutiny over online application process complexities leading to bribery
Published: 02 Sept 2025, 03:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented