കൊട്ടാരക്കര: ആഡംബരക്കാറുകളിലെ നിയമലംഘനം തടയാന്‍ നടത്തിയ സംയുക്തപരിശോധന തുടരാന്‍ മോട്ടോര്‍വാഹന വകുപ്പ്. കഴിഞ്ഞദിവസം അമ്പലത്തുംകാലയില്‍ നടത്തിയ പരിശോധനയില്‍ അമ്പതിനായിരത്തിലധികം രൂപ പിഴയായി ഈടാക്കി. ഗൗരവമില്ലാത്ത ക്രമക്കേടുകള്‍ക്കു താക്കീതുനല്‍കി. മാതൃകാപരമായി വാഹനം ഓടിക്കുകയും വാഹനത്തിന്റെ രേഖകള്‍ കൃത്യമായി സൂക്ഷിക്കുകയും ചെയ്തവരെ അഭിനന്ദിച്ചു.

To advertise here,

സാധാരണയായി വാഹനപരിശോധനകളില്‍ ആഡംബരവാഹനങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. ചരക്കുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് പരിശോധനയില്‍പ്പെട്ടിരുന്നത്. എഐ ക്യാമറകളിലൂടെയും പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണിലൂടെ ഫോട്ടോയെടുത്തും കണ്ടെത്തുന്ന ക്രമക്കേടുകളില്‍ കേസെടുക്കുക മാത്രമായിരുന്നു രീതി. 

നിരത്തിലിറങ്ങിയുള്ള പരിശോധന ബോധവത്കരണത്തിനും സഹായകമാകുമെന്നു ബോധ്യമായതോടെയാണ് സംയുക്തപരിശോധന കൂടുതല്‍ ഇടങ്ങളില്‍ നടത്താന്‍ തീരുമാനിച്ചതെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എ.കെ. ദിലു പറഞ്ഞു. നികുതിവെട്ടിപ്പ് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്താന്‍ പരിശോധന സഹായകമാണ്.

അമ്പലത്തുംകാലയിലെ പരിശോധനയില്‍ 260 വാഹനങ്ങള്‍ പരിശോധിച്ചതില്‍ ഭൂരിഭാഗവും മാതൃകാപരമായി രേഖകള്‍ സൂക്ഷിച്ചിരുന്നവയാണ്. കഴിഞ്ഞദിവസം വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രം അത്തരത്തില്‍ വാഹനമോടിച്ച കെഎസ്ഇബി എന്‍ജിനീയര്‍ ജി. ബിജിയെ അഭിനന്ദിക്കുന്നതിന്റേതാണെന്നും ആര്‍ടിഒ പറഞ്ഞു.

ക്രമക്കേടുകള്‍ കണ്ടെത്തിയ ചിത്രങ്ങള്‍ പ്രസിദ്ധീകരണത്തിനു നല്‍കിയിരുന്നില്ല. വ്യാജ സ്റ്റിക്കര്‍ പതിക്കുന്നതുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ മുന്നറിയിപ്പു നല്‍കിയിട്ടും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.