യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസ് എസ്ഇയുടെ എച്ച് 125 ഹെലികോപ്റ്ററിന്റെ ഫ്യൂസ്‌ലേജ്  നിർമിക്കാനുള്ള കരാർ മഹീന്ദ്ര ഗ്രൂപ്പ് സ്വന്തമാക്കി. എയർബസ് ഹെലികോപ്റ്ററുകളുടെ മറ്റൊരു വകഭേദത്തിന്റെ ഫ്യൂസ്‌ലേജ് നിർമിക്കാനുള്ള കരാർ മഹീന്ദ്ര എയ്റോസ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ ഏപ്രിലിൽ നേടിയിരുന്നു. ചിറകുകൾ, വാൽ ഭാ​ഗം, ലാൻഡിങ് ഗിയറുകൾ എന്നിവ ഘടിപ്പിക്കുന്ന വിമാനത്തിന്റെ പ്രധാന ഭാഗമാണ് ഫ്യൂസ്‌ലേജ്.

To advertise here,

കരാർ ഒപ്പിടുമ്പോൾ എയർബസ് പ്രസിഡന്റും ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും മാനേജിങ് ഡയറക്ടറുമായ ജർഗൻ വെസ്റ്റർമെയർ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഇന്റർനാഷണൽ വൗട്ടർ വാൻ വെർഷ്, മഹീന്ദ്ര ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അരവിന്ദ് മെഹ്‌റ എന്നിവർ കരാർ ഒപ്പിടുമ്പോൾ സന്നിഹിതരായിരുന്നു. ബെംഗളൂരുവിലെ മഹീന്ദ്ര എയ്റോസ്ട്രക്ചേഴ്സ് പ്ലാന്റിൽ ഫ്യൂസ്‌ലേജുകളുടെ ഉത്പാദനം ഉടൻ ആരംഭിക്കും. 2027-ഓടെ ആദ്യ ഫ്യൂസ്‌ലേജ് നിർമിച്ച് നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

placeholder
photo:Mahindra Group/X

ഉയർന്ന പ്രദേശങ്ങളിലും പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാനുള്ള കഴിവിന് എയർബസിന്റെ എച്ച് 125 പ്രശസ്തമാണ്. ഇത് എയർ ആംബുലൻസ് സേവനങ്ങൾക്കും പരിശോധനകൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ അനുയോജ്യമായ ഹെലികോപ്റ്ററാക്കി മാറ്റുന്നു. 

8,848 മീറ്റർ ഉയരെ എവറസ്റ്റ് കൊടുമുടിയിൽ ഏറ്റവും ഉയരത്തിൽ ലാൻഡ് ചെയ്യുകയും ടേക്ക് ഓഫ് ചെയ്യുകയും ചെയ്തതിന്റെ റെക്കോർഡ് ഈ ഹെലികോപ്റ്ററിനാണ്. ഈ വിഭാഗത്തിലെ മറ്റെല്ലാ സിംഗിൾ എൻജിൻ ഹെലികോപ്റ്ററുകളെയും ഇത് മറികടക്കുന്നുവെന്ന് എയർബസ് അവകാശപ്പെടുന്നു. 

എയർബസ് എച്ച് 125-ന്റെ പരമാവധി ക്രൂസ് വേഗത 143 നോട്ട്സ് ആണ്. ഒരു നോട്ട് എന്നത് മണിക്കൂറിൽ ഒരു നോട്ടിക്കൽ മൈലിന് തുല്യമാണ്. ഇതിന് നാല് മണിക്കൂർ 57 മിനിറ്റ് വരെ നിർത്താതെ പറക്കാനും കഴിയും.