തിരുവനന്തപുരം: കെഎസ്ആർടിസി വാങ്ങിയ ആധുനിക വോൾവോ സ്ലീപ്പർ ബസിന്റെ പരീക്ഷണയോട്ടത്തിൽ സാരഥിയായി മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. തിരുവല്ലം-കോവളം പാതയിലാണ് മന്ത്രി ബസ് ഓടിച്ചുനോക്കിയത്. വോൾവോയുടെ 42 പേർക്ക് യാത്രചെയ്യാവുന്ന 9600 എസ്എൽഎക്സ് ശ്രേണിയിലെ ബസാണ് കോർപ്പറേഷൻ വാങ്ങിയത്.

To advertise here,

തീപിടിത്തം തടയുന്നതിനാവശ്യമായ അഗ്നിശമന നിയന്ത്രണ സംവിധാനങ്ങൾ ഈ മോഡലിലുണ്ട്. പുക ഉയരുന്നത് തിരിച്ചറിഞ്ഞ് അലാറം മുഴക്കാനുള്ള സജ്ജീകരണവും തീ കെടുത്തുന്നതിന് സ്പ്രിങ്ക്ളർ സിസ്റ്റവും ഉണ്ട്. അപകടഘട്ടങ്ങളിൽ വശങ്ങളിലെ ചില്ലുതകർത്ത് യാത്രക്കാർക്ക് വേഗത്തിൽ പുറത്തിറങ്ങാനാകും. എല്ലാ വിൻഡോകളിലും ഇതിനായി പ്രത്യേകതരം ചുറ്റികകളുണ്ട്.

നീളംകൂടിയ ബസിൽ മറ്റ് മോഡലുകളിൽനിന്നും വ്യത്യസ്തമായി യാത്രക്കാർക്ക് കൂടുതൽ കാബിൻ സ്ഥലമുണ്ട്. വശങ്ങളിലെ കർട്ടൻ തീപിടിക്കാത്തതാണ്. സുരക്ഷ ഉറപ്പിക്കാൻ ആധുനിക എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക്‌ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം എന്നിവയുണ്ട്. ഡ്രൈവറെ നിരീക്ഷിക്കാൻ കഴിയുന്ന ക്യാമറ സംവിധാനമുണ്ട്. കെഎസ്ആർടിസി കൺട്രോൾറൂമിൽ ഡ്രൈവറുടെ ദൃശ്യം ലഭിക്കും. ഡ്രൈവർ ഉറങ്ങിയാൽ അലാറം മുഴക്കുന്ന സജ്ജീകരണവുമുണ്ട്. 11 ഗിയറുള്ള ബസ് വാങ്ങുന്ന ആദ്യ പൊതുമേഖലാസ്ഥാപനമാണ് കെഎസ്ആർടിസി.

ബസ് ഏത് പാതയിലാകും ഓടിക്കുക എന്നതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. തിരുവനന്തപുരം-ബെംഗളൂരു, കൊച്ചി-ബെംഗളൂരു, തിരുവനന്തപുരം-ചെന്നൈ പാതകൾ പരിഗണനയിലുണ്ട്.

മദ്യപിച്ച് യാത്രചെയ്യാം, സഹയാത്രികരെയും ജീവനക്കാരെയും ശല്യം ചെയ്യരുത് -മന്ത്രി ഗണേഷ്‌കുമാർ

തിരുവനന്തപുരം: മദ്യപിച്ച് ബസിൽ യാത്ര ചെയ്യുന്നതിനു വിലക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. കെഎസ്ആർടിസി ബസുകളിൽ മദ്യപിച്ച് യാത്ര അനുവദിക്കില്ലെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മദ്യപിച്ചു എന്നുവെച്ച് യാത്ര വിലക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ‘മിണ്ടാതിരുന്നോളണം. സഹയാത്രികർക്കോ, ജീവനക്കാർക്കോ ബുദ്ധിമുട്ടുണ്ടാക്കരുത്. എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ ബസ് പോലീസ് സ്റ്റേഷനിലേക്കു പോകും’ -മന്ത്രി പറഞ്ഞു.