തിരുവനന്തപുരം: ടിക്കറ്റ് വെട്ടിപ്പ് തടയാൻ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് 'ചലോ' കാർഡുകൾ ഏർപ്പെടുത്തണമെങ്കിൽ കടമ്പകളേറെ. ദിവസം 12.12 ലക്ഷം സ്ത്രീകളാണ് സൗജന്യയാത്ര ചെയ്യുന്നത്. ഇവർക്കെല്ലാം കാർഡ് നൽകേണ്ടിവരും.

To advertise here,

സംസ്ഥാനത്ത് ഏകദേശം ഒന്നേമുക്കാൽ കോടി സ്ത്രീകളുണ്ട്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് സൗജന്യയാത്രയ്ക്ക് അർഹതയുണ്ട്. എന്നും യാത്ര ചെയ്തില്ലെങ്കിലും ഭൂരിഭാഗം പേരും കാർഡ് ആവശ്യപ്പെട്ടേക്കും.

ഒരു കാർഡിന് 40 രൂപ ചെലവുവരും. ആവശ്യത്തിന് കാർഡ് കിട്ടാനുമില്ല. അപേക്ഷകരുടെ ആധാർ വിവരങ്ങളുമായി ബന്ധിപ്പിച്ച് ഒരു കാർഡ് നൽകാൻ കുറഞ്ഞത് 10 മിനിറ്റ് വേണ്ടിവരും. ടിക്കറ്റ് മെഷീനുകൾവഴി കാർഡ് നൽകാമെങ്കിലും തിരക്കുള്ള ബസുകളിൽ പ്രായോഗികമല്ല. ഇത്രയും യാത്രാകാർഡുകൾ നൽകാനുള്ള അടിസ്ഥാന സൗകര്യവും ജീവനക്കാരും ഡിപ്പോകളിലില്ല.

കാർഡ് ഏർപ്പെടുത്തിയാലും ദുരുപയോഗ സാധ്യതയുണ്ട്. കൈമാറി ഉപയോഗിക്കാം. പുരുഷന്മാർ ടിക്കറ്റ് ആവശ്യപ്പെടുമ്പോൾ ഇത്തരം കാർഡുകളുപയോഗിച്ച് ടിക്കറ്റ് നൽകിയശേഷം യാത്രക്കൂലി വാങ്ങിയെടുക്കാൻ കണ്ടക്ടർക്ക് കഴിയും. അതിനാൽ കാർഡ് സംവിധാനം പൂർണമായും കാര്യക്ഷമമല്ലെന്നാണ് വിലയിരുത്തൽ.

ക്രൂശിക്കരുതെന്ന് ജീവനക്കാർ

70 യാത്രക്കാരെ കയറ്റാവുന്ന ഓർഡിനറി ബസുകളിൽ 130 യാത്രക്കാർവരെ ഉണ്ടാകാറുണ്ടെന്നും പ്രിയദർശിനി വന്നശേഷം ജോലിഭാരം ഇരട്ടിയായെന്നും കണ്ടക്ടർമാർ പറയുന്നു. ദിവസം 900 ടിക്കറ്റ് നൽകിയിരുന്നത് ഇപ്പോൾ 1800 ടിക്കറ്റുവരെയായി.

സീറോ ടിക്കറ്റും ഫെയർ ടിക്കറ്റും തിരഞ്ഞെടുക്കേണ്ടത് മെഷീനിലെ ചെറിയ ഡിസ്പ്ലേയിലൂടെയാണ്. മാറിപ്പോകാൻ സാധ്യതയേറെയാണെന്നും കണ്ടക്ടർമാർ പറയുന്നു.