തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സിൽ കയറിപ്പറ്റാനായി യാത്രക്കാരൻ ബൈക്കിലും കാറിലുമായി പിന്തുടർന്നത് 35 കിലോമീറ്റർ. ജോലിസംബന്ധമായ അഭിമുഖത്തിന് തിരുവനന്തപുരത്തു എത്തേണ്ട യാത്രക്കാരനാണ് വഴിയിൽനിന്ന്‌ ടാക്സി പിടിച്ച് മത്സരയോട്ടം നടത്തി ബസിൽ കയറേണ്ടിവന്നത്.

To advertise here,

ജനുവരി 18-ന് നിലമ്പൂരിൽനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരനാണ് ഈ ദുരനുഭവം. ബസിനു തൊട്ടുപിന്നാലെ എത്തിയെങ്കിലും ‘പിന്തുടർന്നിട്ട് കാര്യമില്ലെന്നും തടഞ്ഞുനിർത്തിയാൽ കയറ്റാമെന്നായിരുന്നു’ ഫോണിലൂടെയുള്ള കണ്ടക്ടറുടെ മറുപടി.

മിന്നൽവേഗത്തിൽ പാഞ്ഞ ബസിനെ മറികടക്കാൻ ടാക്സിഡ്രൈവർക്കും 20 കിലോമീറ്ററോളം മത്സരയോട്ടം നടത്തേണ്ടിവന്നു. സംഭവത്തിൽ പരാതിപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടർ എ. സുലൈമാനെ സൂപ്പർക്ലാസ് സർവീസുകളിൽ ജോലിചെയ്യുന്നത് വിലക്കി കെ.എസ്.ആർ.ടി.സി. തടിയൂരി.

ഗതാഗതക്കുരുക്കിൽപ്പെട്ടാണ് യാത്രക്കാരൻ സ്റ്റാൻഡിലെത്താൻ വൈകിയത്. അഞ്ചുമിനിറ്റിനുള്ളിൽ എത്തുമെന്ന് അറിയിച്ചെങ്കിലും യാത്രക്കാരൻ എത്തിയില്ലെന്ന് രേഖപ്പെടുത്തി കണ്ടക്ടർ ഡബിൾബെൽ നൽകുകയായിരുന്നു.

ബസ്, സ്റ്റാൻഡിൽനിന്നും റോഡിലേക്ക് ഇറങ്ങുമ്പോൾത്തന്നെ യാത്രക്കാരൻ മറ്റൊരാളുടെ ബൈക്കിൽ സ്റ്റാൻഡിലെത്തിയിരുന്നു. ബസിനുപിന്നാലെ കൈകാണിച്ച് ഓടിയെങ്കിലും കണ്ടക്ടർ കണ്ടഭാവം നടിച്ചില്ല. മറ്റുയാത്രക്കാർ കണ്ടക്ടറോട് പറഞ്ഞെങ്കിലും പിന്നാലെ വന്ന് വിളിക്കുന്നവർക്ക് ബസ് നിർത്താൻ ചട്ടമില്ലെന്നായിരുന്നു കണ്ടക്ടറുടെ മറുപടി.

ബൈക്കിൽനിന്നും ഇറങ്ങി ടാക്സിയിൽ കയറി പിന്നാലെ പുറപ്പെടുമ്പോഴേക്കും ബസ് കണ്ണിൽനിന്ന്‌ മാഞ്ഞിരുന്നു. യാത്രക്കാരന്റെ അത്യാവശ്യം മനസ്സിലാക്കിയ ടാക്സിഡ്രൈവർ 15 മിനിറ്റോളം പിന്തുടർന്നാണ് ബസിനെ മറികടക്കാനായത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ വിജിലൻസ് സ്ക്വാഡ് കണ്ടക്ടറുടെ ഭാഗത്ത് പിഴവുള്ളതായി കണ്ടെത്തി.

യാത്രക്കാർക്കുവേണ്ടി കാത്തുകിടക്കേണ്ടതില്ലെന്നാണ് വ്യവസ്ഥയെങ്കിലും യാത്രക്കാരൻ തൊട്ടുപിന്നാലെ ഉണ്ടെന്നറിഞ്ഞപ്പോൾ ബസ് നിർത്തേണ്ടിയിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ.