
സ്വകാര്യബസുകള്‍ കുത്തകയാക്കിയതും പിന്നീട് ഏറ്റെടുത്തതുമായ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. 30 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു. 223 സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ക്കാണ് ഇളവ്. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ സ്വകാര്യബസുകള്‍ വീണ്ടും ഈ റൂട്ടുകളില്‍ മത്സരം സൃഷ്ടിച്ചതോടെയാണ് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നീക്കം.
140 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള ചില റൂട്ടുകള്‍ നേരത്തേ സ്വകാര്യബസുകള്‍ കൈയടക്കിയിരുന്നു. നിയമനടപടികളിലൂടെ അവരെ ഒഴിപ്പിച്ച കെ.എസ്.ആര്‍.ടി.സി. ഈ റൂട്ടുകള്‍ സ്വന്തമാക്കി. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ വരുന്ന ഇത്തരം ഭൂരിഭാഗം ടേക്ക് ഓവര്‍ റൂട്ടുകളിലും കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ക്ലാസ് ബസുകള്‍ ഓടിച്ചുവരുകയായിരുന്നു.
ഇതിനെതിരേ കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടിയ സ്വകാര്യബസ്സുടമകള്‍ നിരത്തില്‍ വീണ്ടും മത്സരം സൃഷ്ടിച്ചതാണ് നിരക്കിളവ് പ്രഖ്യാപിക്കാന്‍ കെ.എസ്.ആര്‍.ടി.സിയെ പ്രേരിപ്പിച്ചത്. മാര്‍ച്ച് ഒന്ന് മുതലാണ് 140 കിലോമീറ്ററില്‍ അധികം ദൂരമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത് പ്രാബല്യത്തില്‍ വരുത്തിയത്. ഇരുനൂറോളം റൂട്ടുകളാണ് സ്വകാര്യബസുകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്തത്.
470 സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുണ്ടായിരുന്ന റൂട്ടുകളില്‍ 241 എണ്ണം വര്‍ഷങ്ങള്‍ക്കുമുമ്പ് കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്തിരുന്നു. ഈ റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ചിരുന്നു. സ്വകാര്യ ബസുകള്‍ ഓര്‍ഡിനറി നിരക്കില്‍ ഓടി ലാഭത്തിലെത്തി. പിന്നീട് ഓര്‍ഡിനറി ബസുകളുടെ ദൂരപരിധി 140 കിലോമീറ്ററാക്കി.
റൂട്ട് ദേശസാല്‍കരിക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ഒക്ടോബറില്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അന്തിമ വിജ്ഞാപനത്തിലെ കാലതാമസവും യാത്രാക്ലേശവും പരിഗണിച്ച് ഇത് നടപ്പാക്കുന്നത് നാലു മാസത്തേക്ക് നീട്ടുകയും സ്വകാര്യ ബസുകള്‍ക്ക് താത്കാലിക പെര്‍മിറ്റ് നല്‍കുകയുമായിരുന്നു. ഇനി താത്കാലിക പെര്‍മിറ്റ് അനുവദിക്കില്ലെന്ന് ഗതാഗതവകുപ്പ് അറിയിച്ചിരുന്നു.
Content Highlights: KSRTC announce 30 offer for ticket fare to attract passengers, Private bus permitt, KSRTC service
Published: 14 Apr 2023, 07:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented