കോഴിക്കോട്: രൂപമാറ്റം വരുത്തിയ ബൈക്കുകൾ ഓടിക്കുന്നവരുടെപേരിൽ ശക്തമായ നിയമനടപടിയുമായി മോട്ടോർവാഹനവകുപ്പും പോലീസും. വാഹനനിർമാതാക്കൾ ഘടിപ്പിച്ച സൈലൻസറുകൾക്ക് പകരം പുതിയവ ഉപയോഗിച്ച് രൂപമാറ്റംവരുത്തുന്ന വാഹന ഉടമകൾക്കെതിരേയാണ് നിയമനടപടി. തീതുപ്പുന്നതും സ്ഫോടനമുണ്ടാക്കുന്നതുമായ വിധത്തിലുള്ള ബൈക്കുകൾ ഓടിക്കുന്നത് വർധിക്കുന്നുവെന്നാണ് അധികൃതരുടെ പക്ഷം.
നിലവിലെ എൻജിൻ കൺട്രോൾ യൂണിറ്റ് (ഇ.സി.യു.) മാറ്റംവരുത്തുന്നതിനാലാണ് സ്ഫോടനവും തീജ്വാലയും ഉണ്ടാകുന്നത്. ഇത് മറ്റുവാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ഒരുപോലെ പ്രയാസപ്പെടുത്താറുണ്ട്. പെട്രോൾ പമ്പുകൾ പോലുള്ള സുരക്ഷ ആവശ്യമുള്ള ഇടങ്ങളിൽ തീപ്പിടിത്തസാധ്യതയും വർധിക്കും. ശബ്ദമലിനീകരണവും മറ്റൊരു പ്രശ്നമാണ്.
1988-ലെ മോട്ടോർവാഹന നിയമത്തിലെ സെക്‌ഷൻ 52, സെക്‌ഷൻ 190 (2) എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റമാണ് വാഹനങ്ങളുടെ രൂപമാറ്റം വരുത്തൽ. നിലവിലെ നിയമപ്രകാരം വാഹനനിർമാതാക്കളുടെ അടിസ്ഥാനഘടനയിലോ പ്രധാന ഘടകങ്ങളിലോ അനധികൃതമായി മാറ്റുംവരുത്താൻ പാടില്ല. റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവും ശബ്ദമലിനീകരണവുംകൂടിയാണിത്. കേന്ദ്രസർക്കാരിന്റെ മോട്ടോർവാഹനനിയമം 1989-ലെ റൂൾ 120 പ്രകാരവും ശബ്ദപരിധി ലംഘിക്കാൻപാടില്ല. രാത്രികാലങ്ങളിൽ ഇത്തരം ബൈക്കുകൾ ഓടിക്കുന്നത് പലയിടത്തും പതിവായിട്ടുണ്ടെന്ന് സിറ്റി ട്രാഫിക് അധികൃതർ വ്യക്തമാക്കി.
രണ്ടുമാസത്തിനിടെ ഇത്തരത്തിലുള്ള 165 കേസുകളെടുത്തു. ഇ-ചെലാൻ വഴി 8,80,000 രൂപ പിഴയീടാക്കി. ഇത്തരം നിയമലംഘനങ്ങൾ ഉണ്ടായാൽ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട അധികൃതരെ അറിയിക്കാം. ഫോൺ: 9188961011. ഇ-മെയിൽ: rtoe11.mvd@kerala.gov.in. വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്ന് മോട്ടോർ വകുപ്പ് അധികൃതർ പറഞ്ഞു.
സൈലൻസർ രൂപമാറ്റത്തിന് 5000 രൂപയും ശബ്ദമലിനീകരണത്തിന് 2000 രൂപയും പിഴയൊടുക്കണം. രണ്ട് സൈലൻസർ രൂപംമാറ്റിയാൽ 10,000 രൂപ പിഴ ഈടാക്കും. കുറ്റകൃത്യത്തിന്റെ വ്യാപ്തി വർധിക്കുന്നതിനനുസരിച്ച് പിഴത്തുകയും കൂടും. കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ ഏഴുദിവസത്തിനകം പൊലൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് കൂടാതെ ആർ.സി.യും സസ്പെൻഡ് ചെയ്യും.
വരുംദിവസങ്ങളിൽ ഇത്തരത്തിലുള്ള വാഹനങ്ങൾ പിടികൂടാൻ പോലീസും മോട്ടോർവകുപ്പും സംയുക്തമായി സ്പെഷ്യൽ ഡ്രൈവ് നടത്താനാണ് തീരുമാനം. പിടികൂടിയവയുടെ സൈലൻസറുകൾ നശിപ്പിക്കാനാണ് ആലോചനയെന്ന് സിറ്റി ട്രാഫിക് ഇൻസ്പെക്ടർ കെ. അബ്ദുൾഹക്കിം പറഞ്ഞു. ഇങ്ങനെയുള്ള വാഹനങ്ങളുമായി റോഡിലിറങ്ങുന്ന ഉടമകൾക്ക് നോട്ടീസ് നൽകുകയും തുടർ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Kozhikode MVD and Police have intensified legal action against modified bikes, specifically targeting altered silencers and ECU remapping, with fines up to ₹5,000 for silencer changes and potential RC suspension for repeat offenders.
Published: 07 May 2026, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented