സമയത്തിന്റെ പേരിലെ പ്രതികരണം അല്‍പ്പം കടന്നതാണെന്ന് ബിജി; സ്ത്രീകള്‍ പ്രൈവറ്റ് ബസ് മേഖലയില്‍ വന്നാല്‍ തീരുന്നതേയുള്ളവെന്ന് MVD

നന്ദാവനം ബസിന്റെ ഡ്രൈവിങ് സീറ്റില്‍ ബിജി | ഫോട്ടോ: Print, Facebook/Bus Kollam
കൊട്ടാരക്കര: സ്വകാര്യബസ് മേഖല അച്ചടക്കമുള്ളതാക്കാന്‍ ജീവനക്കാരായി സ്ത്രീകള്‍ കടന്നെത്തണമെന്ന് കൊട്ടാരക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആര്‍. ജയകൃഷ്ണന്‍. മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൊട്ടാരക്കര ആര്‍ടി ഓഫീസില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കായി നടത്തിയ 'നേര്‍വഴി' ബോധവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'അപകടാനന്തര ജീവിതം' എന്ന വിഷയത്തില്‍ ഐഡിടിആര്‍ എറണാകുളം എക്‌സറ്റന്‍ഷന്‍ സെന്റര്‍ ഡയറക്ടര്‍ ആദര്‍ശ്കുമാര്‍ ജി. നായര്‍ ക്ലാസെടുത്തു. 'ആറുവരിപ്പാതയിലെ ഗതാഗതനിയമങ്ങളും മുന്‍കരുതലും' എന്ന വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എ.കെ. ദിലു ക്ലാസ് നയിച്ചു. മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടര്‍ ബി. ബിജു പ്രസംഗിച്ചു. ലൈസന്‍സുള്ള ബസ് ജീവനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി.
ബിജി ജില്ലയിലെ ഏക വനിതാമുഖം
ജില്ലയില്‍ സ്വകാര്യബസ് മേഖലയിലെ ഏക ജീവനക്കാരിയാണ് നീലേശ്വരം കോട്ടമല വടക്കേവീട്ടില്‍ വി.ജെ. ബിജി. കൊട്ടാരക്കര-ഓടനാവട്ടം-കുണ്ടറ റൂട്ടിലോടുന്ന 'നന്ദാവനം' ബസില്‍ മൂന്നുവര്‍ഷത്തിലധികമായി ഡ്രൈവറാണ് ബിജി. ചിലപ്പോള്‍ കണ്ടക്ടറുമാകും.
പുരുഷന്‍മാര്‍ കുത്തകയാക്കിയിരിക്കുന്ന സ്വകാര്യ റൂട്ടിലാണ് ബിജിയുടെ യാത്ര. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ബിജിക്ക്, ഹെവി വെഹിക്കിള്‍ ലൈസന്‍സ് എടുത്തപ്പോള്‍മുതലുള്ള ആഗ്രഹമാണ് ബസ് ഓടിക്കുക എന്നത്. മകളുടെ വിവാഹശേഷമാണ് ബസിലെ ജോലിക്കിറങ്ങിയത്.
യാത്രികരുടെ സുരക്ഷയാണ് പ്രധാനം. കുരുക്കില്‍പ്പെട്ടും മറ്റു കാരണങ്ങളാലും സമയത്തിനു പിന്നാലെയുള്ള ഓട്ടത്തില്‍ വൈകിയാല്‍ മറ്റു ബസുകാരുടെ പ്രതികരണം ഇത്തിരി കടന്നതാണെന്ന് ബിജി പറയുന്നു. ഡ്രൈവിങ്ങിനെക്കാള്‍ പ്രയാസം ഈ കലഹങ്ങള്‍ മറികടക്കലാണ്. എങ്കിലും ഇഷ്ടപ്പെട്ട തൊഴിലാണ്. കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്കു കടന്നുവരണമെന്നാണ് ബിജിയുടെ അഭിപ്രായം.
Content Highlights: Additional Sessions Judge R. Jayakrishnan advocates for more women in the private bus sector in Kottarakkara to ensure discipline and safety. A workshop was held for bus employees.
Published: 24 Oct 2025, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented