കാക്കനാട്: നികുതി കുടിശ്ശിക 6.38 കോടി രൂപ പിന്നിട്ടതിനാല്‍ കൊച്ചിയില്‍ 1850 വാഹന ഉടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ജപ്തിനോട്ടീസ് പുറപ്പെടുവിച്ചു. റവന്യൂവകുപ്പ് മുഖേനയാണ് നോട്ടീസ് നല്‍കുന്നതെന്ന് എറണാകുളം ജോയിന്റ് ആര്‍ടിഒ സി.ഡി. അരുണ്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കണയന്നൂര്‍ താലൂക്ക് പരിധിയില്‍പ്പെട്ട വാഹന ഉടമകളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. നികുതി കാലാവധി കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും പലമടങ്ങ് പിഴയായിട്ടും നികുതിയടയ്ക്കാത്ത വാഹന ഉടമകള്‍ക്കെതിരേയാണ് നിയമനടപടി.

To advertise here,

ഇവരുടെ പട്ടിക വില്ലേജ് ഓഫീസുകളിലേക്ക് കൈമാറിയിട്ടുണ്ട്. ടാക്‌സി, ബസ്, ലോറി തുടങ്ങിയ ഹെവി വാഹനങ്ങളാണ് ഇതില്‍ ഏറെയും. കാലാവധി കഴിഞ്ഞിട്ടും നികുതി അടയ്ക്കാതിരുന്നതിനാല്‍ പിഴ കൂടി ചേര്‍ത്ത് അടയ്ക്കേണ്ടിവരും. അടയ്ക്കാന്‍ വൈകുംതോറും ഭീമമായ തുകയായിരിക്കും വാഹന ഉടമയെ കാത്തിരിക്കുക. ഈയൊരു അവസ്ഥയുണ്ടാകാതിരിക്കാന്‍ നികുതി ഒരുമിച്ചടയ്ക്കാനാവശ്യപ്പെട്ട് നികുതി കുടിശ്ശികയുള്ള വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കലിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടും അവസരം ഉപയോഗിക്കാത്തതിനാലാണ് ജപ്തി നടപടിയിലേക്ക് നീങ്ങിയത്.

എറണാകുളം ആര്‍ടി ഓഫീസ് പരിധിയില്‍നിന്നു മാത്രം 1850 വാഹന ഉടമകളില്‍നിന്നായി 6.33 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. കൂടുതല്‍ സംഖ്യ കുടിശ്ശികയുള്ളവരുടെ പേരിലാണ് ആദ്യഘട്ടത്തില്‍ നടപടിയെടുക്കുക. ജില്ലാ കളക്ടര്‍ മുഖേന ഉടമയുടെ സ്ഥാവരജംഗമവസ്തുക്കള്‍ ജപ്തി ചെയ്യാനുള്ള അധികാരം വാഹനവകുപ്പ് ഉപയോഗിക്കും. ദീര്‍ഘകാലമായി ഉപയോഗിക്കാത്ത വാഹനങ്ങളും പോലീസ് സ്റ്റേഷനുകളിലും മറ്റും പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളും നടപടികള്‍ പൂര്‍ത്തിയാക്കി പൊളിച്ചുകളഞ്ഞ് ആര്‍സി റദ്ദാക്കുകയോ വാഹനം ഓടുന്നില്ലെങ്കില്‍ ജിഫോം സമര്‍പ്പിക്കുകയോ വേണമെന്ന് ആര്‍ടിഒ അറിയിച്ചു.

വണ്ടി പൊളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

പഴയ ഉപയോഗശൂന്യമായ വാഹനങ്ങള്‍ വീട്ടില്‍ കിടന്ന് നശിക്കുന്നതു കണ്ട് ആക്രിവിലയ്ക്ക് വിറ്റൊഴിവാക്കാനുള്ള പ്ലാനില്‍ ആണോ? ആക്രിക്കാര്‍ക്ക് പൊളിച്ചുകൊടുക്കുന്നതെല്ലാം കൊള്ളാം, അതിനുമുന്‍പ് ചില നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിറ്റുകിട്ടിയ തുകയും അതിനെക്കാള്‍ കൂടുതല്‍ പണവും കൈയില്‍നിന്നു പോയേക്കാം. സംഗതിയെന്താണെന്നല്ലേ, ആക്രിക്കടകളില്‍ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ നിയമം പാലിക്കാത്ത പ്രവണതയ്‌ക്കെതിരേ കടുത്ത നടപടിക്കൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

ഇത്തരത്തിലുള്ള നിയമലംഘനങ്ങളുടെ എണ്ണം കൂടുന്നതാണ് നടപടിക്കു പിന്നില്‍. വാഹനം ആക്രിക്കാര്‍ക്കോ പൊളിക്കാനോ കൊടുക്കുന്നതിനു മുന്‍പ് വണ്ടിയുടെ ആര്‍സി (രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) അതത് ആര്‍ടി ഓഫീസുകളില്‍ സമര്‍പ്പിച്ച്, നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനുശേഷം മാത്രമേ വാഹനം പൊളിക്കാനും മറ്റും കൊടുക്കാവൂ എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം.

നേരത്തേ ബൈക്ക് റേസിങ് നടത്തിയ ബൈക്കിനായി പോലീസുമായി ചേര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലൊരു നിയമലംഘനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഇടപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയില്‍ നിലവിലെ വാഹനത്തിന്റെ ഉടമ ബൈക്ക് 2019-ല്‍ ആക്രിക്കാരന് വില്‍ക്കുകയും ആര്‍സി തന്റെ കൈവശം തന്നെ സൂക്ഷിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വ്യക്തമായി. ഇതേ വാഹനത്തിന്റെ ആര്‍സി നമ്പര്‍ ഉപയോഗിച്ച് റേസിങ് നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നിലവിലെ ആര്‍സി ഓണര്‍ ആര്‍സി സമര്‍പ്പിക്കാതെ വാഹനം പൊളിക്കാന്‍ വിട്ടുകൊടുത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വാഹനം പൊളിക്കുകയോ ആക്രിക്കാര്‍ക്ക് നല്‍കുകയോ ചെയ്യുന്നതിനു മുന്‍പ് ആര്‍സി രേഖ സമര്‍പ്പിക്കുന്നതുള്‍പ്പെടെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പരിശോധനകളും നടപടികളും ഭാവിയില്‍ തുടരും.