
കാക്കനാട്: യാത്രക്കാരെ പിടിച്ചുപറിക്കുന്ന ഓട്ടോ ഡ്രൈവർമാരെ പൂട്ടാൻ കളക്ടർതന്നെ കളത്തിലിറങ്ങി. വ്യാഴാഴ്ച രാത്രി കൊച്ചി നഗരത്തിലും പരിസരപ്രദേശത്തും മോട്ടോർ വാഹനവകുപ്പ് നടത്തിയ മിന്നൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയത് കളക്ടർ ജി. പ്രിയങ്കയാണ്.
വെള്ളിയാഴ്ച പുലർച്ചെവരെ നടത്തിയ പരിശോധനയിൽ ഫിറ്റ്നസും ഇൻഷുറൻസും ഇല്ലാത്തതുമുതൽ നികുതി അടയ്ക്കാത്തവർ വരെ കുടുങ്ങി. 174 ഓട്ടോറിക്ഷകൾക്കെതിരേ കേസെടുത്തതിൽ 72 എണ്ണവും ഫെയർ മീറ്ററില്ലാത്തതായിരുന്നു. ഫിറ്റ്നസ് കാലാവധി കഴിഞ്ഞ 15 ഓട്ടോകളും നികുതി അടയ്ക്കാത്ത 10 ഓട്ടോകൾക്കും പിടിവീണു.
അമിതപ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റ് ഘടിപ്പിച്ച 10-ഉം, ഇൻഷുറൻസ് ഇല്ലാത്ത ഒരു ഓട്ടോറിക്ഷയും പെർമിറ്റ് കാലാവധി കഴിഞ്ഞ 12 ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നതായി കണ്ടെത്തി. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച ഏഴാളുകളുടെ പേരിലും കേസെടുത്തു.
കൂടാതെ മറ്റുജില്ലകളിൽ നിന്നുള്ള 20 ഓട്ടോറിക്ഷകൾ കൊച്ചി നഗരത്തിൽ ഓടുന്നതായി പരിശോധനയിൽ കണ്ടെത്തി. കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള ഡ്രൈവർമാരെയാണ് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു.
രേഖകളില്ലാത്ത ഒട്ടേറെ ഓട്ടോറിക്ഷകൾ രാത്രി സമയത്തുമാത്രം സർവീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി സ്റ്റാൻഡ്, കലൂർ, എംജി റോഡ്, വൈറ്റില, ഹൈക്കോർട്ട് ജങ്ഷൻ, കലൂർ-കതൃക്കടവ് റോഡ് തുടങ്ങിയ മേഖലകളിലായിരുന്നു പരിശോധന. ഓട്ടോറിക്ഷകളെക്കുറിച്ച് വ്യാപകമായ പരാതി ലഭിച്ചതിനേത്തുടർന്നാണ് പരിശോധനയ്ക്ക് കളക്ടർ നേരിട്ടിറങ്ങിയത്. എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ ആറ് സ്ക്വാഡുകളായിട്ടായിരുന്നു പരിശോധന.
നിയമലംഘനം കണ്ടെത്തിയ ഓട്ടോകളിലെ യാത്രക്കാരെ ഉദ്യോഗസ്ഥർ തന്നെ മറ്റ് ഓട്ടോകളിൽ കയറ്റിവിട്ടു. റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു കളക്ടറും ആർടിഒയും ചേർന്ന് പരിശോധനയ്ക്കിറങ്ങിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആർടിഒ അറിയിച്ചു.
Content Highlights: Kochi Collector cracks down on unregistered, unfit, and fare-flouting auto-rickshaws. Over 174 autos seized in a night-long operation. Read details!
Published: 24 Jan 2026, 09:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented