ദേശീയപാത 66-ൽ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും നിരോധിച്ചിട്ടുള്ളതാണ്. ഇത് അറിഞ്ഞിട്ടും എത്രത്തോളം വണ്ടികളാണ് നിത്യവും അതിലൂടെ കടന്നുപോകുന്നത്?

പ്രതീകാത്മക ചിത്രം| AI generated image
മലപ്പുറം: റോഡപകടങ്ങളുണ്ടാകുമ്പോൾ അന്വേഷിക്കാൻ കമ്മിഷനുകളെ വെക്കും, അവർ റിപ്പോർട്ടുകളും നൽകും. എന്നാൽ ഒന്നും നടപ്പാക്കാറില്ല. 1994-ൽ ചേർത്തലയിൽ നടന്ന അപകടത്തെത്തുടർന്ന് തയ്യാറാക്കിയ അന്വേഷണറിപ്പോർട്ട് മുതൽ ഒന്നും നടപ്പാക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ലെന്ന് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി അംഗവും റോഡ് സുരക്ഷാ വിദഗ്ധനുമായ ഉപേന്ദ്ര നാരായൺ പറഞ്ഞു.
റിപ്പോർട്ടുകൾ നടപ്പാക്കിയാൽത്തന്നെ അപകടങ്ങൾ കുറയ്ക്കാനാകും. മലബാർ ജില്ലകളിലാണ് സ്വകാര്യബസ് അപകടങ്ങൾ കൂടുന്നത്. അമിതവേഗവും വേഗമത്സരവും മൊബൈൽഫോൺ ഉപയോഗവുമൊക്കെ അപകടങ്ങൾ കൂടുന്നതിന്റെ കാരണങ്ങളാണ്. വകുപ്പ്മന്ത്രി തൊട്ട് ആർ.ടി.ഒ. എൻഫോഴ്സ്മെന്റും മോട്ടോർ വാഹനവകുപ്പും ഹൈവേ പോലീസുമൊക്കെ കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കണം.
വർധിച്ചുവരുന്ന അപകടങ്ങൾ സിസ്റ്റം പ്രവർത്തിക്കുന്നതിൽ പ്രശ്‌നമുണ്ട് എന്നതിന്റെ സൂചനയാണ്. മറ്റ് സംസ്ഥാനങ്ങളിൽ മഴക്കാലത്തിനുമുൻപ് വാഹനങ്ങൾ പരിശോധിക്കുകയും ടയർ, ബ്രേക്ക്, സസ്‌പെൻഷൻ തുടങ്ങിയ എല്ലാത്തിന്റെയും ഫിറ്റ്നസ് ഉറപ്പുവരുത്തുന്ന പതിവുണ്ട്. ഇവിടെയും ഇത്തരം പരിശോധനകൾ കർശനമാക്കണം. പല ബസുകളുടെയും ബോഡി ഡിസൈൻ ചെലവുകുറഞ്ഞ രീതിയിലാണുള്ളത്.
കനംകുറഞ്ഞ മെറ്റീരിയലുകൾ സുരക്ഷ കുറയ്ക്കും. ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. പണിയാൻപോകുന്ന പാതകളുടെ ഡി.പി.ആർ. വേനൽക്കാലത്ത് തയ്യാറാക്കുന്നതുകൊണ്ടാണ് മഴക്കാലത്ത് പാതയിൽ വെള്ളപ്പാളികൾ ഉണ്ടാകുന്നത്. വെള്ളത്തിന്റെ സാന്നിധ്യം, അളവ്, ഒഴുക്കിന്റെ ഗതി, അഴുക്കുചാൽ തുടങ്ങിയ കാര്യങ്ങളിൽ തുടക്കംമുതലേ ശ്രദ്ധവേണം.
സ്‌കൂൾതലം മുതൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണം കാര്യക്ഷമമായി നടപ്പാക്കേണ്ടത് പ്രധാനമാണ്. അതിവേഗപാതകൾ കൂടുന്ന സാഹചര്യത്തിൽ ട്രാക്കുകളിലൂടെ വണ്ടി ഓടിക്കുന്നതിനെപ്പറ്റി ആളുകളെ പഠിപ്പിക്കേണ്ടതുണ്ട്.
കഴിഞ്ഞദിവസം അപകടമുണ്ടായ കുറ്റിപ്പുറത്തെ ദേശീയപാത 66-ൽ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും നിരോധിച്ചിട്ടുള്ളതാണ്. ഇത് അറിഞ്ഞിട്ടും എത്രത്തോളം വണ്ടികളാണ് നിത്യവും അതിലൂടെ കടന്നുപോകുന്നത്? നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ഉദ്യോഗസ്ഥർ അവ കൃത്യമായി നടപ്പാക്കുകയും വേണം -ഉപേന്ദ്ര നാരായൺ പറഞ്ഞു.
Content Highlights: Most road safety commission reports since 1994 remain unimplemented., Private bus accidents in Malabar are linked to speeding and mobile phone usage., Need for strict pre-monsoon vehicle fitness checks., Infrastructure flaws, including poor DPR planning and substandard bus body materials., Enforcement of traffic laws on NH 66 needs to be prioritized.
Published: 29 Jul 2026, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented