തിരുവനന്തപുരം: കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് പൊളിക്കാന്‍ നല്‍കിയ ബൈക്ക് വീണ്ടും രജിസ്റ്റര്‍ചെയ്ത സംഭവത്തില്‍ പോലീസിന്റെ ഭാഗത്തും ഗുരുതരവീഴ്ച. വിജിലന്‍സ് വിഭാഗം ഉപയോഗിച്ചിരുന്ന ബൈക്ക് രജിസ്ട്രേഷന്‍ റദ്ദായതിനെത്തുടര്‍ന്നാണ് ലേലത്തില്‍ വിറ്റത്.

To advertise here,

ഇത്തരം വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ എന്‍ജിന്‍, ചേസിസ് നമ്പറുകള്‍ രേഖപ്പെടുത്തിയ ഭാഗം നീക്കംചെയ്യേണ്ടിയിരുന്നു. പകരം ഇവ ഉപയോഗിക്കാന്‍ പാകത്തില്‍ കൈമാറിയതാണ് ക്രമക്കേടിന് വഴിയൊരുക്കിയത്.

പോലീസ് ലേലത്തില്‍ വില്‍ക്കുന്ന വാഹനങ്ങള്‍ നേരത്തേ ഒട്ടേറെപ്പേര്‍ വാങ്ങി ഉപയോഗിച്ചിരുന്നു. അന്ന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഉടമസ്ഥാവകാശം മാറ്റിയാണ് വാഹനം നല്‍കിയിരുന്നത്. പഴയ വാഹനങ്ങള്‍ പൊളിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നയപ്രകാരം അടുത്തിടെയാണ് സര്‍ക്കാര്‍ വാഹനങ്ങളുടെ കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തിയത്. കാലാവധി കഴിയുമ്പോള്‍ രജിസ്ട്രേഷന്‍ സ്വയം റദ്ദാകും.

15 വര്‍ഷ കാലാവധി കേന്ദ്രം നിശ്ചയിച്ചിരുന്നെങ്കിലും രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന് ഉറപ്പില്ലായിരുന്നു. പോലീസ് പഴയപടി ലേലം തുടരുകയായിരുന്നു. കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് കേരള പോലീസ് ആക്രിക്ക് വിറ്റ ബൈക്ക് വ്യാജരേഖകള്‍ ഉപയോഗിച്ച് ഹിമാചല്‍പ്രദേശില്‍ റീ രജിസ്ട്രേഷന്‍ നേടിയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്.

സൈന്യം ലേലംചെയ്ത വാഹനമെന്ന വ്യാജേന സംസ്ഥാനത്തേക്ക് രജിസ്ട്രേഷന്‍ മാറ്റാന്‍ ശ്രമിച്ച ബൈക്ക് പുനലൂര്‍ ജോ. ആര്‍.ടി. ഓഫീസിലാണ് പിടികൂടിയത്. ചേസിസ്, എന്‍ജിന്‍ നമ്പറുകളില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.