ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതില്‍ ഏറ്റവും പിന്നിലാണ് ഓട്ടോറിക്ഷകള്‍ എന്നത് പൊതുവായ വിമര്‍ശനമാണ്. ഇന്‍ഡിക്കേറ്റര്‍ ഇടാതെ വാഹനം തിരിക്കുക, യാതൊരു മുന്നറിയിപ്പുമില്ലാതെ യുടേണ്‍ എടുക്കുക തുടങ്ങിയവയെല്ലാം പതിവ് കാഴ്ചകളാണ്. ഓട്ടോറിക്ഷകളുടെ ഡ്രൈവിങ് രീതികള്‍ പലപ്പോഴും ട്രോള്‍ മെറ്റീരിയലുകള്‍ ആകാറുമുണ്ട്. ഈ സാഹചര്യത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേരളാ പോലീസ്.

To advertise here,

ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ പരോക്ഷമായി വിമര്‍ശിച്ച് നിങ്ങളിലെല്ലാം അങ്ങനെയല്ല, എന്നാലും ചിലരുണ്ട് എന്ന തലക്കെട്ടോടെ ഒരു കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് പോലീസ്. ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് തിരിയുക, നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തുക, പിറകില്‍ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ വെട്ടിത്തിരിച്ച് യു-ടേണ്‍ എടുക്കുക തുടങ്ങിയുള്ള ശീലങ്ങളെയാണ് പോലീസ് വിമര്‍ശിച്ചിരിക്കുന്നത്.

മൂന്ന് വീലില്‍ ഓടുന്നതിനാല്‍ തന്നെ പെട്ടെന്ന് തിരിക്കാവുന്ന വാഹനമാണ് ഓട്ടോറിക്ഷ. എന്നാല്‍, അതുപോലെ തന്നെ പെട്ടെന്ന് മറിയാന്‍ സാധ്യതയുള്ള വാഹനവുമാണ് ഓട്ടോറിക്ഷകള്‍ എന്ന് പോലീസ് ഓര്‍മപ്പെടുത്തുന്നു. ഇൻഡിക്കേറ്ററുകള്‍ക്ക് അനുസരിച്ച് മാത്രം വാഹനങ്ങള്‍ തിരിക്കാന്‍ ശ്രമിക്കണമെന്നും വാഹനം നിര്‍ത്തുന്നതിന് മുമ്പ് പിന്നിലുള്ള വാഹനങ്ങള്‍ക്ക് സിഗ്നല്‍ നല്‍കണമെന്നും ഇന്‍ഡിക്കേറ്റര്‍ ഇട്ട് ഇടതുവശം ചേര്‍ന്ന് വാഹനം വലത് വശത്തേക്ക് തിരിയുകയാണെന്ന് സിഗ്നല്‍ നല്‍കി തിരിക്കണമെന്നും പോലീസ് പറയുന്നു.

പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നിങ്ങളിലെല്ലാം അങ്ങനെയല്ല. എന്നാലും ചിലരങ്ങനെയുണ്ട്

വളരെ സ്‌നേഹത്തോടെ ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. മൂന്ന് വീലില്‍ ഓടുന്നതിനാല്‍ പെട്ടെന്ന് തിരിക്കാവുന്ന വാഹനമാണ് ഓട്ടോറിക്ഷ. എന്നാല്‍ അതേ പോലെ തന്നെ പെട്ടെന്ന് മറിയാനിടയുള്ള വാഹനവുമാണ്. കൂടാതെ ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടു വലത്തേക്ക് തിരിയുക, നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തുക, ഇന്‍ഡിക്കേറ്റര്‍ ഇടാതെ, സിഗ്‌നല്‍ നല്‍കാതെ, പുറകില്‍ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ പെട്ടെന്ന് വെട്ടിത്തിരിച്ച് അപ്രതീക്ഷിത യു-ടേണ്‍ എടുക്കുക തുടങ്ങിയവ കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ദയവായി ഇന്‍ഡിക്കേറ്ററുകള്‍ക്കനുസരിച്ചു മാത്രം വാഹനം തിരിക്കുക. വാഹനം നിര്‍ത്തുന്നതിനു മുന്‍പ് റോഡിലെ മറ്റു വാഹനങ്ങള്‍ക്ക് സിഗ്‌നല്‍ നല്‍കുക. യു ടേണ്‍ എടുക്കുന്നതിന് മുന്‍പ് ഇന്‍ഡിക്കേറ്റര്‍ ഇട്ട് റോഡില്‍ ഇടതുവശം ചേര്‍ന്ന് നിന്ന ശേഷം വണ്ടി വലത്തോട്ട് തിരിയാന്‍ പോകുകയാണ് എന്ന സിഗ്‌നല്‍ കാണിച്ച് പുറകില്‍ നിന്ന് വാഹനങ്ങള്‍ വരുന്നില്ല എന്ന് ഉറപ്പുവരുത്തി മാത്രം യു ടേണ്‍ എടുക്കുക.