റോഡിലെ പാര്‍ക്കിങ് നിയമലംഘനം പിടികൂടാന്‍ സ്ഥാപിച്ച ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയില്ല. ചുവപ്പുസിഗ്‌നല്‍ മറികടക്കുന്നത് കണ്ടെത്തുന്ന ക്യാമറകള്‍ മിക്കതും കേടാകുകയും ചെയ്തു. ഇതിനാല്‍ പല നിയമലംഘനങ്ങളും പിടിയിലാകുന്നില്ല. ലക്ഷക്കണക്കിനു രൂപയുടെ ക്യാമറകള്‍ ഉപയോഗമില്ലാതെ നശിക്കുന്നു.
പാര്‍ക്കിങ് നിയമലംഘനം കണ്ടെത്താനുള്ള ക്യാമറകള്‍ 2023 പകുതിയോടെ സ്ഥാപിച്ചതാണ്. റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 732 ക്യാമറകള്‍ സ്ഥാപിച്ച സമയത്തുതന്നെയാണ് പാര്‍ക്കിങ് നിയമലംഘനം കണ്ടെത്താനുള്ള ക്യാമറകളും സ്ഥാപിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ ഇത്തരം മൂന്ന് ക്യാമറകളാണ് സ്ഥാപിച്ചത്.
ഓരോ ജില്ലയിലും ഇത്തരം നാലും അഞ്ചും ക്യാമറകളാണ് സ്ഥാപിച്ചത്. പാര്‍ക്കിങ് മൂലം ഗതാഗതതടസ്സം ഉണ്ടാകുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയായിരുന്നു നടപടി. വാഹനം പാര്‍ക്ക് ചെയ്ത ഉടനെ പിഴയീടാക്കുന്ന തരത്തിലല്ല ഇത് വിഭാവന ചെയ്തിരുന്നത്. സ്വയം തിരിയുന്ന ക്യാമറ മൂന്നുമിനിറ്റുകൊണ്ട് പഴയയിടത്തേക്ക് വീണ്ടുമെത്തും. തുടക്കത്തിലും അവസാനവും വാഹനം പതിയുമ്പോള്‍ മാത്രമാണ് ട്രാഫിക് നിയമലംഘനമായി പരിഗണിക്കുന്നത്.
ഇത്തരം പാര്‍ക്കിങ് പാടില്ലാത്ത സ്ഥലങ്ങളുടെ മാപ്പിങ് പൂര്‍ത്തിയാക്കാത്തതാണ് പിഴയീടാക്കാന്‍ തടസ്സമെന്ന് മോട്ടോര്‍വാഹനവകുപ്പ് പറയുന്നു. ചുവപ്പുസിഗ്‌നല്‍ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള ക്യാമറകള്‍ മിക്കതും കേടാണ്. 2019-ലെ നിയമഭേദഗതിയെത്തുടര്‍ന്ന് ചുവപ്പുസിഗ്‌നല്‍ നിയമലംഘനങ്ങള്‍ കൂടുതല്‍ ഗൗരവമുള്ള കുറ്റമായി.
അശ്രദ്ധമായ ഡ്രൈവിങ്ങിന്റെ കൂട്ടത്തിലാണിത് ഇപ്പോള്‍ പെട്ടിരിക്കുന്നത്. ഇതിനാല്‍ കോടതിയില്‍ വേണം പിഴയടയ്ക്കാന്‍. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതുപോലുള്ള കടുത്ത നടപടികളിലേക്കും നീങ്ങാറുണ്ട്. നിയമം കൂടുതല്‍ കര്‍ശനമാക്കിയപ്പോള്‍ ഇത്തരം ക്യാമറകളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു. ഭൂരിഭാഗം സ്ഥലങ്ങളിലും പിന്നീട് പ്രവര്‍ത്തിപ്പിച്ചില്ല.
Content Highlights: Kerala parking violation cameras are malfunctioning, leaving thousands of violations unpunished
Published: 20 Jun 2025, 10:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented