കൊല്ലം: എഐ ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്ന ധാരണയില്‍ തലങ്ങും വിലങ്ങും പാഞ്ഞവര്‍ക്ക് തുടരെ പിഴനോട്ടീസ് വന്നപ്പോള്‍ ക്യാമറ പിന്‍വലിക്കണമെന്ന ആവശ്യവുമായി നഗരസഭ. കൊല്ലം പരവൂര്‍ നഗരസഭയാണ് സംസ്ഥാനത്ത് ആദ്യമായി എഐ ക്യാമറക്കെതിരേ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയത്. സിപിഎം കൗണ്‍സിലറായ സ്ഥിരംസമിതി അധ്യക്ഷനാണ് പ്രമേയം അവതരിപ്പിച്ചത്. 

To advertise here,

ഭരണ-പ്രതിപക്ഷ അംഗങ്ങളെല്ലാം നഗരത്തിലെ ക്യാമറ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഒത്തുചേര്‍ന്നു. വാഹനത്തില്‍നിന്ന് ഇറങ്ങി നടന്നുപോകുന്നവര്‍ക്കും പിഴ ചുമത്തുന്നുണ്ടെന്ന സിപിഎം ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ പരാതിയിലാണ് നഗരസഭയുടെ ഇടപെടല്‍. കച്ചവടസ്ഥാപനങ്ങള്‍ക്ക് ക്യാമറ തടസ്സമാണെന്നും മറ്റൊരു സ്ഥലത്തേക്കു മാറ്റണമെന്നുമാണ് നഗരസഭയുടെ ആവശ്യം.

എന്നാല്‍, നിയമാനുസൃതമല്ലാതെ പിഴ ചുമത്തിയിട്ടില്ലെന്ന് കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എ.കെ. ദിലു പറഞ്ഞു. തെറ്റായി പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ രേഖാമൂലം പരാതിനല്‍കാനുള്ള സംവിധാനമുണ്ടെന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ആര്‍ടിഒ വ്യക്തമാക്കി.

ക്യാമറ പ്രവര്‍ത്തിക്കുന്ന വിവരം മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചിരുന്നില്ലെന്നും വ്യാപകമായി നോട്ടീസ് ലഭിച്ചത് പരാതിക്ക് ഇടയാക്കിയതിനാലാണ് ക്യാമറ മാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. ശ്രീജ പറഞ്ഞു.50-ലധികം കേസുള്ളവര്‍ ഒട്ടേറെയുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 726 എഐ ക്യാമറകളിലൊന്നാണ് പരവൂരിലുമുള്ളത്.

പിഴ അടച്ചില്ലെങ്കില്‍കേസ് കോടതിയിലേക്ക്

ക്യാമറ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. അപകടമേഖലകള്‍ കണക്കിലെടുത്താണ് ക്യാമറയ്ക്ക് സ്ഥാനം നിര്‍ണയിച്ചത്. ഇവിടെ നിയമലംഘനം കൂടുതലാണെന്നും അധികൃതര്‍ വ്യക്തമാക്കി. പിഴയടച്ചില്ലെങ്കില്‍ 30 ദിവസത്തിനുശേഷം കേസ് വിര്‍ച്വല്‍ കോടതിലെത്തും. 60 ദിവസം കഴിയുമ്പോള്‍ കൊല്ലം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്കും കൈമാറും.