തിരുവനന്തപുരം: മോട്ടോർവാഹനവകുപ്പ് സേവനങ്ങൾ കൂടുതൽ ജനകീയമാക്കാനും ഇടനിലക്കാരെ ഒഴിവാക്കാനും അംഗീകൃത 'എം.വി.ഡി സേവാ കേന്ദ്രങ്ങൾ' സ്ഥാപിക്കാൻ ഗതാഗത കമ്മിഷണർ സർക്കാരിന്റെ അനുമതി തേടി. അപേക്ഷകരെ ഇടനിലക്കാർ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് ഒഴിവാക്കാൻ അംഗീകൃത കേന്ദ്രങ്ങളിലൂടെ കഴിയുമെന്ന് സർക്കാരിന് സമർപിച്ച ശുപാർശയിൽ പറയുന്നു.

To advertise here,

പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളെ മാതൃകയാക്കാമെന്നാണ് നിർദേശം. മോട്ടോർവാഹനവകുപ്പ് ഉപയോഗിക്കുന്ന വാഹൻ- സാരഥി, സോഫ്റ്റ്‌വേറുകളിലൂടെ വിവിധ അപേക്ഷകൾ സമർപിക്കാൻ അപേക്ഷകരെ സഹായിക്കുന്നതാണ് കേന്ദ്രങ്ങൾ. ഇ ചെല്ലാൻ വഴി ഗതാഗത നിയമലംഘനങ്ങളുടെ പിഴയും അടയ്ക്കാം. സ്വകാര്യ പങ്കാളിത്തത്തോടെയോ, ഐ.ടി മിഷൻ, അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയോ ഇവ സ്ഥാപിക്കാം. അപേക്ഷ സമർപിക്കുന്നതിന് ഉൾപ്പെടെ വിവിധ സേവനങ്ങൾക്ക് സർക്കാർ നിരക്ക് നിശ്ചയിക്കും. അപേക്ഷക ബാഹുല്യമുള്ള തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാമെന്നാണ് നിർദേശം.

തിരക്ക് ഒഴിവാക്കാൻ ഡിജിറ്റൽ ടോക്കൺ സംവിധാനവും കാത്തിരിപ്പ് കേന്ദ്രവും, ഓൺലൈൻ പണമിടപാട് സൗകര്യവും ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളുമുണ്ടാകും. വാഹൻ- സാരഥി സോഫ്റ്റ്‌വേർ ഈ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. സോഫ്റ്റ്‌വേറിൽ വൈദഗ്ധ്യമുള്ളവരാകും സേവാകേന്ദ്രങ്ങളിലെ ജീവനക്കാർ. അപേക്ഷകൾ കൃതമായിരിക്കും. സേവനങ്ങൾ വൈകില്ല. എം.വി.ഡി ഓഫീസുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകും. ജോലിഭാരവും കുറയും. നിലവിൽ ഓൺലൈൻ കേന്ദ്രങ്ങളും ഇടനിലക്കാരും സമർപിക്കുന്ന അപേക്ഷകളിൽ നിരവധി പോരായ്മകൾ സംഭവിക്കുന്നുണ്ട്.

1.90 കോടി വാഹനങ്ങളുള്ള സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പൊതുജനങ്ങൾ ആശ്രയിക്കുന്ന വകുപ്പുകളിലൊന്നാണ് മോട്ടോർവാഹവകുപ്പ്. ഓൺലൈനായി മാറിയെങ്കിലും അപേക്ഷ സമർപിക്കുന്നതിലെ സങ്കീർണതകൾ ഇടനിലക്കാർ മുതലെടുക്കുന്നുണ്ട്. വൻ സാമ്പത്തിക ചൂഷണമാണ് ഈമേഖലയിൽ നടക്കുന്നത്. മോട്ടോർവാഹനവകുപ്പിലെ ചില ജീവനക്കാരും ഇടനിലക്കാർക്കൊപ്പം നിലകൊള്ളുന്നത് അപേക്ഷകരെ വലയ്ക്കുന്നുണ്ട്. ഇതൊഴിവാക്കാൻ എം.വി.ഡി സേവാകേന്ദ്രങ്ങൾ വഴി സാധിക്കുമെന്ന് ഗതാഗത കമ്മിഷണർ നാഗരാജു ചകിലം നൽകിയ റിപ്പോർട്ടിൽ പറയുന്നു.