ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഘടനയിൽ മാറ്റം വരുത്തി സംസ്ഥാന ബജറ്റ്. വാഹനങ്ങളുടെ വിലയുടെ അടിസ്ഥാനത്തിലാണ് നികുതിയിൽ ഇളവ് നൽകിയിരിക്കുന്നത്. പത്ത് ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിൽ അഞ്ച് ശതമാനമായിരുന്നു. എന്നാൽ, ഇത് മൂന്ന് ശതമാനമായി കുറച്ചു.

To advertise here,

15 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി ഇതുവരെ എട്ട് ശതമാനമായിരുന്നു. ഇത് അഞ്ച് ശതമാനമായും കുറച്ചു. അതേസമയം, 40 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി ഇതുവരെയുണ്ടായിരുന്ന 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തുന്നതായും ബജറ്റിൽ അറിയിച്ചു.

എന്നാൽ, പത്ത് ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെയും 20 ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിൽ മാറ്റം വരുത്തിയിട്ടില്ല. പത്ത് മുതൽ 15 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിൽ അഞ്ച് ശതമാനമാണ് നികുതി. 20 മുതൽ 30 ലക്ഷം രൂപ വരെയും 30 മുതൽ 40 ലക്ഷം രൂപ വരെയും വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾ 10 ശതമാനമാണ് റോഡ് നികുതി.

ഭിന്നശേഷിക്കാർക്ക് മോട്ടോർ വാഹന നികുതിയിൽ ഇളവ് ലഭിക്കുന്ന വാഹനത്തിന്റെ മൂല്യ പരിധി ഏഴ് ലക്ഷത്തിൽ നിന്ന് 15 ലക്ഷമായി ഉയർത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ട്രാഫിക് നിയമലംഘനങ്ങൾക്ക് ലഭിച്ച പിഴകൾ 50 ശതമാനം അടച്ച് കേസ് തീർപ്പാക്കുന്ന ഇ-ചെല്ലാൻ ആംനസ്റ്റി പദ്ധതി തുടർന്നും നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചു. അടുത്തിടെ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഇ-ചെല്ലാനുകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിനായി ആംനസ്റ്റി പദ്ധതി നടപ്പാക്കിയിരുന്നു.