ചില ബസ് കണ്ടക്ടര്‍മാര്‍ ഇതു കാണുമ്പോള്‍ സീറ്റിലുള്ളവരെ എഴുന്നേല്‍പ്പിച്ച് സ്ത്രീകള്‍ക്കും പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നല്‍കാറുമുണ്ട്. ഒരുവിഭാഗം ബസുകാരും യാത്രക്കാരും ഇതൊന്നും നോക്കാറുമില്ല.

കാക്കനാട്: സ്വകാര്യ ബസുകളിൽ സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ കൈയടക്കി ആധിപത്യം കാണിക്കുന്നവർ സൂക്ഷിക്കുക. നിങ്ങളെ നല്ലകുട്ടികളാക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 'കണ്ടക്ടർ' വേഷമിടുന്നു. ബസുകളിൽ സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കുമായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ ഇവർക്ക് വിട്ടുനൽകാത്തവർക്കെതിരേ നടപടിയും ഇതു ചോദ്യംചെയ്യാൻ മടിക്കുന്ന കണ്ടക്ടർമാർക്കെതിരേ പിഴ ചുമത്തിയും പരിശോധന കടുപ്പിക്കാനുമാണ് തീരുമാനം.
ആഴ്ചകൾക്ക് മുൻപ് മുതിർന്ന പൗരൻമാർക്ക് സംവരണചെയ്ത സീറ്റിൽ 'പൂച്ചയുറക്കം' നടിച്ചിരുന്ന യുവാവിനെ എഴുന്നേൽപ്പിക്കാൻ തയ്യാറാകാതിരുന്ന ബസ് കണ്ടക്ടർക്ക് 500 രൂപ പിഴയിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ ബസുകളിൽ നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ ഷാഡോ പട്രോളിങ് സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചതെന്ന് എറണാകുളം ആർടിഒ കെ.ആർ. സുരേഷ് പറഞ്ഞു. സീറ്റ് വിട്ടുനൽകാത്തവരെ പിഴ അടപ്പിക്കുന്നതിന് പുറമെ, ബോധവത്കരണ ക്ലാസിലും പങ്കെടുപ്പിക്കും.
സംവരണം ചെയ്ത സീറ്റുകൾ പലപ്പോഴും മറ്റു യാത്രക്കാർ കൈയടക്കുമ്പോൾ ചിലർ നാണക്കേടു വിചാരിച്ച് ഒന്നും മിണ്ടാതെ മാറിനിൽക്കാറാണ് പതിവ്. ചില ബസ് കണ്ടക്ടർമാർ ഇതു കാണുമ്പോൾ സീറ്റിലുള്ളവരെ എഴുന്നേൽപ്പിച്ച് സ്ത്രീകൾക്കും പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കും നൽകാറുമുണ്ട്. ഒരുവിഭാഗം ബസുകാരും യാത്രക്കാരും ഇതൊന്നും നോക്കാറുമില്ല. ഇനി സീറ്റ് വിട്ടുനൽകാത്തവരും കൈവശപ്പെടുത്തുന്നവരെ എണീപ്പിക്കാൻ നടപടിയെടുക്കാത്ത ബസ് ജീവനക്കാരും ഉത്തരം പറയേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.
നെയിംപ്ലേറ്റ് മറക്കല്ലേ...
ബസുകളിലെ കണ്ടക്ടർമാർ നെയിംപ്ലേറ്റ് ധരിക്കണമെന്ന നിർദേശവും നിർബന്ധമാക്കും. പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നിർദേശമാണിത്. അതിക്രമം കാട്ടുന്ന ജീവനക്കാരനെതിരേ പോലീസിലോ, മറ്റോ പരാതി നൽകണമെങ്കിൽ കണ്ടക്ടറുടെ പേരെങ്കിലും തിരിച്ചറിയാൻ ഉപകരിക്കുമെന്നതിനാലാണ് ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചത്.
സ്‌കൂൾ വിദ്യാർഥിനികളും പെൺകുട്ടികളും യാത്രയ്ക്കിടെ നേരിടുന്ന അതിക്രമങ്ങൾ പലപ്പോഴും പരാതിപറയാൻ പോലും തെളിവില്ലാതെ ഒതുങ്ങുകയാണു ചെയ്യുന്നത്. പ്രത്യേകിച്ച് സ്വകാര്യ ബസുകളിൽ കണ്ടക്ടർമാർ മാറിമാറി വരുന്നതിനാൽ അവരുടെ പേരോ മറ്റോ അറിയുക അസാധ്യമാണുതാനും. ഇത്തരമൊരു സാഹചര്യത്തിൽ അതിക്രമമുണ്ടായാൽ പോലീസിലോ, വനിതാ സെല്ലിലോ ആർടിഒയിലോ പരാതി നൽകാൻ തടസ്സമാവരുതെന്നു മനസ്സിലാക്കിയാണ് കണ്ടക്ടർമാർ പോലീസുകാരുടേതുപോലെ നെയിംപ്ലേറ്റ് ധരിക്കണമെന്നു നിർദേശിച്ചത്. കാക്കി ഷർട്ടിൽ ഇടതുപോക്കറ്റിന്റെ മുകളിൽ നെയിംപ്ലേറ്റുകൾ കുത്തണമെന്നാണ് വ്യവസ്ഥ.
Content Highlights: Kerala Motor Vehicles Dept. cracks down on private buses for not reserving seats for women, seniors & disabled. Strict enforcement, fines & awareness classes planned.
Published: 28 Jan 2026, 05:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented