കല്പറ്റ: ചെറുതും വലുതുമായ അപകടങ്ങൾ പതിവായതോടെ റോഡുകൾ മരണപ്പാതകളായി മാറുകയാണ്. ഗതാഗതമര്യാദകൾ പാലിക്കാതെയുള്ള ഓട്ടം അപകടങ്ങൾ വിളിച്ചുവരുത്തും. പ്രാണനില്ലാതാക്കും. കണക്കുകൂട്ടലിനനുസരിച്ച് വാഹനം ഓടിക്കാനാവാത്തതാണ് ഇതിനുകാരണം. ഒരു സെക്കൻഡിന്റെ മൂന്നിലൊന്ന് സമയമാണ് മനുഷ്യന്റെ പ്രതികരണസമയം. (പ്രതികരണത്തിനാവശ്യമായ ഇടവേളയാണ് പ്രതികരണസമയം). ഈ സമയംകൊണ്ടുതന്നെ വണ്ടി ആറുമീറ്റർ മറികടക്കും. അപകടം അതിനുമുൻപ് സംഭവിച്ചേക്കാം.

To advertise here,

അകലം പാലിക്കണം

പ്രതികരണസമയവും ചക്രങ്ങൾ കറങ്ങുന്നതും ഉരയുന്നതുമായ സമയവും ചേർന്നതാണ് വാഹനം നിൽക്കുന്ന അകലം. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ ഓടുന്ന വാഹനം ആ സമയംകൊണ്ട് ആറ് മീറ്റർ മറികടക്കും. അതിനാൽത്തന്നെ മുന്നിൽപ്പോകുന്ന വാഹനത്തിൽനിന്ന്‌ നിശ്ചിത അകലംപാലിച്ചുവേണം പിന്നാലെയുള്ളവ പോകാൻ.

വാഹനം പെട്ടെന്ന് നിർത്താൻശ്രമിക്കുമ്പോൾ പിന്നിലുള്ള വാഹനത്തിലെ ഡ്രൈവർക്ക് സെക്കൻഡിന്റെ മൂന്നിലൊന്ന് സമയത്തിനുശേഷമേ ബ്രേക്കിലേക്ക് കാൽവെക്കാൻ സാധിക്കൂ. ബ്രേക്ക് ചവിട്ടിയശേഷം 25 മീറ്റർ മുന്നോട്ടുനീങ്ങിമാത്രമേ ടയറിന്റെ കറക്കം നിൽക്കൂ. മഴയാണെങ്കിൽ തെന്നിനീങ്ങാനും സാധ്യതയുണ്ട്. റോഡും ടയറും തമ്മിൽ ഉരയുന്ന പ്രതലത്തിനുമിടയിൽ മഴവെള്ളം നിറഞ്ഞ് പാളി രൂപപ്പെടുകയും വണ്ടി കൂടുതൽ തെന്നിമാറാനും ഇടയുണ്ട്.

ഏറ്റവുംകൂടിയ ബ്രേക്കിങ് കപ്പാസിറ്റിയുള്ളത് എയർബ്രേക്കിനാണ്. ഇത് വാഹനത്തിൽ 60 ശതമാനമായിരിക്കും. ബാക്കി 40 ശതമാനം വണ്ടി ഉരുണ്ടാണ് നിൽക്കേണ്ടത്. ഇതാണ് പെട്ടെന്ന് നിർത്താൻശ്രമിക്കുന്ന വാഹനം തകിടംമറിയുന്നതിന് കാരണം. ഹൈഡ്രോളിക്, മെക്കാനിക്കൽ ബ്രേക്കുകൾക്ക് എയർബ്രേക്കിനെക്കാൾ കപ്പാസിറ്റി കുറവാണ്.

ഹെൽമെറ്റും സീറ്റ് ബെൽറ്റും

എ.ഐ. ക്യാമറകൾ വരുകയും പരിശോധന ശക്തമാവുകയും ചെയ്തതോടെ പിഴയിൽനിന്ന് രക്ഷപ്പെടാൻ ഹെൽമെറ്റ് ധരിക്കുന്നത് ശീലമാക്കിയവരുണ്ട്. ഹെൽമെറ്റിന് ഐ.എസ്.ഐ. നിലവാര മുദ്ര ഉണ്ടായിരിക്കണം. തലമുഴുവൻ മൂടുന്നവയാണ് കൂടുതൽ സുരക്ഷനൽകുക. 1,200 മുതൽ 1,350 ഗ്രാം വരെ ഭാരമുള്ളവയാണ് അനുയോജ്യം. ഹെൽമെറ്റ് ഉപയോഗിക്കുമ്പോൾ കൃത്യമായി സ്ട്രിപ്പിടണം.

പിഴകൊടുക്കേണ്ടിവരും

തുടർച്ചയായി നിയമലംഘനം നടത്തിയാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും. അതിവേഗത്തിൽ വണ്ടിയോടിച്ചാൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 1,000-2,000 രൂപയും ഇടത്തരം യാത്രാ-ചരക്ക് വാഹനങ്ങൾക്ക് 2,000-4,000 രൂപയും പിഴനൽകേണ്ടിവരും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് 10,000 രൂപയോ ആറുമാസംവരെ തടവോ രണ്ടുംകൂടിയോ ലഭിക്കും.

ആവർത്തിച്ച് ശിക്ഷിക്കപ്പെട്ടാൽ 15,000 രൂപയോ രണ്ടുവർഷം തടവോ രണ്ടുംകൂടിയോ ലഭിക്കും. ചുവന്നലൈറ്റ് മറികടന്നാൽ 1,000-5,000 രൂപവരെയോ ആറുമാസംമുതൽ ഒരുവർഷംവരെ തടവും രണ്ടുംകൂടിയോ ലഭിക്കാം. അമിതഭാരം കയറ്റിയാൽ ഒരു ടണ്ണിന് 20,000 രൂപ, അധികംവരുന്ന ഓരോ ടണ്ണിനും 2,000 രൂപ പിഴയും. ഹെൽമെറ്റ് ധരിക്കാത്തതിന് 1,000 രൂപ, മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. ട്രാഫിക് പരിശോധനയിൽ നിർത്താതെപോയാൽ 1,000 രൂപ പിഴ.

കാൽനടക്കാർക്കുള്ള നിയമങ്ങൾ

  • നടപ്പാത ഉപയോഗിക്കുക
  • റോഡിന്റെ വലതുവശത്തുകൂടി നടക്കുക
  • റോഡിൽ കൂട്ടമായി നടക്കരുത്
  • റോഡ് മുറിച്ചുകടക്കുന്നതിനു മുൻപ് ഇരുവശങ്ങളിലേക്കും നോക്കി വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം സീബ്രാക്രോസിങ്ങിലൂടെ മറുവശത്തേക്കു നടക്കുക. (സീബ്രാ ക്രോസിങ് വഴി ഓടാൻപാടില്ല.)
  • സബ്‌വേയോ ഓവർബ്രിഡ്ജോ ഉണ്ടെങ്കിൽ അത്‌ ഉപയോഗിക്കുക
  • കാൽനടക്കാർക്കായി ഗ്രീൻലൈറ്റുണ്ടെങ്കിൽ അത് തെളിയുമ്പോൾമാത്രം റോഡ് ക്രോസ്ചെയ്യുക
  • ഓടുന്ന വാഹനങ്ങളിൽ ഓടിക്കയറാതിരിക്കുക
  • വാഹനങ്ങളുടെ പിന്നിലൂടെ റോഡ് മറികടക്കരുത്

സ്കൂളുകളിൽ പാഠ്യവിഷയമാകണം

'റോഡിലെ നിയമങ്ങളും ഓരോ സൂചനാബോർഡുകളുടെ അർഥവും നിർദേശങ്ങളും ചെറിയക്ലാസിൽത്തന്നെ കുട്ടികൾക്ക് പറഞ്ഞുനൽകേണ്ടതുണ്ട്.ഇപ്പോൾ വാഹനമോടിക്കുന്നവരിൽ 90 ശതമാനം ആളുകൾക്കും എല്ലാ റോഡ് നിയമങ്ങളെപ്പറ്റിയോ സൂചനാബോർഡുകളുടെ അർഥത്തെപ്പറ്റിയോ അറിയില്ല. വളവിന് മുൻപ് നൽകിയിരിക്കുന്ന സൂചനാബോർഡിന്റെ അർഥം വണ്ടി വളയ്ക്കുകയെന്നത് മാത്രമല്ല. ഇടതുവശത്താക്കി വേഗം കുറച്ച് വാഹനം വളയ്ക്കുന്നതിന് തയ്യാറാകുകയെന്നതാണ്'.

- സി.കെ. അജിൽകുമാർ,

മോട്ടോർവാഹന ഇൻസ്പെക്ടർ,

ആർ.ടി.ഒ., എൻഫോഴ്സ്‌മെന്റ്, കല്പറ്റ.