ബെംഗളൂരു: ബൈക്ക് ടാക്‌സി സര്‍വീസുകളെ ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ അനുകൂലിച്ചതിനെ വരവേറ്റ് ബെംഗളൂരു നിവാസികള്‍. ഗതാഗതത്തിരക്കില്‍ നട്ടം തിരിയുന്ന നഗരത്തില്‍ ബൈക്ക് ടാക്സികള്‍ അനുഗ്രഹമായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം നിരോധനം നിലവില്‍ വന്നതോടെ ബൈക്ക് ടാക്സി ഉപജീവനമാക്കിയവര്‍ക്ക് ഒപ്പം യാത്രക്കാരും പ്രതിസന്ധിയിലാകുകയായിരുന്നു. ഇതിനിടെയാണ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഗതാഗത മാര്‍ഗങ്ങളോട് മുഖം തിരിച്ചു നില്‍ക്കാന്‍ പാടില്ലെന്ന് ബൈക്ക് ടാക്സി നിരോധനത്തെ സൂചിപ്പിച്ച് പ്രിയങ്ക് ഖാര്‍ഗെ അഭിപ്രായപ്പെടുകയായിരുന്നു.

To advertise here,

നയത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി മാറ്റങ്ങള്‍ സ്വീകരിക്കാതിരിക്കുന്നത് നല്ലതല്ല. സാങ്കേതിക വിദ്യഅടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍ ലാഭമുണ്ടാക്കുകയും ജനങ്ങള്‍ക്ക് പ്രയോജനമാകുകയും ചെയ്യുന്നവെങ്കില്‍ അവയ്ക്ക് അനുമതി നല്‍കണം. നിയമലംഘനമോ, ഭരണഘടനയ്ക്ക് എതിരായ പ്രവര്‍ത്തനമോ നടത്താത്ത സ്ഥിതിയ്ക്ക് നയരൂപവത്കരണം നടത്തിട്ടില്ലെങ്കിലും സംരംഭങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ബൈക്ക് ടാക്‌സികള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ നിയമരൂപവത്കരണം നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ഈ സര്‍വീസുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ടത്. സംസ്ഥാനത്ത് ഉടനീളം ബൈക്ക് ടാക്‌സി നിരോധനം നിലവില്‍ വന്നുവെങ്കിലും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ബെംഗളൂരുവിനെയാണ്. കടുത്ത ഗതാഗതത്തിരക്ക് അനുഭവപ്പെടുന്ന നഗരത്തില്‍ ബൈക്ക് ടാക്‌സികള്‍ വലിയൊരളവില്‍ ആശ്വാസമായിരുന്നു.

മെട്രോ തീവണ്ടി സര്‍വീസുകളില്‍ പതിവായി യാത്ര ചെയ്യുന്നവര്‍ പോലും തുടര്‍യാത്രയ്ക്ക് ബൈക്ക് ടാക്സിയെയായിരുന്നു ആശ്രയിച്ചിരുന്നത്. നിരക്ക് കുറവായതും വേഗത്തില്‍ നിര്‍ദിഷ്ട സ്ഥലത്ത് എത്താമെന്നതും ബൈക്ക് ടാക്സിയെ കൂടുതല്‍ ജനകീയമാക്കി. എന്നാല്‍, നിയമരൂപവത്കരണത്തിന് കോടതി സമയം അനുവദിച്ചിട്ടും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെയാണ് തിരിച്ചടിയായത്. ഏകാംഗ ബെഞ്ചിന്റെ ഉത്തരവിനെതിരേ യാത്രക്കാരും ബൈക്ക് ടാക്സി ഡ്രൈവര്‍മാരും ഒല, ഊബര്‍ തുടങ്ങിയ കമ്പനികളും അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അപ്പീല്‍ പരിഗണിക്കുമ്പോഴും സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാകും. ബൈക്ക് ടാക്സിന് എതിരായ നിലപാട് സര്‍ക്കാര്‍ മയപ്പെടുത്താതെ വന്നാല്‍ അനുകൂല ഉത്തരവ് എളുപ്പമാകില്ല. ഈ പശ്ചാത്തലത്തിലാണ് പ്രധാനവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി പ്രിയങ്ക് ഖാര്‍ഗെയുടെ നിലപാട് പ്രതീക്ഷ ഉയര്‍ത്തുന്നത്. ബൈക്ക് ടാക്സികള്‍ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമായതോടെ ഓട്ടോ റിക്ഷകള്‍ അമിത നിരക്ക് ഉയര്‍ത്തിയിരുന്നു. ഇതിനെതിരേ വ്യാപക പരാതിയും ഉയര്‍ന്നു. ഇത് തടയാന്‍ പരിശോധനകള്‍ ആരംഭിച്ചുവെങ്കിലും കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. അതിനാല്‍ സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ സാധ്യതയുണ്ട്.